വാക്കു മാത്രം പോരാ, പ്രവൃത്തിയിലും കാണണം

 

credit: metro vaartha

Special Story

വാക്കു മാത്രം പോരാ, പ്രവൃത്തിയിലും കാണണം

ഇന്ത്യയ്ക്കു വിദേശനാണ്യം നേടിത്തരുന്ന കാര്യത്തിലും വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലെ മുന്നേറ്റങ്ങളിലും കേരളം ഏറെ മുന്നോട്ടുപോയിട്ടുണ്ട്.

Reena Varghese

ജ്യോത്സ്യൻ|ഗ്രഹനില

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തവണത്തെ തിരുവനന്തപുരം സന്ദർശനത്തെ വലിയ പ്രതീക്ഷകളോടെയാണ് കേരളം കാത്തിരുന്നത്. എയിംസ്, അതിവേഗ റെയ്‌ൽപാത, കേന്ദ്ര സാമ്പത്തിക സഹായം തുടങ്ങിയ കേരളത്തിന്‍റെ ചിരകാല ആവശ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെയെങ്കിലും കുറിച്ച് തിരുവനന്തപുരത്ത് വ്യക്തമായ പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു പൊതുവായ പ്രതീക്ഷ.

എന്നാൽ, അമൃത് ഭാരത് ട്രെയ്‌നുകളുടെയും തൃശൂർ- ഗുരുവായൂർ പാസഞ്ചറിന്‍റെയും ഫ്ലാഗ് ഒഫ് ചടങ്ങിലോ, പിന്നീടു പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത പൊതുസമ്മേളനത്തിലോ കേരളത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഒരു പ്രഖ്യാപനവും ഉണ്ടായില്ല എന്നത് കേരളീയർക്കുണ്ടാക്കിയ നിരാശ ചെറുതല്ല.

ബിജെപി അധികാരത്തിൽ വന്നാൽ തിരുവനന്തപുരത്തിന്‍റെ വികസനത്തിന് ഗുണകരമായ നിരവധി പദ്ധതികൾ നടപ്പാക്കപ്പെടുമെന്ന വാഗ്ദാനങ്ങളും പ്രതീക്ഷകളും ഇതിനു മുമ്പ് ഉയർന്നിരുന്നു. അതിവേഗ റെയ്‌ൽ പാതയെക്കുറിച്ച് "മെട്രോ മാൻ' ഇ. ശ്രീധരൻ ഡൽഹിയിൽ റെയ്‌ൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചകൾക്കു ശേഷം 90 ദിവസത്തിനുള്ളിൽ വിശദമായ പദ്ധതിരേഖ (ഡിപിആർ) തയാറാക്കുമെന്നും, പദ്ധതിയുമായി ബന്ധപ്പെട്ട ഓഫിസ് പൊന്നാനിയിൽ ആരംഭിക്കുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ പ്രഖ്യാപനങ്ങളൊന്നും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പരാമർശിക്കപ്പെട്ടില്ല.

കേരളത്തിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനെ സന്ദർശിച്ചപ്പോൾ, കേരളത്തിന് ലഭിക്കേണ്ട 25,000 കോടി രൂപയുടെ കുടിശികയിൽ നിന്നും പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയശേഷം കുറഞ്ഞത് 10,000 കോടി രൂപയെങ്കിലും അനുവദിക്കാമെന്ന പ്രതീക്ഷയും കൊടുത്തിരുന്നു. വയനാട് ദുരന്ത ഭൂമി പ്രധാനമന്ത്രി നേരിട്ടു സന്ദർശിച്ച സാഹചര്യത്തിൽ കേന്ദ്ര ദുരിതാശ്വാസ നിധിയിൽ നിന്ന് ഗണ്യമായ സഹായം പ്രഖ്യാപിക്കപ്പെടുമെന്ന വിശ്വാസവും ഉണ്ടായിരുന്നു. എന്നാൽ അതും യാഥാർഥ്യമായില്ല.

കേരളത്തിന്‍റെ ദീർഘകാല സ്വപ്ന പദ്ധതിയായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിനായി (എയിംസ്) കോഴിക്കോട്ട് 200 ഏക്കർ ഭൂമി ഏറ്റെടുത്ത വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുള്ളതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ നടത്തിയ സന്ദർശനത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്തിയതുമാണ്.

ഇതിനൊപ്പം തന്നെ, കേരളത്തിലെ ബിജെപിയുടെ ചരിത്രത്തിൽ അഭിമാനമായി തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷന്‍റെ ഭരണം പാർട്ടിക്ക് ലഭിച്ച പശ്ചാത്തലവും, ഏതാനും മാസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാഷ്‌ട്രീയ സാഹചര്യവും കേന്ദ്ര സഹായങ്ങളുടെ "പേമാരി' പ്രതീക്ഷിക്കാൻ ഇടയാക്കിയിരുന്നു. എന്നാൽ സാധാരണയുള്ള പൊതു രാഷ്‌ട്രീയ പരാമർശങ്ങൾക്കപ്പുറം ഒന്നും പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല.

""ഭാരതത്തിന്‍റെ വികസനം കേരളത്തിലൂടെ'' എന്ന പ്രസ്താവന കേരളീയരുടെ സ്ഥിരോൽസാഹവും വെല്ലുവിളികൾ നേരിടാനുള്ള കരുത്തുമാണ് കാണിക്കുന്നത്. ഇന്ത്യയ്ക്കു വിദേശനാണ്യം നേടിത്തരുന്ന കാര്യത്തിലും വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലെ മുന്നേറ്റങ്ങളിലും കേരളം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. എന്നിരുന്നാലും കേരളത്തിന് ഇനിയും മുന്നോട്ടുപോകാനുണ്ട്.

അതിന് ഫെഡറലിസത്തിന്‍റെ മൗലിക തത്വങ്ങൾ പാലിച്ചുകൊണ്ട് കേന്ദ്രത്തിന്‍റെ ന്യായമായ പിന്തുണ അനിവാര്യമാണ്. കേരളവും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന ബോധ്യം ഡൽഹിയിലെ ഭരണാധികാരികൾക്ക് വാക്കിലൂടെ മാത്രമല്ല, പ്രവൃത്തിയിലൂടെയും തെളിയിക്കാനാകണം. അത്തരമൊരു സന്ദേശമാണ് ഈ സന്ദർശനത്തിലൂടെ കേരളം പ്രതീക്ഷിച്ചത്. അതുണ്ടാകാതെ പോയത് കേരളീയരെ വലിയ നിരാശയിലാഴ്ത്തി എന്നാണ് ജോത്സ്യന് പറയാനുള്ളത്.

അണ്ടർ-19 ലോകകപ്പ്: ആറാം വട്ടവും ഇന്ത്യക്ക് കിരീടം

ടി20 ലോകകപ്പ്: ഇന്ത്യ ഇറങ്ങുന്നു

ഇന്ത്യ - ജിസിസി വ്യാപാര കരാർ ചർച്ച തുടങ്ങുന്നു

'പ്രസവിക്കാൻ ആരെയും നിർബന്ധിക്കാനാവില്ല', പതിനേഴുകാരിയുടെ ഗർഭഛിദ്രത്തിന് കോടതിയുടെ അനുമതി

"കോൺഗ്രസാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത്": മുഖ്യമന്ത്രി