കർഷകർക്ക് അനുഗ്രഹമായ പുതിയ ജിഎസ്‌ടി നിരക്കുകൾ.

 

freepik.com - AI

Special Story

കർഷകർക്ക് അനുഗ്രഹമായ പുതിയ ജിഎസ്‌ടി നിരക്കുകൾ

വരുമാനം വർധിപ്പിക്കുന്ന പരിഷ്കരിച്ച നിരക്കുകൾ

MV Desk

ശിവരാജ് സിങ് ചൗഹാൻ

(കേന്ദ്ര കൃഷി-കർഷക ക്ഷേമ-ഗ്രാമവികസന മന്ത്രി)

കർഷകരുടെ ക്ഷേമം കേന്ദ്ര ഗവണ്മെന്‍റിന്‍റെ പരമപ്രധാനമായ മുൻഗണനയായി തുടരുകയാണ്. കൃഷി സുഗമമാക്കാനും ഉത്പാദനച്ചെലവു കുറയ്ക്കാനും കർഷകരുടെ ലാഭം വർധിപ്പിക്കാനും നിരവധി ശ്രമങ്ങളാണു ഗവണ്മെന്‍റ് നടത്തുന്നത്. കർഷകരുടെ ജീവിതത്തെ പരിവർത്തനം ചെയ്യുക, കൃഷിയെ ദേശീയ അഭിവൃദ്ധിയുടെ സ്തംഭമാക്കുക എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം മാത്രമല്ല; അചഞ്ചലമായ ദൃഢനിശ്ചയംകൂടിയാണ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള ഓരോ തീരുമാനവും, ഓരോ പരിഷ്കാരവും, ഇന്ത്യയുടെ വളർച്ചാഗാഥയുടെ കേന്ദ്രത്തിലാണു കർഷകന് ഇടമൊരുക്കുന്നത്. ജിഎസ്ടി നിരക്കുകളിലെ സമീപകാല പരിഷ്കാരങ്ങൾ ഈ കാഴ്ചപ്പാടിന്‍റെ ഉജ്വലമായ പ്രതിഫലനമാണ്. സ്വാതന്ത്ര്യദിനത്തിൽ ചുവപ്പുകോട്ടയിൽനിന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ച "ജിഎസ്ടിയിലെ അടുത്തതലമുറ പരിഷ്കരണം', പുതിയതും സ്വയംപര്യാപ്തവും സമൃദ്ധവുമായ ഇന്ത്യയുടെ അടിത്തറയായി ഇപ്പോൾ രൂപപ്പെടുകയാണ്.

കർഷകരുടെയും സാധാരണക്കാരുടെയും താത്പര്യങ്ങൾ മുൻ‌നിർത്തി, ഗവണ്മെന്‍റ് ജിഎസ്ടി നിരക്കുകളിൽ വലിയ കുറവു വരുത്തി. ഈ പരിഷ്കാരങ്ങൾ ഇന്ത്യയുടെ കാർഷിക സമ്പ്രദായത്തിന് ഊർജമേകുകയും കർഷകരുടെ പുരോഗതിക്കു കരുത്തുപകരുകയും ചെയ്യും. ഇതു കേവലം നയപരമായ മാറ്റങ്ങളല്ല; മറിച്ച്, കർഷകർ ദിവസവും ഉഴുതുമറിക്കുന്ന മണ്ണിനെത്തന്നെ സ്പർശിക്കുന്ന പരിഷ്കാരങ്ങളാണ്. 10 കോടിയിലധികം ചെറുകിട- നാമമാത്ര കർഷകർക്ക് ഇതിലൂടെ നേരിട്ടു പ്രയോജനം ലഭിക്കും. നേരത്തെ, കാർഷിക ഉപകരണങ്ങൾക്ക് 18% വരെ ഉയർന്ന ജിഎസ്ടി നിരക്ക് ഈടാക്കുമായിരുന്നു. ഇപ്പോൾ അതു വെറും 5% ആയി കുറച്ചു. ഓരോ കർഷകനും ആയിരക്കണക്കിനു രൂപയുടെ നേരിട്ടുള്ള ലാഭം ഇതുറപ്പാക്കുന്നു.

35 കുതിരശക്തിയുള്ള (എച്ച്പി) ട്രാക്റ്റർ വാങ്ങുന്ന കർഷകന്‍റെ കാര്യം നോക്കാം. മുമ്പ് ഏകദേശം ₹6.5 ലക്ഷം വിലയുണ്ടായിരുന്നത് ഇപ്പോൾ ഏകദേശം ₹6.09 ലക്ഷത്തിനു ലഭ്യമാകും. അതായത്, ₹41,000 ലാഭം. 45 എച്ച്പി ട്രാക്റ്ററിനു ലാഭം ₹45,000; 50 എച്ച്പി ട്രാക്റ്ററിന് ₹53,000; 75 എച്ച്പി ട്രാക്റ്ററിന് ₹63,000. ചെറിയ യന്ത്ര സാമഗ്രികൾ പോലും ഇപ്പോൾ എളുപ്പത്തിൽ ലഭ്യമാകും. പവർ ടില്ലറിന് ഏകദേശം ₹12,000, നെല്ലു നടുന്ന യന്ത്രത്തിന് ₹15,000, മെതിക്കുന്ന യന്ത്രത്തിന് ₹14,000 എന്നിങ്ങനെയാണു വില കുറയുക. പവർ വീഡറുകൾ, വിത്തുവിതയ്ക്കുന്ന യന്ത്രങ്ങൾ തുടങ്ങിയ ഉപകരണങ്ങൾക്ക് ₹5,000 മുതൽ ₹10,000 വരെ വില കുറയും. വിളവെടുപ്പിനും വിതയ്ക്കുന്നതിനുമുള്ള വലിയ യന്ത്രങ്ങളായ 14 അടി കട്ടർ ബാർ, ചതുരാകൃതിയിലുള്ള ബെയ്‌ലർ, അല്ലെങ്കിൽ വൈക്കോൽ റീപ്പർ എന്നിവയുടെ കാര്യത്തിൽ ഇപ്പോൾ കർഷകർക്കു യഥാക്രമം ₹1.87 ലക്ഷം, ₹94,000, ₹22,000 എന്നിങ്ങനെ ലാഭിക്കാനാകും. മൾച്ചറുകൾ, സൂപ്പർ സീഡറുകൾ, ഹാപ്പി സീഡറുകൾ, സ്പ്രേയറുകൾ തുടങ്ങിയ ഉപകരണങ്ങൾക്കും വില കുറഞ്ഞതോടെ ഓരോ ഏക്കറിലും ആധുനികവത്കരണം സാധ്യമാകും.

ലാഭകരമായ കൃഷിക്കു യന്ത്രവത്കരണം ഇന്ന് ആഡംബരമല്ല; അനിവാര്യമാണ്. സ്പ്രിംഗ്ലറുകൾ, കണികാ ജലസേചന സംവിധാനങ്ങൾ, കൊയ്ത്ത് യന്ത്രങ്ങൾ, ഹൈഡ്രോളിക് പമ്പുകൾ, സ്പെയർ പാർട്സ് എന്നിവയുടെ നികുതിയിളവുകൾ ചെറുകിട-നാമമാത്ര കർഷകരെപ്പോലും ആധുനിക ഉപകരണങ്ങൾ സ്വീകരിക്കാൻ പ്രാപ്തരാക്കും. തൊഴിൽച്ചെലവു കുറയും; സമയം ലാഭിക്കും; ഉത്പാദനക്ഷമത വർധിക്കും. സംസ്ഥാനങ്ങളിലും കമ്പനികളിലും വിലയിൽ നേരിയ വ്യത്യാസമുണ്ടാകാമെങ്കിലും, മൊത്തത്തിലുള്ള ഫലം വ്യക്തമാണ്: കർഷകർ കുറച്ചു പണം ചെലവഴിക്കുകയും കൂടുതൽ വരുമാനം നേടുകയും ചെയ്യും.

കർഷകരുടെ സമൃദ്ധി എന്ന ഒറ്റ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണു നാം ഓരോ ചുവടും വയ്ക്കുന്നത്. ഈ നികുതിയിളവുകൾ കർഷകർക്ക് ഉടനടി ആനുകൂല്യങ്ങളായി മാറുന്നുവെന്ന് ഉറപ്പാക്കാൻ കാർഷിക യന്ത്ര നിർമാതാക്കളുടെ പ്രതിനിധികളെ ഞാൻ നേരിട്ടു കണ്ടു. എന്നാൽ ഈ പരിഷ്കാരം കൃഷിക്ക് അപ്പുറത്തേക്കു വ്യാപിക്കുന്നതാണ്. സമ്പദ്‌വ്യവസ്ഥയ്ക്കാകെ ഇതു കരുത്തുറ്റ പ്രചോദനമാണ്. ചേരുവകളുടെ ചെലവു കുറയുന്നത്, കർഷകർക്ക് ഉത്പന്നങ്ങളിൽനിന്ന് ഉയർന്ന വരുമാനം നേടാൻ സഹായിക്കും. ഇതു ചെറുകിട- കുടിൽ വ്യവസായങ്ങളെ ശക്തിപ്പെടുത്തും. വിലകുറഞ്ഞ അസംസ്കൃത വസ്തുക്കൾ ഉത്പാദനച്ചെലവു കുറയ്ക്കുകയും MSMEകൾക്ക് ഉത്തേജനം പകരുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

കൃഷിയും മൃഗസംരക്ഷണവും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഇരട്ട എൻജിനുകളാണ്. തേനീച്ച വളർത്തൽ, ക്ഷീരോത്പാദനം, മൃഗസംരക്ഷണം, സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് അനുവദിച്ചിരിക്കുന്ന ജിഎസ്ടി ഇളവുകൾ ഗ്രാമപ്രദേശങ്ങളിൽ പുതിയ ഊർജം പകരും. കർഷകരുടെ ചെലവുകൾ കുറയുകയും അവരുടെ വരുമാനം ഉയരുകയും ചെയ്യുമ്പോൾ, അവർ സ്വാഭാവികമായും വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, മെച്ചപ്പെട്ട ജീവിതനിലവാരം എന്നിവയിൽ കൂടുതൽ നിക്ഷേപിക്കും. ധനസഹായങ്ങളിലൂടെയല്ല; മറിച്ച്, ശാക്തീകരണത്തിലൂടെയാണു ഗ്രാമീണ ഇന്ത്യയുടെ സമഗ്ര വികസനം ആരംഭിക്കുന്നത്.

ജൈവ- പ്രകൃതിദത്ത കൃഷിയാണ് ഇന്ത്യൻ കാർഷിക മേഖലയുടെ ഭാവി എന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും ഊന്നൽ നൽകിയിട്ടുണ്ട്. ലോകം സുസ്ഥിര കൃഷിയിലേക്കും പാരിസ്ഥിതിക സന്തുലിതാവസ്ഥയിലേക്കും നീങ്ങുന്ന സമയത്ത്, ജൈവ കീടനാശിനികളുടെയും സൂക്ഷ്മ പോഷകങ്ങളുടെയും ജിഎസ്ടി 12-ൽനിന്ന് 5% ആയി കുറയ്ക്കാനുള്ള ഗവണ്മെന്‍റ് തീരുമാനം സമയോചിതവും ദീർഘവീക്ഷണമുള്ളതുമാണ്. രാസവളങ്ങളിൽനിന്നു ജൈവ ചേരുവകളിലേക്കു മാറാൻ ഇതു കർഷകരെ പ്രോത്സാഹിപ്പിക്കും. ഇതിന്‍റെ ഫലങ്ങൾ പരിവർത്തനാത്മകമാകും. സമ്പന്നമായ മണ്ണിന്‍റെ ഫലഭൂയിഷ്ഠത, ആരോഗ്യകരമായ ഭൂമി, കൃഷിച്ചെലവു കുറയ്ക്കൽ എന്നീ നേട്ടങ്ങളുണ്ടാകും. മിക്ക ഇന്ത്യൻ കൃഷിയിടങ്ങളും ചെറുകിട കൈവശഭൂമികളായതിനാൽ, സുസ്ഥിര വരുമാനവളർച്ച ഉറപ്പാക്കുന്നതിനു സംയോജിത കൃഷിയും അനുബന്ധപ്രവർത്തനങ്ങളും ഗവണ്മെന്‍റ് പതിവായി പ്രോത്സാഹിപ്പിക്കുകയാണ്.

അതുപോലെ നിർണായകമാണു മൂല്യവർധനയും. ഭക്ഷ്യസംസ്കരണ വ്യവസായത്തിന് ജിഎസ്ടി പരിഷ്കാരങ്ങൾ ശക്തമായ ഉത്തേജനം നൽകിയിട്ടുണ്ട്. ശീതസംഭരണികളിലും സംസ്കരണ യൂണിറ്റുകളിലും കൂടുതൽ നിക്ഷേപം വരുന്നതോടെ, കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ കൂടുതൽ കാലം സംരക്ഷിക്കാനും മികച്ച വിലയ്ക്കു വിൽക്കാനും കഴിയും. ഒരു നയമോ കരാറോ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കന്നുകാലി പരിപാലകരുടെയും താത്പര്യങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച് ഉറപ്പുനൽകിയിട്ടുണ്ട്. ഈ പരിഷ്കാരങ്ങൾ ആ പ്രതിജ്ഞാബദ്ധതയുടെ ജീവസുറ്റ തെളിവാണ്. ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കുകയും ഇന്ത്യയിൽ നിർമിക്കൽ, സ്വയംപര്യാപ്ത ഇന്ത്യ എന്നിവയ്ക്ക് ആക്കം കൂട്ടുകയും ചെയ്യും.

ഗ്രാമീണ അഭിവൃദ്ധിയുടെ നെടുംതൂണുകൾ സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകളാണ്. ജിഎസ്ടി പരിഷ്കാരങ്ങൾ അവരുടെ പ്രവർത്തനച്ചെലവു കുറയ്ക്കുകയും ചെറുകിട ഗ്രാമീണ വ്യവസായങ്ങൾ അഭിവൃദ്ധി പ്രാപിക്കാൻ സഹായിക്കുകയും ചെയ്തു. ഗ്രാമങ്ങളിൽ പുതിയ സംസ്കരണ യൂണിറ്റുകൾ, സംഭരണസൗകര്യങ്ങൾ, ഗതാഗതശൃംഖലകൾ എന്നിവ ഉയർന്നുവരുമ്പോൾ, സംരംഭകത്വത്തിനും തൊഴിലിനും പുതിയ വഴികൾ തുറക്കും. നികുതി കുറയ്ക്കുക എന്നതിനർഥം ഉയർന്ന വിത്പന, പുതിയ തൊഴിലവസരങ്ങൾ, സ്വന്തം ഗ്രാമങ്ങളിൽ സ്വയംപര്യാപ്തരാകാൻ ശാക്തീകരിക്കപ്പെടുന്ന യുവതലമുറ എന്നിവയാണ്.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ യഥാർഥത്തിൽ ""ദീർഘകാലം നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥ''യാക്കി മാറ്റുന്ന "സ്വദേശി സേ സമൃദ്ധി' (സ്വയംപര്യാപ്തതയിലൂടെ അഭിവൃദ്ധി) എന്ന നമ്മുടെ കൂട്ടായ ദൃഢനിശ്ചയം ഈ പരിഷ്കാരങ്ങൾ സാക്ഷാത്കരിക്കുമെന്ന് എനിക്കുറപ്പുണ്ട്. നികുതിനിരക്കുകൾ കുറയ്ക്കുക മാത്രമല്ല ഈ മാറ്റങ്ങൾ ലക്ഷ്യമിടുന്നത്; കർഷകർ, ചെറുകിട വ്യാപാരികൾ, മൃഗസംരക്ഷണ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ഗ്രാമീണ സംരംഭങ്ങളെ നയിക്കുന്ന സ്ത്രീകൾ എന്നിവരുടെ ജീവിതത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ധാർമികവും സാമ്പത്തികവുമായ പ്രതിജ്ഞാബദ്ധതയെക്കൂടി അവ പ്രതിനിധാനം ചെയ്യുന്നു. "ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം', "അന്ത്യോദയ' എന്നിവയുടെ ചൈതന്യത്താൽ നയിക്കപ്പെടുന്ന നമ്മുടെ ഗവണ്മെന്‍റ്, കൃഷിയിടങ്ങളുടെയും കർഷകരുടെയും അഭിവൃദ്ധിയാണു രാജ്യത്തിന്‍റെ പുരോഗതിയുടെ യഥാർഥ അളവുകോലെന്നു തെളിയിക്കുകയാണ്.

ഈ ദീപാവലി, "സ്വദേശി സേ സമൃദ്ധി' എന്ന പ്രമേയത്തോടെ ഇന്ത്യ ആഘോഷിക്കും. ഓരോ വീട്ടിലും സ്വയംപര്യാപ്തതയുടെ ജ്വാലകൾ തെളിച്ച്, "ജയ് സ്വദേശി' എന്ന മുദ്രാവാക്യം മുഴക്കി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ "വികസിത ഇന്ത്യ'എന്ന കാഴ്ചപ്പാടിലേക്കു നാം ആത്മവിശ്വാസത്തോടെ മുന്നേറും.

"ഇന്ത്യ ഏറ്റവും അടുത്ത സുഹൃത്ത്''; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി താലിബാൻ വിദേശകാര്യ മന്ത്രി

മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ ഗൾഫ് പര‍്യടനം; അനുമതി നിഷേധിച്ച് കേന്ദ്രം

കഫ് സിറപ്പ് കുടിച്ചുള്ള മരണങ്ങളിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി

വിൻഡീസിനെ അടിച്ചു തകർത്ത് ജയ്സ്വാളും സായും; സ്കോർ 200 കടന്നു

കാർ വാങ്ങി നൽകാഞ്ഞതിന്‍റെ പേരിൽ തർക്കം; മകന്‍റെ തല അടിച്ചു പൊട്ടിച്ച് അച്ഛൻ