ഗ്രേറ്റ് നിക്കോബാർ പദ്ധതി പ്രദേശം രൂപരേഖ.
ഇന്ത്യയുടെ ഏറ്റവും വിവാദപരമായ വികസന പദ്ധതികളിൽ ഒന്നായി മാറിയേക്കാവുന്ന, കേന്ദ്രത്തിന്‍റെ 92,000 കോടി രൂപയുടെ ഗ്രേറ്റ് നിക്കോബാർ പദ്ധതിക്കെതിരേ ശാസ്ത്ര സമൂഹത്തിൽ നിന്നു ശക്തമായ വിമർശനം. കേന്ദ്ര മന്ത്രിക്ക് അയച്ച കത്തിൽ 70ൽ അധികം വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്, ഈ വികസന വാഗ്ദാനത്തിനു പിന്നിൽ ആഴത്തിലുള്ള പാരിസ്ഥിതിക, കുടിയിറക്കൽ മുറിവുകളും, സുതാര്യതയിലെ അസ്വാസ്ഥ്യജനകമായ വിടവുകളും ഒളിഞ്ഞിരിപ്പുണ്ട് എന്നാണ്.
അജയൻ
കേന്ദ്ര സർക്കാറിന്‍റെ സ്വപ്ന പദ്ധതികളിൽ ഉൾപ്പെടുന്ന, 92,000 കോടി രൂപയുടെ ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ച് ശാസ്ത്രജ്ഞരും വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. ഇത് ഗുരുതരമായ പാരിസ്ഥിതിക, മാനുഷിക നഷ്ടങ്ങൾക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. സംരക്ഷിത മഴക്കാടുകൾ നശിപ്പിക്കുന്നത്, തദ്ദേശീയ സമൂഹങ്ങളുടെ കുടിയൊഴിക്കൽ, പദ്ധതിയുടെ സുതാര്യമല്ലാത്ത അംഗീകാര പ്രക്രിയ എന്നിവ സാമ്പത്തികമായും പാരിസ്ഥിതികമായും ആസൂത്രണത്തിലെ ഗുരുതരമായ പാളിച്ചകളെയാണ് സൂചിപ്പിക്കുന്നത്.
പദ്മ പുരസ്‌കാര ജേതാക്കളായ രാമചന്ദ്ര ഗുഹ, റോമുലസ് വിറ്റേക്കർ എന്നിവർ മുതൽ ടിഐഎസ്എസ്, ബിഎൻഎച്ച്എസ്, എഎൻടിആർഐ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവിടങ്ങളിലെ ഗവേഷകർ, പരിസ്ഥിതി ശാസ്ത്രജ്ഞർ, അഭിഭാഷകർ, മുൻ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന വിദഗ്ധരുടെ ഒരു കൂട്ടായ്മ പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് അടുത്തിടെ ഒരു നിവേദനം നൽകിയിരുന്നു. പദ്ധതി സമഗ്രമായി പുനരവലോകനം ചെയ്യണമെന്നാണ് ഇതിലെ ആവശ്യം. ശാസ്ത്രീയവും സാമ്പത്തികവുമായ സുപ്രധാന ആശങ്കകൾ പരിഹരിക്കപ്പെടാതെ കിടക്കുകയോ, അല്ലെങ്കിൽ മനഃപൂർവം അവഗണിക്കപ്പെടുകയോ ചെയ്യുന്നുവെന്ന് അവർ പറയുന്നു. ദ്വീപിലെ തദ്ദേശീയ ജനതയുടെ അവകാശങ്ങളും ഉപജീവനമാർഗങ്ങളും സംരക്ഷിക്കുന്നതിനൊപ്പം, പാരിസ്ഥിതിക സന്തുലിതാവസ്ഥയെ മാനിക്കുന്ന ഒരു വികസന സമീപനമാണ് അവർ ആവശ്യപ്പെടുന്നത്.
'തന്ത്രപരമായ' സംരംഭമെന്നു സർക്കാർ വിശേഷിപ്പിക്കുന്ന ഈ പദ്ധതിയിലെ മറ വിദഗ്ധർ തിരിച്ചറിയുന്നുണ്ട്; സൂക്ഷ്മപരിശോധനയെ നിശ്ശബ്ദമാക്കാൻ രാജ്യ സുരക്ഷയെ കൂട്ടുപിടിക്കുന്നത് ആത്മാർഥതയില്ലാത്ത നടപടിയാണെന്ന് അവർ വാദിക്കുന്നു. സൈനിക-സിവിലിയൻ വിമാനത്താവളത്തിനായി സ്ഥലത്തിന്‍റെ അഞ്ച് ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്; ബാക്കിയുള്ള 160 ചതുരശ്ര കിലോമീറ്റർ - 130 ഇടതൂർന്ന മഴക്കാടുകളും കടലിൽ നിന്നു വീണ്ടെടുത്ത ഏകദേശം മൂന്ന് കിലോമീറ്ററും - വാണിജ്യ ട്രാൻസ്‌ഷിപ്പ്‌മെന്‍റ് ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുക. വിരോധാഭാസമെന്നു പറയട്ടെ, നിർദിഷ്ട അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്‍റ് ടെർമിനലിന്‍റെ ഭൂരിഭാഗവും നാവികസേനയുടെ ഭൂമിയിലാണ് വരുന്നത്, ഇത് പദ്ധതി ഒരു ആസ്തിയെക്കാൾ ബാധ്യതയായി മാറിയേക്കാം എന്ന ആശങ്ക ഉയർത്തുന്നു. ഇതിലും മോശമായ കാര്യം, പ്രദേശത്തിന്‍റെ 80 ശതമാനത്തിലധികം വ്യാപിക്കുന്ന ഒരു ടൗൺഷിപ്പിനായുള്ള പദ്ധതി, ദ്വീപിന്‍റെ തനിമയെ ഇല്ലാതാക്കാനും ജനസംഖ്യ 8,000-ൽ നിന്ന് 3.5 ലക്ഷമായി വർധിക്കാനും അതിന്‍റെ ഭൂപ്രകൃതിയെയും ആത്മാവിനെതന്നെയും പരിവർത്തനം ചെയ്യാനും സാധ്യതയുണ്ട്.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ വനഭൂമിയുടെ 1.82 ശതമാനം മാത്രമേ വികസന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുള്ളൂ എന്ന അവകാശവാദം ഗണിതശാസ്ത്രപരമായി ശരിയായിരിക്കാം. എന്നാൽ, മറ്റൊരു പച്ചയായ യാഥാർഥ്യത്തെ മറച്ചുവയ്ക്കുന്ന കണക്കാണിത് - നിക്കോബാറിലെ 15 ശതമാനത്തോളം വനങ്ങളാണ് ഇതുവഴി അപ്രത്യക്ഷമാവുക. ഈ വനപ്രദേശങ്ങൾ യുനെസ്‌കോയുടെ അംഗീകാരമുള്ള ഇന്തോ-ബർമ, നിക്കോബാർ-സുന്ദ എന്നീ രണ്ട് ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളിൽ വ്യാപിച്ചുകിടക്കുന്നു. മഴക്കാടുകളിൽ മാത്രം കാണപ്പെടുന്ന പത്തു ലക്ഷത്തോളം വൃക്ഷങ്ങൾ, ദ്വീപിലെ അവസാനത്തെ വളർച്ചയെത്തിയ മരക്കൂട്ടങ്ങൾ, ഷൊമ്പൻ, ഗ്രേറ്റ് നിക്കോബാരീസ് ജനവിഭാഗങ്ങളുടെ പൂർവിക ആവാസവ്യവസ്ഥകൾ എന്നിവ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
അതേസമയം, നിർദിഷ്ട ഐസിടിടി (ICTT) യാഥാർഥ്യമായാലും, 190 കിലോമീറ്റർ മാത്രം അകലെയുള്ള ഇൻഡോനേഷ്യയിലെ സബാംഗിലുള്ള ടെർമിനലിൽ നിന്ന് അതിനു ശക്തമായ മത്സരം നേരിടേണ്ടിവരും. ഈ ടെർമിനലാകട്ടെ, ഇന്ത്യയുടെ സഹകരണത്തോടെ നിർമിച്ചതുമാണ്. ഇതിനിടെ, ഗ്രേറ്റ് നിക്കോബാർ വലിയ പ്രക്ഷോഭത്തിനു തയാറെടുക്കുകയാണ്: വൻതോതിലുള്ള വനനശീകരണം, മാറിയ ഭൂപ്രകൃതി, സാംസ്‌കാരിക കുടിയിറക്കം തുടങ്ങിയ ഗുരുതരമായ വിഷയങ്ങൾ അവർ ഉയർത്തിക്കാട്ടുന്നു. 2004ലെ സുനാമിയെ കഷ്ടിച്ച അതിജീവിച്ചവരും, സ്വന്തം നാട്ടിൽത്തന്നെ കുടിയിറക്കപ്പെട്ടവരുമായ ദ്വീപുകാർ ഇപ്പോൾ പുതിയൊരു ഭീഷണിയെ അഭിമുഖീകരിക്കുന്നു – ഇത്തവണ ഇത് 'വികസനം' എന്ന പേരിലാണ്. വിദഗ്ധർ ചോദിക്കുന്നു: പ്രകൃതിയുമായി ഇണങ്ങി ജീവിച്ചുവന്ന ഒരു ജനതയുടെ പരമ്പരാഗത അറിവുകൾക്ക് രാജ്യത്തിന്‍റെ പുരോഗമന കാഴ്ചപ്പാടിൽ ഒരു മൂല്യവുമില്ലേ?
വനാവകാശ നിയമപ്രകാരം സംരക്ഷിക്കപ്പെട്ട തദ്ദേശീയരുടെ അവകാശങ്ങളെ ഈ പദ്ധതി ലംഘിക്കുന്നുവെന്ന് അവർ വാദിക്കുന്നു. ദ്വീപ് നിവാസികളുടെ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെ, ഭരണകൂടം ഗാലതിയ വന്യജീവി സങ്കേതം വിജ്ഞാപനം റദ്ദാക്കുകയും മൂന്ന് പുതിയ സങ്കേതങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു – ഇതോടെ പാരിസ്ഥിതിക ആഘാത പഠനങ്ങൾ ലഘൂകരിക്കപ്പെട്ടു. അതിലുപരി, ഗോത്രകാര്യ സമിതിയിൽ ഷൊമ്പൻ അല്ലെങ്കിൽ നിക്കോബാരീസ് ജനങ്ങളെക്കുറിച്ച് പരിചിതരായ നരവംശശാസ്ത്രജ്ഞർ ഇല്ല, കൂടാതെ 2022-23ൽ രൂപീകരിച്ച ഈ സമിതി ഒരു തവണ പോലും യോഗം ചേർന്നിട്ടില്ല! നിക്കോബാരീസ് ട്രൈബൽ കൗൺസിൽ അംഗങ്ങളുടെ അപ്പീലുകൾ അവഗണിക്കപ്പെടുകയായിരുന്നു എന്നും അവർ പറയുന്നു.
പദ്ധതിയുടെ ഭാഗമായ സംരക്ഷണ, മാനേജ്‌മെന്‍റ് പരിപാടികൾ 'യുക്തിരഹിതവും അശാസ്ത്രീയവും അടിസ്ഥാനരഹിതവും' എന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. 20,000 പവിഴപ്പുറ്റ് കോളനികളും മുതലകളെയും മാറ്റി സ്ഥാപിക്കാനുള്ള നിർദേശങ്ങൾ, വംശനാശഭീഷണി നേരിടുന്ന നിക്കോബാർ മെഗാപോഡിനെ കൂട്ടിലിടാനുള്ള പദ്ധതി, ലെതർബാക്ക് ആമകൾക്കും തദ്ദേശീയ പക്ഷികൾക്കുമുള്ള ഭീഷണികളെ ലഘൂകരിച്ചുകാണുന്നത് എന്നിവയെല്ലാം പാരിസ്ഥിതിക യുക്തിയെയും ശാസ്ത്രീയ സത്യസന്ധതയെയും ഒരുപോലെ പരിഹസിക്കുന്നതിനു തുല്യമാണ് എന്നും അവർ വിമർശിക്കുന്നു.
ലഘൂകരണ പദ്ധതികൾ തയാറാക്കിയ സ്ഥാപനങ്ങളെത്തന്നെയാണ് അവയുടെ മേൽനോട്ട ചുമതലയും ഏൽപ്പിച്ചിരിക്കുന്നത് എന്നതാണ് കൂടുതൽ മോശമായ കാര്യം. ഇത് വ്യക്തമായ വിരുദ്ധ താത്പര്യമാണ്. എല്ലാ പ്രധാന ഏജൻസികളും ഒരേ മന്ത്രാലയത്തോട് ഉത്തരം പറയാൻ ബാധ്യസ്ഥരായിരിക്കുമ്പോൾ, സ്വാതന്ത്ര്യം, സുതാര്യത, ശാസ്ത്രീയമായ കൃത്യത എന്നിവ ബലികഴിക്കപ്പെട്ടു എന്നാണ് വിമർശകർ മുന്നറിയിപ്പ് നൽകുന്നത്. ഇതുവഴി പദ്ധതിയെ സൂക്ഷ്മപരിശോധനകളിൽ നിന്നും പൊതു ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.