വി. അനന്ത നാഗേശ്വരൻ,
ദീക്ഷ സുപ്യാൽ ബിഷ്ത്
ഇന്ത്യയിലെ ടയർ -3 ശ്രേണിയിൽ ഉൾപ്പെടുന്ന ഒരു നഗരത്തിലെ സർക്കാർ സർവകലാശാലയുടെ കീഴിലുള്ള കോളെജിൽ നിന്ന് കൊമേഴ്സ് ബിരുദം നേടിയ വ്യക്തിയാണ് റീന എന്ന് സങ്കൽപ്പിക്കുക. അവരുടെ കോളെജിൽ പ്ലെയ്‌സ്‌മെന്‍റ് സെല്ലില്ല. മികച്ച അക്കാദമിക പശ്ചാത്തലം ഉണ്ടായിരിക്കെ സർക്കാർ ജോലിക്കുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കുക, അടുത്തുള്ള സ്കൂളിൽ പഠിപ്പിക്കുക (അവർക്കതിൽ അഭിരുചി ഇല്ലായിരിക്കാം) വിവാഹം കഴിക്കുക എന്നിവ മാത്രമായി അവരുടെ വിദ്യാഭ്യാസാനന്തര അവസരങ്ങൾ പരിമിതപ്പെടുന്നു. ഇന്ത്യയിലെ യുവാക്കളിൽ മൂന്നിലൊന്നും പേരും (15-29 വയസ് പ്രായമുള്ളവർ) പകുതിയിലധികം വരുന്ന യുവതികളും വിദ്യാഭ്യാസത്തിലോ തൊഴിലിലോ പരിശീലനത്തിലോ വ്യാപൃതരല്ല (https://tinyurl.com/yd675u5j).
കൂടാതെ, ഇന്ത്യയിലെ യുവാക്കളിൽ വലിയൊരു വിഭാഗം ഒരു സ്വകാര്യ കമ്പനിക്ക് ജോലി നൽകാൻ കഴിയാത്തവിധം വിദൂരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, അടുത്തിടെ സമാരംഭിച്ച പിഎം ഇന്‍റേൺഷിപ്പ് പദ്ധതി (പിഎംഐഎസ്) യുവാക്കളുടെ ശാക്തീകരണത്തിനായുള്ള സർക്കാരിന്‍റെ പ്രതിബദ്ധത വ്യക്തമാക്കുന്നുവെന്ന് മാത്രമല്ല സുഗമമായ വിപണി- കേന്ദ്രീകൃത യുവ- കേന്ദ്രീകൃത പരിഹാരവും വാഗ്ദാനം ചെയ്യുന്നു.
ഒരു വലിയ വിഭാഗം യുവാക്കൾക്ക് മികച്ച 500 കമ്പനികളിൽ 12 മാസത്തെ ഇന്‍റേൺഷിപ്പ് അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനാണ് പിഎംഐഎസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 21-24 വയസ് പ്രായമുള്ള, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിൽ നിന്നുള്ളവർക്കും, മെട്രിക്കുലേഷൻ മുതൽ ബിരുദം വരെയുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും (ഐഐടി ബിരുദധാരികൾ, ചാർട്ടേഡ് അക്കൗണ്ടൻസി യോഗ്യതയുള്ളവർ മുതലായവ ഒഴികെ) അർഹതയുണ്ട്. സർക്കാരും (₹4,500) കമ്പനിയും (₹500) സംയുക്തമായി നൽകുന്ന പ്രതിമാസ സ്‌റ്റൈപ്പന്‍റ് ആയ 5,000 രൂപയാണ് ഈ പദ്ധതി വാഗ്‌ദാനം ചെയ്യുന്ന ധനസഹായം. കൂടാതെ ആകസ്മിക ചെലവുകൾക്ക് 6,000 രൂപ അധികം ലഭിക്കും. 2024ൽ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ 1.25 ലക്ഷം യുവാക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. ഒരു കോടി യുവാക്കൾക്ക് ഇന്‍റേൺഷിപ്പ് അവസരങ്ങൾ സുഗമമാക്കുക എന്നതാണ് അഞ്ച് വർഷത്തെ ലക്ഷ്യം. പദ്ധതിയ്ക്ക് കീഴിലുള്ള ചെലവുകൾക്കായി കമ്പനികൾക്ക് സ്വന്തം CSR ഫണ്ടും ഉപയോഗിക്കാം.
ഇന്‍റേൺഷിപ്പ് എന്നത് യുവാക്കൾക്കും തൊഴിലുടമകൾക്കും പരസ്പര പ്രയോജനകരമായ ക്രമീകരണമാണെന്നത് അറിവുള്ളതാണ്. വിദ്യാഭ്യാസ മേഖലയിലെ ഗവേഷകരും, ശാസ്ത്രജ്ഞരും തൊഴിലധിഷ്ഠിത പഠനത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഡേവിഡ് കോൾബ്‌സ്, ജോൺ ഡീവി, കുർട്ട് ലൂയിസ്, തുടങ്ങിയ പണ്ഡിതർ മുൻകൈയെടുത്ത് നടത്തിയ പരീക്ഷണാത്മക പഠന സമീപനങ്ങളും വിവിധ അന്താരാഷ്‌ട്ര പഠനങ്ങളും തൊഴിൽ ശക്തി വികസിപ്പിക്കുന്നതിനുള്ള പ്രധാന ഉപകരണങ്ങണിതെന്ന് തെളിയിച്ചിട്ടുണ്ട്. ആശയവിനിമയം, സഹകരണം, സർഗാത്മകത, വിമർശനാത്മക ചിന്ത എന്നിവ ഇന്‍റേൺഷിപ്പ് മെച്ചപ്പെടുത്തുന്നു.
പിഎംഐഎസിന് കീഴിലുള്ള ഇന്‍റേൺഷിപ്പ് യുവാക്കൾക്കായി അവസരങ്ങളും പരിവർത്തനാനുഭവങ്ങളും പ്രദാനം ചെയ്യുന്നു. രാജ്യത്തുടനീളമുള്ള മിക്ക കോളെജുകളിലും പഠിപ്പിക്കുന്ന തരത്തിലുള്ള, താരതമ്യേന കൂടുതൽ ഘടനാപരവും സുസ്ഥിരവുമായ അക്കാദമിക് ലോകത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ കോർപ്പറേറ്റ് ജോലിയുടെ യഥാർഥ ലോകത്തേക്ക് അവർ എത്തുന്നു. ഏറ്റവും മികച്ച കരിയർ പാത വികസിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും പുറമെ, ഉദ്യോഗാർഥികൾക്ക് ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്നതിനും പ്രശ്‌നപരിഹാരം, തീരുമാനമെടുക്കൽ, ടീം വർക്ക്, ടൈം മാനെജ്മെന്‍റ് എന്നിവയിലും പരിശീലനം നേടാനാകും.
ചെറുപട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും കഴിവുറ്റവരും സത്യസന്ധരും അർപ്പണബോധമുള്ളവരുമായ യുവാക്കൾക്ക് പോലും ബുദ്ധിമുട്ടാകുന്ന ഒട്ടേറെ പ്രാരംഭ തടസങ്ങൾ ഇന്‍റേൺഷിപ്പ് തകർക്കുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കുക, ഇമെയിൽ മര്യാദകൾ, കംപ്യൂട്ടർ ഉപയോഗിക്കുക, എംഎസ് ഓഫീസ്, വിശ്വസനീയവും പ്രസക്തവുമായ വിവരങ്ങൾ ഇന്‍റർനെറ്റിൽ തിരയുക പോലുള്ള അടിസ്ഥാനപരമായ കാര്യങ്ങൾ ഇതിലുൾപ്പെടുന്നു. ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലും പ്രൊഫഷണൽ കോഴ്‌സുകളിലും ഇന്‍റേൺഷിപ്പ് ഒരു മാനദണ്ഡമാണെങ്കിലും, കരിയർ കൗൺസിലിങ്ങിന്‍റെയും തൊഴിലധിഷ്‌ഠിത ശൃംഖലകളുടെയും അഭാവം കാരണം മിക്ക യുവജനങ്ങളും പഠിക്കുന്ന സർക്കാർ സർവകലാശാലകൾക്കും പ്രശസ്തമല്ലാത്ത കോളെജുകൾക്കും അവ അന്യമായി തുടരുന്നു. പിഎംഐഎസ് വഴിയുള്ള വലിയ തോതിലുള്ള ഇന്‍റേൺഷിപ്പുകൾ മെട്രൊ ഇതര നഗരങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് തുല്യ അവസര സാധ്യതയുള്ള പ്ലേസ്‌മെന്‍റുകളുടെ വാതിൽ തുറക്കുന്നു. വ്യക്തിഗത തലത്തിൽ, പുതുതായി കണ്ടെത്തിയ സാമ്പത്തിക സ്വാതന്ത്ര്യം ആത്മവിശ്വാസം വർധിപ്പിക്കുകയും മികച്ച പ്രവർത്തനങ്ങൾ നടത്താനും ഉയർന്ന ലക്ഷ്യങ്ങൾ നേടാനും യുവ മനസുകളെ പ്രേരിപ്പിക്കുന്നു. യുവതികളെ സംബന്ധിച്ചിടത്തോളം, സാമ്പത്തിക സ്വാതന്ത്ര്യവും ആത്മാഭിമാന ബോധവും ഉയർത്തുകയും വിവാഹപ്രായം, വിവാഹത്തിന് മുമ്പുള്ള നിബന്ധനകൾ എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ തക്ക സ്വാധീനവും നൽകുന്നു.
തൊഴിൽ ദാതാവിനെ സംബന്ധിച്ചിടത്തോളം, ഇന്‍റേൺഷിപ്പ് എന്നത് ദീർഘകാല ജോലിക്ക് ഒരു ഉദ്യോഗാർഥി അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ പരീക്ഷണം മാത്രമല്ല, വൈദഗ്ധ്യങ്ങളുടെ വിടവ് നികത്തുന്നതിനും കമ്പനിയുടെ സി എസ് ആർ മാനദണ്ഡങ്ങൾ നിറവേറ്റുന്നതിനുമുള്ള ഒരു തന്ത്രപരമായ സംവിധാനം കൂടിയാണ്. 12 മാസത്തിനുള്ളിൽ, കമ്പനിക്ക് ഒരു ഇന്‍റേണിന്‍റെ ഐ ക്യു , ഇ ക്യു എന്നിവ വിശ്വസനീയമായി നിരീക്ഷിക്കാനും "ശുഭകരമായ മനോഭാവമുള്ളവയെ സ്വീകരിക്കുകയും നൈപുണ്യത്തിനായി പരിശീലിപ്പിക്കുകയും' ചെയ്യുക എന്ന തന്ത്രം ആത്മവിശ്വാസത്തോടെ പ്രയോഗിക്കാനും കഴിയും.
സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പിഎംഐഎസ് 2020ലെ ദേശീയ വിദ്യാഭ്യാസ നയവുമായി യോജിപ്പിച്ചിരിക്കുന്നു. ഇത് യുവാക്കളുടെ തൊഴിൽ സാദ്ധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനും പിന്നാക്ക പശ്ചാത്തലത്തിൽ നിന്നുള്ള യുവാക്കൾക്ക് തൊഴിൽ സാധ്യതകളിൽ തുല്യത കൊണ്ടുവരുന്നതിനുമുള്ള ഒരു അടിയന്തര നടപടിയാണ്. കോഴ്സ് പഠിച്ചിറങ്ങുന്ന യുവാക്കളുടെ ഒരു ഫിനിഷിങ് സ്കൂളായി പ്രവർത്തിക്കുന്നതിലൂടെ, ഇന്‍റേൺഷിപ്പ് പദ്ധതി സമ്പദ്‌വ്യവസ്ഥയിൽ "തൊഴിൽ സാധ്യത ഇല്ലാതെ പ്രതിഭ' എന്ന ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വിദ്യാഭ്യാസം മുതൽ തൊഴിൽ വരെയുള്ള ഇത്തരം തുടർ പ്രവർത്തനം, മാറ്റങ്ങളോടും ജീവിത നൈപുണ്യങ്ങളോടും പൊരുത്തപ്പെടുന്നതിനുള്ള ശേഷി തൊഴിലിനുള്ള അനുയോജ്യതയായി നിർണയിക്കപ്പെടുന്ന, നിർമിത ബുദ്ധിയുടെ ഭാവി യുഗത്തിൽ കൂടുതൽ നിർണായകമാകും. ദീർഘകാലാടിസ്ഥാനത്തിൽ, ഉൽപ്പാദന മേഖലയിലെ മൂലധന- തൊഴിലാളി അനുപാതത്തെയും ഇത് സ്വാധീനിച്ചേക്കാം
എന്നാൽ കമ്പനികളിൽ ധാരാളം ഇന്‍റേണുകളെ നേരിട്ട് ഉൾക്കൊള്ളിക്കുക, രണ്ടാം നിര - മൂന്നാംനിര നഗരങ്ങളിൽ നിന്നുള്ള ഇന്‍റേണുകളെ നിയമിക്കുന്നതിന് മികച്ച 500 കമ്പനികളെ തെരഞ്ഞെടുക്കുക , കൂടാതെ ഒരു ഉദ്യോഗാർഥിക്ക് ഇന്‍റെൺഷിപ്പിനായി സ്വന്തം പ്രദേശത്തുനിന്ന് മാറേണ്ടി വന്നാൽ നൽകേണ്ട പ്രതിമാസ സ്റ്റൈപ്പൻഡിന്‍റെ പര്യാപ്തത എന്നിവയുടെ വെല്ലുവിളികൾ അവശേഷിക്കുന്നു. ഇവിടെ, വീട്ടിലിരുന്നു കൊണ്ട് ജോലി, നോൺ- മെട്രൊ ഓഫിസുകളിലും ഫാക്റ്ററികളിലും നിയമനം, കമ്പനിയുടെ അധിക സ്റ്റൈപ്പൻഡുകൾ എന്നിവ സാധ്യമായ പരിഹാരങ്ങളായേക്കാം.
അത്തരത്തിൽ, പിഎംഐഎസ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു ഉത്തേജക പദ്ധതിയാണ്.ഇത് വ്യാപകമായ പ്രചാരണവും സൂക്ഷ്മമായ നടപ്പാക്കലും ആവശ്യപ്പെടുന്നു. ഈ പദ്ധതി, ഇന്ത്യയുടെ ജനസംഖ്യാപരമായ സവിശേഷതയുമായി കൂടുതൽ ചേർന്നു പോകാൻ ലക്ഷ്യമിടുന്നു. ഇന്ത്യൻ യുവാക്കളെ നൈപുണ്യമുള്ളവരാക്കുക, അവരുടെ തൊഴിലവസരം വർധിപ്പിക്കുക, അവരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുക തുടങ്ങി ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യങ്ങളുടെ വിജയകരമായ പൂർത്തീകരണത്തിന്‍റെ സൂചനയാണ്, പദ്ധതിയുടെ സമാരംഭം മുതൽ കോർപ്പറേറ്റുകൾ കാണിക്കുന്ന മികച്ച താൽപ്പര്യം പ്രതിഫലിപ്പിക്കുന്നത്..
(കേന്ദ്ര ഗവൺമെന്‍റിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് വി. അനന്ത നാഗേശ്വരൻ. ഇന്ത്യൻ ഇക്കണോമിക് സർവീസിലെ ഉദ്യോഗസ്ഥയാണ് ദീക്ഷ സുപ്യാൽ ബിഷ്ത്. ലേഖനത്തിലെ അവരുടെ കാഴ്ചപ്പാടുകൾ വ്യക്തിപരം.)