യഥാർഥ പരീക്ഷണം തുടങ്ങിയതേയുള്ളൂ..!

 
Special Story

യഥാർഥ പരീക്ഷണം തുടങ്ങിയതേയുള്ളൂ..!

""ജനഭാവനയിലെ വെള്ളി നക്ഷത്രം'' , ""പട നയിച്ചവന് പട്ടാഭിഷേകം'' , ""സതീശനില്ലാതെ മറ്റാര്?'' എന്നീ തലക്കെട്ടുകളിലൂടെ അദ്ദേഹത്തിന്‍റെ നേതൃത്വത്തിന് ലഭിച്ച ജനപിന്തുണയെ മാധ്യമങ്ങൾ അടിവരയിട്ടു.

Reena Varghese

ജ്യോത്സ്യൻ | ഗ്രഹനില

കേരളത്തിൽ അധികാരമാറ്റത്തിന്‍റെ രാഷ്‌ട്രീയ നാടകീയത അവസാനിച്ചിരിക്കുന്നു. വി.ഡി. സതീശൻ കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ, അത് ഒരു വ്യക്തിയുടെ രാഷ്‌ട്രീയ ഉയർച്ച മാത്രമല്ല, കോൺഗ്രസിലെ ശക്തി സമവാക്യങ്ങളുടെ പുതിയ രൂപീകരണവുമാണ്. തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച് പതിനൊന്നാം ദിവസമാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. അതുവരെ ഡൽഹിയിലും കേരളത്തിലുമായി നീണ്ട മാരത്തോൺ ചർച്ചകളായിരുന്നു. 102 അംഗങ്ങളുടെ വലിയ ഭൂരിപക്ഷം നേടി യുഡിഎഫ് അധികാരത്തിലെത്തിയെങ്കിലും, മൂന്നിലൊരാളെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുന്നത് പാർട്ടിക്ക് വലിയ തലവേദനയായിരുന്നു.

മുഖ്യമന്ത്രിസ്ഥാന ചർച്ചയിൽ പ്രധാനമായും മൂന്ന് പേരുകളാണ് നിറഞ്ഞുനിന്നത് - ഹൈക്കമാൻഡിന്‍റെ വിശ്വസ്തനായ എഐസിസി ജന. സെക്രട്ടറി കെ.സി. വേണുഗാപാൽ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല, അഞ്ചു വർഷം പ്രതിപക്ഷത്തെ നയിച്ച വി.ഡി. സതീശൻ. എംഎൽഎമാരുടെ പിന്തുണയിൽ വേണുഗോപാലിന് മുൻതൂക്കം ഉണ്ടായിരുന്നപ്പോൾ, രമേശ് ചെന്നിത്തലയുടെ പക്ഷം അദ്ദേഹത്തിന്‍റെ സീനിയോറിറ്റിയും ഇനി മുഖ്യമന്ത്രിയാകാനുള്ള അവസരക്കുറവും ഉയർത്തിക്കാട്ടി. എന്നാൽ പൊതുസമൂഹത്തിന്‍റെ വികാരവും, മാധ്യമങ്ങളുടെ പിന്തുണയും, മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാടും ശക്തമായി സതീശനൊപ്പമായിരുന്നു.

അവസാന തീരുമാനം എടുക്കുന്നത് ഹൈക്കമാൻഡിന് എളുപ്പമായിരുന്നില്ല; പ്രത്യേകിച്ച് രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന വേണുഗോപാലിനെ മാറ്റിനിർത്തുക. അതുകൊണ്ട് അന്തിമ തീരുമാനമെടുത്ത മെയ് 14ന് രാവിലെ രാഹുൽ ഗാന്ധി വേണുഗാപോലിനോടൊപ്പം രണ്ട് മണിക്കൂർ ചെലവഴിച്ച് സതീശനയല്ലാതെ മറ്റാരെയും മുഖ്യമന്ത്രിപദത്തിലേക്കു തെരഞ്ഞെടുക്കാൻ കഴിയില്ലയെന്ന് ബോധ്യപ്പെടുത്തി.

ഇതിനിടെ എ.കെ. ആന്‍റണി, വി.എം. സുധീരൻ, കെ. മുരളീധരൻ തുടങ്ങിയ മുതിർന്ന നേതാക്കളും സതീശന് അനുകൂലമായ നിലപാട് സ്വീകരിച്ചു. അഞ്ചു വർഷം പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹം കാഴ്ചവച്ച ശക്തമായ നേതൃത്വം, ജനങ്ങളിൽ രൂപപ്പെട്ട സ്വീകാര്യത, തെരഞ്ഞെടുപ്പുകാലത്ത് ഉയർന്ന ജനാഭിപ്രായം എന്നിവയാണ് ഹൈക്കമാൻഡ് പ്രധാനമായി പരിഗണിച്ചത്.

തീരുമാനത്തിനു ശേഷം എല്ലാവരും ഐക്യത്തിന്‍റെ സന്ദേശം നൽകാൻ ശ്രമിച്ചു. ""പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും'' എന്നായിരുന്നു കെ.സി. വേണുഗോപാലിന്‍റെ പ്രതികരണം. രമേശ് ചെന്നിത്തല മന്ത്രിസഭയിൽ പങ്കാളിയാവില്ലെന്ന് അഭിപ്രായപ്പെട്ട് തന്‍റെ പരിഭവം ഗുരുവായൂരപ്പനെ അറിയിക്കാൻ പോയെങ്കിലും പിന്നീട് മയപ്പെട്ടു. എന്നാൽ ഇരുവരുടെയും മുഖഭാവങ്ങളിൽ അസംതൃപ്തി പ്രകടമായിരുന്നു.

മാധ്യമങ്ങൾ സതീശന്‍റെ ഉയർച്ചയെ വലിയ രാഷ്‌ട്രീയ മുഹൂർത്തമായി അവതരിപ്പിച്ചു. ""ജനഭാവനയിലെ വെള്ളി നക്ഷത്രം'' , ""പട നയിച്ചവന് പട്ടാഭിഷേകം'' , ""സതീശനില്ലാതെ മറ്റാര്?'' എന്നീ തലക്കെട്ടുകളിലൂടെ അദ്ദേഹത്തിന്‍റെ നേതൃത്വത്തിന് ലഭിച്ച ജനപിന്തുണയെ മാധ്യമങ്ങൾ അടിവരയിട്ടു. എന്നാൽ അധികാരത്തിലേറുന്നതോടെ സതീശനെ കാത്തിരിക്കുന്നത് കടലോളം വെല്ലുവിളികളാണ്.

തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുക എന്നത് വലിയ സാമ്പത്തിക ബാധ്യതയാണ്. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, പാവപ്പെട്ടവർക്കുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി, സാമൂഹ്യ ക്ഷേമപദ്ധതികൾ, വികസന പ്രവർത്തനങ്ങൾ - ഇതെല്ലാം വൻ സാമ്പത്തിക ചെലവ് ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. ഖജനാവിൽ നിലവിൽ 4,000 കോടി രൂപയുണ്ടെങ്കിലും ശമ്പള വിതരണവും ക്ഷേമപദ്ധതികളും വികസന ഫണ്ടും ഒരുപോലെ കൈകാര്യം ചെയ്യുക എളുപ്പമല്ല.

കേന്ദ്രം ഭരിക്കുന്നത് ആർഎസ്എസ് സ്വാധീനമുള്ള ബിജെപി സർക്കാരാണ്. കേരളത്തിൽ അധികാരമോഹവുമായ നടക്കുന്ന ബിജെപി ഈ തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകൾ നേടിയത് വലിയ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സതീശനെ അനുമോദിച്ച് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും കേന്ദ്ര- സംസ്ഥാന ഏറ്റുമുട്ടലുകൾ ശക്തമായാൽ അതിന്‍റെ രാഷ്‌ട്രീയ നേട്ടം ബിജെപി സ്വന്തമാക്കാൻ ശ്രമിക്കുമെന്നതിൽ സംശയമില്ല.

മറുവശത്ത്, പ്രതിപക്ഷ നിരയിൽ എണ്ണത്തിൽ കുറവാണെങ്കിലും മൂർച്ചയുള്ള ഇടതുമുന്നണിയാണ്. പിണറായി വിജയൻ ഇടതു മുന്നണിയുടെ ശക്തനായ നേതാവാണ്. അതിനാൽ ഓരോ രാഷ്‌ട്രീയ നീക്കവും സതീശൻ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടിവരും.

ജി. സുകുമാരൻ നായരുടെയും വെള്ളാപ്പള്ളി നടേശന്‍റെയും ഈ ദിവസങ്ങളിലെ വാക്കുകൾ വലിയ മൂർച്ചയുള്ളതാണ്. വിദ്യാഭ്യാസം, വ്യവസായം, തദ്ദേശ സ്വയംഭരണം, ഐടി പോലുള്ള പ്രധാന വകുപ്പുകൾ മുസ്‌ലിം ലീഗിന് ലഭിക്കുകയും മന്ത്രിസഭയിലേക്ക് അഞ്ചു മന്ത്രിമാരെ കൊണ്ടുവരികയും ചെയ്യുന്ന സാഹചര്യത്തിൽ വർഗീയത മണക്കുന്ന കേരളത്തിൽ കാര്യങ്ങൾ അത്ര സുഗമമാവില്ല.

വെല്ലുവിളികൾ ഒന്നിനു പിന്നാലെ ഒന്നായി ഉയരുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രി എന്ന നിലയിൽ വി.ഡി. സതീശന്‍റെ യഥാർഥ പരീക്ഷണം ഇനി ആരംഭിക്കുകയാണ്. ജനങ്ങൾ നൽകിയ പ്രതീക്ഷ നിലനിർത്താനും, യുഡിഎഫിന്‍റെ ഐക്യം സംരക്ഷിക്കാനും, ഭരണത്തിൽ കാര്യക്ഷമത തെളിയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞാലേ ഈ രാഷ്‌ട്രീയ ഉയർച്ച പൂർണ വിജയമായി മാറൂ എന്നാണ് ജോത്സ്യന് പറയാനുള്ളത്.

ഹൈദരാബാദ് പ്ലേഓഫിൽ, ചെന്നൈ പുറത്തേക്ക്

"ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടായിട്ട് എന്ത് കാര്യം? ജീവിതംകൊണ്ട് മറുപടി പറയും"; ആന്‍റണിയെ കണ്ട് ചാണ്ടി ഉമ്മൻ

വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് കണ്ടെയ്നർ ട്രക്ക് ഇടിച്ചുകയറി, 13 മരണം

"ജനകീയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു"; ആശംസകളുമായി പിണറായി

"ലിജു കരഞ്ഞു വോട്ട് പിടിച്ചു, എന്നെ വില്ലത്തിയാക്കി, വീടുവീടാന്തരം കയറി അപവാദം പറഞ്ഞു": ആരോപണവുമായി പ്രതിഭ