ലങ്കാലക്ഷ്മിയുടെ പടിയിറക്കം
"പ്രണതജന ബഹുജനന മരണഹര നാമകം
പ്രാണപ്രയാണകാലേ നിരൂപിപ്പവന്
ജനിമരണ ജലനിധിയെ വിരവൊടുകടക്കു-
മഞ്ജന്മനാ കിം പുനസ്തസ്യ ദൂതോസ്മ്യഹം'.
ഇത് അർഥാലങ്കാരമാണ്. അർഥനിഷ്ഠമായ സൗന്ദര്യ തത്വത്തിന്റെ മേളനമാണ് അർഥാലങ്കാരത്തിൽ സംഭവിക്കുന്നത്. ചമത്കാരത്തിന്റെ ഉറവകൾ കൂടിയും കലർന്നും ഏറിയും ഇറങ്ങിയും ഇപ്രകാരം പലതരത്തിലാണ് വൈവിധ്യമാർന്ന കാവ്യസൗന്ദര്യം ഒരു ഉൽകൃഷ്ട കൃതിയിൽ കാണാനാവുക. കാവ്യമീമാംസകരുടെ പ്രമാണങ്ങളിലൊന്നാണ് അർഥാപത്തി. ഉപപാധ്യ ജ്ഞാനത്താൽ ഉപപാദകത്തെ കല്പിക്കലാണ് അർഥാപത്തി എന്നുപറയുന്നത്. വാക്യസൗന്ദര്യത്തിന് വലിയ പ്രസക്തിയില്ലാത്തതാണ് അർഥാപത്തി. ഇതിൽ കവിപ്രതിഭാനിർമിതമായ ഉപപാധ്യ മാനാർഥത്തിനാണ് സ്ഥാനം. അത് ചമത്ക്കാരകാരിയുമായിരിക്കും. രസഗംഗാധരത്തിൽ ഇതിനെപ്പറ്റി സൂചനകളുണ്ട്.
ഇവിടെ, ഹനുമാൻ താൻ കടൽ ചാടിക്കടന്നുകൊള്ളാം എന്ന് ഉറപ്പു പറയുകയാണ്. 'മരിക്കാറാവുമ്പോൾ മാത്രം ഹരിയെ നിരൂപിക്കുന്നവനു പോലും അനന്തമായ സംസാരസാഗരത്തെ ജന്മം കൊണ്ട് കടക്കാനാവും. ഞാൻ ഹരിഭക്തനാണ്, പോകുന്നത് അദ്ദേഹത്തിന്റെ കാര്യത്തിനും. ഈ പൊട്ടക്കടൽ ഒന്നു ചാടിക്കടക്കാൻ എനിക്ക് പ്രയാസമൊന്നുമില്ല'. സമുദതരണം നിഷ്പ്രയാസം എന്ന് അർഥാന്തരം. ഇവിടെ സംഗതമാവുകയാണ്. മനോഹരമായ കാവ്യശോഭയും അർഥവൈപുല്യവും സ്ഫുരിക്കുന്ന രംഗത്തെയാണ് കവി ചിത്രീകരിച്ചിട്ടുള്ളത്. അർഥാപത്തിയെപ്പറ്റി വിസ്തരഭയത്താൽ അധികം നീട്ടുന്നില്ല.
സീതാന്വേഷണാർഥം വാനര സൈന്യം പുറപ്പെട്ടതിനു ശേഷം സുഗ്രീവൻ ഹനുമാനെ വിളിച്ച്, "അങ്ങയിലാണ് എന്റെ വിശ്വാസം മുഴുവൻ' എന്നു പറഞ്ഞുകേട്ട് സന്തോഷിച്ച രാമൻ സ്വനാമാങ്കിതമായ അംഗുലീയം ഊരിയെടുത്ത് - "സീതയെ കാണുമ്പോൾ ഇത് നൽകണമെന്ന് ' പറഞ്ഞ് ഹനുമാനെ ഏൽപ്പിച്ചു. ഒരുമാസം കഴിഞ്ഞപ്പോൾ വടക്കോട്ടും പടിഞ്ഞാറോട്ടും കിഴക്കോട്ടും പോയ വാനര സൈന്യമെല്ലാം സീതയെ കണ്ടെത്താനാവാതെ നിരാശരായി മടങ്ങിയെത്തി. എന്നാൽ ഹനുമാൻ, ജാംബവാൻ, അംഗദൻ തുടങ്ങി തെക്കുദിക്കിലേക്കു പോയവർ തിരിച്ചെത്തിയില്ല. അവരുടെ വരവോ വിവരമോ അറിയാൻ രാമലക്ഷ്മണന്മാരും സുഗ്രീവനും കാത്തിരുന്നു.
വൃദ്ധനും ജ്ഞാനിയും രാമഭക്തനുമായ ജാംബവാന്റെ നേതൃത്വത്തിൽ തെക്കോട്ടു പോയ സൈന്യം സ്വയംപ്രഭ എന്ന തപസ്വിനിയുടെ ആതിഥ്യം സ്വീകരിച്ച് അവരുടെ സഹായത്താൽ ഒരു കടൽക്കരയിലെത്തി. അപ്പോഴേക്കും ശരത്കാലം അവസാനിക്കുകയും വസന്തം സമാഗതമാവുകയും ചെയ്തു. സീതയെക്കുറിച്ചുള്ള വിവരമറിയാതെ തിരിച്ചുപോരുന്ന കാര്യം അവർക്കു ചിന്തിക്കാനാൻ പോലുമാവില്ല. കാരണം, സുഗ്രീവാജ്ഞ എന്നത് കല്ലേപ്പിളർക്കുന്ന ആജ്ഞയാണ്. തിരിച്ചുചെന്നാൽ മരണം ഉറപ്പ്. അതിനാലവർ അംഗദന്റെ അഭിപ്രായാനുസരണം പ്രായോപവേശം ചെയ്യാൻ തീരുമാനിച്ചതു കണ്ട് ഹനുമാൻ അവരെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല.
തറയിൽ ദർഭപ്പുല്ലു വിരിച്ചു മരണം വരിക്കാൻ വെള്ളം തൊട്ട് കാലും മുഖവും കഴുകി, തെക്കോട്ട് തല വച്ചു കിടക്കുന്ന അംഗദനൊപ്പമുള്ള വാനരന്മാരെ കണ്ട് വൃദ്ധനായ സമ്പാതി എന്ന കഴുകക്കിഴവന്റെ കണ്ണുകൾ തിളങ്ങി. പറന്ന് ഇരപിടിക്കാൻ പറ്റാത്ത അതിന് ഇവരെക്കണ്ടപ്പോൾ ഭക്ഷണം ലഭിക്കുമെന്ന സന്തോഷം ഉണ്ടായി. എന്നാൽ ആ സന്തോഷം അധികസമയം നീണ്ടുനിന്നില്ല.
മരിക്കാൻ കിടക്കുന്ന വാനരന്മാർ തമ്മിൽ പറയുന്നതിൽ നിന്നും, തന്റെ അനുജനായ ജടായുവിന്റെ മരണവൃത്താന്തം ഗ്രഹിച്ച സമ്പാതി അവരോട് കൂട്ടുകുടുകയും അവരുടെ ഭയമകറ്റുകയും, വാനരന്മാരുടെ സഹായത്തോടെ അനുജന്റെ ഉദക ക്രിയകൾ അനുഷ്ഠിക്കയും ചെയ്യുന്നു.
"തുംഗമായീടും ത്രികൂടാചലോപരി
ലങ്കാപുരിയുണ്ടു മധ്യേ സമുദ്രമായ്
തത്ര മഹാശോകകാനനേ ജാനകി
നക്തഞ്ചരീജനമധ്യേ വസിക്കുന്നു
ദൂരമൊരു നൂറു യോജനയുണ്ടതു
നേരേ നമുക്കു കാണാം ഗൃദ്ധ്രനാകയാൽ'.
സമ്പാതിവാക്യമാണിത്. ദുരാത്മാവായ രാവണൻ ഐശ്വര്യവതിയായ ഒരു സ്ത്രീയെ അപഹരിച്ചു കൊണ്ടുപോകുന്നതും അവൾ ആഭരണങ്ങൾ അഴിച്ചെറിയുന്നതും ഞാൻ കണ്ടു. ശതയോജന ദൂരത്തിനപ്പുറം സമുദ്രത്താൽ ചുറ്റപ്പെട്ട രാവണന്റെ ലങ്കാപുരിയിൽ ദേവി ഘോര രാക്ഷസികളുടെ മധ്യത്തിൽ കഴിയുന്നതും ഞാൻ കാണുന്നു. സൂക്ഷ്മദൃഷ്ടിയായ സമ്പാതി ഇപ്രകാരം സീതയെക്കുറിച്ചുള്ള വിവരം അറിയിച്ചപ്പോൾ, മുമ്പ് കരിഞ്ഞുപോയ ചിറകുകൾ വീണ്ടും മുളച്ച് ആ വലിയ പക്ഷി യൗവ്വനയുക്തനായിത്തീർന്നു. തുടർന്ന് എല്ലാവർക്കും മംഗളമാശംസിച്ച് ആ പക്ഷിരാജൻ വ്യോമത്തിലേക്ക് ചിറകുനീർത്തി.
സമ്പാതിയിൽ നിന്നു കിട്ടിയ അറിവ് വാന രസൈന്യത്തെ ഉത്തേജിതരാക്കി. അടുത്തതായി സമുദ്രതരണത്തിനുള്ള മാർഗം ആലോചിക്കാൻ തുടങ്ങി. ഗജൻ, അംഗദൻ, ഗവാക്ഷൻ, ശരഭൻ, ഋഷഭൻ, ഗന്ധമാദനൻ, മൈന്ദൻ, ദ്വിവിദൻ, സുഷേണൻ, ജാംബവാൻ തുടങ്ങി കപി പ്രമുഖർ തങ്ങൾക്ക് ചാടാവുന്ന ദൂരം പറഞ്ഞുവെങ്കിലും അതൊന്നും ഉപയുക്തമായില്ല. തുടർന്ന്, ജാംബവാൻ മൗനിയായിരിക്കുന്ന ഹനുമാന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന വാക്കുകൾ പറഞ്ഞ് അദ്ദേഹത്തെ കർമോമുഖനാക്കി. സമുദ്ര ലംഘനത്തിനായി ഹനുമാൻ പർവതോപരി നിവർന്നു നിന്നുകൊണ്ട് പൂർവദിക്കു നോക്കി കൈകൂപ്പി പഞ്ചഭൂതങ്ങളെ വണങ്ങി. കാലുകൾ രണ്ടുമുറപ്പിച്ച്, മിഴിയുറപ്പിച്ച് മാർഗം അവലോകനം ചെയ്ത്, "രാഘവനയ്ക്കുന്ന അസ്ത്രം പോലെ വായുവേഗത്തിൽ ഞാൻ ലങ്കയിലെത്തുമെന്ന് ' പറഞ്ഞ് കുതിച്ചുയർന്നു.
ഹനുമാന്റെ അഭൗമമായ പരാക്രമത്തിൽ സഹായകരമായി മൈനാകം വിശ്രമസ്ഥലം ഒരുക്കിയെങ്കിലും അത് സ്നേഹപൂർവം നിരസിച്ച് മുന്നോട്ടു പോയപ്പോൾ നാഗമാതാവായ സുരസ മാർഗം തടഞ്ഞു. അതും തരണം ചെയ്ത് ഹനുമാൻ രാഹുമുക്തനായ ചന്ദ്രനെപ്പോലെ ഗതി തുടർന്ന് ഛായാഗ്രാഹിയായ സിംഹികയുടെ പിടിയിൽനിന്നും ധൃതി, ദൃഷ്ടി, മതി, ദാക്ഷ്യം എന്നീ ചതുർഗുണങ്ങളാൽ അതിനെ മറികടന്നു.
ത്രികൂട പർവതത്തിന്റെ കൊടുമുടിയിൽ പ്രഭാവത്തോടെ നിൽക്കുന്ന ലങ്കാ നഗരത്തെ ഹനുമാൻ കണ്ടു. പാലൊളിച്ചന്ദ്രിക മിന്നിപ്പരന്ന് ഭംഗി വർധിപ്പിച്ച ലങ്കാനിലം തൊട്ടു. ആകാശം മുട്ടുന്ന വെൺ മാളികകളും, പൊന്മയ സ്തംഭങ്ങളും വിസ്തൃത രാജവീഥികളും വിചിത്ര കമാനങ്ങളുമുള്ള ലങ്കാ നഗരത്തിന്റെ അചിന്ത്യമായ ശ്രീ കണ്ട് ഹനുമാൻ ഒരു നിമിഷം സ്തബ്ധനായി നിന്നുപോയി. എന്നാൽ നഗരത്തിലേക്കു കടക്കാനൊരുങ്ങിയ ആഞ്ജനേയനെ ലങ്കയുടെ സംരക്ഷകയായ, ഐശ്വര്യദേവതയായ ലങ്കാലക്ഷ്മി തടഞ്ഞു. ശാപഗ്രസ്ഥയായ രാക്ഷസീരൂപത്തിൽ നിന്നും മോചനമാർഗം തെളിയുവാൻ കാലം സമാഗതമായി.
അവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഹനുമാന്റെ താഡനമേറ്റ ലങ്കാലക്ഷ്മി അതിസുന്ദരിയായി പൂർവരൂപം വീണ്ടെടുത്തു. പരാജയം സമ്മതിച്ച് ഹനുമാനെ അനുഗ്രഹിച്ച് ലങ്കയിൽ നിന്ന് ആ ദേവത യാത്രയായപ്പോൾ ലങ്കയുടെ ഐശ്വര്യനാശത്തിനും തുടക്കമായി.
ദ്വാരപാലകയായ ചാമുണ്ഡിയും തൽക്ഷണം ലങ്കയെ ഉപേക്ഷിച്ചു. അതിനൊരു കാരണമുണ്ട്.
ബാലിയുടെ പിടിയിൽനിന്നു മോചനം നേടിയ രാവണൻ കൈലാസത്തിലെ ശിവശക്തിയെ ലങ്കയിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിച്ചെത്തിയപ്പോൾ പാർവതീ ദേവിയുടെ ദ്വാരപാലകയായ ചാമുണ്ഡ തടഞ്ഞു. അവർ തമ്മിൽ വാക്കുതർക്കമായി. അതിലിടപെട്ട നന്ദികേശൻ ശിവപാർവതിമാരെ കൂട്ടിക്കൊണ്ട് വരികയും പരമേശ്വരൻ പ്രസാദിച്ച് ശിവലിംഗം സമ്മാനിക്കുകയും ചെയ്തു. തുടർന്ന് പാർവതീദേവിയോട് രാവണൻ അപേക്ഷിച്ചത്, അവിടുത്തെ ദ്വാരപാലകയായ ചാമുണ്ഡയെ ലങ്കയുടെ ഐശ്വര്യമായി തനിക്ക് നൽകണമെന്നായിരുന്നു. ഭക്തന്റെ അപേക്ഷ ദേവി കൈക്കൊണ്ടു. ലങ്കയുടെ പ്രഭാവത്തിന് കോട്ടം തട്ടുന്നതുവരെ മാത്രമേ ചാമുണ്ഡി അവിടെയുണ്ടാകുകയുള്ളൂ എന്ന മുന്നറിയിപ്പ് നൽകിയിരുന്നു. ലങ്കാലക്ഷ്മി പടിയിറങ്ങിയപ്പോൾ പാർവതീദേവി മുമ്പ് രാവണ പ്രഭുവിന് നൽകിയ വാക്കിന്റെ സമയപരിധിക്കും അവസാനമായി.
(തുടരും )