സീതാന്വേഷണാരംഭം
കിഷ്കിന്ധയിൽ മെല്ലെ വെയിൽ താഴ്ന്നു. ചരമാകാശത്തിലൂടെ പല നിറമുള്ള പക്ഷികളുടെ അക്ഷൗഹിണികൾ കൂടണയാൻ വെമ്പിപ്പറന്നു. വേണീകദംബമഴിച്ചിട്ട സന്ധ്യാ സുന്ദരി വ്രീളാവിവശയായി വർഷ ഋതുവിന്റെ തോഴിയായ മേഘയന്തിക്കൊപ്പം ചിന്താമണിഗൃഹത്തിലെ അഞ്ചാമത്തെ പിച്ചളക്കോട്ടയിൽ നിന്നിറങ്ങിവന്നു...
എന്നാൽ ആ അന്തരീക്ഷമാകെ പ്രക്ഷുബ്ധമായത് പെട്ടെന്നായിരുന്നു. സുഗ്രീവനോടൊത്ത് ആ സമയം രാമനും ലക്ഷ്മണനും ബാലീവധത്തിനായി കിഷ്കിന്ധയെ ലഷ്യമാക്കി ശരവേഗത്തിൽ സഞ്ചരിക്കുകയായിരുന്നു. അവിടെയെത്തി താമസസ്ഥലത്തു ചെന്ന് ആകാശം പിളരുംവിധം അലറി സുഗ്രീവൻ ബാലിയെ പോരിനു വിളിച്ചു. അസ്തമയ തടത്തിൽ നിന്നു പൊന്തിവരുന്ന സൂര്യനെപ്പോലെ ബാലി അതേറ്റുപിടിച്ച് ഘോരസമരമാരംഭിച്ചെങ്കിലും, രണ്ടുപേരെയും തമ്മിൽ തിരിച്ചറിയാൻ പറ്റാത്തവിധം രൂപസാദൃശ്യമുള്ളതിനാൽ രാമന് ബാലിയെ അമ്പെയ്യാനായില്ല. ബാലിയുടെ മർദനം സഹിക്ക വയ്യാതെ സുഗ്രീവൻ വന്ന വഴിയിലൂടെ ഓടി രക്ഷപെട്ടു.
സമാശ്വാസ വാക്കുകൾ പറഞ്ഞ് വീര്യം കൂട്ടി കുറച്ചുകഴിഞ്ഞ് തിരിച്ചറിയാനായി സുഗ്രീവന്റെ കഴുത്തിൽ ഒരു ഹാരമണിയിച്ച് രാമലക്ഷ്മണന്മാർ പോരിനിറക്കുകയും, ബാലി - സുഗ്രീവന്മാർ തമ്മിൽ കൂടുതൽ ശക്തിമത്തായി സമരമാരംഭിക്കുകയും ചെയ്തു.
ഇടയ്ക്കൊരുവേള സുഗ്രീവൻ തളരുകയാണെന്നു കണ്ട രാമൻ ഞാൺകെട്ടി ദിഗന്തങ്ങൾ കിടുങ്ങുമാറ് ഞാണൊലി മുഴക്കി. അടുത്ത ക്ഷണം രാമാസ്ത്രം ഇടിത്തീപോലെ ബാലിയുടെ വക്ഷസ്സിൽ പതിച്ചു. ഉത്സവാവസാനത്തിൽ മുറിച്ചിടപ്പെട്ട ഇന്ദ്രധ്വജം പോലെ മഹാബലവാനായ ബാലി ഭൂമിയിൽ വീണു. നിറയെ പൂത്ത അശോകമരം കട മുറിഞ്ഞതു പോലെ വെറും നിലത്ത് രക്താഭിഷിക്തനായി ബാലി കിടന്നു.
ഇന്ദ്രൻ കൊടുത്ത മാല കഴുത്തിലുണ്ടായതിനാൽ ബാലിയുടെ പ്രാണൻ പോയില്ല. ആദരപൂർവം തന്റെ സമീപത്തെത്തിയ രാമനോട് പരുഷമായി ബാലി ചോദിച്ചു.
"സത്യപരാക്രമനായ ദശരഥ മഹാരാജാവിന്റെ സത്വസമ്പന്നനായ പുത്രന് ചേർന്ന പ്രവൃത്തിയല്ല അങ്ങ് എന്നോട് ചെയ്തത്. മറ്റൊരുവനുമായി യുദ്ധം ചെയ്യുന്നതിനിടെ എന്നെ വധിക്കാൻ ഒരുമ്പെട്ടത് ശരിയാണോ? സുഗ്രീവനുമായി രണ്ടാമതും യുദ്ധത്തിനിറങ്ങരുതെന്ന് പ്രിയപത്നി താര പറഞ്ഞെങ്കിലും നിരപരാധിയുടെ മേൽ അമ്പയയ്ക്കുന്നവനല്ല രാമൻ എന്നാണ് ഞാൻ പ്രതിവചിച്ചത്. നാം തമ്മിൽ ശത്രുതയില്ല. ഉറങ്ങുന്ന മനുഷ്യനെ കടിച്ചു കൊല്ലുന്ന വിഷപ്പാമ്പിനെപ്പോലെ നീയെന്നെ ആക്രമിച്ചു! നിനക്ക് സീതയെ വീണ്ടെടുക്കുകയാണ് ലക്ഷ്യമെങ്കിൽ എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കിൽ നിമിഷനേരം കൊണ്ട് അത് ഞാൻ സാധിച്ചുതരുമായിരുന്നു'.
ബാലിയുടെ വാക്കുകൾ കേട്ട് രാമൻ പറഞ്ഞു:
"നീ തെറ്റു ചെയ്തിരിക്കുന്നു. ഈ ഭൂമിയിലെ ശൈലകാനനങ്ങളും മൃഗപക്ഷി മനുഷ്യരുമെല്ലാം ഇക്ഷ്വാകു വംശത്തിന്റെ രക്ഷാശിക്ഷകൾക്ക് വിധേയമാണ്. അനുജൻ, ശിഷ്യൻ, പുത്രൻ ഇവർ മൂന്നും പുത്രന്മാർക്കു തുല്യമെന്നാണ് ശാസ്ത്രം.
അതു മറന്ന് നീ അനുജന്റെ ഭാര്യയെ സ്വന്തമാക്കി. അങ്ങനെയുളളവർ വധശിക്ഷയ്ക്ക് അർഹരാണ്. മറ്റൊന്നു കൂടിയുണ്ട്; രാജാക്കന്മാർ മൃഗങ്ങളെ വേട്ടയാടുക പതിവാണ്. അതിനാൽ വാനരനായ നിന്നെ അമ്പയച്ചുവീഴ്ത്തിയതിൽ പാപമില്ലെന്നറിയുക'.
ബാലി ശാന്തനായി.
"അങ്ങയോട് ധർമഭാഷണത്തിന് ഞാനൊട്ടും പ്രാപ്തനല്ല. മൃത്യുഭൂമിയിൽ കിടക്കുന്ന ഞാൻ എന്റെ പുത്രനായ അംഗദനെ അങ്ങയെ ഏൽപ്പിക്കുന്നു. അവനെ സുഗ്രീവനെപ്പോലെ കരുതി അങ്ങ് പരിപാലിക്കണം. അവിടുന്ന് രക്ഷിതാവും ശാസിതാവുമാണ്. സാധ്വിയായ താരയ്ക്കും അവിടുന്നു തന്നെ ആശ്രയം. അവൾക്കൊരപമാനവും സംഭവിച്ചുകൂടാ. ഞാൻ അങ്ങയാൽ വധിക്കപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നതാണ്. അതു സംഭവിച്ചതിൽ ഞാൻ കൃതാർഥനാണ് '.
രാമൻ മധുരമായ സമാശ്വാസ വാക്കുകൾ കൊണ്ട് ബാലിയുടെ ഹൃദയവേദന അകറ്റി.
ബാലിയുടെ മരണ വാർത്ത കേട്ട് കിഷ്കിന്ധാ നിവാസികൾ പരിഭ്രാന്തരായി പലായനമാരംഭിച്ചപ്പോൾ അവരെ സമാശ്വസിപ്പിച്ച് താര രംഗപ്രവേശം ചെയ്യുന്നു. അനന്തരമവൾ, മൃതതുല്യനായ ഭർത്താവിന്നടുത്തേക്കെത്തി ദീനദീനം വിലപിച്ചു, അതു കണ്ട് സുഗ്രീവനും. പതിയെ കൺമിഴിച്ച ബാലി, സുഗ്രീവനെ വിളിച്ച് തെറ്റുകൾ പൊറുക്കണമെന്നും അംഗദനെയും താരയേയും നോക്കിക്കൊള്ളണമെന്നും, രാമചന്ദ്ര പ്രഭുവിന് പത്നിയെ കണ്ടെത്തി നൽകണമെന്നും പറഞ്ഞ് തന്റെ കഴുത്തിൽ കിടന്ന ഇന്ദ്രദത്തമായ മാല സമ്മാനിക്കുന്നു. എന്നിൽ ജീവൻ നിലനിൽക്കെത്തന്നെ നീയിത് ധരിക്കണമെന്ന ബാലിയുടെ അവസാനത്തെ ആഗ്രഹമറിഞ്ഞ് സുഗ്രീവൻ അത് വാങ്ങി നെറ്റിയിൽ ചേർത്താദരിച്ച് ദിവ്യമായ മാല ധരിച്ചു. പൊടുന്നനവേ ബാലിയുടെ മുഖം ഒന്നു കോടി വലത്തോട്ട് ചരിഞ്ഞു, ശ്വാസം നിലച്ചു.
രാമായണത്തിലെ ഏറ്റവും വിഷമംപിടിച്ച ധർമാധർമ സംവാദങ്ങൾക്ക് ഇടവരുത്തിയതാണ് ബാലിവധം. ലോകമുള്ളിടത്തോളം കാലം നിലനിൽക്കുന്ന ഈ കാവ്യം പാരായണം ചെയ്യുന്നവരുടെയുള്ളിലെ ചോദ്യവുമാണിത്. രാമനെ സംബന്ധിച്ച് അഗിസാക്ഷിയായി ചെയ്ത സത്യത്തിന്റെയും സഖ്യത്തിന്റെയും പവിത്രത ലംഘിക്കാൻ ഇക്ഷ്വാകു വംശത്തിൽ പിറന്ന യോദ്ധാവായതിനാൽ സാധ്യമല്ല. സഖ്യം ചെയ്യിക്കുകയും ബാലിവധ പ്രതിജ്ഞ നിർബന്ധപൂർവം ചെയ്യിക്കുകയും ചെയ്തതിനു ശേഷമാണ് സുഗ്രീവൻ തന്റെ കഥ രാമനോട് വിശദീകരിച്ചത്. പരമമായ അനീതിക്കാണ് സുഗ്രീവൻ ഇരയായതെന്ന് രാമൻ വിശ്വസിക്കുകയും ചെയ്തു.
സുഗ്രീവൻ പറഞ്ഞ കഥയിൽ ചില പൊരുത്തക്കേടുകളുണ്ടന്നത് വാസ്തവം. അത് വിശ്വസിച്ച് ഒളിയമ്പെയ്ത് ഒരാളെ വധിക്കുന്നത് ക്ഷാത്രപൗരുഷത്തിനോ ധർമനീതിക്കോ ചേർന്നതായിരുന്നില്ല. സുഗ്രീവനു കൊടുത്ത വാക്ക് - അതാണ് രാമനെ പ്രാണസങ്കടത്തിലാക്കിയത്. ജ്യേഷ്ഠാനുജന്മാർ തമ്മിലൊരു അനുരഞ്ജനത്തിനുള്ള ശ്രമം രാമൻ നടത്തുന്നുണ്ട്. അതാണ് ആദ്യത്തെ തവണ അമ്പു തൊടുക്കാൻ പറ്റാത്തതിനൊരു അതിസാധാരണ കാരണം സുഗ്രീവനോടായി പറയുന്നത്.
ഈ ഒളിയമ്പ് പ്രയോഗം പിൽക്കാലം രാമനെ രണ്ടുതവണ ദുഃഖത്തിലേക്കു കൊണ്ടുപോയതായി കാണാം. ജനാപവാദമൊരു ഒളിയമ്പായിരുന്നു. താര ഭർതൃവിയോഗം അനുഭവിച്ചതു പോലെ രാമനും പത്നീവിയോഗ ദുഃഖത്തിന് യോഗമുണ്ടായി. ചുരുക്കത്തിൽ, ബാലീവധം നിരവധി സമസ്യകളുമായി നമ്മുടെ മുന്നിൽ ഇപ്പോഴും നിൽക്കുകയാണ്.
താരാ സാന്ത്വനവും സുഗ്രീവാഭിഷേകവും അംഗദന്റെ യുവരാജാഭിഷേകവും കഴിഞ്ഞ് രാമൻ പ്രസ്രവണഗിരിയിലുള്ള ഒരു വലിയ ഗുഹയിൽ താമസമാരംഭിച്ചു. വർഷകാലവാസത്തിന് ഏറെ അനുയോജ്യമായിരുന്നു പ്രസ്രവണ ഗിരി.
വർഷകാലം കഴിഞ്ഞു. പ്രസന്നമായ ശരത്ക്കാലം ആഗതമായി. രാജാവായ സുഗ്രീവൻ രാജ്യകാര്യത്തിലും സുഖഭോഗങ്ങളിലും മുഴുകിക്കഴിയുകയാണ്.
ഒരു ദിവസം സചിവനായ ഹനുമാൻ, രാമന് വാക്കുകൊടുത്ത പ്രകാരം സീതാന്വേഷണം ഉടൻ ആരംഭിക്കണമെന്ന് സുഗ്രീവനോട് പറയുകയും സുഗ്രീവൻ കർമനിപുണനായ നീലനെ അതിനു ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഇക്കഥയൊന്നും അറിയാതെ രാമലക്ഷ്മണന്മാർ വിഷമിച്ചു. സുഗ്രീവനിൽ നിന്ന് അനുയോജ്യമായ പ്രവൃത്തി പ്രതീക്ഷിച്ചതു പോലെ നടക്കാതെ വന്നപ്പോൾ ക്ഷുഭിതനായ ലക്ഷ്മണൻ ജ്യേഷ്ഠന്റെ അനുമതിയോടെ കിഷ്കിന്ധയിലേക്ക് ചെന്നു. അതിയായ ക്ഷോഭത്തോടെ കടന്നുവരുന്ന ലക്ഷ്മണനെ അനുനയിപ്പിച്ച് സ്വാഗതം ചെയ്യാൻ താരയാണ് എത്തിയത്. മധുപാനം കൊണ്ട് മറിഞ്ഞ കണ്ണോടും ഇടറുന്ന കാലോടും സ്ഥാനം തെറ്റിയ വസ്ത്രത്തോടും കൂടിയ താരയെക്കണ്ട് ലക്ഷ്മണൻ മുഖംതിരിച്ചു. താര ഏറെ നിർബന്ധിച്ചതിനു ശേഷമാണ് ലക്ഷ്മണൻ ശാന്തനായി സുഗ്രീവനെ കണ്ടത്. സുഗ്രീവനിൽ നിന്ന് പരമാർഥമറിഞ്ഞ് ലക്ഷ്മണൻ സുഗ്രീവനെയും കൂട്ടി രാമ സവിധത്തിലേക്ക് ചെന്നു. സുഗ്രീവന്റെ വമ്പിച്ച വാനരസൈന്യം ദർശിച്ച് രാമനും സന്തോഷചിത്തനായി.
സുഗ്രീവൻ സീതാന്വേഷണത്തിനായി ഇരുന്നൂറായിരം പേരെ വീതം നാലു ദിക്കിലേക്കും നിയോഗിച്ചു. കിഴക്കൻ ദിക്കിലുള്ള വിദേഹം, മാളവം, കാശി, കോസലം മഗധം, പുണ്ഡ്രം, വംഗം എന്നിവയിലേക്കും പടിഞ്ഞാറൻ ദിക്കിലുള്ള സൗരാഷ്ട്രം, ശൂരം, ആഭീരം, ബാല്ഹീകം എന്നിവിടങ്ങളിലേക്കും വടക്കൻ ദിക്കിലുള്ള പുളിന്ദം,
ശൗരസേനം, പ്രസ്ഥലം, കുരു, മദ്രകം, കാംബോജം, യവനം, ശകം, ആരട്ടകം, ഋഷീകം, ചീനം, പരമചീനം എന്നിവിടങ്ങളിലേക്കും തെക്കുദിക്കിലുള്ള കലിംഗം, കൗശികം, ആന്ധ്രം, ചോളം, പാണ്ഡ്യം എന്നിവിടങ്ങളിലേക്കും കൃത്യമായ മാർഗനിർദേശത്തോടെ അവരെ അയച്ചു.
30 ദിവസത്തിനുള്ളിൽ എന്റെ അടുത്തെത്തി സീതാദേവിയെക്കുറിച്ച് വിവരം നൽകുന്നവന് സമ്മാനം നൽകുമെന്നും, അലസരായി ഒരു ദിക്കിൽ സമയം കളഞ്ഞാൽ വധിക്കപ്പെടുമെന്നും സുഗ്രീവൻ ആജ്ഞ പുറപ്പെടുവിച്ചു. സുഗ്രീവന്റെ ഉത്തരവു ലംഘിക്കാൻ ഒരുത്തനും ധൈര്യപ്പെടില്ല എന്നതിനാൽ അത് സുഗ്രീവാജ്ഞ എന്ന നാമധേയത്തിൽ അറിയപ്പെട്ടു. സീതാന്വേഷണാർഥം ത്വരിതഗതിയിൽ വാനര സൈന്യങ്ങൾ കോലാഹലത്തോടെ നീങ്ങി.
( തുടരും )