നവഭാരതത്തിലും ജീവിക്കുന്ന ബിർസ
രഞ്ജന ചോപ്ര
ഗോത്രകാര്യ മന്ത്രാലയ സെക്രട്ടറി
ഛോട്ടാനാഗ്പുരിലെ വനങ്ങളിൽ നിന്ന് ഉയർന്നുവന്ന മഹനീയരായ സ്വാതന്ത്ര്യസമര സേനാനികളെ ഇന്ത്യ അനുസ്മരിക്കുമ്പോൾ, സ്ഥിരമായ ധാർമികശക്തിയോടെ ഉയർന്നുനിൽക്കുന്ന ഒരു പേരുണ്ട്- ഭൂമിയുടെ സംരക്ഷകനായ ധർതി ആബാ എന്ന പേരിൽ ആദരിക്കപ്പെടുന്ന ഭഗവാൻ ബിർസ മുണ്ട. ഒരു ചരിത്രപുരുഷൻ മാത്രമല്ല, അദ്ദേഹം ഇന്നും അന്തസിന്‍റെയും പ്രതിരോധത്തിന്‍റെയും ആദിവാസി സ്വാഭിമാനത്തിന്‍റെയും ജീവിക്കുന്ന പ്രതീകമായി നിലകൊള്ളുന്നു. ആദിവാസി സ്വത്വം സംരക്ഷിക്കപ്പെടണം, സമത്വം അർഥവത്താകണം, വികസനം സാധാരണ ജനങ്ങളിലെത്തുമ്പോൾ അത് നീതിയോടെയായിരിക്കണം എന്ന അദ്ദേഹത്തിന്‍റെ ദർശനം, വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് ഇന്നും വഴികാട്ടുന്നു. സമഗ്ര വികസനത്തിന് പുതുക്കിയ ദേശീയ പ്രാധാന്യം നൽകിയ പന്ത്രണ്ട് വർഷങ്ങൾക്കുശേഷം, ആ ആദർശങ്ങൾ ഇന്നു നയരൂപീകരണത്തെയും ഭരണസംവിധാനത്തെയും നവ ഇന്ത്യയുടെ അഭിലാഷങ്ങളെയും രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
പൈതൃകത്തിന് അർഹമായ അംഗീകാരം
ഭഗവാൻ ബിർസ മുണ്ടയുടെ പാരമ്പര്യം ഇന്ത്യയിലുടനീളമുള്ള ആദിവാസി സമൂഹങ്ങളുടെ ഗാനങ്ങളിലും കഥകളിലും കൂട്ടായ ഓർമകളിലും ദീർഘകാലമായി തങ്ങിനിൽക്കുന്നു. 2021ൽ, അദ്ദേഹത്തിന്‍റെ ജന്മദിനമായ നവംബർ 15ന് ജൻജാതീയ ഗൗരവ് ദിവസ് ആയി പ്രഖ്യാപിച്ചുകൊണ്ട്, പ്രധാനമന്ത്രി ഈ പാരമ്പര്യത്തിന് ദേശീയ അംഗീകാരം നൽകി. ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2024 നവംബർ 15 മുതൽ 2025 നവംബർ 15 വരെ ജൻജാതീയ ഗൗരവ് വർഷം ആചരിച്ചതോടെ ഈ അംഗീകാരം കൂടുതൽ ശക്തിപ്പെട്ടു. ഈ കാലയളവിൽ രാജ്യവ്യാപകമായി ഗോത്രവർഗ അഭിമാനത്തിന്‍റെയും പൈതൃകത്തിന്‍റെയും ആഘോഷമായി രണ്ടുലക്ഷത്തിലധികം പരിപാടികൾ സംഘടിപ്പിക്കുകയും മൂന്നു കോടിയിലധികം പൗരന്മാരിലേക്ക് അവ എത്തിച്ചേരുകയും ചെയ്തു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടന്ന ഈ ആഘോഷങ്ങൾ ഗോത്ര വർഗ ജീവിതത്തിന്‍റെ സമ്പന്നതയും വൈവിധ്യവും പ്രതിഫലിപ്പിച്ചു. നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവൽ, കേരളത്തിലെ ട്രൈബൽ ലിറ്റററി ഫെസ്റ്റിവൽ, ഝാർഖണ്ഡിലെ ദേശീയ ആദിവാസി ചലച്ചിത്രോത്സവം, തെലങ്കാനയിലെ കനോ സ്പ്രിന്‍റ് ചാംപ്യൻഷിപ്പ് എന്നിവയുൾപ്പെടെയുള്ള പരിപാടികൾ ആദിവാസി സംസ്കാരത്തെയും സർഗാത്മകതയെയും കായികമികവിനെയും കഥപറച്ചിലിനെയും ദേശീയ ശ്രദ്ധാകേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. വ്യത്യസ്ത സംസ്കാരങ്ങളെയും സമൂഹങ്ങളെയും പ്രതിനിധീകരിച്ച് 11 ലക്ഷത്തിലധികം ആദിവാസി പൗരന്മാർ ഈ പരിപാടികളിൽ പങ്കെടുത്തു. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ ആദിവാസി പൈതൃകം ജീവസുറ്റതും ശക്തവുമായ ഒരു സാന്നിധ്യമാണെന്ന പ്രഖ്യാപനമായിരുന്നു ഈ ആഘോഷങ്ങൾ.
ആദിവാസി ശാക്തീകരണത്തിനും ഉൾക്കൊള്ളലിനുമായി കഴിഞ്ഞ പന്ത്രണ്ട് വർഷമായി രാജ്യത്ത് നടപ്പാക്കിയിട്ടുള്ള തുടർച്ചയായതും ലക്ഷ്യബോധത്തോടെയുള്ളതുമായ ശ്രമങ്ങളുടെ അടിസ്ഥാനത്തിൽ, ജൻജാതീയ ഗരിമ ഉത്സവ് 2026 ഈ മുന്നേറ്റത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ആദിവാസി വികസനത്തിന്‍റെ സമഗ്രമായ വിവിധ വശങ്ങളെ പ്രതിഫലിപ്പിക്കുന്ന നാലു പ്രമേയാധിഷ്‌ഠിത ആഴ്ചകളിലൂടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. അതിൽ മൂന്നാമത്തെ ആഴ്ച ഇന്ത്യയുടെ ഭാവിയുമായി ബന്ധപ്പെട്ട ഒരു നിർണായക ചോദ്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്: ഈ രാഷ്ട്രത്തെ രൂപപ്പെടുത്തിയ വ്യക്തികളെയും സമൂഹങ്ങളെയും നാം എങ്ങനെ അംഗീകരിക്കുന്നു? അവരുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാൻ അടുത്ത തലമുറയെ എങ്ങനെ ശാക്തീകരിക്കുന്നു?
ചരിത്രം വിസ്മരിച്ച പേരുകളെ വീണ്ടെടുക്കുമ്പോൾ
ആ ചോദ്യത്തിനുള്ള ഉത്തരം, മുഖ്യധാരാ ചരിത്രരേഖകളിൽ ഏറെക്കാലം വേണ്ടത്ര സ്ഥാനം ലഭിക്കാതെപോയ അനേകം ഗോത്രവർഗ നായകരെ അംഗീകരിക്കുന്നതിലൂടെയാണ് ആരംഭിക്കുന്നത്. ആദിവാസി മേഖലകളിലുടനീളം, തലമുറകളായി അധ്യാപകരും കലാകാരന്മാരും ചികിത്സകരും സാമൂഹിക പരിഷ്‌കർത്താക്കളും സമൂഹങ്ങളെ ശക്തിപ്പെടുത്തുകയും അവരുടെ സാംസ്കാരിക സ്വത്വം സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ജീവിതകഥകൾ ഇന്ത്യയുടെ ദേശീയ സ്മരണയിൽ അർഹമായ സ്ഥാനം നേടേണ്ടവയാണ്. ഈ സംഭാവനകൾ രേഖപ്പെടുത്തുന്നതിനും ആദരിക്കുന്നതിനുമായി ഇപ്പോൾ തുടർച്ചയായ ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
രാജ്യത്തുടനീളമുള്ള ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ (ടിആർഐ) ഈ ശ്രമത്തിൽ നിർണായക പങ്കുവഹിക്കുന്നു. വാമൊഴി ചരിത്രങ്ങൾ രേഖപ്പെടുത്തുക, തദ്ദേശീയ വിജ്ഞാന സമ്പ്രദായങ്ങൾ സംരക്ഷിക്കുക, ആദിവാസി ഭാഷകളും സാംസ്കാരിക പാരമ്പര്യങ്ങളും പരിപാലിക്കുക എന്നിവയാണ് ഇവയുടെ പ്രധാന പ്രവർത്തനങ്ങൾ. നിലവിൽ 26 സംസ്ഥാനങ്ങളിലെയും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 29 ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഈ രംഗത്ത് പ്രവർത്തിച്ചുവരുന്നു. 222 ആദിവാസി ഭാഷകളിലായി 355 പ്രൈമറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാവി തലമുറകൾക്കായി അമൂല്യമായ സാംസ്കാരിക അറിവുകളും പൈതൃകവും സംരക്ഷിക്കുന്നതിൽ ഈ ശ്രമങ്ങൾ വലിയ പങ്കുവഹിക്കുന്നു.
ആദിവാസി സമൂഹങ്ങളുടെ ശബ്ദങ്ങളെ ദേശീയ ചരിത്രാഖ്യാനത്തിന്‍റെ ഭാഗമാക്കി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആദിവാസി സ്വാതന്ത്ര്യസമര സേനാനി മ്യൂസിയങ്ങളിലൂടെ രൂപം പ്രാപിക്കുകയാണ്. സ്മരണയുടെയും അംഗീകാരത്തിന്‍റെയും ഇടങ്ങളായി വിഭാവനം ചെയ്തിരിക്കുന്ന ഈ മ്യൂസിയങ്ങൾ, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ആദിവാസി സമൂഹങ്ങൾ വഹിച്ച പങ്കിനെ ആദരിക്കുന്നതിനായാണ് സ്ഥാപിക്കുന്നത്. ഇതിനായി ഗോത്രകാര്യ മന്ത്രാലയം 10 സംസ്ഥാനങ്ങളിലായി 11 മ്യൂസിയങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിൽ റാഞ്ചിയിലെ ഭഗവാൻ ബിർസ മുണ്ട മ്യൂസിയവും നവ റായ്പുരിലെ ഷഹീദ് വീർ നാരായൺ സിങ് മ്യൂസിയവും ഉൾപ്പെടെ നാലെണ്ണം ഇതിനകം ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഈ സ്ഥാപനങ്ങളിലൂടെ ആദിവാസി നായകരുടെ ജീവിതകഥകൾ രേഖപ്പെടുത്തുകയും ആഘോഷിക്കപ്പെടുകയും ഇന്ത്യയുടെ കൂട്ടായ ചരിത്രസ്മരണയുടെ സ്ഥിരം ഭാഗമാക്കുകയും ചെയ്യുന്നു.
മാർഗദർശികളെ ശാക്തീകരിക്കുക
ഭൂതകാലത്തെ ആദരിക്കുന്നതിൽ നിന്ന്, യാത്ര സ്വാഭാവികമായും ഇന്നത്തെ തലമുറയെ ശാക്തീകരിക്കുന്നതിലേക്കാണ് നീങ്ങുന്നത്. ഗോത്രകാര്യ മന്ത്രാലയത്തിന്‍റെ സ്കോളർഷിപ്പ് പദ്ധതികളുടെ പ്രയോജനം ലഭിക്കുന്ന ആദിവാസി വിദ്യാർഥികളുടെ വർധിച്ചുവരുന്ന എണ്ണത്തിൽ ഇത് ഏറ്റവും വ്യക്തമായി കാണാം. ഈ വർഷം മാത്രം, അഞ്ച് സ്കോളർഷിപ്പ് പദ്ധതികളിലൂടെ 26,01,979 ആദിവാസി വിദ്യാർഥികൾക്ക് പിന്തുണ ലഭിച്ചു. ഇതിനായി 3,825.54 കോടി രൂപ ചെലവഴിച്ചു. ഇവരിൽ പലരും തങ്ങളുടെ കുടുംബത്തിൽ ആദ്യമായി ഉന്നത വിദ്യാഭ്യാസം നേടുന്നവരാണ്. അവർ വ്യക്തിപരമായ സ്വപ്നങ്ങൾ മാത്രമല്ല, മുഴുവൻ സമൂഹത്തിന്‍റെ പ്രതീക്ഷകളും മുന്നോട്ടുകൊണ്ടുപോകുകയാണ്. നിലവിലെ സ്കോളർഷിപ്പ് ഗുണഭോക്താക്കളിൽ 56 ശതമാനത്തിലധികവും സ്ത്രീകളാണ്, ഇത് ആദിവാസി വനിതാ ശാക്തീകരണത്തിന്‍റെ ശക്തമായ സൂചകവുമാണ്.
ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ (ഇഎംആർഎസ്) വ്യാപനവും വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനവും അവസരസമത്വവും ഉറപ്പാക്കാനുള്ള ഇതേ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്. 2013-14ൽ 167 ആയിരുന്ന അംഗീകൃത ഇഎംആർഎസ് സ്ഥാപനങ്ങളുടെ എണ്ണം 2025-26ൽ 723 ആയി ഉയർന്നു; ഇത് 330 ശതമാനത്തിലധികം വർധനവാണ്. അതേ കാലയളവിൽ പ്രവർത്തനസജ്ജമായ സ്കൂളുകളുടെ എണ്ണം 123ൽ നിന്ന് 499 ആയി വർധിച്ചു. വിദ്യാർഥി പ്രവേശനത്തിലും ഗണ്യമായ വർധനയുണ്ടായി; അത് 0.34 ലക്ഷത്തിൽ നിന്ന് 1.56 ലക്ഷം വിദ്യാർഥികളായി ഉയർന്നു. ആദിവാസി മേഖലകളിൽ ഗുണമേന്മയുള്ള റെസിഡൻഷ്യൽ വിദ്യാഭ്യാസം നൽകുന്നതിലൂടെ, ഇഎംആർഎസ് സ്ഥാപനങ്ങൾ ശക്തമായ വിദ്യാഭ്യാസ അടിത്തറ സൃഷ്ടിക്കാനും രാജ്യത്തുടനീളമുള്ള ആദിവാസി യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാനും സഹായിക്കുന്നു.
ഈ കണക്കുകൾ പദ്ധതികളുടെ വ്യാപനം മാത്രമല്ല പ്രതിഫലിപ്പിക്കുന്നത്; മറിച്ച് ഒരു വലിയ ഘടനാപരമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. സ്കോളർഷിപ്പുകളും ഫെല്ലോഷിപ്പുകളും ആത്മവിശ്വാസത്തിലും പ്രാതിനിധ്യത്തിലും നേതൃത്വശേഷിയിലും നടത്തുന്ന നിക്ഷേപങ്ങളാണ്. ഒരു ആദിവാസി വിദ്യാർഥിക്കും ഭൂമിശാസ്ത്രപരമായ സാഹചര്യമോ സാമൂഹിക പശ്ചാത്തലമോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനമോ കാരണം അവസരങ്ങൾ നിഷേധിക്കപ്പെടരുതെന്നതാണ് നമ്മുടെ അചഞ്ചലമായ പ്രതിബദ്ധത.
കേന്ദ്രസ്ഥാനത്ത് സ്ത്രീകൾ
ഈ വിദ്യാഭ്യാസ പരിവർത്തനത്തോടൊപ്പം, ആദിവാസി സ്ത്രീകളുടെ നേതൃത്വത്തിൽ അടിത്തട്ടിൽ ഒരു നിർണായക മാറ്റവും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. തലമുറകളായി ആദിവാസി സ്ത്രീകൾ സംസ്കാരത്തിന്‍റെയും പ്രകൃതി വിഭവങ്ങളുടെയും സാമൂഹിക ജീവിതത്തിന്‍റെയും നിശബ്ദ സംരക്ഷകരായിരുന്നു. കുടുംബങ്ങളെയും പാരമ്പര്യങ്ങളെയും അവർ നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്തു. ഇന്ത്യയിൽ 5.20 കോടി ആദിവാസി സ്ത്രീകളുണ്ട്, ഇത് ആകെ ആദിവാസി ജനസംഖ്യയുടെ ഏകദേശം പകുതിയോളം വരും. ഇന്നു അവരുടെ നേതൃത്വം ഉൾക്കൊള്ളുന്ന വികസനത്തിന്‍റെ കേന്ദ്രഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്.
നിലവിൽ 4,712 വൻ ധൻ വികാസ് കേന്ദ്രങ്ങൾക്ക് (വിഡിവികെ) അനുമതി നൽകിയിട്ടുണ്ട്. ഇതിൽ 3,365 കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമാണ്. 12.9 ലക്ഷത്തിലധികം ആളുകൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നുണ്ട്. ഗുണഭോക്താക്കളിൽ പകുതിയിലധികവും സ്ത്രീകളാണ്. ഈ ശ്രമങ്ങൾ അടിത്തട്ടിലെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം ആദിവാസി സ്ത്രീകൾക്ക് കൂടുതൽ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണവും ഉറപ്പാക്കുന്നു.
ശാശ്വതമായ പാരമ്പര്യം
ആഘോഷവും അനുസ്മരണവും വിദ്യാഭ്യാസവും സ്ത്രീ നേതൃത്വവും ചേർന്ന് ഒരു വലിയതും തുടർച്ചയായി മുന്നേറുന്നതുമായ കഥയുടെ ഭാഗമാണ്. ആത്മവിശ്വാസത്തോടെയും അന്തസോടെയും ആദിവാസി സമൂഹങ്ങൾ ഇന്ത്യയുടെ ഭാവിയെ കൂടുതൽ ശക്തമായി രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന കഥയാണത്. ധർതി ആബാ ജൻജാതീയ ഗ്രാമ ഉത്കർഷ് അഭിയാൻ (DA-JGUA), പ്രധാൻമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ (പിഎം- ജൻമൻ) തുടങ്ങിയ പദ്ധതികളിലൂടെ, ഏകോപനത്തിന്‍റെയും സഹകരണത്തിന്‍റെയും പുതിയ മാതൃകയിലൂടെ പരിവർത്തനാത്മകമായ മാറ്റങ്ങൾ ജനങ്ങളിലേക്കെത്തുകയാണ്.
ഗോത്രവർഗ പണ്ഡിതരുടെ ഉയർച്ചയും വിസ്മരിക്കപ്പെട്ട നായകർക്ക് ലഭിക്കുന്ന അംഗീകാരവും ആദിവാസി സ്ത്രീകളുടെ വളർന്നുവരുന്ന നേതൃത്വവും ചേർന്ന് ഭഗവാൻ ബിർസ മുണ്ടയുടെ പാരമ്പര്യം സമകാലിക ഇന്ത്യയിൽ എങ്ങനെ ജീവസുറ്റതാകുന്നുവെന്ന് തെളിയിക്കുന്നു.
ഇന്ന്, ഇന്ത്യയിലെ 10.5 കോടിയിലധികം ആദിവാസി പൗരന്മാർ ദേശീയ ചരിത്രത്തിലെ ഏറ്റവും പ്രചോദനാത്മകവും ഭാവിയെ ലക്ഷ്യമിട്ടതുമായ അധ്യായങ്ങളിലൊന്നാണ്. അവർ ദേശീയ പുരോഗതിയുടെ അരികിലല്ല; മറിച്ച് വികസിത ഭാരതം എന്ന ദർശനം സാക്ഷാത്കരിക്കുന്നതിലെ ഏറ്റവും ശക്തമായ സംഭാവന നൽകുന്നവരിൽ ഉൾപ്പെടുന്നവരാണ്. പുതിയ വഴികൾ തുറക്കുന്ന പണ്ഡിതന്മാരും നേതൃത്വത്തിന് പുതിയ അർഥങ്ങൾ നൽകുന്ന സ്ത്രീകളും ദേശീയ അംഗീകാരം നേടുന്ന വിസ്മരിക്കപ്പെട്ട നായകരും ഈ മുന്നേറ്റത്തിന്‍റെ പ്രതീകങ്ങളാണ്.
ഈ യാത്രയിൽ, ധർതി ആബയുടെ പാരമ്പര്യം മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.