സോമനാഥ ക്ഷേത്രം

 
Special Story

സോമനാഥിൽ നിന്ന് സിന്ദൂർ വരെ: നവ ഭാരതത്തിന്‍റെ ആത്മവീര്യം

75 വർഷങ്ങൾക്കു മുമ്പ് മനോഹരമായ സോമനാഥ ക്ഷേത്രത്തിന്‍റെ പുനർനിർമാണവും പ്രതിഷ്ഠയും നടന്നത് ഇന്ത്യയുടെ നാഗരിക പ്രതാപത്തിന്‍റെ പുനരുജ്ജീവനത്തിലെ നിർണായക നിമിഷമായിരുന്നു

MV Desk

പീയൂഷ് ഗോയൽ

75 വർഷങ്ങൾക്കു മുമ്പ് മനോഹരമായ സോമനാഥ ക്ഷേത്രത്തിന്‍റെ പുനർനിർമാണവും പ്രതിഷ്ഠയും നടന്നത് ഇന്ത്യയുടെ നാഗരിക പ്രതാപത്തിന്‍റെ പുനരുജ്ജീവനത്തിലെ നിർണായക നിമിഷമായിരുന്നു. ഇത് ഇന്ത്യയുടെ കരുത്തും നിശ്ചയദാർഢ്യവും വീണ്ടും ഉറപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഇന്ത്യ- 2047 എന്ന ദൗത്യത്തിന്‍റെ കാതലും ഇതു തന്നെയാണ്.

പവിത്രമായ ഈ നാഴികക്കല്ലിന്‍റെ 75ാം വാർഷികം ഇന്ത്യൻ നാഗരികതയുടെ ശക്തമായ അടിത്തറയിലും കരുത്തിലും രാജ്യത്തിന് വലിയ ആത്മവിശ്വാസം നൽകുന്നു. 1,000 വർഷക്കാലം മതഭ്രാന്തർ ക്ഷേത്രത്തിനു നേർക്കു നടത്തിയ ക്രൂരമായ ആക്രമണങ്ങളെ അതിജീവിച്ച് കൂടുതൽ കരുത്തോടെയാണ് ഇന്ത്യൻ നാഗരികത ഉയർന്നുവന്നത്.

ഗുജറാത്തിലെ ശാന്തമായ കടൽതീരത്തുള്ള ഈ ക്ഷേത്രം ഓരോ ആക്രമണത്തിനു ശേഷവും അതിന്‍റെ എല്ലാ പ്രതാപത്തോടും കൂടി തകർച്ചകളിൽ നിന്ന് ഉയിർത്തെഴുന്നേറ്റു. പല തരത്തിൽ, ഇതിന്‍റെ ചരിത്രം നമ്മുടെ രാജ്യത്തിന്‍റെ ഭൂതകാലത്തെ പ്രതിഫലിപ്പിക്കുന്നു. സമാധാനപ്രേമികളായ നമ്മുടെ ജനത അവരുടെ വിശ്വാസപ്രമാണങ്ങൾക്കും സംസ്‌കാരത്തിനും പൈതൃകത്തിനും മേലുണ്ടായ ക്രൂരമായ ആക്രമണങ്ങളെ അതിജീവിച്ച് തിരികെ വന്നതിന്‍റെ ചരിത്രമാണത്.

മോദി പറഞ്ഞതുപോലെ, സോമനാഥ് നശിപ്പിക്കാൻ ആവർത്തിച്ചുള്ള ശ്രമങ്ങളും ഗൂഢാലോചനകളും നടന്നതു പോലെ തന്നെ നൂറ്റാണ്ടുകളോളം വിദേശ അധിനിവേശക്കാർ ഇന്ത്യയെ ഇല്ലാതാക്കാൻ ശ്രമിച്ചു. എന്നിട്ടും പവിത്രമായ ഈ ക്ഷേത്രത്തെയോ നമ്മുടെ രാജ്യത്തെയോ നശിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല.

സോമനാഥിലെ ആക്രമണങ്ങളുടെ ലക്ഷ്യം കൊള്ളയടിക്കുക എന്നതിനേക്കാൾ ഭയാനകമായിരുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. "ആക്രമണങ്ങൾ കൊള്ളയടിക്കാൻ മാത്രമായിരുന്നുവെങ്കിൽ 1,000 വർഷങ്ങൾക്കു മുമ്പുള്ള ആദ്യത്തെ വലിയ കൊള്ളയോടെ അത് അവസാനിക്കുമായിരുന്നു. എന്നാൽ അതല്ല സംഭവിച്ചത്. സോമനാഥിലെ പവിത്ര വിഗ്രഹം അശുദ്ധമാക്കപ്പെട്ടു. ക്ഷേത്രത്തിന്‍റെ രൂപം ആവർത്തിച്ചു മാറ്റപ്പെട്ടു. സോമനാഥ് തകർക്കപ്പെട്ടത് കൊള്ളയടിക്കാനാണെന്നു മാത്രമാണു നമ്മെ പഠിപ്പിച്ചത്. വിദ്വേഷത്തിന്‍റെയും അടിച്ചമർത്തലിന്‍റെയും ഭീകരതയുടെയും ക്രൂരമായ ചരിത്രം നമ്മിൽനിന്നു മറച്ചുവയ്ക്കപ്പെട്ടു' - അദ്ദേഹം പറഞ്ഞു.

നെഹ്‌റുവിന്‍റെ എതിർപ്പ്

സ്വാതന്ത്ര്യത്തിനു ശേഷം, ഇന്ത്യയിലെ ദേശീയ ആത്മവിശ്വാസത്തിന്‍റെ ആദ്യകാല ആവിഷ്കാരങ്ങളിൽ ഒന്നായ സോമനാഥ് പുനർനിർമാണ ദൗത്യത്തിനു നേതൃത്വം നൽകിയതു സർദാർ പട്ടേലായിരുന്നു. എന്നാൽ ഇതിനു പോലും തടസങ്ങൾ നേരിട്ടു. അന്നത്തെ രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ചരിത്രപരമായ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനുള്ള തീരുമാനത്തെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഔദ്യോഗികമായി എതിർത്തു. എന്നാൽ 1951 മെയ് 11ന് രാഷ്‌ട്രപതി ക്ഷേത്രം ഉദ്ഘാടനം ചെയ്തു.

ഈ പുനർനിർമാണം നൂറ്റാണ്ടുകൾ നീണ്ട ക്രൂരമായ അടിച്ചമർത്തലുകൾക്കുശേഷം ഇന്ത്യയുടെ സാംസ്കാരിക നവോത്ഥാനത്തിനും നാഗരികതയിലുള്ള അഭിമാനത്തിനും വിത്തുപാകി. കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെയും ഉജ്ജെയ്‌നിലെ മഹാകാലേശ്വർ ക്ഷേത്രത്തിന്‍റെയും പുനരുദ്ധാരണം മുതൽ അയോധ്യയിലെ ഗംഭീരമായ രാമക്ഷേത്രം വരെ; കേദാർനാഥിന്‍റെ പുനരുജ്ജീവനത്തിൽനിന്ന് എണ്ണമറ്റ പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം വരെ, ഇന്ത്യ അതിന്‍റെ നാഗരിക ചരിത്രത്തെ അന്തസോടെയും ലക്ഷ്യബോധത്തോടെയും വീണ്ടെടുക്കുകയാണ്. ഈ ശ്രമങ്ങൾ സന്ദർശകരുടെ എണ്ണം വർധിപ്പിക്കുകയും പ്രാദേശിക ജനങ്ങൾക്കായി ധാരാളം തൊഴിലവസരങ്ങളും കച്ചവടസാധ്യതകളും സൃഷ്ടിക്കുകയും ചെയ്യുന്നു.

ആഗോള സ്വാധീനം

സോമനാഥിനെപ്പോലെ ഇന്ത്യയും കൂടുതൽ കരുത്തോടെ ഉയർന്നുവന്നു. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന നിലയിലും, ആധുനികതയെ അതിന്‍റെ സമ്പന്നമായ പൈതൃകവുമായി സവിശേഷമായ രീതിയിൽ സമന്വയിപ്പിക്കുന്ന രാജ്യം എന്ന നിലയിലും ഇന്ത്യ ഇന്ന് ആഗോളതലത്തിൽ തരംഗങ്ങൾ സൃഷ്ടിക്കുകയാണ്. 2014ൽ രാജ്യം മോദി ഗവണ്മെന്‍റിനെ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയതിനു പിന്നാലെ, അന്താരാഷ്‌ട്ര യോഗ ദിനം ആചരിക്കുന്നതിനായി റെക്കോഡ് എണ്ണമായ 175 രാജ്യങ്ങൾ പിന്തുണച്ച പ്രമേയം ഐക്യരാഷ്‌ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചു. യോഗ ഇന്നു ലോകമെമ്പാടുമുള്ള എല്ലാ സംസ്കാരങ്ങളിലുമുള്ള വ്യക്തികൾക്കു പ്രയോജനപ്പെടുന്ന ആഗോള ആരോഗ്യ പ്രസ്ഥാനമാണ്.

ഒരു ദശാബ്ദത്തിനു ശേഷം യുഎഇ ഗവണ്മെന്‍റ് സമ്മാനിച്ച ഭൂമിയിൽ പണിത മനോഹരമായ ക്ഷേത്രം പ്രധാനമന്ത്രി മോദി മധ്യപൂർവ മേഖലയിൽ ഉദ്ഘാടനം ചെയ്തു. നേരത്തേ ബഹ്‌റൈനിലെ 200 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്‍റെ നവീകരണത്തിനും അദ്ദേഹം തുടക്കം കുറിച്ചിരുന്നു. ഇന്ത്യൻ പ്രവാസികളുമായി സ്ഥിരമായി അദ്ദേഹം ആശയവിനിമയം നടത്തുകയും അവരെ ഇന്ത്യൻ സാംസ്‌കാരിക പൈതൃകത്തിന്‍റെ അഭിമാനമുയർത്തുന്ന അംബാസഡർമാരാക്കി മാറ്റുകയും ചെയ്യുന്നു.

ആയുഷിന്‍റെയും യോഗയുടെയും

ആഗോളവത്കരണം

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതും നമ്മുടെ പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങളിലെ പ്രൊഫഷണലുകൾക്ക് ആഗോള അവസരങ്ങൾ സൃഷ്ടിക്കുന്നതും, സമീപ വർഷങ്ങളിൽ വികസിത രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകളിലെ പ്രധാന ഘടകമാണ്. നമ്മുടെ കരകൗശല വിദഗ്ധർ, തൊഴിലാളികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കു ലാഭകരമായ ആഗോള അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം "വികസനത്തിനൊപ്പം പൈതൃകവും' എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ ഈ വ്യാപാര കരാറുകൾ മുന്നോട്ടുകൊണ്ടുപോകുന്നു.

ന്യൂസിലാൻഡുമായി അടുത്തിടെ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാർ, പരമ്പരാഗത വൈദ്യശാസ്ത്രത്തിലും സമഗ്രമായ ആരോഗ്യപരിചരണത്തിലുമുള്ള ഇന്ത്യയുടെ ആഗോള മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ലാണ്. ആയുഷ് പ്രാക്റ്റീഷണർമാർക്കും യോഗ ഇൻസ്ട്രക്റ്റർമാർക്കും ഒപ്പം മറ്റ് ഇന്ത്യൻ സാംസ്കാരിക- വിജ്ഞാന പ്രൊഫഷണലുകൾക്കും ന്യൂസിലാൻഡിൽ ജോലി ചെയ്യുന്നതിനായി ഈ കരാർ വിസ ക്വാട്ടകൾ ഉറപ്പാക്കുന്നു.

ആയുർവേദം, യോഗ, മറ്റു പരമ്പരാഗത വൈദ്യശാസ്ത്ര സേവനങ്ങൾ എന്നിവയുടെ വ്യാപാരത്തിന് ഈ കരാർ ഔദ്യോഗികമായി അനുകൂലമായ അന്തരീക്ഷം ഒരുക്കുകയും ആയുഷിനെ സമകാലികവും ആഗോളതലത്തിൽ പ്രസക്തവുമായ ആരോഗ്യപരിചരണ പരിഹാരമായി ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.

ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, ഓസ്‌ട്രേലിയ എന്നിവയുമായുള്ള വ്യാപാര കരാറുകളിലും സമാനമായ വ്യവസ്ഥകളുണ്ട്. യൂറോപ്യൻ യൂണിയനുമായുള്ള കരാർ പ്രകാരം ആയുഷ് പ്രാക്റ്റീഷണർമാർക്ക് ഇന്ത്യയിൽ നിന്നു ലഭിച്ച പ്രൊഫഷണൽ യോഗ്യതകൾ ഉപയോഗിച്ച് അവിടെ സേവനം നൽകാൻ സാധിക്കും. കൂടാതെ, ഇയു അംഗരാജ്യങ്ങളിൽ ആയുഷ് വെൽനസ് സെന്‍ററുകളും ക്ലിനിക്കുകളും സ്ഥാപിക്കുന്നതിനും ഇതു സൗകര്യമൊരുക്കുന്നു.

പുതിയ ഭീഷണികളെ

തുരത്തുന്നു

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം ആഗോള ശ്രദ്ധയാകർഷിക്കുമ്പോൾ തന്നെ, രാജ്യത്തിന്‍റെ ഐക്യപൂർണമായ പൈതൃകത്തെ തകർക്കാൻ ഭീകരവാദവും നുഴഞ്ഞുകയറ്റവും ഉപയോഗിക്കുന്ന മതഭ്രാന്തന്മാരുടെ ലക്ഷ്യമായി രാജ്യം ഇന്നും തുടരുകയാണ്.

മോദിയുടെ നേതൃത്വത്തിലുള്ള നവ ഇന്ത്യ ഇത്തരം ഭീഷണികളോടു ശക്തമായി പ്രതികരിക്കുന്നു. "ഓപ്പറേഷൻ സിന്ദൂർ' വഴി ഭീകരവാദികളെയും അതിർത്തിക്കപ്പുറത്തുള്ള അവരുടെ സ്പോൺസർമാരെയും ഇന്ത്യ പാഠം പഠിപ്പിച്ചു. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ, നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്ക്കുകയും വോട്ട് ബാങ്ക് രാഷ്‌ട്രീയം പയറ്റുകയും ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന പാർട്ടികളെ പശ്ചിമ ബംഗാളിലെ വോട്ടർമാർ നിരാകരിച്ചു.

ശ്രദ്ധേയമായ കാര്യം, ഓപ്പറേഷൻ സിന്ദൂറിന്‍റെയും സോമനാഥ ക്ഷേത്ര പുനർനിർമാണത്തിന്‍റെയും വാർഷികങ്ങൾ ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിൽ മാത്രമാണ് വരുന്നത് എന്നതാണ്. ഇവ രണ്ടും ഇന്ത്യയുടെ കരുത്തും നിശ്ചയദാർഢ്യവുമാണ് എടുത്തുകാട്ടുന്നത്.

സോമനാഥിന്‍റെ ചരിത്രം ആത്യന്തികമായി രാഷ്‌ട്രീയത്തിന് അതീതമാണ്. കീഴടങ്ങാൻ വിസമ്മതിച്ച നാഗരികതയുടെ കഥയാണത്. പുനർനിർമാണത്തിന് 75 വർഷങ്ങൾക്കു ശേഷവും സോമനാഥ് വെറും ക്ഷേത്രമായല്ല, മറിച്ച്, ഇന്ത്യയുടെ കരുത്തിന്‍റെയും തുടർച്ചയുടെയും ദേശീയ ആത്മവിശ്വാസത്തിന്‍റെയും കാലാതീതമായ പ്രതീകമായാണ് നിലകൊള്ളുന്നത്.

(കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രിയാണ് ലേഖകൻ)

ഭുവനേശ്വറിന്‍റെ മാന്ത്രിക ബൗളിങ്ങിൽ മുംബൈ ബാറ്റിങ് നിര തകർന്നു

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്; ഡിഎംകെയിൽ നിർണായക നീക്കം

ജോഷ് ഇംഗ്ലിസിന്‍റെ അടിക്ക് ഉർവിൽ പട്ടേലിന്‍റെ മറുപടി; ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം

"കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ"; പി.എം.എ. സലാം

പത്തനാപുരത്തും യുഡിഎഫ്- ബിജെപി ഡീൽ; ആരോപണവുമായി കെ.ബി. ഗണേഷ് കുമാർ