ഹിന്ദുമതം വിട്ടവർക്ക് സംവരണമോ?
ഡോ. കെ.എസ്. രാധാകൃഷ്ണൻ
ക്രിസ്തുമതം സ്വീകരിച്ച പട്ടികജാതിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി കമ്മിഷനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പു നൽകി എന്നു വാർത്തകളിൽ കണ്ടു. എന്താണ് ഇവരുടെ പ്രധാന പ്രശ്നം? ക്രിസ്തുമതത്തിലേക്ക് മാറുന്ന പട്ടികജാതിക്കാർക്ക് ഭരണഘടന അനുസരിച്ച് പട്ടികജാതിക്കാർക്ക് ലഭിക്കേണ്ട സംവരണാനുകൂല്യങ്ങൾ നഷ്ടമാകും.
ഭരണഘടന അനുച്ഛേദം 341 പ്രകാരമാണ് പട്ടികജാതിക്കാർക്ക് സംവരണം നൽകുന്നത്. അതുപ്രകാരം 1950ൽ ഇറക്കിയ ഭരണഘടനാ ഉത്തരവ് പ്രകാരമാണ് ആരൊക്കെയാണ് ഈ ആനുകൂല്യം നേടാൻ അർഹരായവർ എന്നു നിശ്ചയിച്ചത്. ആ ഉത്തരവിലെ വകുപ്പ് മൂന്ന് അനുസരിച്ച് ഹിന്ദു, സിഖ്, ബുദ്ധ എന്നീ മതങ്ങളിലൊഴികെയുള്ള ഏതു മതത്തിൽപ്പെടുന്ന ഏതൊരാളും പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരേ പലവട്ടം പലരും സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടന അനുച്ഛേദം 341ഉം അതുപ്രകാരം ഇറക്കിയ ഉത്തരവും അസാധുവാക്കണം എന്നായിരുന്നു ഹർജികളിലെ ആവശ്യം. ഈ ഹർജികളെല്ലാം കോടതി തള്ളിക്കളഞ്ഞു എന്നു മാത്രമല്ല അനുച്ഛേദം 341ഉം 1950ലെ ഭരണഘടനാ ഉത്തരവ് സാധുവാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
ഇതു സംബന്ധമായ അവസാന വിധി സുപ്രീം കോടതി പ്രഖ്യാപിച്ചത് ഇക്കൊല്ലം മാർച്ച് 24നാണ്. ഹിന്ദു, സിഖ്, ബുദ്ധ മതത്തിൽപ്പെട്ട പട്ടികജാതിക്കാരിൽ ആരെങ്കിലും ക്രിസ്തുമതം സ്വീകരിച്ചാൽ ആ നിമിഷം മുതൽ അയാൾ പട്ടികജാതിക്കാരൻ അല്ലാതാകുകയും സ്വാഭാവികമായും പട്ടികജാതിക്കാർക്ക് ലഭിക്കുന്ന പരിഗണനകൾക്ക് അനർഹനാകുകയും ചെയ്യും എന്ന് അർഥശങ്കയ്ക്ക് ഇടമില്ലാതെ ഈ കേസിൽ സുപ്രീം കോടതി വിധിക്കുകയും ചെയ്തു. ആന്ധ്ര പ്രദേശിലെ ഒരു പട്ടികജാതിക്കാരൻ ക്രിസ്തുമതം സ്വീകരിച്ചു. അയാൾ ആ സഭയിലെ പുരോഹിതനാകുകയും ചെയ്തു. അയാളും മറ്റൊരാളും തമ്മിൽ വഴക്കുണ്ടായി. അയാളെ ആക്രമിച്ച ആൾ പട്ടികജാതിക്കാരനല്ലായിരുന്നു. താൻ ക്രിസ്ത്യാനി ആയെങ്കിലും പട്ടികജാതി പദവി തനിക്ക് നഷ്ടപ്പെട്ടില്ല എന്നും തന്‍റെ എതിരാളിക്കെതിരേ പട്ടികജാതിക്കാരെ പീഡിപ്പിക്കുന്ന നിയമപ്രകാരം കേസെടുക്കണമെന്നും അയാൾ വാദിച്ചു. ഈ വാദം ആന്ധ്ര ഹൈക്കോതി തള്ളി. അതിനെതിരേ അയാൾ സുപ്രീം കോടതിയെ സമീപിച്ചു. ആ കേസിലാണ് സുപ്രധാന വിധിന്യായം ഉണ്ടായത്.
ഈ പശ്ചാത്തലത്തിൽ വേണം കേരളത്തിലെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെ ആവശ്യങ്ങൾ പരിഗണിക്കേണ്ടത്. പ്രധാനമായും അവർ 3 ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
1. പട്ടികജാതി പദവി മതനിരപേക്ഷമാക്കുക. അതായത്, പട്ടിക ജാതി എന്ന അവസ്ഥ മതവുമായി ബന്ധപ്പെട്ട ഒന്നല്ല; അത് ജാതി വ്യവസ്ഥയിൽ അധിഷ്‌ഠിതമാണ്. അതുകൊണ്ട് മതം മാറിയാലും ജാതി അവസ്ഥയിൽ മാറ്റം ഉണ്ടാകില്ല. സ്വാഭാവികമായും പട്ടിക ജാതിക്കാർ ഏത് മതത്തിലേക്ക് മാറിയാലും, മത പരിഗണനയില്ലാതെ, അവർക്ക് ആനുകൂല്യങ്ങൾ നൽകണം.
2. ഭരണഘടനയിലെ അനുച്‌ഛേദം 341 ഭേദഗതി ചെയ്യണം. കാരണം പട്ടിക ജാതിക്കാർ ആരൊക്കെയാണ് എന്ന് നിർണയിക്കപ്പെടുന്നത് ഈ അനുച്ഛേദം അനുസരിച്ചാണ്. ഏതെല്ലാം ജാതികൾ ഈ പട്ടികയിൽ ഉൾപ്പെടണം എന്നു തീരുമാനിക്കുന്നത് പാർലമെന്‍റിൽ പാസാക്കുന്ന നിയമത്തിലൂടെയാണ്. അതുകൊണ്ട് ഭരണഘടന ഭേദഗതി ചെയ്യണം.
3. 1950ലെ ഭരണഘടന ഉത്തരവിലെ വകുപ്പ് 3 നീക്കം ചെയ്യണം. കാരണം ഈ വകുപ്പാണ് ഇസ്‌ലാം, ക്രിസ്ത്യൻ മതങ്ങളിലേക്ക് മതം മാറുന്നവർക്ക് പട്ടികജാതി പദവി ലഭിക്കില്ല എന്നു പറയുന്നത്. അങ്ങനെ മതം മാറുന്ന എല്ലാ പട്ടിക ജാതിക്കാർക്കും പട്ടിക ജാതി പദവിയും ആനുകൂല്യവും നൽകണം.
ഭരണഘടന അനുച്ഛേദം 341 ഭേദഗതി വരുത്താൻ പാർലിമെന്‍റിനാണ് അധികാരം. അതും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെടുകയും വേണം. അതുകൊണ്ട് അവരുടെ ഒന്നാമത്തെ ആവശ്യം അംഗീകരിക്കാനോ നിരാകരിക്കാനോ കേരള നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും കഴിയില്ല. ആകെ ചെയ്യാവുന്നത് ഈ ആവശ്യം അംഗീകരിക്കണമെന്ന ഒരു പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിന് അയയ്ക്കാമെന്നു മാത്രം. അത്തരം പ്രമേയങ്ങൾ എൽഡിഎഫ്, യുഡിഎഫ് ഭേദമില്ലാതെ എല്ലാ സർക്കാരും കാലാകാലങ്ങളിൽ കേന്ദ്ര സർക്കാരിന് സമർപ്പിക്കാറുമുണ്ട്. രണ്ടാമത്തെ ആവശ്യം നിറവേറ്റാനും ഭരണഘടനാ ഉത്തരവ് ഇറക്കാനുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടി വരും. അതിനുള്ള അധികാരം പാർലിമെന്‍റിൽ നിക്ഷിപ്തമാണ്. അക്കാര്യത്തിലും സതീശൻ സർക്കാരിന് കാര്യമായി ഒന്നും ചെയ്യാനാകില്ല. ആദ്യ രണ്ട് ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടാലേ മൂന്നാമത്തെ ആവശ്യം നടപ്പിലാക്കാൻ കഴിയൂ.
മതം മാറിയാലും ജാതി മാറ്റാൻ കഴിയുന്നില്ല എന്നാണ് പരിവർത്തിത ക്രൈസ്തവർ പറയുന്നത്. അവരുടെ ഈ നിലപാടിൽ വൈരുധ്യമുണ്ട്. കാരണം, മതംമാറ്റത്തിന് അനുകൂലമായി വാദിക്കുന്നവരുടെ മതംമാറ്റ സത്യവാങ്മൂലം ഏതാണ്ട് ഇങ്ങിനെ സംഗ്രഹിക്കാം. ""ഹിന്ദുസമൂഹം ജാതിജടിലമാണ്. ജാതി ശ്രേണിയിൽ പഞ്ചമരാണ് ഏറ്റവും താഴെ. ഏറ്റവും താഴെ നിൽക്കുന്നവരാണ് കൂടുതൽ പീഡനം സഹിക്കുന്നത്. ജാതിയുടെ പേരിലുള്ള പീഡനത്തിൽ നിന്നും രക്ഷ നേടാനാണ് ജാതി സമ്പ്രദായമില്ലാത്ത മതങ്ങളിൽ അഭയം പ്രാപിക്കുന്നത്. ഇസ്‌ലാം മതത്തിലും ക്രിസ്തുമതത്തിലും ജാതി വ്യവസ്ഥയില്ല. അക്കാര്യം കൊണ്ട് അവ ഹിന്ദുമതത്തെക്കാൾ മഹത്തരമാണ്. ആത്മീയതയിലും ഇസ്‌ലാമിക ക്രൈസ്തവ മതങ്ങൾ ഹിന്ദു മതത്തേക്കാൾ മഹത്തരമാണെന്നും തങ്ങൾക്ക് ബോധ്യമുണ്ട്. ഈ കാരണങ്ങൾ കൊണ്ടാണ് തങ്ങൾ മതം മാറുന്നത്''. ഇതാണ് മതം മാറുന്നവരുടെ ന്യായീകരണം.
ഈ ന്യായീകരണം മതംമാറ്റത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഇസ്‌ലാമിക- ക്രൈസ്തവ മത പ്രചാരകരും ആവർത്തിക്കാറുണ്ട്. ഈ വാദഗതിയിൽ അവർ വിശ്വസിക്കുന്നുണ്ടെങ്കിൽ മതം മാറിയതിനു ശേഷം പട്ടികജാതി പദവി അവകാശപ്പെടാനാകില്ല. അതല്ല, മതം മാറി ക്രിസ്തുമതത്തിലെത്തിയതിനു ശേഷവും ജാതി പീഡനം തുടരുന്നുണ്ടെങ്കിൽ അക്കാര്യത്തിൽ ഹിന്ദു മതവും ക്രിസ്തുമതവും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്ന് അംഗീകരിക്കേണ്ടിവരും. അതായത്, ജാതി സമ്പ്രദായം നിലനിൽക്കുന്ന ഒരു മതത്തിൽ നിന്നും ജാതി വ്യവസ്ഥ നിലനിൽക്കുന്ന മറ്റൊരു മതത്തിലേക്ക് മാറി എന്നു മാത്രം. അപ്പോൾ, മതം മാറ്റം ഇടതുകാലിലെ മന്ത് വലതുകാലിൽ ആക്കിയതിനു തുല്യമാകും.
ജാതി വ്യവസ്ഥ ഹിന്ദു മതത്തിന്‍റെ മാത്രം സവിശേഷതയാണ്. ഇന്ത്യയിൽ ഏതാണ്ട് 5,000ത്തിലധികം ജാതി സമൂഹങ്ങളുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഓരോ ജാതിയിലും ഉപജാതികളുണ്ട്. കേരളത്തിലെ നമ്പൂതിരിമാരിൽ 64 ഉപജാതികൾ ഉണ്ടെന്ന് കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് ആത്മകഥയായ "എന്‍റെ ജീവിത സ്മരണകളിൽ' എഴുതിയിട്ടുണ്ട്. അതിൽ 64ാം നമ്പൂതിരിക്ക് ഒന്നാം നമ്പൂതിരിയുമായി ഒരു ഇല്ലവളപ്പിന്‍റെ അകലമുണ്ടായിരുന്നു. ഓരോ ജാതിയും ഉപജാതിയും മേൽത്തര- കീഴ്ത്തര ഭേദത്തിനനുസരിച്ച് തൊഴിലും തൊഴിയും നൽകി നിലനിർത്തിയതാണ് ജാതിവ്യവസ്ഥ. ജാതിഭേദ പീഡനം സവർണർ മാത്രം ആചരിച്ചു നിലനിർത്തിയതല്ല. സവർണരും അവർണരും മത്സരിച്ച് ആചരിച്ച് നിലനിർത്തിയ സമ്പ്രദായമാണത്. തൊട്ട് മുകളിലുള്ളവനെ തൊഴും, താഴെയുള്ളവനെ തൊഴിക്കും. ഇതാണ് ജാത്യാചരണത്തിന്‍റെ നടപ്പുരീതി. ജാതികളും ഉപജാതികളും ഈ രീതി ആചരിച്ചു കൊണ്ടിരിക്കുന്നു; ഇന്നും. ഹിന്ദു മതത്തിന്‍റെ തീരാശാപമാണ് ജാതിഭേദ വിചാരം.
ഇസ്‌ലാമിക - ക്രൈസ്തവ മതങ്ങൾ ജാതിഭേദത്തെ അംഗീകരിക്കുന്നില്ല എന്നതു വസ്തുതയാണ്. ഇസ്‌ലാമിക സാർവസാഹോദര്യം പ്രസിദ്ധമാണ്. ഒരു മുസ്‌ലിമും മറ്റൊരു മുസ്‌ലിമും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല എന്ന് അവർ കരുതുന്നു. അതുപോലെ ഒരു ക്രൈസ്തവനും മറ്റൊരു ക്രൈസ്തവനും തമ്മിൽ സഭാപരമായ വ്യത്യാസമല്ലാതെ മറ്റു വ്യത്യാസങ്ങളില്ല. ഈ മതങ്ങൾ ഇന്നു വരെ തങ്ങളുടെ മതാനുയായികൾക്ക് ഇടയിൽ മേൽത്തര- കീഴ്ത്തര വ്യത്യാസമുണ്ടെന്ന് അംഗീകരിച്ചിട്ടില്ല. അതുകൊണ്ട്, ജാതിഭേദം നിലനിൽക്കുന്ന ഹിന്ദുമതം ഉപേക്ഷിച്ച് ജാതിരഹിതമായ ഇസ്‌ലാമിക, ക്രൈസ്തവ മതങ്ങളിൽ ചേർന്നവർക്ക് ജാതിയുടെ അടിസ്ഥാനത്തിൽ പീഡനമുണ്ട് എന്ന് പറയുന്നത് യുക്തിസഹമല്ല. കാരണം ജാതിരഹിതമായ ഒരു മതത്തിൽ ജാതിയുടെ അടിസ്ഥാനത്തിൽ വേർതിരിവുണ്ടാകാൻ ഒരു സാദ്ധ്യ തയുമില്ല. ഇല്ലാത്ത ജാതി ഭേദത്തിന്‍റെ പേരിൽ എങ്ങിനെയാണ് ഒരുവനെ പീഡിപ്പിക്കാൻ കഴിയുക?
ക്രിസ്തുമതത്തിൽ ജാതിയുടെ പേരിൽ യഥാർഥത്തിൽ പീഡനമുണ്ട് എന്നാണ് വസ്തുതയെങ്കിൽ ക്രിസ്തുമതത്തിൽ ജാതി വ്യത്യാസമില്ല എന്ന വാദം ശുദ്ധകളവാണ് എന്നു സമ്മതിക്കേണ്ടിവരും. എന്നാൽ, ഇതു സമ്മതിക്കാൻ ക്രൈസ്തവ മതമേധാവികൾ തയാറല്ല. അതോടൊപ്പം ദളിത ക്രൈസ്തവന് സംവരണം നൽകണം എന്ന് അവർ വാദിക്കുകയും ചെയ്യും. ഇതാണ് അവരുടെ കാപട്യം. ജാതിവ്യത്യാസവും ജാതി പീഡനവും ക്രിസ്തു മതത്തിലില്ല എന്നു പറയുകയും ജാതി വ്യത്യാസത്തിന്‍റെ പേരിൽ മാത്രം നൽകുന്ന സംവരണം വേണം എന്ന് ആവശ്യപ്പെടുകയും ചെയ്യും. അതായത്, ഇല്ലാത്ത ജാതിഭേദ പീഡനത്തിന്‍റ പേരിൽ സർക്കാർ ആനുകൂല്യം ക്രൈസ്തവന് നൽകണം എന്ന് വാദിക്കുന്ന ഇവർ ഇവരുടെ സ്ഥാപനങ്ങളിൽ എത്ര ദളിത് ക്രിസ്ത്യാനിക്ക് ജോലി നൽകി എന്ന കണക്കെങ്കിലും വെളിവാക്കട്ടെ.
ക്രിസ്തുമതത്തിൽ സൈദ്ധാന്തികമായി ജാതിഭേദമില്ല എന്ന് അവർ എത്ര വാദിച്ചാലും അതിൽ സവർണ- അവർണ ഭേദമുണ്ട് എന്നത് വസ്തുതയാണ്. ഈ ഭേദവിചാരത്തിന്‍റെ അടിത്തറ എഡി 52ൽ സെന്‍റ് തോമസ് കേരളത്തിൽ വന്ന് നമ്പൂതിരിമാരെ മാർഗം മാറ്റി ക്രിസ്ത്യാനികളാക്കി എന്ന വിശ്വാസം മാത്രമാണ്. സെന്‍റ് തോമസ് കേരളത്തിൽ വന്നിട്ടില്ല എന്നത് വത്തിക്കാൻ അംഗീകരിച്ചതാണ്. സെന്‍റ് തോമസ് കേരളത്തിൽ വന്നു എന്നതിന് ഒരു ചരിത്രസാക്ഷ്യവുമില്ല എന്ന് ചരിത്രകാരന്മാർ ഏക സ്വരത്തിൽ പറയുന്നു. മാത്രമല്ല, അക്കാലത്ത് കേരളത്തിൽ നമ്പൂതിരിമാരും ഉണ്ടായിരുന്നില്ല എന്നും ചരിത്രകാരന്മാർ പറയുന്നു. വരാത്ത സെന്‍റ് തോമസ് ഇല്ലാത്ത നമ്പൂരിയെ മാർഗം മാറ്റി എന്ന വിശ്വാസം മേനി നടിക്കാൻ കൊള്ളാം. ക്രിസ്തുമതത്തിൽ ജാതിഭേദ പീഡനമുണ്ടെങ്കിൽ അതിന് പരിഹാരം കാണേണ്ടത് ക്രിസ്ത്യാനികൾ തന്നെയാണ്. ലോകത്തിന്‍റെ ഇതരഭാഗങ്ങളിൽ ക്രിസ്തുമതത്തിൽ ജാതി വ്യത്യാസം ഇല്ലാതിരിക്കുകയും കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിൽ മാത്രം ജാതിവ്യത്യാസം തുടരുകയും ചെയ്യുന്നുവെങ്കിൽ അതിന് ഉത്തരവാദികൾ കേരളത്തിലെ ക്രൈസ്തവരാണ്.
പട്ടികജാതി- പട്ടികവർഗക്കാർക്കുള്ള സംവരണാനുകൂല്യം ഒരു തരം പരിഹാരക്രിയ (Affirmative action) എന്ന നിലയിലാണ് ഭരണഘടന അംഗീകരിച്ചിരിക്കുന്നത്. ജാതിയുടെ പേരിൽ പീഡിപ്പിക്കപ്പെട്ടവർക്ക് സ്വതന്ത്ര ഭാരതം നൽകിയ പ്രായശ്ചിത്തമാണത്. പീഡനത്തിന്‍റെ അടിസ്ഥാനം ജാതിയായതു കൊണ്ടാണ് പരിഹാരക്രിയയുടെ മാനദണ്ഡവും ജാതിയായത്. മതാസ്ഥാനത്തിലല്ല, ജാതി അടിസ്ഥാനത്തിലാണ് ഭരണഘടന സംവരണം നൽകുന്നത്. മതാടിസ്ഥാനത്തിൽ നൽകുന്ന സംവരണങ്ങളെ കോടതി അസാധുവാക്കാനുള്ള കാരണവും ഇതു തന്നെ.
സ്വാഭാവികമായും പട്ടികജാതി പദവി മതനിരപേക്ഷമാകണം എന്ന വാദം അംഗീകരിക്കാനാകില്ല. കാരണം, ജാതി ഹിന്ദു മതത്തിന്‍റെ മാത്രം സവിശേഷതയാണ്. പ്രവാചക മതങ്ങൾ ജാതിവ്യവസ്ഥയെ അംഗീകരിക്കുന്നില്ല. പ്രവാചക മതങ്ങളായ ഇസ്‌ലമിക- ക്രൈസ്തവ മതങ്ങളെ ജാതിവ്യവസ്ഥ നിലനിൽക്കുന്ന ഹിന്ദുമതവുമായി തുലനം ചെയ്യുന്നതും ശരിയല്ല. ജാതി എല്ലാ മതങ്ങളുടേയും പൊതു ഘടകമാണെങ്കിൽ മാത്രമേ ആ പൊതുഘടകത്തെ മാറ്റിനിർത്തി മതനിരപേക്ഷമായ ജാതിവ്യവസ്ഥ അംഗീകരിക്കാൻ കഴിയൂ. മതവിശ്വാസം ഇന്ത്യൻ ജനതയുടെ പൊതു സ്വാഭാവമായതു കൊണ്ടാണ് സർവമത സമഭാവന എന്ന അർഥത്തിൽ മതനിരപേക്ഷമായ രാഷ്‌ട്രജീവിതം ഭരണഘടന വിഭാവനം ചെയ്തത്. എന്നാൽ, പ്രവാചക മതങ്ങളിൽ ജാതിവ്യവസ്ഥ ഇല്ലാത്തതു കൊണ്ട് ജാതിവ്യവസ്ഥ നിലനിൽക്കുന്ന ഹിന്ദു മതവുമായി താരതമ്യം ചെയ്യുന്നത് നിരർഥകമാണ്.
(കാലടി സംസ്കൃത സർവകലാശാലാ മുൻ വൈസ് ചാൻസലറും കേരള പബ്ലിക് സർവീസ് കമ്മിഷൻ മുൻ ചെയർമാനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമാണ് ലേഖകൻ)