തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

 
Special Story

മാതൃകയാകട്ടെ, പുതിയ ദേവസ്വം ബോര്‍ഡ്

ശബരിമലയിലെ സ്വര്‍ണക്കൊള്ള പോലുള്ള നാണം കെട്ട സംഭവങ്ങളുടെ അടിസ്ഥാന കാരണം ദേവസ്വം ബോര്‍ഡുകളിലെ കുത്തഴിഞ്ഞ ഭരണ സംവിധാനമാണ്

Aswin AM

വെള്ളാപ്പള്ളി നടേശന്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി ഭരണ നിപുണനും ഉന്നതപദവികളില്‍ ദീര്‍ഘകാല അനുഭവ സമ്പത്തുമുള്ള റിട്ട. ഐഎഎസുകാരനായ കെ. ജയകുമാറിനെയും അംഗമായി സിപിഐ നേതാവും മുന്‍ മന്ത്രിയുമായ കെ. രാജുവിനെയും സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചതിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. ജയകുമാര്‍ സിവില്‍ സര്‍വീസില്‍ മികവു തെളിയിച്ച സമർഥനായ ഉദ്യോഗസ്ഥനാണ്. കേരളത്തിന്‍റെ ചീഫ് സെക്രട്ടറിയായിരുന്നു. സുപ്രധാനമായ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. രാജുവാകട്ടെ ഒരു ചീത്തപ്പേരും കേള്‍പ്പിക്കാതെ മന്ത്രി പദവിയില്‍ ഇരുന്നയാളാണ്.

ശബരിമലയിലെ സ്വര്‍ണക്കൊള്ള പോലുള്ള നാണം കെട്ട സംഭവങ്ങളുടെ അടിസ്ഥാന കാരണം ദേവസ്വം ബോര്‍ഡുകളിലെ കുത്തഴിഞ്ഞ ഭരണ സംവിധാനമാണ്. ബോര്‍ഡുകളെ ശുദ്ധീകരിക്കാനും അഴിമതിമുക്തമാക്കാനും സീനിയര്‍ ഐഎഎസുകാരെ സാരഥികളായി നിയമിക്കണം എന്നത് എസ്എന്‍ഡിപി യോഗത്തിന്‍റെയും യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ എന്‍റെയും ആവശ്യമായിരുന്നു. അത് അംഗീകരിക്കാന്‍ തയാറായ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി. മുഖ്യമന്ത്രി തന്നെയാണ് ഈ പേര് നിര്‍ദേശിച്ചതെന്ന് അറിയുന്നതില്‍ ഏറെ സന്തോഷവുമുണ്ട്.

തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും കറകളഞ്ഞ ഭക്തനും ജനപ്രിയനുമായ ജയകുമാറിനെ ഈ പദവിയിലേക്കു തെരഞ്ഞെടുത്തതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. അഡ്വ. കെ. രാജു സുദീര്‍ഘമായ പൊതുപ്രവര്‍ത്തന പരിചയമുള്ളയാളാണ്. ആദ്യ പിണറായി വിജയന്‍ മന്ത്രിസഭയില്‍ വനം വകുപ്പിനെ പൊന്നുപോലെ നോക്കിയ, ഒരു ആരോപണവും കേള്‍പ്പിക്കാത്ത, അഴിമതിയുടെ നിഴല്‍പോലും ഏശാത്ത, സംശുദ്ധ രാഷ്‌ട്രീയത്തിന്‍റെ വക്താവും ഭരണസാമർഥ്യവുമുള്ള മന്ത്രിയുമായിരുന്നു. ക്ഷീര വികസന- മൃഗ സംരക്ഷണ വകുപ്പുകളെയും സമർഥമായി നയിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ രണ്ടുപേരും എന്തുകൊണ്ടും ഈ പദവിക്ക് യോജിച്ചവരാണ്.

മാറിമാറി വന്ന സര്‍ക്കാരുകളൊന്നും ദേവസ്വം ഭരണത്തെ ഗൗരവമായി കണ്ടിട്ടില്ല. ബോര്‍ഡുകളിലെ രാഷ്‌ട്രീയവത്കരണവും ദുര്‍ഭരണവും തീവെട്ടിക്കൊള്ളയും കേരളത്തിലെ ഹൈന്ദവ ഭൂരിപക്ഷ ജനതയുടെ മനസുകളില്‍ സൃഷ്ടിച്ച മുറിവുകളുടെ വേദന ഭരണാധികാരികള്‍ ഗൗനിച്ചിട്ടില്ല. രാഷ്‌ട്രീയ ഭിക്ഷാംദേഹികളുടെ അഭയസ്ഥാനമായിരുന്നു ദേവസ്വം ബോര്‍ഡുകള്‍. അധികാരത്തിന്‍റെ ശീതളിമയില്‍ രണ്ടുവര്‍ഷത്തെ സുഖവാസവും ധനസമ്പാദനവും മാത്രമായിരുന്നു ഭൂരിഭാഗം പേരുടെയും ലക്ഷ്യം. സര്‍ക്കാര്‍ നിയന്ത്രിക്കുന്ന അഞ്ചു ദേവസ്വം ബോര്‍ഡുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയും തിരുവല്ലവും വൈക്കവും ഏറ്റുമാനൂരും അമ്പലപ്പുഴയും തൃക്കാക്കരയും ചെങ്ങന്നൂരും ആറന്മുളയും ഉള്‍പ്പടെ പ്രമുഖവും പ്രശസ്തവുമായ ഒട്ടനവധി ക്ഷേത്രങ്ങള്‍ ഈ ബോര്‍ഡിനു കീഴിലാണ്. പതിനായിരക്കണക്കിനു കോടിയുടെ ഭൂസ്വത്തുക്കളും അമൂല്യ പൗരാണിക വസ്തുക്കളുടെ ശേഖരവും കോടിക്കണക്കിനു ഭക്തരുടെ വിശ്വാസവും കാത്തുസൂക്ഷിക്കേണ്ട ബാധ്യതയുമുള്ള സംവിധാനമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മതപരവും ചരിത്രപരവും സാംസ്‌കാരികവും ആചാരപരവുമായ ഒട്ടേറെ സങ്കീര്‍ണതകളും സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടിവരും. വിശ്വാസികളുടെ ആത്മീയവും ഭൗതികവുമായ ക്ഷേമത്തിന് ഇത്ര വലിയ സമ്പത്തു കൊണ്ട് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാവുമെങ്കിലും അതൊന്നും നടക്കുകയുണ്ടായില്ല.

തിരുവിതാംകൂര്‍ രാജാവിന്‍റെ ഭരണത്തിലായിരുന്ന ദേവസ്വം വകുപ്പ് സ്വാതന്ത്ര്യാനന്തരം രാഷ്‌ട്രപതിയും രാജാവും തമ്മില്‍1949ല്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് ആയി മാറുകയായിരുന്നു. ബോര്‍ഡിന് കീഴിലുള്ള 1,252 ക്ഷേത്രങ്ങളില്‍ കേവലം 50- 60 എണ്ണം മാത്രമാണ് സ്വന്തം വരുമാനം കൊണ്ട് നിലനില്‍ക്കുന്നത്. വര്‍ഷാവര്‍ഷം ശബരിമലയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് മറ്റു ക്ഷേത്രങ്ങളിലെ നിത്യനിദാനം നടക്കുന്നത്. 15,000ത്തോളം ജീവനക്കാരും ഈ പ്രസ്ഥാനത്തിന് കീഴിലുണ്ട്. മഹാരാജാവ് കൈമാറിയ ഭൂസ്വത്തുക്കളില്‍ നല്ലൊരു ഭാഗം അന്യാധീനപ്പെട്ടു. ശബരിമല ഉള്‍പ്പടെ പ്രധാന ക്ഷേത്രങ്ങളിലെ അമൂല്യവസ്തുക്കളിലെ ഏറിയ പങ്കും അപഹരിക്കപ്പെട്ടു. ഭക്തര്‍ സമര്‍പ്പിക്കുന്ന സ്വര്‍ണവും ശാസ്ത്രീയമായ രീതിയില്‍ എങ്ങനെ തട്ടിക്കൊണ്ടുപോയി എന്നതിന്‍റെ ഉദാഹരണമാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ള. പോറ്റിമാരും വാസുമാരും ശാസ്താവിനെ വരെ വിറ്റേനെ. ഭഗവാന്‍റെ ശക്തി കൊണ്ടാകണം ശബരിമല ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങള്‍ ഇങ്ങനെയെങ്കിലും അവശേഷിക്കുന്നത്.

ദേവസ്വം ബോര്‍ഡുകളില്‍ ഭക്തരുടെയും ജനസമൂഹത്തിന്‍റെയും വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് കെ. ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേവസ്വം ബോര്‍ഡ് ചുമതലയേല്‍ക്കുന്നത്. കര്‍ശനവും സത്യസന്ധവുമായ പ്രവൃത്തികളിലൂടെ ബോര്‍ഡില്‍ സമൂഹത്തിനുള്ള വിശ്വാസം വീണ്ടെടുക്കലും സുതാര്യവും കാര്യക്ഷമവുമായ ഭരണം നിര്‍വഹിക്കലുമാണ് പുതിയ ഭരണ സമിതിയുടെ പ്രാഥമിക ചുമതല. അതു ലളിതമായ കാര്യമല്ല. 76 കൊല്ലത്തെ ദുര്‍ഭരണം ആ സംവിധാനത്തെ അത്രമേല്‍ ദുഷിപ്പിച്ചിട്ടുണ്ടെന്നറിയാം. എങ്കിലും ജയകുമാറിലും രാജുവിലും ഈ നാട്ടിലെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. രണ്ടു വര്‍ഷ ഭരണ കാലാവധി കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുക എളുപ്പമല്ല. എങ്കിലും ദേവസ്വം ബോര്‍ഡിന്‍റെ അടിസ്ഥാനപരമായ പോരായ്മകള്‍ പരിഹരിക്കാന്‍ നിങ്ങളുടെ അനുഭവസമ്പത്തിനും കാര്യശേഷിക്കും തീരുമാനങ്ങള്‍ക്കും കഴിയും. കേരളത്തിലെ ഹൈന്ദവ ഭക്തരുടെ വിശ്വാസമാണത്. അതിനുള്ള സ്വാതന്ത്ര്യം പിണറായി വിജയന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും ഞങ്ങള്‍ കരുതുന്നു.

മുന്‍കാലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പടെയുള്ള ദേവസ്വം ബോര്‍ഡിന്‍റെ നിയമനങ്ങളില്‍ കോടികളുടെ തട്ടിപ്പും സ്വജനപക്ഷപാതവുമായിരുന്നു നടന്നു വന്നത്. ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് നിലവില്‍ വന്നതിനാല്‍ ആ കൊള്ളയുടെ വഴിയടഞ്ഞു. ഇനി നിലവിലുള്ള ജീവനക്കാരുടെ നിയന്ത്രണവും ക്ഷേത്രം നടത്തിപ്പും സ്വത്തുക്കളുടെ പരിപാലനവുമാണ് ചിട്ടയിലാകേണ്ടത്. ക്ഷേത്രങ്ങള്‍ക്ക് പണം ഒരു പ്രതിബന്ധമല്ല. ദരിദ്രന്‍റെ നാണയത്തുട്ടും അംബാനിയുടെ കോടികളും വരുന്നയിടമാണ് നമ്മുടെ ക്ഷേത്രങ്ങള്‍. ഭണ്ഡാരത്തിലിടുന്ന പണം യഥാവിധി വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തിയാല്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ സമര്‍പ്പണവുമായി മുന്നോട്ടു വരും. കേരളത്തില്‍ ഏറ്റവും ദാരിദ്ര്യത്തില്‍ ജീവിക്കുന്ന ജനസമൂഹം ഹൈന്ദവരിലാണ്. ക്ഷേത്ര വരുമാനം വേണ്ട രീതിയില്‍ വിനിയോഗിച്ചാല്‍ കുറഞ്ഞപക്ഷം അവരുടെയെങ്കിലും ജീവിതം മെച്ചപ്പെടുത്താം. ഓരോ ക്ഷേത്രവും അവര്‍ക്ക് ആശ്രയ കേന്ദ്രമാകണം. വിദ്യാഭ്യാസവും ആതുര സേവനവുമുള്‍പ്പടെ ചെയ്യാന്‍ സാധിക്കുന്ന പല കാര്യങ്ങളുമുണ്ട്.

തട്ടിപ്പിനും തരികിടകള്‍ക്കുമുള്ള എല്ലാ പഴുതുകളും അടച്ച്, സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ ഭരണ സംവിധാനങ്ങള്‍ കൊണ്ടുവന്ന് ജീവനക്കാരുടെയും സ്വത്തുക്കളുടെയും കൈകാര്യം കാര്യക്ഷമമായി നിര്‍വഹിക്കാനും ക്ഷേത്രാചാരങ്ങള്‍ കൃത്യതയോടെ നടക്കുന്നുവെന്ന് ഉറപ്പുവരുത്താനും പുതിയ ഭരണസമിതിക്കു കഴിയണം. ഭാവിയിലേക്കുള്ള മാതൃകയായി അത് മാറ്റാനാകട്ടെ. കഴകക്കാര്‍ മുതല്‍ പൂജാരിമാര്‍ വരെയുള്ളവരാണ് ക്ഷേത്രങ്ങളുടെ ഐശ്വര്യത്തിനു പിന്നില്‍. പക്ഷേ, അവരിപ്പോള്‍ ദേവസ്വത്തിലെ രണ്ടാംകിട പൗരന്മാരാണ്. അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരെപ്പോലെ തന്നെ ക്ഷേത്രം ജീവനക്കാര്‍ക്കും തുല്യപദവികള്‍ നല്‍കി അന്തസോടെ ജോലി ചെയ്യാനുള്ള സൗകര്യവും ഒരുക്കേണ്ടതുണ്ട്. വീഴ്ചകള്‍ വരുത്തുന്നവരെയും കട്ടു തിന്നുന്നവരെയും നിര്‍ദാക്ഷിണ്യം കൈകാര്യം ചെയ്യുകയും വേണം.

സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഒരു സംസ്‌കാരത്തിന്‍റെ ശേഷിപ്പുകളാണ് ക്ഷേത്രങ്ങള്‍. ദേവന്‍റെ സ്വത്താണ് ദേവസ്വം. രാജഭരണ കാലത്ത് ദേവന് ഒരു കുറവും വരാതെ ക്ഷേത്രങ്ങള്‍ പരിപാലിക്കപ്പെട്ടിരുന്നു. നിയമ ദൃഷ്ടിയില്‍ ദേവന്‍ മൈനറാണ്. ദേവസ്വത്തുക്കള്‍ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള ദേവസ്വം ബോര്‍ഡുകള്‍ ദൗര്‍ഭാഗ്യവശാല്‍ അതു മാത്രമാണ് ചെയ്യാതിരുന്നത്. സംഭവിച്ച പിഴവുകളെല്ലാം പരിഹരിക്കാന്‍ സാധിക്കണമെന്നില്ല. എങ്കിലും, ഇനിയെന്ത് എന്ന ചോദ്യത്തിന്‍റെ ഇപ്പോഴത്തെ ഉത്തരമാണ് പുതിയ ദേവസ്വം ബോര്‍ഡ്. ദേവസ്വം ഭരണത്തിന് പുതിയൊരു മാതൃക സൃഷ്ടിക്കാന്‍ കെ. ജയകുമാറിന്‍റെ നേതൃത്വത്തിന് കഴിയട്ടെ. നിങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അത് കാത്തുസൂക്ഷിക്കുക.

(എസ്എൻഡിപി യോഗം മുഖപത്രമായ "യോഗനാദ'ത്തിന്‍റെ 2025 നവംബര്‍ 16 ലക്കത്തിൽ മാനെജിങ് എഡിറ്റർ എന്ന നിലയിൽ എഴുതിയ മുഖപ്രസംഗം)

ഇറാനിൽ സൈനിക നടപടി ഉടനെന്ന് റിപ്പോർട്ട്

അണ്ടർ-19 ലോകകപ്പ്: പട്ടേലിന് 5 വിക്കറ്റ്, ഇന്ത്യക്ക് ജയത്തോടെ തുടക്കം

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ

ഗാസയിൽ രണ്ടാം ഘട്ട വെടിനിർത്തൽ പദ്ധതി പ്രഖ്യാപിച്ച് യുഎസ്

ബംഗ്ലാദേശ് താരത്തെ 'ഇന്ത‍്യൻ ഏജന്‍റ് 'എന്ന് വിളിച്ചു; ബോർഡ് അംഗത്തെ പുറത്താക്കി ബിസിബി