നിമിഷപ്രിയ

 

file image

Special Story

ഇനി 5 ദിവസം മാത്രം; വധശിക്ഷ കാത്ത് നിമിഷപ്രിയ

യെമനീസ് പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെട്ടതോടെയാണ് നിമഷപ്രിയയുടെ തലവര മാറിയത്.

ന്യൂഡൽഹി: പരിശ്രമങ്ങളും പ്രാർഥനകളും വിഫലമാകുന്നു; വധശിക്ഷ കാത്ത് നിമിഷപ്രിയ. വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന ആവശ്യം സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കുമെന്നതാണ് ഏറ്റവും ഒടുവിൽ അവ‌ശേഷിക്കുന്ന പ്രതീക്ഷയുടെ കച്ചിത്തുരുമ്പ്. വിദേശകാര്യ മന്ത്രാലയത്തെ എതിർകക്ഷിയാക്കി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് ഹർജി നൽകിയിരിക്കുന്നത്.

യെമൻ സ്വദേശിയെ കൊന്ന കേസിൽ ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് യെമൻ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായിലാണ് നിമിഷപ്രിയ.

പാലക്കാട് തേക്കിൻചിറ സ്വദേശിയായ നിമിഷ പ്രിയയും ഭർത്താവ് ടോമിയും കുഞ്ഞും ഒരുമിച്ച് 2012ലാണ് ജീവിതം കരുപ്പിടിപ്പിക്കുന്നതിനായി യെമനിലെത്തിയത്. അവിടെ നഴ്സായിരുന്നു നിമിഷപ്രിയ. ടോമി ഒരു സ്വകാര്യ കമ്പനിയിൽ ജോലി നേടി. അക്കാലത്ത് യെമനീസ് പൗരൻ തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെട്ടതോടെയാണ് ഇവരുടെ തലവര മാറിയത്. യെമനിൽ ഒരു ക്ലിനിക് തുടങ്ങാൻ നിമിഷപ്രിയയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ‍യെമനീസ് പൗരന്‍റെ സഹായമില്ലാതെ ഇതു സാധ്യമായിരുന്നില്ല. അതിനാൽ തലാലിനെ കച്ചവട പങ്കാളിയാക്കി.

ക്ലിനിക്കിനായി തങ്ങളുടെ സമ്പാദ്യമെല്ലാം നിമിഷപ്രിയയും ടോമിയും ചെലവഴിച്ചു. കൂടുതൽ പണം ആവശ്യം വന്നതോടെ നിമിഷയും ടോമിയും നാട്ടിലേക്കു തിരിച്ചെത്തി. സ്വരുക്കൂട്ടിയ പണവുമായി നിമിഷപ്രിയയാണ് ആദ്യം യെമനിലേക്ക് യാത്ര തിരിച്ചത്. സൗദി - യെമൻ യുദ്ധം ആരംഭിച്ചതോടെ ടോമിയുടെ യാത്ര മുടങ്ങി.

ആദ്യമെല്ലാം കച്ചവട പങ്കാളിയെന്ന പേരിൽ നിമിഷപ്രിയയോട് മര്യാദയോടെ സംസാരിച്ചിരുന്ന തലാൽ പിന്നീട് നിമിഷപ്രിയ തന്‍റെ ഭാര്യയാണെന്ന് പറഞ്ഞു പരത്തി. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനു ശേഷം നിർബന്ധിച്ച് മതാചാര പ്രകാരം വിവാഹം നടത്തി. അതോടെ ക്ലിനിക്കിന്‍റെ മുഴുവൻ ഉടമസ്ഥതയും തലാലിന്‍റെ പേരിലായി.

നിമിഷപ്രിയയുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളെല്ലാം തലാൽ കൈവശപ്പെടുത്തിയിരുന്നു. സ്വർണവും തട്ടിയെടുത്തതോടെ നിമിഷപ്രിയ അധികൃതർക്ക് പരാതി നൽകി. ഇതിനു ശേഷം തലാൽ ശാരീരിക പീഡനവും ആരംഭിച്ചു.

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നതായും ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയിരുന്നതായും നിമിഷപ്രിയ ആരോപിക്കുന്നുണ്ട്. പീഡനം സഹിക്കാനാകാതെ വന്നതോടെ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന ഹനാൻ എന്ന പെൺകുട്ടിയുടെ സഹായത്തോടെ തലാലിനെ മരുന്നു കുത്തിവച്ച് കൊല്ലുകയായിരുന്നു.

കഷ്ണങ്ങളാക്കി മാറ്റിയ മൃതദേഹം അടുത്തുള്ള വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു. മൃതദേഹം ജീർണിച്ച് ദുർഗന്ധം പരന്നതോടെ നാട്ടുകാർ പരാതിപ്പെട്ടു.

അതോടെയാണ് കുറ്റകൃത്യം പുറന്നു വന്നത്. കേസിൽ ഹനാന് ജീവപര്യന്തം ശിക്ഷയും നിമിഷപ്രിയയ്ക്ക് വധശിക്ഷയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് അപ്പീൽ നൽകിയെങ്കിലും സർക്കാർ തള്ളി. നിമിഷപ്രിയയുടെ അമ്മ 2024ൽ യെമനിലെത്തി മകളെ കണ്ടിരുന്നു. അവരിപ്പോഴും യെമനിൽ തുടരുകയാണ്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി