മാരീചവൈര്യം
മാരീചൻ; തന്റെ മാതാവിനെയും അനുജനെയും കൊന്നതിൽ രാമനോടുള്ള കൊടിയ പകയുടെ ഉമിത്തീയിലമരുന്നവൻ. മരണസമയത്തു പോലും ഒട്ടും പശ്ചാത്താപ ഹൃദയനാകാതെ സീതയെയും ലക്ഷ്മണനെയും തെറ്റിദ്ധരിപ്പിക്കുവാൻ രാമന്റെ ശബ്ദത്തിൽ കരഞ്ഞ് പക പോക്കിയ താടകാപുത്രൻ. മാരീചനും സുബാഹുവും ജ്യേഷ്ഠാനുജന്മാരും ഇണപിരിയാത്തവരുമായിരുന്നു. ഇവരുടെ ശല്യം സഹിക്കാനാവാതെ വന്നപ്പോഴാണ് വിശ്വാമിത്രൻ ബാലകരായ രാമനെയും ലക്ഷ്മണനെയും യാഗരക്ഷയ്ക്കായി അയോധ്യയിൽ നിന്നും കൂട്ടിക്കൊണ്ടുപോയത്. തുടർന്നു നടന്ന യുദ്ധത്തിലാണ് മാരീചാനുജൻ സുബാഹു കൊല്ലപ്പെട്ടത്. അതുകണ്ട മാരീചൻ ഭയചകിതനായി ഓടിയൊളിക്കുകയായിരുന്നു.
സുകേതുവിന്റെ പുത്രി കേതുമതിയെന്ന താടകയെ സുന്ദൻ എന്ന രാക്ഷസനാണ് വിവാഹം കഴിച്ചത്. ഇതിലുണ്ടായ പുത്രന്മാരാണ് മാരീചനും സുബാഹുവും. ഈ മാരീചൻ വൈകുണ്ഠ ദേശത്തിൽ വിഷ്ണുവിന്റെ കൊട്ടാരത്തിലെ ദ്വാരപാലകന്മാരായ ജയവിജയന്മാരുടെ ഭൃത്യനായിരുന്നു. വിഷ്ണുവിനെ കാണാനെത്തുന്ന മുനിമാരെ പരിഹസിക്കുകയും ജടയിൽ പിടിച്ചു വലിച്ച് ഉപദ്രവിക്കുകയും ചെയ്യുന്നത് മാരീചന്റെ വിനോദമായിരുന്നു. മുനിമാർ സങ്കടം ബോധിപ്പിച്ചതിനെത്തുടർന്ന് മാരീചനെ വൈകുണ്ഠത്തിൽ നിന്നും വിഷ്ണു പുറത്താക്കി. അതോടെ അവൻ കൂടുതൽ അപകടകാരിയായി മാറി. മുനിമാരെ ദ്രോഹിക്കുന്നത് തന്റെ ശപഥമായിത്തന്നെ എടുത്തു.
ഇതാണ് മാരീച വൃത്താന്തം.
ലക്ഷ്മണനാൽ അംഗഛേദം വന്ന ശൂർപ്പണഖയുടെ വിലാപം കേട്ട് ഖരാജ്ഞയാൽ ദൂഷണനും ത്രിശിരസും അവരുടെ പതിനാലായിരം പടയോടൊത്ത് പ്രതികാര വാഞ്ഛയാൽ പഞ്ചവടിയിലേക്കു തിരിച്ചുവെങ്കിലും അവരെല്ലാം കൊല്ലപ്പെട്ടു. ഖരൻ നേരിട്ടെത്തി അടരാടിയെങ്കിലും രാമബാണത്താൽ കൊല്ലപ്പെട്ടു. വിവരമറിഞ്ഞ് ദുഃഖിതയും നിരാശാവതിയുമായ ശൂർപ്പണഖ രാവണ സന്നിധിയിലെത്തി സങ്കടമറിയിച്ചു. ഈ രംഗത്ത്, തന്റെ സഹോദരന്റെ സ്വഭാവം നന്നായറിയാവുന്ന ശൂർപ്പണഖ ബുദ്ധിപൂർവം സീതയെക്കുറിച്ചും സീതയുടെ സൗന്ദര്യത്തെക്കുറിച്ചും പുകഴ്ത്തി രാവണനോട് പറയുന്നു. സീതയുടെ സൗന്ദര്യവർണന കേട്ട് മനസിളകിയ രാവണൻ ആ സുന്ദരിയെ ഏതു വിധേനയും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച് അതിനുള്ള ഉപായം തേടി മാതുലനായ മാരീചനെ സമീപിച്ചു. കാര്യമറിഞ്ഞ മാരീചൻ ആദ്യമെല്ലാം രാവണനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ രാവണൻ അടങ്ങിയില്ല. മാതുലൻ സഹായിച്ചേ മതിയാവൂ എന്ന വാശിയിൽ രാവണൻ ഉറച്ചുനിന്നു.
""രാമനോട് മഹാശക്തനായ നിനക്ക് നേരിട്ട് പോർ ചെയ്ത് ജയിച്ചുകൂടേ? എന്നെ എന്തിന് കരുവാക്കുന്നു? രണ്ടുതവണ രാമനോട് ഏറ്റുമുട്ടി ദയനീയമായി പരാജയപ്പെട്ടവനാണ് ഞാൻ. അക്കാലം ബാലകനായിരുന്ന രാമൻ എന്റെ അമ്മയെയും അനിയയെയും കൊല ചെയ്തതും ഞാൻ ഭയപ്പെട്ടോടിയതും മറന്നില്ല. രാമനോടുള്ള കഠിനമായ പകയോടെയാണ് ഞാൻ ജീവിച്ചുപോന്നത്. അങ്ങനെയിരിക്കെയാണ് ദണ്ഡകാരണ്യത്തിൽ രാമൻ പത്നിയും സഹോദരനുമൊത്ത് വനവാസത്തിനെത്തിയത്. രാമനെ കൊല്ലാൻ അവസരം പാർത്തിരുന്ന ഞാൻ എന്റെ മിത്രങ്ങളായ അന്തകനും വീരബാഹുവുമൊത്ത് വേഷപ്രച്ഛന്നരായി ഒരുരാത്രി അവരെ ആക്രമിച്ചു. ഞാനൊരു കലമാനായും അന്തകൻ മഹിഷമായും വീരബാഹു ചെന്നായയുമാണ് ആക്രമണം ആരംഭിച്ചത്. എന്നാലവരുടെ പ്രത്യാക്രമണത്തിൽ മിത്രങ്ങൾ രണ്ടുപേരും കൊല്ലപ്പെട്ടു. ഞാൻ പിന്തിരിഞ്ഞോടിയതിനാൽ എന്നെ വധിച്ചില്ല. ഇനിയും രാമനോട് ഏറ്റുമുട്ടാൻ എനിക്കാവില്ല''.
രാമനോട് പകയുണ്ടെങ്കിലും ഭയന്ന് ഒതുങ്ങിക്കഴിയുന്ന മാരീചനെയാണ് നാമിവിടെ കാണുന്നത്. താടകാവധ സമയത്ത് ഇടതുകാലിൽ തറച്ച രാമബാണത്തിന്റെ ഓർമ മാരീചന്റെയുള്ളിൽ പകയുടെ കനൽ ജ്വലിപ്പിച്ചു നിർത്തുകയാണുണ്ടായത്.
രാവണനോട് മാരീചൻ മേൽപ്പറഞ്ഞ വിധം തന്റെ അവസ്ഥ പറഞ്ഞ് ഒഴിയാൻ ശ്രമിച്ചെങ്കിലും മാതുലനാണെന്ന പരിഗണന നൽകാതെ, "നിന്റെ തല ഞാനെടുക്കും' എന്ന ഭീഷണിക്കു മുന്നിൽ കൂടുതൽ സംഭീതനായി മാരീചൻ രാവണനെ സഹായിക്കാൻ ഒരുങ്ങി. ദുഷ്ടനായ രാവണന്റെ ചന്ദ്രഹാസത്തിന് ഇരയാവുന്നതിനേക്കാൾ ശ്രേഷ്ഠം രാമബാണത്താൽ മരണമടയുന്നതാണ് എന്ന് മാരീചൻ ഉറപ്പിച്ചതായി കാണാം.
രാമായണത്തിലെ അതിപ്രധാനമായ ഒരു ഭാഗത്തേക്കാണ് ഈ മാരീച പദവിന്യാസം നമ്മെ നയിക്കുന്നത്.
"ഭർത്താവേ കണ്ടീലയോ കനകമൃഗ-
മെത്രയും ചിത്രം ചിത്രം! രത്നഭൂഷിതമിദം.
പേടിയില്ലിതിനേതുമെത്രയുമടുത്തു വ-
ന്നീടുന്നു മെരുക്കമുണ്ടെത്രയുമെന്നു തോന്നും.
കളിപ്പാനതിസുഖമുണ്ടിതു നമുക്കിന്നു
വിളിച്ചീടുക വരുമെന്നു തോന്നുന്നു നൂനം
പിടിച്ചുകൊണ്ടിങ്ങു പോന്നീടുക വൈകീടാതെ,
മടിച്ചീടരുതേതും ഭർത്താവേ! ജഗത്പതേ!'.
ഗോദാവരീ തടത്തിൽ, രമണീയമാമൊരു കദളീവനത്തിനു മധ്യത്തിൽ ലതാഗ്രങ്ങൾ തമ്മിൽ ചേർന്നു മൃദുപ്രണവ രാഗമാലപിക്കുന്ന പഞ്ചവടിയിലെ രാമാശ്രമത്തിന്റെ വശ്യമനോഹാരിതയിലേക്കു പതിക്കുന്ന ചതിയുടെ കുളമ്പടിയാണ് നമ്മളിപ്പോൾ കേൾക്കുന്നത്. പക മുഴുത്ത മിഴിയും മനസുമായി മാരീചരാക്ഷസൻ സ്വർണമാനായി വന്ന് ആശ്രമവനികയിൽ പൂവിറുത്തു കൊണ്ടുനിന്ന പെണ്മയെ വ്യാമോഹിപ്പിക്കുകയാണ്.
ഈ അത്യാധുനിക കാലത്തിലും ഇതൊക്കെ തന്നെയല്ലേ സംഭവിക്കുന്നത്? യഥാർഥ രൂപം മറച്ചുവച്ച് രൂപഭാവങ്ങൾ മാറ്റി അനുനയപൂർവം കുമാരിമാരെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി, ജനിച്ചുവളർന്ന വീടും മാതാപിതാക്കളെയും സംസ്കാരത്തെയും തള്ളിപ്പറഞ്ഞ് ഈയാംപാറ്റകളെപ്പോലെ എരിഞ്ഞടങ്ങുന്ന എത്രയോ പെൺജന്മങ്ങൾ. അവരുടെ എണ്ണം പെരുകി വരികയാണ്. കൃത്യമായ കാര്യപരിപാടി തയാറാക്കി തങ്ങളുദേശിക്കുന്ന ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒട്ടേറെ മാരീചന്മാർ സമൂഹത്തിലുണ്ട്. അപരന്റെ വിശ്വാസത്തെ കടപുഴക്കിയെറിഞ്ഞ് മായയായ സ്വർണ മാനിനു പിന്നാലെ പായുന്ന യുവതികൾക്ക് രാമായണത്തിൽ നിന്നും ഒട്ടേറെ പാഠങ്ങൾ പഠിക്കാനുണ്ട്.
മാരീചന്മാരുടെ വേഷം കെട്ടലുകൾ ഇവിടം കൊണ്ടവസാനിക്കുന്നുമില്ല . ഒരു രാജ്യത്ത് അന്തഃച്ഛിദ്രം വളർത്തി അതിനെ എത്രമാത്രം ശിഥിലീകരിക്കാമോ അതെല്ലാം ഈ മാരീചന്മാർ ചെയ്തുവരുന്നുണ്ട്. അവരുടെ നാവായി, എതിർശബ്ദങ്ങളെ പ്രതിരോധിക്കാൻ കലാസാംസ്കാരിക രംഗത്തുള്ള വ്യക്തികൾ പോലും എഴുത്തുകാരന്റെ ധാർമികത മറന്ന് അണിനിരക്കുന്നത് പുതുമയുള്ള കാഴ്ചയല്ലാതായി മാറിയിരിക്കുന്നു, മറിച്ചത് വേദനാജനകമായ കാഴ്ചയാകുന്നു. എഴുത്തുകൾ വായിച്ച് ഇത്രനാളും ആരാധിച്ചിരുന്ന ഈ വിഗ്രഹങ്ങൾ ജനമനസിൽ നിന്നും ഉടഞ്ഞു പോകാനേ ഇത്തരം കുത്സിത പ്രവൃത്തികൾ ഉപകരിക്കൂ. കാലം അവരെ ഒറ്റുകാരെന്ന് മുദ്ര കുത്താതിരിക്കട്ടെ.
മണ്ണും പെണ്ണും വിശുദ്ധമാണ്. അത് എപ്പോഴും മാനിക്കപ്പെടേണ്ടതാണെന്നുള്ള സംസ്കാര മഹിമയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന അഭിനവമാരീച ജന്മങ്ങൾ രാമായണകാലത്തു മാത്രമല്ല, ഇക്കാലത്തുമുണ്ട് എന്ന ബോധ്യമുണ്ടാകണം.
തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ മാരീചൻ എന്നത് പകയുടെ പ്രതിരൂപമാണ്. അപരന്റെ പത്നിയെയും സർവസ്വവും തന്ത്രത്തിൽ അപഹരിച്ച് സ്വന്തമാക്കാനുള്ള സൃഗാലബുദ്ധി നമ്മോട് ഒട്ടേറെ കാര്യങ്ങൾ പറയാതെ പറയുന്നു. രാമബാണത്താൽ കൊല്ലപ്പെട്ടിട്ടും മാരീചൻ പല പല ജീവനുകളിൽ കുടിയേറി സമൂഹത്തിൽ ഇന്നും മാന്യനായി വിരാജിക്കുന്നു!
(തുടരും)