വികസിത ഭാരതത്തിനായുള്ള പരിഷ്കാരങ്ങളുടെ ബ്രഹ്മാസ്ത്രം
ഹർദീപ് സിങ് പുരി - കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി
സ്കൂൾ കാലം മുതൽ ഓഗസ്റ്റ് 15ലെ പ്രസംഗങ്ങൾ ശ്രവിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ വെള്ളിയാഴ്ചത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 12ാം സ്വാതന്ത്ര്യദിന പ്രസംഗം അഭൂതപൂർവവും വേറിട്ടു നിൽക്കുന്നതുമായി. വികസിത ഭാരതത്തിലേക്കുള്ള പാത ത്വരിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു ബ്രഹ്മാസ്ത്രം - അർജുനന്‍റെ ഐതിഹാസിക ആയുധം - അത് തൊടുത്തുവിട്ടു.
ആഗോള സമ്പദ്‌വ്യവസ്ഥയിൽ അസാധാരണ പ്രതിസന്ധികൾ നിലനിൽക്കുന്ന ഈ സമയത്ത്, ഇന്ത്യ "വികസിത ഭാരതം' എന്ന സ്വപ്നവുമായി അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി മുന്നേറുകയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ധീരവും ഭാവി ലക്ഷ്യമാക്കിയുള്ളതും 1.4 ബില്യൺ ജനങ്ങളുടെ വിധി പുനർനിർമിക്കാൻ കഴിവുള്ളതുമായ പുതുതലമുറ പരിഷ്കാരങ്ങൾ എടുത്തു പറഞ്ഞ വ്യക്തമായ ദർശനത്തിന്‍റെ പേരിൽ ആ പ്രസംഗം ശ്രദ്ധേയമാണ്.
ഉദാഹരണത്തിന്, ഡിജിറ്റൽ ഇന്ത്യ സ്റ്റാക്ക്, ലോകത്തിലെ റിയൽ- ടൈം ഇടപാടുകളുടെ പകുതിയും യുപിഐ വഴി നടക്കുന്നു എന്നത്, വർഷാവസാനത്തോടെ ആദ്യത്തെ മെയ്ഡ്- ഇൻ- ഇന്ത്യ ചിപ്പ് പുറത്തിറക്കാൻ പോകുന്നു എന്നത്... ഇവയെല്ലാം ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ മുൻനിര സ്ഥാനം കാണിക്കുന്നു. സെമി കണ്ടക്റ്ററുകൾ രാജ്യങ്ങളുടെ വിധി നിർണയിക്കുന്ന സമയത്ത്, ഇത് നിർണായക സാങ്കേതികവിദ്യകളുടെ മേലുള്ള ഇന്ത്യയുടെ ഡിജിറ്റൽ സ്വരാജ് അഥവാ പരമാധികാരം ഉറപ്പിക്കലാണ്.
ഇന്ത്യയുടെ വളർച്ചയുടെ മുൻനിരയിൽ ഊർജ സുരക്ഷ വളരെക്കാലമായി നിലനിന്നിരുന്നു. പക്ഷേ, മടിയും "നോ- ഗോ' വർഗീകരണവും പഠനാന്വേഷണങ്ങൾ ഇല്ലാതാക്കി, ഇറക്കുമതി ആശ്രയത്വവും വർധിപ്പിച്ചു. എന്നാൽ ആ യുഗം അവസാനിച്ചു. പ്രധാനമന്ത്രി മോദിയുടെ കീഴിൽ, ഇന്ത്യ EEZലെ "നോ- ഗോ' പ്രദേശങ്ങൾ ഏകദേശം 99% കുറച്ചു, ഇ ആൻഡ് പിക്കായി 10 ലക്ഷം ചതുരശ്ര കിലോമീറ്റർ ലഭ്യമാക്കി. ഒഎഎൽപിയുമായി ചേർന്ന് അത് ഇന്ത്യൻ ചാംപ്യന്മാർക്കും ആഗോള തലത്തിലെ ഭീമൻമാർക്കും ഒരുപോലെ വിശാലമായ ഒരു കാൻവാസ് തുറന്നുകൊടുത്തു. നമ്മുടെ ഹൈഡ്രോകാർബൺ തടങ്ങൾ ഇനി ഉപയോഗശൂന്യമാകില്ല, ദേശീയ പുരോഗതിക്കായി പ്രയോജനപ്പെടുത്തും.
ചെങ്കോട്ടയിൽ പ്രഖ്യാപിച്ച ചരിത്രപ്രസിദ്ധമായ ദേശീയ ആഴക്കടൽ പര്യവേക്ഷണ ദൗത്യം ബംഗാൾ ഉൾക്കടലിലും അറേബ്യൻ കടലിലും ഒരു അതിർത്തി അജൻഡ നിശ്ചയിക്കുന്നു. ഏകദേശം 40 വൈൽഡ്കാറ്റ് കിണറുകൾ കുഴിക്കുന്നതിലൂടെ 600 – 1,200 ദശലക്ഷം മെട്രിക് ടൺ എണ്ണ, വാതക ശേഖരം തുറക്കുക എന്നതാണു ലക്ഷ്യം. ബംഗാൾ ഉൾക്കടൽ മുതൽ അറബിക്കടൽ വരെയുള്ള സങ്കീർണമായ ഓഫ്‌ഷോർ അതിർത്തികൾ ഇന്ത്യ ആദ്യമായി വ്യവസ്ഥാപിതമായി തുറക്കും. വറ്റിയ കിണറുകളുടെ കാര്യത്തിൽ 80 ശതമാനം വരെയും വാണിജ്യാടിസ്ഥാനത്തിൽ കണ്ടെത്തുമ്പോൾ 40 ശതമാനം വരെയും തിരിച്ചുപിടിക്കാൻ അനുവദിക്കുന്നതിലൂടെ അപകടസാധ്യതയില്ലാത്ത നിക്ഷേപത്തിന്‍റെ ഒരു ചട്ടക്കൂടാണ് സൃഷ്ടിച്ചിരിക്കുന്നത്.
2032 ആകുമ്പോഴേക്കും ആഭ്യന്തര എണ്ണ, വാതക ഉൽപ്പാദനം 85 ദശലക്ഷം ടണ്ണായി ഉയർത്താനും ദേശീയ കരുതൽ ശേഖരം ഒന്നു മുതൽ രണ്ടു ബില്യൺ ടൺ വരെ ഇരട്ടിയാക്കാനും കഴിയുന്ന വിശാലമായ രൂപരേഖയുടെ ഭാഗമാണ് ഈ സംരംഭം. പ്ലഗ് ആൻഡ് പ്ലേ അടിസ്ഥാനത്തിൽ ഓഫ്‌ഷോർ പൊതു അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കപ്പെടും. അത് ഏകദേശം 8 ദശലക്ഷം ടൺ ഉത്പാദനത്തിന് തുല്യമാണ്. ധനസമ്പാദനം മാത്രമല്ല, പ്രാദേശിക വിതരണ ശൃംഖലകളുടെ വിഹിതം ഇന്നത്തെ 25-30 ശതമാനത്തിൽ നിന്ന് 70 ശതമാനത്തിലധികമായി ഉയരും. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും സമഗ്രമായ എണ്ണ- പ്രകൃതി വാതക ഉത്പാദന മേഖലയുടെ നവീകരണമാണിത്.
ഊർജ പരിവർത്തനത്തിൽ ഇന്ത്യ ആഗോളതലത്തിൽ ഒരു നേതാവായി ഉയർന്നുവന്നിട്ടുണ്ട്. ഇക്കൊല്ലം നാം 50% ക്ലീൻ പവർ മാർക്കിലെത്തി, 2030ലെ ലക്ഷ്യത്തേക്കാൾ 5 വർഷം മുമ്പേ. ജൈവ ഇന്ധനങ്ങളും ഹരിത ഹൈഡ്രജനും പരീക്ഷണഘട്ടത്തിൽ നിന്ന് ഉത്പാദനത്തിലേക്ക് നീങ്ങുന്നു. എഥനോൾ മിശ്രിതവും സിബിജി ഉയർത്തലും പുതിയ ഗ്രാമീണ- വ്യാവസായിക അടിത്തറ കെട്ടിപ്പടുക്കുന്നു. എൽഎൻജി അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നു. സൈനികേതര ആണവ പദ്ധതികൾ സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. നിലവിൽ 10 പുതിയ ആണവ റിയാക്റ്ററുകൾ പ്രവർത്തനക്ഷമമാണ്. സ്വാതന്ത്ര്യത്തിന്‍റെ 100ാം വർഷത്തോടെ ആണവോർജ ശേഷി പത്തിരട്ടി വർധിപ്പിക്കാനാണ് ലക്ഷ്യം.
പ്രധാനമന്ത്രിയുടെ നാഷണൽ ക്രിട്ടിക്കൽ മിനറൽസ് മിഷന്‍റെ പ്രഖ്യാപനം വ്യാവസായിക തന്ത്രത്തിലെ നാഴികക്കല്ലാണ്. ലിഥിയം, റെയർ എർത്ത്, നിക്കൽ, കൊബാൾട്ട് എന്നിവയുടെ തന്ത്രപരമായ മൂല്യം ലോകം തിരിച്ചറിയുന്നതിനാൽ 1,200ലേറെ സ്ഥലങ്ങളിൽ പര്യവേക്ഷണം ആരംഭിച്ചു.
റെഡ് ഫോർട്ട് ചാർട്ടറിന്‍റെ മറ്റൊരു സ്തംഭമായിരുന്നു ദേശീയ സുരക്ഷ. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ സൈനിക വൈദഗ്ധ്യം തത്സമയം പ്രദർശിപ്പിച്ചു, ആണവ ബ്ലാക്ക്‌മെയിലിങ്ങിന്‍റെ യുഗം അവസാനിപ്പിച്ചു, ആക്രമണത്തെ വേഗത്തിലും സങ്കീർണതയിലും നേരിടുമെന്ന സന്ദേശം അയച്ചു. സിന്ധു നദീജല ഉടമ്പടി റദ്ദാക്കൽ പരമാധികാരത്തിന്‍റെ ധീരമായ പ്രസ്താവനയാണ്. എല്ലാറ്റിനുമുപരി, അർജുനനെ യുദ്ധക്കളത്തിൽ സംരക്ഷിക്കുന്ന ഭഗവാൻ കൃഷ്ണനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട "മിഷൻ സുദർശൻ ചക്ര'ത്തിന്‍റെ അനാച്ഛാദനം മോദിയുടെ ശൈലിയുടെ പ്രതീകമാണ്. അത്യാധുനിക സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നാഗരിക പ്രതീകാത്മകത.
ഇന്ത്യയുടെ നിർണായക സ്ഥാപനങ്ങളെ സൈബർ, ഭൗതിക, സങ്കര ഭീഷണികളിൽ നിന്ന് ഒരു ബഹുതല തദ്ദേശീയ സുരക്ഷാ കവചം സംരക്ഷിക്കും. നമ്മുടെ യുദ്ധവിമാനങ്ങൾക്ക് ശക്തി പകരുന്ന ജെറ്റ് എൻജിനുകൾ രൂപകൽപ്പന ചെയ്യാനും നിർമിക്കാനുമുള്ള ദേശീയ വെല്ലുവിളി പ്രധാനമന്ത്രി നൽകി. യോഗം ചേരലിൽ നിന്ന് പ്രവൃത്തിയിലേക്ക് കുതിക്കാൻ ശാസ്ത്രജ്ഞരോടും എൻജിനീയർമാരോടും സ്ഥാപനങ്ങളോടും ആഹ്വാനം ചെയ്തു.
വ്യവസായവും കർഷകരും സ്വാശ്രയത്വം സ്വീകരിക്കാനും വളങ്ങളുടെ സന്തുലിതമായ ഉപയോഗം നടത്താനും അദ്ദേഹം അഭ്യർഥിച്ചു. ആഗോള വാക്സിനുകളുടെ 60% ഉത്പാദിപ്പിക്കുന്ന ഇന്ത്യ ലോകത്തിന്‍റെ ഫാർമസിയാണെങ്കിലും, ഇത് ഇപ്പോൾ പുതിയ മരുന്നുകൾ, വാക്സിനുകൾ, ഉപകരണങ്ങൾ എന്നിവയിൽ നേതൃത്വത്തിലേക്കു മാറണം. താങ്ങാനാവുന്നതും ലോകോത്തരവുമായ മരുന്നുകൾ പേറ്റന്‍റ് ചെയ്ത് ഉല്പാദിപ്പിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം.
പ്രഖ്യാപിച്ച നികുതി- നിയമ പരിഷ്കാരങ്ങളും അത്രയും ധീരമാണ്. 1961ലെ ആദായ നികുതി നിയമം മാറ്റിസ്ഥാപിക്കപ്പെടുന്നു. പുതിയ ആദായ നികുതി ബിൽ സങ്കീർണത കുറയ്ക്കുന്നു, 280 അനാവശ്യ വിഭാഗങ്ങൾ നിർത്തലാക്കുന്നു, കൂടാതെ ₹12 ലക്ഷം വരെ ആശ്വാസം വാഗ്ദാനം ചെയ്യുന്നു. ഫെയ്സ് ലെസ് അസസ്മെന്‍റ് സംവിധാനത്തെ സുതാര്യവും കാര്യക്ഷമവും അഴിമതിരഹിതവുമാക്കി മാറ്റി.
ദീപാവലിക്ക് ആരംഭിക്കുന്ന പുതു തലമുറ ജിഎസ്ടി 2.0 നിരക്കുകൾ കൂടുതൽ യുക്തിസഹമാക്കുകയും നികുതിപാലനം വർധിപ്പിക്കുകയും ചെയ്യും. 40,000ത്തിലധികം അനാവശ്യ ചട്ടപാലനം നിർത്തലാക്കൽ, 1,500ലധികം കാലഹരണപ്പെട്ട നിയമങ്ങളും പാപ്പരത്ത നിയമാവലിയും റദ്ദാക്കൽ എന്നിവയ്ക്കു പുറമേ, ഇത് നെഹ്‌റുവിന്‍റെ സാമ്പത്തിക നയത്തിന്‍റെ പൊളിച്ചുമാറ്റൽ തന്നെയാണ്. ഈ പരിഷ്കാരങ്ങൾ ബാലൻസ് ഷീറ്റുകൾ മാത്രമല്ല, ജീവിതവും മെച്ചപ്പെടുത്തുന്നു. 25 കോടിയിലധികം ഗുണഭോക്താക്കളെ സ്പർശിക്കുന്ന നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങൾ ക്ഷേമത്തിൽ ഉത്തരവാദിത്തം ഉൾപ്പെടുത്തുകയും 250 ദശലക്ഷത്തിലധികം പേരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു.
ഒരു ലക്ഷം കോടി രൂപ അടങ്കലോടെയാണ് പ്രധാൻമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന ആരംഭിക്കുന്നത്; പുതുതായി ജോലിയിൽ പ്രവേശിക്കുന്ന യുവ ജനങ്ങൾക്ക് പ്രതിമാസം ₹15,000 ലഭിക്കും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കമ്പനികൾക്ക് പ്രോത്സാഹനം നൽകും. ഏകദേശം 3.5 കോടി യുവ ഇന്ത്യക്കാരിലേക്ക് എത്തിച്ചേരുക എന്നതാണ് ലക്ഷ്യം.
ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കാൻ സാമ്പത്തിക പ്രവർത്തനങ്ങളുടെ മുഴുവൻ ആവാസ വ്യവസ്ഥയെയും പുനർനിർമിക്കുന്നതിനു രൂപകൽപ്പന ചെയ്ത പുതുതലമുറ പരിഷ്കാരത്തിനുള്ള ടാസ്‌ക് ഫോഴ്‌സ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അതിന്‍റെ ദൗത്യം വളരെ ധീരമാണ്: സ്റ്റാർട്ടപ്പുകളെയും എംഎസ്എംഇകളെയും ഭാരപ്പെടുത്തുന്ന നികുതി പാലന ചെലവുകൾ കുറയ്ക്കുക, ഏകപക്ഷീയ നടപടികളുടെ നിരന്തരമായ നിഴലിൽ നിന്ന് സംരംഭത്തെ മോചിപ്പിക്കുക, ലളിതവും പ്രവചനാതീതവും വ്യവസ്ഥാപിതവുമായ ചട്ടക്കൂടിലേക്ക് നിയമങ്ങളുടെ ഒരു കൂട്ടത്തെ കാര്യക്ഷമമാക്കുക.
ഓഗസ്റ്റ് 15നു പ്രഖ്യാപിച്ച പരിഷ്കാരങ്ങൾ 2047ലെ ഇന്ത്യയെക്കുറിച്ചാണ്. പ്രധാനമന്ത്രി നമ്മെ ഓർമിപ്പിച്ചതുപോലെ, ഒരു പുരാതന നാഗരികത അതിന്‍റെ വേരുകൾ ഉപേക്ഷിച്ചുകൊണ്ടല്ല, മറിച്ച് അവയിൽ നിന്ന് ശക്തി നേടി ആധുനിക ശക്തിയായി മാറുന്നത് ലോകം ഉറ്റുനോക്കുകയാണ്.