കൊള്ളയും കൊലയും കൊണ്ട് അധോലോകത്തിലെ രാജാവായി വാഴുന്ന കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിം. ദാവൂദിന്‍റെ ചോരക്കളികളുടെ കഥകൾ അറിയാത്തവർ ചുരുക്കമായിരിക്കും.. പക്ഷേ അധോലോകത്തെ അടക്കി ഭരിച്ചിരുന്ന ദാവൂദിനെ കൊന്നു തള്ളാൻ അസാധാരണമായ പകയുമായി പൊരുതിയ സപ്ന ദീദിയെ അധികമാരും അറിയില്ല. എതിരാളികളില്ലാതെ വിലസിയിരുന്ന ദാവൂദിന്‍റെ പുറകേ കൂടിയ പെൺപകയുടെ കഥ..
അധോലോകത്തിലെ പെൺകുട്ടി
അഷ്റഫ് എന്ന സാധാരണ പെൺകുട്ടി സപ്ന ദീദി എന്ന പേരുമായി അധോലോകത്തിന്‍റെ ഇരുണ്ട അറകളിലേക്ക് കടന്നു ചെന്നത് അവിചാരിതമായായിരുന്നു. 1990കളിൽ ദാവൂദിന്‍റെ ആജ്ഞ പ്രകാരം അഷ്റഫിന്‍റെ ഭർത്താവ് മഹ്മൂദ് ഖാനെ ഗുണ്ടകൾ കൊന്നു തള്ളി. ദാവൂദിന്‍റെ ആജ്ഞ അനുസരിച്ചില്ലെന്ന കുറ്റമായിരുന്നു ആ കൊലയുടെ കാരണം. അന്നു മുതലാണ് അഷ്റഫിന്‍റെ മനസിൽ വൈരാഗ്യം പുകഞ്ഞു തുടങ്ങിയത്. സപ്ന ദീദിയെന്ന പുതിയ പേര് സ്വീകരിച്ച അഷ്റഫ് ദാവൂദിന്‍റെ അക്കാലത്തെ ശത്രുവായ ഹുസൈൻ ഉസ്താരയുമായി മനപ്പൂർവം അടുത്തു.
ശത്രുവിന്‍റെ ശത്രു മിത്രം
ദാവൂദിനെ കൊല്ലാനുള്ള എല്ലാ പരിശീലനവും സപ്ന പൂർത്തിയാക്കിയത് ഹുസൈന്‍റെ കീഴിലായിരുന്നു. ശത്രുവിന്‍റെ ശത്രു മിത്രം എന്ന നയമായിരുന്നു സപ്നയുടേത്. അധോലോകത്തിലെ ഓരോ കുഞ്ഞു പുൽക്കൊടിയെക്കുറിച്ചും ഹുസൈൻ സപ്നയെ പഠിപ്പിച്ചു. അതു വരെയും ബുർഖ ധരിച്ച് ഭർത്താവിനെ അനുസരിച്ച് കഴിഞ്ഞിരുന്ന പാവം പെൺകുട്ടി കൈയിൽ തോക്കുമേന്തി ജീൻസണിഞ്ഞ് മോട്ടോർ ബൈക്കിൽ സഞ്ചരിക്കുന്ന ആരെയും പേടിയില്ലാത്ത ഗാംങ്സ്റ്റർ ആയി മാറിയത് പെട്ടെന്നായിരുന്നു. ദാവൂദിന്‍റെ നീക്കങ്ങൾ തിരിച്ചറിഞ്ഞ് ഡി കമ്പനിയെ തകർത്ത് തരിപ്പണമാക്കാനായിരുന്നു സപ്നയുടെ പദ്ധതി. അതിനുള്ള സപ്നയുടെ പിടിവള്ളിയായിരുന്നു ഹുസൈനുമായുള്ള അടുപ്പം. നേപ്പാളിൽ നിന്നും ഇന്ത്യയിലേക്കുള്ള ദാവൂദിന്‍റെ ആയുധക്കടത്തിനെ പോലും സപ്ന ലക്ഷ്യമിട്ടു. ദാവൂദിന്‍റെ ബിസിനസുകളെ നിരന്തരം ലക്ഷ്യമിട്ടു തുടങ്ങിയതോടെ അധോലോകത്തിൽ സപ്നയെ ശ്രദ്ധേയയാക്കി. ഡി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഡാൻസ് ബാറുകളും ചൂതാട്ടകേന്ദ്രങ്ങളുമെല്ലാം അടപ്പിക്കാനായിരുന്നു സപ്നയുടെ ശ്രമം. അക്കാലത്താണ് ദാവൂദിനോട് പകയുള്ള ഒരു കൂട്ടം മുസ്ലിം യുവാക്കളെ സപ്നയ്ക്കു കൂട്ടായി കിട്ടിയത്. അക്കാലത്താണ് ദാവൂദിന് നരന്തരം സപ്ന ഭീഷണിയായി മാറിയിരുന്നതും.
കൊലപാതകശ്രമം, ഒടുവിൽ മരണം
സപ്നയുടെ പകയുടെ ആഴം ദാവൂദിനെ കൊല്ലാൻ പാകത്തിലുള്ളതായിരുന്നു. അങ്ങനെയാണ് ദാവൂദിനെതിരേയുള്ള വധശ്രമം അരങ്ങേറിയത്. 1990കളിൽ ഷാർജയിൽ ഇന്ത്യ-പാക് ക്രിക്കറ്റ് മാച്ച് നടക്കുന്നതിനിടെയായിരുന്നു ആ സംഭവം. സാധാരണയായി വിഐപി മുറിയിൽ ഇരുന്നാണ് ദാവൂദ് മത്സരങ്ങൾ വീക്ഷിക്കാറുള്ളത്. അതു കൊണ്ട് തന്നെ ദാവൂദിനെ കൊല്ലാനുള്ള ഉചിതമായ സമയം അതു തന്നെയാണെന്ന് സപ്ന ഉറപ്പിച്ചു. വധശ്രമത്തിനു മുന്നോടിയായി സ്റ്റേഡിയത്തിനു ചുറ്റും സ്വന്തം ആളുകളെ വിന്യസിച്ചു. പക്ഷേ അവസാന നിമിഷത്തിൽ ഗൂഢാലോചന ചോർന്നു. അതായിരുന്നു സപ്നയ്ക്കു കിട്ടിയ ആദ്യത്തെ തിരിച്ചടി. അതോടെ സപ്നയെ ഇല്ലാതാക്കാനായി ദാവൂദ് ഉറപ്പിച്ചു. 1994ൽ മുംബൈയിലെ സപ്നയുടെ വീട്ടിലേക്ക് ദാവൂദിന്‍റെ പട ഇരച്ചെത്തി. 22 തവണയാണ് സപ്നയ്ക്ക് കുത്തേറ്റത്. പരുക്കേറ്റ് രക്തമൊലിച്ച് അയൽവാസികളോട് സഹായത്തിനായി സപ്ന കേണപേക്ഷിച്ചു. പക്ഷെ ദാവൂദിനെ ഭയന്ന് ആരും സപ്നയെ സഹായിച്ചില്ല. രക്തം വാർന്ന് സപ്ന മരിച്ചു. പക ഉണ്ട് വളർന്ന പെണ്ണിന്‍റെ മരണം. . സപ്നയുടെ ജീവിതം ഇപ്പോഴും ദുരൂഹതകളുടെ കൂടാരമാണ്.