ഷാജി എൻ. കരുൺ
File photo
അതീതം | എം.ബി. സന്തോഷ്
ഷാജി എൻ. കരുണിന് കേരള സര്‍ക്കാരിന്‍റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് പ്രഖ്യാപിക്കപ്പെട്ടത് ചലച്ചിത്ര ജീവിതത്തിന്‍റെ അമ്പതാം വർഷത്തിലാണ്. അപ്പോഴാണ് ആ അവാർഡ് ഇതുവരെ അദ്ദേഹത്തിനു ലഭിച്ചില്ലെന്നത് മലയാളി സമൂഹം തിരിച്ചറിഞ്ഞത്. ആ പുരസ്കാരം ഏറ്റുവാങ്ങി പന്ത്രണ്ടാം ദിവസം ആ കലാകാരൻ അരങ്ങൊഴിഞ്ഞു.
കഴിഞ്ഞ 16ന് 2023ലെ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ഷാജി എന്‍. കരുണിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ച ചടങ്ങ് പക്ഷേ നൊമ്പരപ്പെടുത്തുന്നതായിരുന്നു. മുടിയൊക്കെ കൊഴിഞ്ഞ് രോഗാവസ്ഥ പ്രകടമാക്കുന്നതായിരുന്നിട്ടും അദ്ദേഹം അതീവ സംതൃപ്തിയോടെ ചെറുപ്രസംഗം നടത്തിയതിന് വൻകൈയടിയാണ് ലഭിച്ചത്.
സ്വന്തം കുടുംബത്തിൽനിന്ന് ലഭിച്ച അംഗീകാരമെന്ന നിലയിൽ സംതൃപ്തിയും സന്തോഷവുമുണ്ടെന്ന് ഷാജി എൻ. കരുൺ പറഞ്ഞു. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടപ്പോൾ തന്നെ കേരള സംസ്ഥാന സർക്കാരിൽനിന്ന് അംഗീകാരം ലഭിച്ചില്ലെന്ന വിഷമമുണ്ടായിരുന്നു. അതിപ്പോൾ മാറിയെന്ന് അദ്ദേഹം പറഞ്ഞപ്പോൾ അതിനു പിന്തുണ നൽകി വീണ്ടും ഹർഷാരവം. അത് ഷാജി എൻ. കരുണിന്‍റെ അവസാനത്തെ പൊതുചടങ്ങായി.
തൊട്ടുമുൻവർഷത്തെ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ ടി.വി. ചന്ദ്രന്‍ ചെയര്‍മാനും ഗായിക കെ.എസ്. ചിത്ര, നടന്‍ വിജയരാഘവന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ഷാജി എൻ. കരുണിന് അവാർഡ് തീരുമാനിച്ചത്. ആ ജൂറി അങ്ങനെ തീരുമാനിച്ചില്ലെങ്കിൽ മലയാള സാംസ്കാരികലോകം ഇപ്പോൾ ശിരസ് കുനിച്ചു നിൽക്കേണ്ടി വരുമായിരുന്നു.
സമകാലിക വിഷയങ്ങളിൽ പ്രതികരിക്കാൻ രോഗക്കിടക്കയിലും അദ്ദേഹം മുന്നിട്ടിറങ്ങി. മോഹൻലാൽ നായകനായ പൃഥ്വിരാജ് സിനിമയായ 'എമ്പുരാനെ'തിരേ ആക്രമണം ശക്തമായപ്പോൾ ഉയർന്ന പ്രതിഷേധത്തിലായിരുന്നു ഒടുവിൽ ഷാജി എൻ. കരുണിന്‍റെ പങ്കാളിത്തമുണ്ടായത്.
ദേശീയ, അന്തർദേശീയ അതിർത്തികൾക്കപ്പുറത്തേക്ക് മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭകളിൽ പ്രമുഖനാണ് ഷാജി എൻ. കരുൺ. നാൽപ്പതോളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജി, അന്തരിച്ച അതുല്യ സംവിധായകൻ ജി. അരവിന്ദന്‍റെ ഛായാഗ്രാഹകൻ എന്ന നിലയിൽ മലയാളത്തിലെ നവതരംഗ സിനിമയക്ക് നൽകിയ സർഗാത്മക പിന്തുണ ചരിത്രത്തിന്‍റെ ഭാഗമാണ്. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടി.
പിറവി, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി, സ്വപാനം, ഓള് എന്നിങ്ങനെ മലയാളത്തെ ലോക സിനിമയിൽ രേഖപ്പെടുത്തിയ ഒരുപിടി ചിത്രങ്ങളുടെ സംവിധായകനുമാണ് അദ്ദേഹം. 'പിറവി'യിലൂടെ നിർമാതാവിന്‍റെ കുപ്പായം ഏറ്റെടുത്ത് ഷാജി എൻ. കരുൺ എന്ന സംവിധായകനെ അരങ്ങേറ്റിയ 'കലാകൗമുദി' പത്രാധിപരായിരുന്ന എസ്. ജയചന്ദ്രൻ നായർ അന്തരിച്ച് അധികം കഴിയുംമുമ്പാണ് ഷാജിയും യാത്രയാവുന്നത്. തിരുവനന്തപുരം പ്രസ്ക്ലബ്ബിലെ എസ്. ജയചന്ദ്രൻ നായർ അനുസ്മരണത്തിൽ വന്ന്, തന്നെ സംവിധായകനാക്കിയ അനുഭവം വികാരനിർഭരമായി അയവിറക്കിയത് ഇപ്പോഴും കൺമുന്നിലുണ്ട്.
'പിറവി' 1988ൽ പുറത്തിറങ്ങിയപ്പോൾ കാൻസ് ഉൾപ്പെടെ 70ലധികം അന്താരാഷ്ട്ര, ദേശീയ ചലച്ചിത്രമേളകളിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രം എഡിൻബറോയിലെ ചാർലി ചാപ്ലിൻ അവാർഡ്, ലൊക്കാർണോയിലെ സിൽവർ ലെപ്പേർഡ്, കാൻസിലെ ക്യാമറ ഡി' ഓറിന്‍റെ പ്രത്യേക പരാമർശം, ഷിക്കാഗോയിലെ സിൽവർ ഹ്യൂഗോ അവാർഡ് എന്നിവയുൾപ്പെടെ അഭിമാനകരമായ 31 അവാർഡുകൾ നേടി. അതേസമയം, അന്നത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ 'പിറവി' തഴയപ്പെട്ട 'തമാശ'യും അരങ്ങേറി. 1989ലെ മികച്ച ചിത്രത്തിനുള്ള പ്രസിഡന്‍റിന്‍റെ സ്വർണ മെഡൽ ഉൾപ്പെടെ ദേശീയ അവാർഡുകളുടെ വലിയൊരു പങ്കും നേടിയെടുത്താണ് 'പിറവി' അതിനു മറുപടി നൽകിയത്. തലസ്ഥാനത്ത് വഴുതക്കാട് ഉദാര ശിരോമണി റോഡിലെ ഈ സംവിധായകന്‍റെ വസതിയുടെ പേരും 'പിറവി'. അവിടെ വെച്ചായിരുന്നു അന്ത്യവും.
രണ്ടാമത്തെ ചിത്രമായ 'സ്വം' കാൻസ് ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചലച്ചിത്രമാണ്. ആ സിനിമയിൽ വര്‍ത്തമാനകാലം ബ്ലാക്ക് ആൻഡ് വൈറ്റിലും ഫ്ലാഷ്ബാക്ക് കളറിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം റോളുകൾ അപ്രത്യക്ഷമായിരുന്ന അക്കാലത്ത് ഇതിനായി കൊഡാക് കമ്പനി ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം സംവിധായകന് സംഭാവന ചെയ്യുകയായിരുന്നു. 'വൈധവ്യം പെയ്യുന്ന സ്വം' എന്ന തലക്കെട്ടിൽ ഈ ലേഖകനെഴുതിയ കുറിപ്പ് വായിച്ച് ഓഫിസിലേക്ക് നേരിൽ വിളിച്ച അദ്ദേഹം വലിയൊരു ആത്മബന്ധത്തിലേക്ക് കൂട്ടി എന്ന അഭിമാനം ഇപ്പോഴുമുണ്ട്.
പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാന്‍സ് മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂര്‍വം സംവിധായകരിലൊരാളായി ഷാജി മാറി. ഇതിൽ 'സ്വം' അവിടെ പാം ദെ ഓറിന് നാമനിർദേശം ചെയ്യപ്പെടുകയും 'വാനപ്രസ്ഥം' കാൻസിൽ ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുള്ള ഷാജി, 1998ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ ആദ്യ ചെയര്‍മാനായിരുന്നു. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് ഐഎഫ്എഫ്കെയില്‍ മത്സരവിഭാഗം ആരംഭിച്ചതും മേളയ്ക്ക് 'ഫിയാഫി'ന്‍റെ അംഗീകാരം ലഭിച്ചതും. 2011ൽ പദ്മശ്രീ പുരസ്കാരത്തിനും അർഹനായി.
കൊല്ലം ജില്ലയിൽ കണ്ടചിറയിൽ എൻ. കരുണാകരന്‍റെയും ചന്ദ്രമതിയുടെയും മൂത്തപുത്രനായിട്ടാണ് ഷാജി ജനിച്ചത്. 1963ൽ കുടുംബം തിരുവനന്തപുരത്തേക്ക് മാറി. പള്ളിക്കര സ്കൂൾ, യൂണിവേഴ്സിറ്റി കോളെജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1971 ൽ പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി 1975-ല്‍ കെഎസ്എഫ്ഡിസിയില്‍ ഫിലിം ഓഫിസറായി ചുമതലയേറ്റു. ഇപ്പോൾ ആ സ്ഥാപനത്തിന്‍റെ ചെയർമാനായിരിക്കെയാണ് വിടപറയൽ.
'വാനപ്രസ്ഥ'ത്തിനു ശേഷം ഷാജി എൻ. കരുൺ - മോഹൻലാൽ കൂട്ടുകെട്ട് ടി. പത്മനാഭന്‍റെ 'കടൽ' എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരത്തിനായി വീണ്ടുമൊന്നിക്കാൻ ആലോചിച്ചിരുന്നു. 'ഗാഥ' എന്ന പേരും തീരുമാനിച്ചു. സംഗീതത്തിന് അനന്തസാധ്യതകളുള്ള ചെറുകഥയായ 'കടല്‍' പോലെ ആയിരിക്കണം ആ സിനിമ എന്നായിരുന്നു ധാരണ. അതിന്‍റെ കടലാസ് പ്രവർത്തനങ്ങൾ കൊവിഡ് കാലത്ത് വീണ്ടും ആരംഭിച്ചപ്പോൾ ഈ ലേഖകനോട് അദ്ദേഹം ആദ്യമായി അതു പങ്കുവച്ചു. മെട്രൊ വാർത്തയിൽ ഒന്നാം പേജിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. 'കടൽ' കടക്കാതെയാണ് ഷാജി എൻ. കരുണിന്‍റെ വേർപാട്.
ചലനാത്മകമായ സാംസ്കാരിക വിനിമയങ്ങൾക്കായി ഒരു ഇടം സൃഷ്ടിക്കുന്നതിനായി സർക്കാർ പിന്തുണയുള്ള ആദ്യത്തെ ഒടിടി പ്ലാറ്റ്‌ഫോമിന്‍റെ തുടക്കം എന്ന വലിയ സ്വപ്നത്തിന്‍റെ മധ്യത്തിലാണ് അദ്ദേഹത്തെ അർബുദം പിടികൂടിയത്. ഗെയിമിങ് പോലുള്ള പുതിയ ദൃശ്യ മാധ്യമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും വളർത്തുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു പുതിയ പദ്ധതിയും അദ്ദേഹം ആസൂത്രണം ചെയ്തു വരുകയായിരുന്നു. ഈ സ്വപ്നങ്ങൾ അദ്ദേഹത്തിന്‍റെ ചലച്ചിത്രങ്ങൾക്കപ്പുറമുള്ള സ്മാരകമായി അധികം വൈകാതെ യാഥാർഥ്യമാവുമെന്നുതന്നെ കരുതാം,
സിനിമ എന്ന അദ്ഭുതം മലയാളത്തിനു സമ്മാനിച്ച ജെ.സി. ഡാനിയേല്‍ വിടപറഞ്ഞത് 1975 ഏപ്രില്‍ 27നായിരുന്നു. അദ്ദേഹത്തിന്‍റെ പേരിലുള്ള സംസ്ഥാന സർക്കാർ അവാർഡ് ഏറ്റവും ഒടുവിൽ ഏറ്റുവാങ്ങിയ ഷാജി എൻ. കരുൺ എന്ന ധിഷണാശാലി അന്തരിച്ചത് ഏപ്രിൽ 28ന്. പ്രിയപ്പെട്ട ഷാജി എൻ. കരുണിന് പ്രണാമം.