ശ്രീരാമന്‍റെ സഹോദരി എന്നതിലുപരി, സ്വന്തം ത്യാഗത്തിലൂടെ ഒരു യുഗത്തിന്‍റെ കഥയ്ക്ക് തുടക്കം കുറിച്ച പുണ്യവതിയാണ് ശാന്ത
വാല്മീകി രാമായണം ബാലകാണ്ഡത്തിൽ പരാമർശിക്കുന്ന ഒരു പേരാണ് ശാന്ത. ശ്രീരാമന്‍റെ ഇതിഹാസം വായിക്കുന്നവർ അറിഞ്ഞോ അറിയാതെയോ പിന്നെയൊരിടത്തും ശാന്തയെന്ന പേരു പറയുകയോ കേൾക്കുകയോ ചെയ്യുന്നില്ല. സത്യത്തിൽ ആരാണ് ശാന്ത? ശ്രീരാമനും ശാന്തയുമായി എന്ത് ബന്ധമാണുള്ളത്? ഈ രാമായണ മാസം ശാന്തയെ കുറിച്ചുള്ള കഥകൾ കൂടി ചേർന്നതാകട്ടെ.
അയോധ്യയിലെ കൊട്ടാരത്തിൽ ദശരഥ മഹാരാജാവിന്‍റെയും കൗസല്യയുടെയും ആദ്യസന്താനമായി ജനിച്ച പെൺകുട്ടിയാണ് ശാന്ത. ശാന്ത എല്ലാവിധ സൗഭാഗ്യങ്ങളോടും കൂടി കൊട്ടാരത്തിൽ വളരുന്നതിനിടയിൽ ഒരു ദിവസം ദശരഥന്‍റെ സുഹൃത്തും അംഗദേശത്തിന്‍റെ രാജാവുമായ ലോമപാദൻ (രോമപാദൻ) അയോധ്യയിലെത്തി. രാജാവിന്‍റെ കണ്ണുകളിൽ ഒളിപ്പിക്കാൻ കഴിയാത്ത വിധം സന്താനങ്ങളില്ലാത്തതിന്‍റെ ദുഃഖം അറിയുവാനുണ്ടായിരുന്നു.
സുഹൃത്തിന്‍റെ വേദന കണ്ടറിഞ്ഞ ദശരഥൻ ആരോടും ആലോചിക്കാതെ അസാധാരണമായ ഒരു തീരുമാനമെടുത്തു. സ്വന്തം മകളായ ശാന്തയെ സുഹൃത്തായ ലോമപാദന് ദത്തു നൽകി. അങ്ങനെ അയോധ്യയുടെ രാജകുമാരി അംഗദേശത്തിന്‍റെ രാജകുമാരിയായി മാറി.
അന്ന് ദശരഥനോ, കൊട്ടാരത്തിലുള്ളവരോ, പ്രജകളോ അറിഞ്ഞിരുന്നില്ല, ഒരിക്കൽ ലോകം ശാന്തയുടെ സഹോദരന്മാരുടെ കഥ ആഘോഷിക്കുമെന്നും, ദശരഥപുത്രിയുടെ പേര് കഥകളുടെ അരികുകളിലേക്ക് മങ്ങിപ്പോകുമെന്നും.
കാലം കടന്നുപോയി.
ശാന്ത രാജകീയ ആഡംബരത്തേക്കാൾ ജ്ഞാനത്തോട് പ്രിയമുള്ളവളായി വളർന്നു. വിനയവും കരുണയുമാണ് രാജകുമാരിയുടെ ആഭരണങ്ങളെന്നു പ്രജകൾ സന്തോഷത്തോടെ പറഞ്ഞിരുന്നു. അക്കാലത്താണ് അംഗരാജ്യത്ത് കടുത്ത വരൾച്ച ബാധിച്ചത്. ജനങ്ങൾ ദുരിതത്തിലായതോടെ, രാജപുരോഹിതന്മാർ ഒരു മാർഗം നിർദ്ദേശിച്ചു. മഹാതപസ്വിയായ ഋശ്യശൃംഗ മഹർഷിയെ രാജ്യത്തേക്ക് കൊണ്ടുവന്നു യാഗം നടത്തണം. അദ്ദേഹത്തിന്‍റെ സാന്നിധ്യം മഴയെ ക്ഷണിക്കുമെന്നായിരുന്നു വിശ്വാസം.
രാജാവിന്‍റെ ക്ഷണപ്രകാരം ഋശ്യശൃംഗ മഹർഷി വരുകയും, രാജ്യത്ത് മഴ പെയ്യുകയും ചെയ്തു.
സന്തോഷവാനായ ലോമപാദ മഹാരാജാവ് ദത്തുപുത്രിയായ ശാന്തയെ ഋശ്യശൃംഗനു വിവാഹം ചെയ്തുകൊടുത്തു.
മഴ പെയ്തതോടെ വരണ്ടുപോയിരുന്ന മണ്ണ് വീണ്ടും പച്ചയായി. ജനങ്ങൾ രാജാവിനെ പുകഴ്ത്തുകയും മഹർഷിയെ സ്തുതിക്കുകയും ചെയ്തു. എന്നാൽ യാഗത്തിന് പ്രതിഫലമായി കന്യാദാനം ചെയ്യപ്പെട്ട ശാന്തയുടെ പേരു മാത്രം ഒരാളും പറഞ്ഞില്ല.
കാലം വീണ്ടും വട്ടം തിരിഞ്ഞു, അപ്പോഴും അയോധ്യയിലെ ദശരഥന് പുത്രന്മാരില്ലായിരുന്നു. പരിഹാരമായി രാജ പുരോഹിതർ നിർദേശിച്ച ഒരേയൊരു പേര് ഋശ്യശൃംഗന്‍റേതാണ്. അങ്ങനെ പുത്രകാമേഷ്ടി യാഗത്തിന് നേതൃത്വം നൽകാനായി മഹർഷി ശാന്തയോടൊപ്പം അയോധ്യയിലെത്തി.
വർഷങ്ങൾക്കുശേഷം, അയോധ്യയുടെ രാജകുമാരിയായിരുന്നവൾ വീണ്ടും ജന്മനാട്ടിലെ കൊട്ടാരത്തിൽ കാൽവച്ചു. എന്നാൽ ശാന്തയപ്പോൾ അവിടുത്തെ രാജകുമാരിയായിരുന്നില്ല. രാജകുമാരിയായിരുന്നവൾ ആശ്രമ വധുവാക്കപ്പെടുകയും, ജീവിതം മറ്റൊരു വഴിയിലേക്ക് ഒഴുകിപ്പോകുകയും ചെയ്തിരുന്നു.
ഋശ്യശൃംഗന്‍റെ കാർമികത്വത്തിൽ യാഗം പൂർത്തിയാകുകയും, ശാന്ത സാക്ഷിയാകുകയും, കാലം തന്‍റെ അത്ഭുതം കാട്ടുകയും ചെയ്തു. കൗസല്യയ്ക്ക് ശ്രീരാമനും, കൈകേയിക്ക് ഭരതനും, സുമിത്രയ്ക്ക് ലക്ഷ്മണനും ശത്രുഘ്നനും ജനിച്ചതോടെ ലോകം ആ രാജകുമാരന്മാരുടെ കഥകൾ പാടാൻ തുടങ്ങി.
അവരുടെ സഹോദരി ശാന്തയുടെ പേര് പതുക്കെ ഇതിഹാസത്തിന്‍റെ നിശബ്ദതയിൽ അലിഞ്ഞു.പക്ഷേ, ചോദ്യങ്ങൾ ഇന്നും ബാക്കിയുണ്ട്.
ശാന്ത ഇല്ലായിരുന്നെങ്കിൽ?
ഋശ്യശൃംഗൻ അയോധ്യയിലെത്തുമായിരുന്നോ?
പുത്രകാമേഷ്ടി യാഗം നടക്കുമായിരുന്നോ?
രാമായണം കഥ നമുക്ക് അറിയുന്ന രൂപത്തിൽ ആരംഭിക്കുമായിരുന്നോ?
ഉത്തരങ്ങൾ എന്തായാലും, ശാന്ത ഒരിക്കലും അംഗീകാരം ആവശ്യപ്പെട്ടില്ല എന്നതാണ് പ്രധാനം. ശാന്ത വെളിച്ചത്തിലല്ല ജീവിച്ചത് വെളിച്ചത്തിന് പിന്നിൽ നിന്നുകൊണ്ട് മറ്റുള്ളവർക്ക് വെളിച്ചമാകുകയായിരുന്നു. അതാണ് ദശരഥ പുത്രിയുടെ മഹത്വം. കഥകൾ എപ്പോഴും യുദ്ധം ജയിച്ചവരുടെ പേരുകൾ മാത്രം പറയും. എന്നാൽ യുദ്ധം തുടങ്ങുന്നതിന് മുമ്പ് നിശബ്ദമായി കഥയുടെ ദിശ മാറ്റിയവരെ മറന്നുപോകും. ശാന്ത അത്തരമൊരു കഥാപാത്രമായിരുന്നു.
ശ്രീരാമന്‍റെ സഹോദരി എന്നതിലുപരി, സ്വന്തം ത്യാഗത്തിലൂടെ ഒരു യുഗത്തിന്‍റെ കഥയ്ക്ക് തുടക്കം കുറിച്ച പുണ്യവതിയാണ് ശാന്ത. അതുകൊണ്ടു തന്നെ ശാന്തയുടെ കഥ നമ്മെ ഓർമിപ്പിക്കുന്നത് ഒരുപാട് വലിയ സത്യങ്ങളാണ്.
(8281905765)