"ശ്രീരാമപാദപത്മാഞ്ചിതം ഭൂതല-
മാരാലെനിക്കു കാണ്മാനവകാശവും
വന്നിതല്ലോ മുഹുരിപ്പാദപാംസുക്ക-
ളന്വേഷണം ചെയ്തുഴലുന്നിതേറ്റവും
വേധാവുമീശനും ദേവകദംബവും
വേദങ്ങളും നാരദാദിമുനികളും
ഇത്ഥമോർത്തദ്ഭുത പ്രേമരസാപ്ലുത -
ചിത്തനായാനന്ദ ബാഷ്പാകുലാക്ഷനായ്
മന്ദംമന്ദം പരമാശ്രമസന്നിധൗ
ചെന്നു നിന്നോരുനേരത്തു കാണായിതു
സുന്ദരം രാമചന്ദ്രം പരമാനന്ദ -
മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ -
വന്ദിതമിന്ദിരാമന്ദിരോരഃസ്ഥല -
മിന്ദ്രാവരജമിന്ദീവരലോചനം'.
പരമാനന്ദസീമയും കടന്നു പറക്കുന്ന അതീതത്തിന്റെ ഉത്കൃഷ്ടസാക്ഷ്യമായ രഘുരാമപ്രഭാവം.
പത്മാകാരസദൃശ്യമായ ചാരുവദനത്തിൽ കാരുണ്യമോലുന്ന മിഴികളും പല്ലവാധരവും കവിൾശോഭയും ഉയർത്തിക്കെട്ടിയ ജടയും മരവുരി ധരിച്ചതുമായ പുരുഷോത്തമനെ വിദ്യാരൂപിണിയോടും തൃപ്പാദങ്ങളെ സേവിച്ചുകൊണ്ടിരിക്കുന്ന അനന്തസ്വരൂപനായ ലക്ഷ്മണനോടും ലക്ഷ്മീപരിലാളിതനായും ഭരതകുമാരൻ കണ്ടു, ഭാവം പകർന്ന് പ്രാണവേദനയോടെ കാൽക്കൽ വീണു. കാടകം പൂത്തുതളിർക്കുന്ന നാളതിൽ ആദ്യമായി കൊഴിയുന്ന ഒരു കുഞ്ഞുപൂവു പോലെ. അഭയമായി, കരുതലായി വർത്തിക്കുന്ന സചേതനത്വത്തിന്റെ വിമല പ്രകാശത്തിലേക്ക് ആ കുമാരൻ തന്നെത്തന്നെ സമർപ്പിച്ചു.
സ്നേഹാധിക്യത്തിൽ തന്നെ ഉയർത്തി മാറോടു ചേർക്കുന്ന ജ്യേഷ്ഠനോട് ഇത്തിരി കാത്തശേഷം അനുജൻ പറയുന്നു:
"ഇവിടെ വച്ചു തന്നെ അഭിഷേകം കഴിക്കാനാവശ്യമെല്ലാം കൊണ്ടുവന്നിരിക്കുന്നു. വൈകാതെ അഭിഷിക്തനായി രാജ്യം വാണ് പ്രജാപരിപാലനം നടത്തി അശ്വമേധ യാഗമടക്കം നിർവഹിക്കണം'.
എന്നാൽ, അമ്മയുടെ കുരുട്ടുബുദ്ധിക്ക് വശഗതനായ പിതാവിന്റെ വാക്ക് ശ്രദ്ധിക്കേണ്ടതില്ലെന്നും മറ്റുമുള്ള ഭരതന്റെ അഭിപ്രായാപേക്ഷയെ രാമൻ തളളിക്കളയുകയും, വനമാണ് തനിക്കിഷ്ടമെന്നു സൂചിപ്പിച്ച് അനുജൻ അയോധ്യ വാഴണമെന്ന ശാസന നൽകുകയുമാണ് ചെയ്യുന്നത്.
ഭരതനോടുള്ള രാമന്റെ പ്രേമവിശ്വാസങ്ങൾ ഒളിമിന്നുന്ന നാടകീയ സന്ദർഭമാണിത്.
തന്നെത്തേടി വന്ന ബന്ധുജനങ്ങളുടെ കണ്ണുനീരിനു മുമ്പിലും അടിപതറാതെ നിന്ന് സത്യവ്രതത്തെ മുറുകെപ്പിടിച്ച രാമൻ, കാരണങ്ങളെ ലോകാനുഹിതമായൊരു കർത്തവ്യ നിർവഹണത്തിനുളള ഉപാധിയായി പരുവപ്പെടുത്തി.
പിതാവ് മരിച്ചുവെന്നുള്ള വൃത്താന്തമറിഞ്ഞ രാമൻ അതീവ പരിക്ഷീണിതനായി അദ്ദേഹത്തിന്റെ ഓരോ ഗുണങ്ങളും വാഴ്ത്തി വിലപിച്ചു, പിന്നീട് ശാന്തത കൈവന്നപ്പോൾ പിതാവിന്റെ അന്ത്യകർമങ്ങൾ ചെയ്തു.
മനസില്ലാമനസോടെ ഭരതനും സംഘവും തിരിച്ചുപോയി. രാമലക്ഷ്മണന്മാർ സീതാസമേതം പഞ്ചവടിയിലേക്ക് താമസം മാറുകയും ചെയ്തു. രാജ്യാതിർത്തിയിലെ നന്ദിഗ്രാമത്തിൽ സന്യാസനിഷ്ഠയോടെ ജ്യേഷ്ഠന്റെ പാദുകം പൂജിച്ച്, ജ്യേഷ്ഠസമാഗമത്തിനായി, ശാന്തനായി പതിനാലു വർഷത്തെ കാത്തിരിപ്പ് ആരംഭിച്ചു.
ഇവിടെ, ഭരത രാജകുമാരന്റെ ഭ്രാതൃസ്നേഹവും സത്യധർമനിഷ്ഠയും ലോകക്ഷേമാർഥം കവി ചിത്രണം ചെയ്തിരിക്കുന്നു. അന്തരാത്മിയായ ചിദ്പുരുഷൻ സകലകാലങ്ങളെയും ദേശത്തേയും ചിമിഴിലെന്ന പോലെ, സൂക്ഷ്മാനുസൂക്ഷ്മമായി അപഗ്രഥനം ചെയ്യവേ തഥാഗമായ സംഭവങ്ങൾ ഉണ്ടാവുകയല്ലാതെ തരമില്ലല്ലോ. ഭരതന് അമ്മ നേടിക്കൊടുത്ത സിംഹാസനം യാതൊരുവിധ പ്രതിബന്ധങ്ങളുമില്ലാതെ ഏറ്റെടുത്ത് ഭരിക്കാമായിരുന്നു. അതുവഴി അമ്മയുടെ അഭീഷ്ടങ്ങൾ നിറവേറുമായിരുന്നു. എന്നാൽ ഭരത രാജകുമാരന് ജ്യേഷ്ഠനു മുന്നിൽ രാജ്യവും അധികാരവും ഒന്നുമല്ലായിരുന്നു . നിശ്ചേതനമായ, അനാകർഷകമായ കരിക്കട്ട പോലെ മാത്രമേ തനിക്കു മുന്നിൽ വച്ചു നീട്ടിയ വിലപ്പെട്ട സൗഭാഗ്യത്തെ കണ്ടതുള്ളൂ.
ധനസമ്പാദനവും സുഖലോലുപതയും ലക്ഷ്യമാക്കി ജീവിക്കുന്ന ജനസഞ്ചയത്തിൽ പലരും ഇത്തരം ധാർമിക ജീവിതത്തിന്റെ മഹത്വം മനസിലാക്കണം, തദനുസാരിയായി ജീവിക്കണമെന്ന സന്ദേശമാണ് ഉറച്ച ഭ്രാതൃസ്നേഹത്തിലൂടെ വെളിപ്പെടുന്നത്. രാമായണത്തിലെ ഓരോ വ്യക്തിക്കും തന്റേതായ വ്യക്തിത്വമുണ്ട്. അതിസങ്കീർണമായ തത്വങ്ങൾ വിശദീകരിക്കുന്നവരും സാധാരണക്കാർ പോലും ഈ മഹിമയുറ്റ തേജോവലയത്തിൽ ലീനരാണ്.
ഫലതരുക്കൾ കൊണ്ട് ഗർഭവതിയായ കാനനത്തിൽ നിർലോഭം വിഹരിക്കുന്ന പക്ഷികളുടെ മൃദുകൂജനങ്ങൾ ആസ്വദിച്ച്, സ്വച്ഛശാന്തമായ അരുവികളുടെ കളകളാരവത്തിൽ ലയിച്ച് പഞ്ചവടിയിൽ വിരാജിക്കുന്ന സീതാരാമന്മാർക്ക് സംരക്ഷണവലയം തീർത്ത് ലക്ഷ്മണ കുമാരൻ സദാ ജാഗരൂകനായി തുടർന്നു.
(നാളെ: മോഹമയിയായ ശൂർപ്പണഖ)