.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വികസനത്തിൽ ഗതിനിർണായകമായി റോഡുകൾ...!
freepik.com
നിതിൻ ഗഡ്കരി
(കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാതാ വകുപ്പു മന്ത്രി)
2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിമിഷം മുതൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകിപ്പോരുന്നു. ഈ ദിശയിൽ കേന്ദ്ര ഉപരിതല ഗതാഗത- ദേശീയ പാതാ മന്ത്രാലയം അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ കേന്ദ്രബിന്ദുവായി മാറി. മോദിയുടെ നേതൃത്വത്തിൽ മന്ത്രാലയം രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക മാത്രമല്ല, 2014 മുതലുള്ള ഈ 11 വർഷത്തിനിടെ അതിന് പുതിയ മാനങ്ങൾ നൽകുകയും ചെയ്തു.
പൂർത്തിയായതും ആസന്നമായതുമായ ദേശീയ പാതകളുടെ നിർമാണം രാജ്യത്തിന്‍റെ വളർച്ചയുടെ ഗതി നിർണയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. കാര്യക്ഷമമായ ദേശീയ പാതകൾ, ജലപാതകൾ, റെയ്‌ൽവേ എന്നിവയിലൂടെ ചരക്ക് ഗതാഗതച്ചെലവ് കുറയ്ക്കാനും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും സാധിക്കും. ഇന്ത്യയെ "വിശ്വ ഗുരു' (ലോക നേതാവ്) സ്ഥാനത്തു പ്രതിഷ്ഠിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം. ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനും 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുമുള്ള മുന്നേറ്റത്തിലാണ് ഇന്ത്യ. ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കയറ്റുമതി വർധിപ്പിക്കേണ്ടതുണ്ട്. കയറ്റുമതിയിലെ വർധന കാർഷിക, സേവന, വ്യാവസായിക മേഖലകളിലെ വളർച്ചയെ ഉത്തേജിപ്പിക്കും.
കഴിഞ്ഞ 11 വർഷത്തിനിടെ നിർമിക്കപ്പെട്ട റോഡുകൾ നമ്മുടെ ചരക്ക് ഗതാഗതച്ചെലവ് 16 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചു. അടുത്ത വർഷത്തോടെ, ചെലവ് 9 ശതമാനമായി കുറയ്ക്കാനാണ് നാം ലക്ഷ്യമിടുന്നത്. ഇത് കയറ്റുമതിയും, മത്സരക്ഷമതയും വർധിപ്പിക്കുകയും, "വിശ്വ ഗുരു' സ്ഥാനത്തേക്കുള്ള പ്രയാണം ത്വരിതപ്പെടുത്താൻ ഇന്ത്യയെ സഹായിക്കുകയും ചെയ്യും.
കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം രാജ്യമെമ്പാടുമായി 25 പുതിയ ഗ്രീൻഫീൽഡ് എക്സ്പ്രസ് ഹൈവേകൾ നിർമിക്കുകയാണ്. തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും ആധ്യാത്മിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി 3,000 കിലോമീറ്ററിലധികം ദേശീയ പാതകൾ നിർമാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. ആധ്യാത്മിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ പദ്ധതികളും രൂപപ്പെട്ടുവരികയാണ്. ₹22,000 കോടി ചെലവിൽ പൂർത്തിയാക്കിയ ബുദ്ധിസ്റ്റ് സർക്യൂട്ടിലൂടെ ദക്ഷിണേഷ്യ, ഇന്തോനേഷ്യ, മലേഷ്യ, ചൈന, സിംഗപ്പുർ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നും ബുദ്ധന്‍റെ ജന്മസ്ഥലം സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചു.
ഒപ്പം, ചാർ ധാം തീർഥാടനത്തിനായി ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവ സന്ദർശിക്കുന്ന തീർഥാടകരുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചു. കേദാർനാഥിലേക്ക് ₹12,000 കോടി ചെലവിൽ റോപ്പ്‌വേയുടെ നിർമ്മാണം പുരോഗമിക്കുന്നു. ഉത്തരാഖണ്ഡിലെ കൈലാസ് മാനസസരോവറിനെ പിത്തോറഗഢുമായി ബന്ധിപ്പിക്കുന്ന റോഡിന്‍റെ 90 ശതമാനം ജോലികളും പൂർത്തിയായി.
ഇന്ത്യയിൽ, പ്രത്യേകിച്ച് ദേശീയ തലസ്ഥാനത്ത്, "ഫ്ലൈയിങ് ബസുകൾ' എന്ന സ്വപ്നം യാഥാർഥ്യത്തോടടുക്കുകയാണ്. ഏരിയൽ ബസുകൾ, ഫ്ലാഷ്- ചാർജ് ചെയ്യാവുന്ന ഇലക്‌ട്രിക് ബസുകൾ, പർവത പ്രദേശങ്ങൾക്കായുള്ള ഡബിൾ- ഡെക്കർ ഫ്ലൈയിങ് ബസുകൾ എന്നിവയും പരിഗണനയിലുണ്ട്. ഡൽഹിയിലെ ധൗള കുവാനിൽ നിന്ന് മനേസറിലേക്കുള്ള സ്‌കൈവേ സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ള ഏരിയൽ ബസ് സർവീസ് ഏതാണ്ട് അവസാന ഘട്ടത്തിലാണ്. ഈ റൂട്ടിലെ സ്ഥിരമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ഈ പരീക്ഷണം നിർണായകമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
നാഗ്പുരിൽ ഉടൻ തന്നെ ആദ്യ ഫ്ലാഷ്- ചാർജ് ഇലക്‌ട്രിക് ബസ് സർവീസ് ആരംഭിക്കും. ഇതിൽ, എക്സിക്യൂട്ടീവ് ക്ലാസ്, ഫ്രണ്ട് ടിവി സ്‌ക്രീനുകൾ, എയർ ഹോസ്റ്റസുമാർക്ക് സമാനമായ ബസ് ഹോസ്റ്റസുമാർ എന്നീ സൗകര്യങ്ങളോടെ 135 സീറ്റുകൾ ഉണ്ടായിരിക്കും. ഈ ബസിന്‍റെ പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും. ഓരോ 40 കിലോമീറ്ററിലും 30 സെക്കൻഡ് നേരത്തേക്ക് നിർത്തി പൂർണമായും ചാർജ് ചെയ്യും, തുടർന്ന് യാത്ര പുനരാരംഭിക്കും.
ഒരു ഓഫിസിൽ ഇരുന്ന് വിശദമായ പ്രൊജക്റ്റ് റോപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിലൂടെ ഇത്തരം ലക്ഷ്യങ്ങൾ നേടാനാവില്ല, അതിന് പൂർണഹൃദയത്തോടെയുള്ള പരിശ്രമം ആവശ്യമാണ്!
റോഡ് നിർമാണത്തെക്കുറിച്ച് ബംഗളൂരു ഐഐഎം നടത്തിയ സമീപകാല പഠനത്തിൽ ദേശീയപാതാ (എൻഎച്ച്) നിർമാണത്തിനായി ചെലവഴിക്കുന്ന ഓരോ രൂപയും ഇന്ത്യയുടെ ജിഡിപിയിൽ ₹3.21 വർധനവിന് കാരണമാകുന്നതായും ഇത് 3.2 മടങ്ങ് ബഹുഗുണീകൃത ഫലങ്ങൾ ഉളവാക്കുന്നതായും കണ്ടെത്തി. തത്ഫലമായി ആഭ്യന്തര ഉത്പാദനം 9 ശതമാനവും കാർ വിൽപ്പന 10.4 ശതമാനവും വർദ്ധിച്ചു. കേന്ദ്ര ഉപരിതല ഗതാഗത- ദേശീയ പാതാ മന്ത്രാലയം നടത്തിയ പ്രവർത്തനങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിക്കുക മാത്രമല്ല, നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
ശ്രദ്ധേയമായ ചില കണക്കുകൾ ഇനിപ്പറയുന്നു:
2014ൽ ഇന്ത്യയിൽ 91,000 കിലോമീറ്റർ ദേശീയ പാതകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2024 ആയപ്പോഴേക്കും ഈ ശൃംഖല ഏകദേശം 60 ശതമാനം വർധിച്ച് 1.46 ലക്ഷം കിലോമീറ്ററായി. റോഡ് നിർമാണത്തിന്‍റെ വേഗത പ്രതിദിനം 12 കിലോമീറ്ററിൽ നിന്ന് 28– 30 കിലോമീറ്ററായി വർധിച്ചു. 5.35 ലക്ഷം കോടി രൂപയുടെ ഭാരത് മാല പദ്ധതി പ്രകാരം സാമ്പത്തിക ഇടനാഴികൾ, അന്താരാഷ്‌ട്ര അതിർത്തി റോഡുകൾ, അതിർത്തി പ്രദേശ കണക്റ്റിവിറ്റി എന്നിവയുൾപ്പെടെ 65,000 കിലോമീറ്റർ റോഡുകൾ നിർമിക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയുടെ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് ഈ പദ്ധതി.
"ഗതി ശക്തി' പദ്ധതിയും മൾട്ടിമോഡൽ കണക്റ്റിവിറ്റി സംരംഭവും റോഡുകൾ, റെയ്‌ൽവേ, വ്യോമപാതകൾ, ജലപാതകൾ, തുറമുഖങ്ങൾ എന്നിവയെ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിക്കുന്നു. ഇത് സമയബന്ധിതമായ പദ്ധതികൾ പൂർത്തീകരിക്കാൻ സഹായകമായി. ഗണ്യമായ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്ന പൊതു- സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകകളിലൂടെ റോഡ് വികസന പദ്ധതികൾ നടപ്പിലാക്കാനും നമ്മുടെ മന്ത്രാലയം മുൻകൈയെടുത്തു. ഈ മാതൃകയിൽ ₹12 ലക്ഷം കോടിയിലധികം ചെലവുള്ള റോഡ് നിർമാണ പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്.
2014ൽ ആരംഭിച്ച ഈ പ്രയാണം കേവലം റോഡ് നിർമ്മാണം മാത്രമായൊതുങ്ങുന്നില്ല; ഒരു തരത്തിൽ പറഞ്ഞാൽ, ഇന്ത്യയുടെ പുരോഗതിയുടെ ജീവരേഖയായി ഇത് മാറിയിരിക്കുന്നു. ദേശീയ പാതാ ശൃംഖലയുടെ വികാസം യാത്ര സുഗമാക്കുക മാത്രമല്ല, ആഭ്യന്തര വ്യാപാരം, വ്യവസായം, വിനോദസഞ്ചാരം, സുരക്ഷ എന്നിവയെ ഉത്തേജിപ്പിക്കുകയും ചെയ്തു.
സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന മുഴുവൻ പേരിലേക്കും സമഗ്ര വികസനം എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ആദ്യ ദിനം മുതൽ നമ്മുടെ സർക്കാർ അക്ഷീണം പ്രവർത്തിച്ചുവരികയാണ്. ഈ ലക്ഷ്യം എത്രയും വേഗം കൈവരിക്കുന്നതിനായി വരും വർഷങ്ങളിൽ ഈ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിനും 2047ഓടെ ഇന്ത്യയെ ഒരു വൻ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിനും നമ്മുടെ ദേശീയ പാതാ ശൃംഖല അമെരിക്കയുടേതിനേക്കാൾ മികച്ചതാക്കി തീർക്കുന്നതിനും വ്യക്തമായ ഒരു പദ്ധതിയും കാഴ്ചപ്പാടും നമുക്കുണ്ട്.
''അമെരിക്ക സമ്പന്ന രാജ്യമായതുകൊണ്ടല്ല അവിടെ നല്ല റോഡുകൾ നിർമിക്കപ്പെട്ടത്; മറിച്ച്, നല്ല റോഡുകൾ നിർമിക്കപ്പെട്ടതുകൊണ്ടാണ് അമെരിക്ക സമ്പന്നമായി മാറിയത്'' എന്ന മുൻ യുഎസ് പ്രസിഡന്‍റ് ജോൺ എഫ്. കെന്നഡിയുടെ ഈ ഉദ്ധരണി, ഡൽഹിയിലെ ഗതാഗത ഭവനിലെ എന്‍റെ ഓഫിസിലും മഹാരാഷ്‌ട്രയിൽ ഞാൻ മന്ത്രിയായിരുന്നപ്പോൾ അവിടെയും പ്രദർശിപ്പിച്ചിരുന്നത് യാദൃശ്ചികമല്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 11 വർഷമായി ഈ മന്ത്രം നമുക്ക് മാർഗദർശനമേകുകയാണ്.
ഭാവിയിൽ ഈ പ്രവർത്തനം കൂടുതൽ വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. വരും വർഷങ്ങളിൽ, ഇന്ത്യയുടെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ അമെരിക്കയേക്കാൾ മികച്ചതായിരിക്കും - ഇത് ഒരു സ്വപ്നമല്ല, മറിച്ച് രൂപപ്പെട്ടു വരുന്ന യാഥാർഥ്യമാണ്. ഗുണനിലവാരം, വേഗത, സുതാര്യത, പരിസ്ഥിതി സൗഹൃദ നയങ്ങൾ എന്നിവയിൽ, സന്തുലിതാവസ്ഥ നിലനിർത്തുന്നതിലൂടെ, ഇന്ത്യയുടെ ദേശീയ പാതാ ശൃംഖല ആഗോള തലത്തിൽ അംഗീകരിക്കപ്പെടും.