യേശുദാസനെ ഗന്ധർവഗായകനും ജയചന്ദ്രനെ ഭാവഗായകനുമാക്കിയ മലയാളികൾ ഇരുവരെയും ഒരേ ആരാധനയോടെയാണ് എക്കാലത്തും നെഞ്ചേറ്റിയിട്ടുള്ളത്. സമകാലികരായിരുന്നിട്ടും മലയാളികളുടെ പ്രിയം ഒരുപോലെ പിടിച്ചു പറ്റിയിട്ടും യേശുദാസിന് മുന്നിൽ വിനീത വിധേയനായിരുന്നു എന്നും പി. ജയചന്ദ്രൻ. വേദിയിൽ ഒരുമിച്ചു വന്നപ്പോഴൊക്കെ പ്രിയപ്പെട്ട ദാസേട്ടന്‍റെ കാലിൽതൊട്ട് വണങ്ങാൻ ജയചന്ദ്രൻ മടി കാണിച്ചിട്ടില്ല. യേശുദാസിന്‍റെ മാറിൽ ചാരി നിന്ന് ജയചന്ദ്രൻ വിതുമ്പുന്ന കാഴ്ചയും സംഗീത പ്രേമികൾ കണ്ടിട്ടുണ്ട്.
ജയചന്ദ്രന്‍റെ ഏറ്റവും പ്രിയപ്പെട്ട പാട്ടും യേശുദാസിന്‍റെ ആലാപനത്തിലുള്ളതാണ്. ഭാര്‍ഗ്ഗവീ നിലയത്തിലെ ബിംബ്ലാസി രാഗത്തിലുള്ള 'താമസമെന്തേ വരുവാന്‍' എന്ന പാട്ടിനപ്പുറം ഒരു പാട്ടില്ലെന്നാണ് ജയചന്ദ്രൻ പറഞ്ഞിട്ടുള്ളത്.
1958ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ യേശുദാസും ജയചന്ദ്രനും ഒരുമിച്ചാണ് അരങ്ങേറിയത്. എറണാകുളം പള്ളുരുത്തി സെന്‍റ് സെബാസ്റ്റ്യൻസ് എച്ച്‌എസിലെ യേശുദാസിന് വായ്പാട്ടിലും ഇരിങ്ങാലക്കുട നാഷനൽ ഹൈസ്‌കൂളിലെ ജയചന്ദ്രൻ കുട്ടന് മൃദംഗത്തിലും ഒന്നാം സമ്മാനം. കലോത്സവത്തിന്‍റെ സമാപന ചടങ്ങിൽ ഒന്നാം സമ്മാനം ലഭിച്ചവർ ചേർന്ന് അവതരിപ്പിച്ച കച്ചേരിയിൽ വായ്‌പാട്ടിൽ ഒന്നാമതെത്തിയ യേശുദാസിന്‍റെ ആലാപനത്തിന് ലയവാദ്യത്തിൽ ഒന്നാമതെത്തിയ ജയചന്ദ്രൻ മൃദംഗത്തിൽ താളമിട്ടു. യേശുദാസ് അന്ന് പത്തിലും ഞാന്‍ എട്ടാം ക്ലാസിലും ആണ് പഠിച്ചിരുന്നതെങ്കിലും ഒരു സമപ്രായക്കാരനെപ്പോലെ സ്‌നേഹത്തോടെയും തുറന്ന മനസ്സോടെയുമാണ് അദ്ദേഹം തന്നോട് പെരുമാറിയതെന്ന് ജയചന്ദ്രൻ പിൽക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്.
സിനിമയിൽ ഗാനവസന്തം സൃഷ്ടിച്ച് ഉദിച്ചുയർന്ന യേശുദാസിന്‍റെ തണലിലാണ് ജയചന്ദ്രനും ഗായകനായ സഹോദരൻ സുധാകരനും താമസിച്ചിരുന്നത്. യേശുദാസിനോടൊപ്പം വേദികളിൽ പാടാൻ സുധാകരനും അവസരം ലഭിച്ചു. പിന്നീട് സിനിമയിൽ അവസരം ലഭിക്കാൻ നിമിത്തമായതും യേശുദാസിന്‍റെ ഗാനമാണ്. പഴശ്ശിരാജയിലെ 'ചൊട്ടമുതല്‍ ചുടലവരെ' എന്ന ഗാനം ഒരു ഗാനമേളയില്‍ ജയചന്ദ്രൻ പാടുന്നതുകേട്ട് ഇഷ്ടപ്പെട്ടിട്ടാണ് വിന്‍സന്‍റ് മാസ്റ്ററും ആര്‍.എസ്. പ്രഭുവും ശോഭനാ പരമേശ്വരന്‍ നായരും കുഞ്ഞാലിമരക്കാര്‍ എന്ന സിനിമയില്‍ പാടാന്‍ അവസരം കൊടുത്തത്.
ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി' ആണ് ജയചന്ദ്രന്‍റെ ആദ്യത്തെ ശ്രദ്ധേയഗാനം. ആ ഗാനം യേശുദാസിനെക്കൊണ്ട് പാടിക്കാനാണ് ദേവരാജൻ മാസ്റ്റർ ഉദ്ദേശിച്ചിരുന്നത്. ജയചന്ദ്രന്‍റെ ആലാപന മികവ് കണ്ട് അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു.