ശ്രേഷ്ഠഭാഷയുടെ സുവർണ സ്മൃതി
ജയൻ പോത്തൻകോട്
"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്യനു പെറ്റമ്മ തൻ ഭാഷ താൻ'
- വള്ളത്തോൾ നാരായണ മേനോൻ - എന്‍റെ ഭാഷ
ഒരു ജനതയുടെ സംസ്‌കാരത്തിന്‍റെയും സ്വത്വത്തിന്‍റെയും ജീവനാഡിയാണ് ഭാഷ. ചിന്തകൾക്കു ചിറകുനൽകാനും വികാരങ്ങൾക്കു ഭാവം പകരാനും മാതൃഭാഷയോളം പോന്ന മറ്റൊന്നില്ല. 2,000ത്തിലധികം വർഷത്തെ പാരമ്പര്യവും സമ്പന്നമായ സാഹിത്യശേഖരവുമുള്ള നമ്മുടെ മലയാളത്തെ 2013 മെയ് 23നാണ് കേന്ദ്ര സർക്കാർ "ശ്രേഷ്ഠഭാഷാ പദവി' (Classical Language Status) നൽകി ആദരിച്ചത്. കേവലം ഔദ്യോഗിക പ്രഖ്യാപനത്തിനപ്പുറം, മലയാളത്തിന്‍റെ സാംസ്കാരിക പഴമയ്ക്കുള്ള ആഗോള അംഗീകാരമായിരുന്നു അത്. ഈ മെയ് 23ന് നാം മറ്റൊരു ശ്രേഷ്ഠഭാഷാ ദിനംകൂടി ആഘോഷിച്ചപ്പോൾ, അത് കേവലമൊരു ഓർമപ്പെടുത്തലല്ല; മറിച്ച് ഭാഷാഭിമാനത്തിന്‍റെ പുനരർപ്പണവും വരും തലമുറയ്ക്കായി നമ്മുടെ പൈതൃകം കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞയുമായിരുന്നു.
മലയാളത്തിന്‍റെ വേരുകൾ
മലയാള ഭാഷയുടെ ഉത്പത്തിയെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിവിധ വാദങ്ങളുണ്ടെങ്കിലും, അത് ദ്രാവിഡ ഭാഷാകുടുംബത്തിലെ പ്രമുഖ ശാഖയാണെന്നതിൽ തർക്കമില്ല. തമിഴിൽ നിന്നും സംസ്‌കൃതത്തിൽ നിന്നും ആവോളം ഊർജം ഉൾക്കൊള്ളുമ്പോഴും സ്വന്തമായൊരു വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ മലയാളത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാള ഭാഷയുടെ തനിമയിലേക്കുള്ള പരിണാമത്തിന്‍റെ ആദ്യത്തെ ശക്തമായ ചുവടുവയ്പ്പായി കരുതുന്ന ചീരാമകവിയുടെ "രാമചരിതം' പോലുള്ള പാട്ടുസാഹിത്യവും, വട്ടെഴുത്ത്- കോലെഴുത്ത് രേഖകളും, സംസ്‌കൃതവും മലയാളവും ചേർന്ന മണിപ്രവാള പ്രസ്ഥാനവും ഭാഷയുടെ പ്രാരംഭകാല വളർച്ചയ്ക്ക് അടിത്തറയിട്ടു. മറ്റു ഭാഷകൾക്ക് അടിമപ്പെടാത്ത തനത് വ്യാകരണഘടനയാണ് മലയാളത്തെ ഈ പദവിക്ക് അർഹമാക്കിയത്.
16ാം നൂറ്റാണ്ടിൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ കിളിപ്പാട്ട് പ്രസ്ഥാനത്തിലൂടെ മലയാള ഭാഷയ്ക്ക് ആധുനിക രൂപവും ഭാവവും നൽകി. അതുകൊണ്ടാണ് അദ്ദേഹത്തെ നാം "മലയാള ഭാഷയുടെ പിതാവ്' എന്ന് ആദരവോടെ വിളിക്കുന്നത്.
അർഹതയ്ക്കുള്ള അംഗീകാരം
കേന്ദ്ര സർക്കാർ ഒരു ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി നൽകണമെങ്കിൽ ചില കർശനമായ മാനദണ്ഡങ്ങളുണ്ട്. 1500 മുതൽ 2000 വർഷം വരെയെങ്കിലും പഴക്കമുള്ള ചരിത്രരേഖകൾ, പുരാതന സാഹിത്യ ഗ്രന്ഥങ്ങൾ, മറ്റ് ഭാഷകളിൽ നിന്നും കടംകൊള്ളാത്ത തനത് പാരമ്പര്യം എന്നിവ അതിൽ പ്രധാനമാണ്.
ദീർഘകാലത്തെ ഗവേഷണങ്ങൾക്കും ഭാഷാ വിദഗ്ദ്ധരുടെ കഠിന ശ്രമങ്ങൾക്കും ഒടുവിലാണ് മലയാളത്തിന് ഈ പദവി ലഭിച്ചത്. തമിഴ്, സംസ്‌കൃതം, തെലുങ്ക്, കന്നഡ എന്നിവയ്ക്കുശേഷം അഞ്ചാമതായാണ് മലയാളം ഈ നേട്ടം കൈവരിച്ചത്. ഇതിലൂടെ മലയാള ഭാഷയുടെ പഠനത്തിനും ഗവേഷണത്തിനുമായി അന്താരാഷ്ട്ര തലത്തിൽ വലിയ അവസരങ്ങളാണ് തുറക്കപ്പെട്ടത്.
സംസ്‌കാരത്തിന്‍റെ കണ്ണാടി
ആധുനിക ഭാഷാശാസ്ത്രജ്ഞർ പറയുന്നതുപോലെ, ഭാഷ എന്നത് കേവലം ആശയങ്ങൾ കൈമാറാനുള്ള ഒരു കൂട്ടം വാക്കുകളോ ചിഹ്നങ്ങളോ മാത്രമല്ല. അതിനപ്പുറം, അത് ആ ഭാഷ സംസാരിക്കുന്ന ജനതയുടെ ചിന്തയും സംസ്കാരവും ചരിത്രവും അടങ്ങിയിരിക്കുന്ന ജീവസുറ്റൊരു മാധ്യമമാണ്. ഭാഷയാണ് മനുഷ്യന്‍റെ ഏറ്റവും വലിയ കണ്ടുപിടുത്തം; അതിലൂടെയാണ് ഒരു ജനത തങ്ങളുടെ ആത്മാവിനെ ആവിഷ്കരിക്കുന്നത്.
നമ്മുടെ നാടോടിക്കഥകൾ, പഴഞ്ചൊല്ലുകൾ, തെയ്യം, കഥകളി, പടയണി തുടങ്ങിയ അനുഷ്ഠാനകലകളെല്ലാം രൂപപ്പെട്ടിരിക്കുന്നത് മലയാള ഭാഷയുടെ മണ്ണിലാണ്. "അമ്മ', "നിലാവ്', "പുഴ' തുടങ്ങിയ ഓരോ വാക്കുകൾക്കും മലയാളിക്ക് വെറുമൊരു അർത്ഥത്തിനപ്പുറം വൈകാരികമായ ഒരു തലമുണ്ട്. ഭാഷ നഷ്ടമായാൽ തലമുറകളുടെ അറിവും പാരമ്പര്യവും പ്രകൃതിയോടുള്ള ബന്ധവുമാണ് ഇല്ലാതാകുന്നത്.
മലയാളി എന്ന വികാരം
ലോകത്തിന്‍റെ ഏത് കോണിലായാലും ഒരു കൂട്ടം മനുഷ്യരെ "മലയാളി' എന്ന ഒരൊറ്റ അസ്തിത്വത്തിൽ കോർത്തിണക്കുന്നത് മാതൃഭാഷയാണ്. അപരിചിതമായ നഗരങ്ങളിൽ വച്ച് കേൾക്കുന്ന ഒരു ചെറിയ മലയാളം വാക്കു പോലും നമ്മിൽ ഉണ്ടാക്കുന്ന സുരക്ഷിതത്വ ബോധം ഭാഷയുടെ അസ്തിത്വപരമായ കരുത്താണ് കാണിക്കുന്നത്.
പൈതൃകവും ആധുനികതയും
നാലപ്പാട്ട് നാരായണമേനോനും കുമാരനാശാനും വള്ളത്തോളും ജി. ശങ്കരക്കുറുപ്പും ഒഎൻവിയും മുതൽ മാധവിക്കുട്ടിയും എം.ടിയും വരെയുള്ള പ്രതിഭകൾ മലയാള സാഹിത്യത്തെ ലോകവേദിയിൽ എത്തിച്ചു. പുതിയ കാലത്ത് സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം മലയാളവും മാറുകയാണ്. ഇന്ന് കംപ്യൂട്ടറിലും സ്മാർട്ട് ഫോണുകളിലും മലയാളം സജീവമാണ്. ബ്ലോഗുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പുതിയ കാലത്തെ എഴുത്തുകാർ ഭാഷയെ കൂടുതൽ ജനകീയമാക്കുന്നു. ഡിജിറ്റൽ യുഗത്തിലും മലയാളം അതിന്‍റെ പ്രസക്തി നഷ്ടപ്പെടാതെ മുന്നേറുന്നു എന്നത് ആഹ്ലാദകരമാണ്.
വെല്ലുവിളികളും പരിഹാരങ്ങളും
ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതുകൊണ്ടു മാത്രം ഒരു ഭാഷയും തനിയെ വളരില്ല. ആധുനികതയുടെ അതിപ്രസരത്തിൽ നമ്മുടെ പ്രിയപ്പെട്ട മലയാളഭാഷ ചില സ്വത്വപ്രതിസന്ധികൾ നേരിടുന്നുണ്ട്. ഈ വിപരീത സാഹചര്യങ്ങളെ മറികടക്കാൻ നാം ചില പ്രധാന വെല്ലുവിളികളും അവയ്ക്കുള്ള പ്രായോഗിക പരിഹാരങ്ങളും തിരിച്ചറിയേണ്ടതുണ്ട്.
ഇംഗ്ലീഷ് മാധ്യമങ്ങളോടുള്ള അമിത ഭ്രമംമൂലം സ്വന്തം മാതൃഭാഷ സംസാരിക്കാൻ പുതിയ തലമുറ മടിക്കുന്ന അവസ്ഥ ഇന്ന് സമൂഹത്തിലുണ്ട്. ഇതിനൊരു പ്രായോഗിക പരിഹാരമായി കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം പൂർണമായും മാതൃഭാഷയിലാക്കാൻ ഭരണകൂടം ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം, വിദ്യാലയങ്ങളിലും വീടുകളിലും കുട്ടികളോട് മലയാളത്തിൽ സംസാരിക്കാനും ആശയവിനിമയം നടത്താനും മാതാപിതാക്കളും അധ്യാപകരും അവരെ പ്രോത്സാഹിപ്പിക്കണം.
ഡിജിറ്റൽ സ്ക്രീനുകളുടെ അമിത ഉപയോഗം മൂലം പുതിയ തലമുറയ്ക്ക് പുസ്തക വായന കുറയുകയും അക്ഷരത്തെറ്റുകൾ വരുത്തുന്നത് ഒരു ശീലമായി മാറുകയും ചെയ്തിരിക്കുന്നു. ഈ അക്ഷര വെളിച്ചം വീണ്ടെടുക്കാൻ കുട്ടികളിൽ വായനയുടെ വസന്തം ഉണർത്തണം. ഇതിനായി പ്രാദേശിക വായനശാലകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് പ്രത്യേക അക്ഷരോത്സവങ്ങളും വായനമത്സരങ്ങളും സജീവമായി സംഘടിപ്പിക്കേണ്ടതുണ്ട്.
ഭരണരംഗത്തെ മലയാളം
കേരളത്തിൽ ഭരണഭാഷ മലയാളമാണെന്ന് പറയുമ്പോഴും സർക്കാർ ഫയലുകളിലും കോടതി ഉത്തരവുകളിലും ഇന്നും സാധാരണക്കാരന് മനസിലാകാത്ത ഭാഷയാണ് പലപ്പോഴും ഉപയോഗിക്കുന്നത്. ഭരണനിർവഹണവും കോടതി നടപടികളും പൂർണമായും ലളിതമായ മലയാളത്തിലാക്കുകയാണ് ഇതിനുള്ള പരിഹാരം. ഔദ്യോഗിക അപേക്ഷാപത്രങ്ങളും നിയമ സംബന്ധമായ രേഖകളും മാതൃഭാഷയിലാക്കിയാൽ മാത്രമേ ജനാധിപത്യത്തിന്‍റെ ആനുകൂല്യങ്ങൾ എല്ലാവരിലേക്കും എത്തുകയുള്ളൂ. കേവലം ആശയവിനിമയത്തിനുള്ള ഉപകരണം മാത്രമല്ല ഭാഷ, അത് നമ്മൾ ജീവിക്കുന്ന വായുവും നമ്മെ നയിക്കുന്ന വെളിച്ചവുമാണ്.
ശ്രേഷ്ഠഭാഷാ പദവി എന്നത് ഭൂതകാലത്തിന്‍റെ കിരീടം മാത്രമല്ല, മറിച്ച് ഭാവിയുടെ വികാസത്തിനായുള്ള ചവിട്ടുപടിയാണ്. ആഗോള ഗ്രാമങ്ങളിൽ ജീവിക്കുമ്പോഴും പ്രാദേശിക വേരുകൾ നഷ്ടപ്പെടാതിരിക്കാൻ മലയാളം എന്ന വേര് നമുക്ക് കാവലായിരിക്കണം. മലയാളി എന്ന സ്വത്വവും അഭിമാനവും നിലനിർത്താൻ ഭാഷയെ നെഞ്ചോട് ചേർത്തുപിടിക്കേണ്ടത് അനിവാര്യമാണ്. വ്യക്തിപരമായും സാമൂഹികമായും ഈ പരിഹാര മാർഗങ്ങൾ നടപ്പിലാക്കാൻ നാം ഒത്തൊരുമിച്ച് കൈകോർത്താൽ, മലയാള ഭാഷയുടെ കനക സിംഹാസനം നമുക്ക് എന്നെന്നേക്കുമായി കാത്തുസൂക്ഷിക്കാം.
മലയാളം സംസാരിക്കുന്നത് അന്തസിന് കുറവാണെന്ന് കരുതുന്ന ഒരു വിഭാഗം ഇന്നും നമുക്കിടയിലുണ്ട്. ""അമ്മയെപ്പറ്റിയുള്ള വരികൾ അമ്മയുടെ ഭാഷയിൽത്തന്നെ എഴുതണ''മെന്ന് പറഞ്ഞ കവികളുടെ നാടാണിത്. മാതൃഭാഷയെ സ്നേഹിക്കുന്നത് മറ്റു ഭാഷകളെ വെറുത്തുകൊണ്ടല്ല, മറിച്ച് സ്വന്തം വേരുകളെ മറക്കാതിരിക്കാനാണ്.
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച മെയ് 23 ഓരോ മലയാളിയും നെഞ്ചിലേറ്റേണ്ട ദിനമാണ്. ഈ സുദിനത്തിൽ നമുക്ക് ഒരുമിച്ച് പ്രതിജ്ഞ ചെയ്യാം- നമ്മുടെ മാതൃഭാഷയെ നമ്മൾ വിസ്മരിക്കില്ലെന്ന്. ലോകത്തിന്‍റെ ഏതു കോണിലായാലും മലയാളിയെന്ന സ്വത്വവും മലയാളമെന്ന പുണ്യവും നമ്മുടെ ഹൃദയത്തിലുണ്ടാകണം. ഇതരഭാഷാ വിജ്ഞാനങ്ങളെ സ്വാഗതം ചെയ്യുമ്പോൾ തന്നെ, അമ്മമലയാളത്തിന്‍റെ തണലിനെ കൈവിടാതിരിക്കാം. ഈ ശ്രേഷ്ഠഭാഷാ ദിനം മലയാളത്തിന്‍റെ സുവർണ കാലത്തിലേക്കുള്ള മൺവിളക്കാകട്ടെ!
മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതിനായുള്ള പോരാട്ടങ്ങളിലും ഭാഷാ പ്രസ്ഥാനങ്ങളിലും മുൻപന്തിയിൽ നിന്ന ഡോ. പുതുശേരി രാമചന്ദ്രൻ മുതൽപ്പേരെ ഓർക്കാം; ഈ വരികളും.
"മാനത്തു നിന്നു മാലാഖമാർ
കൊണ്ടുത്തന്നതല്ലെൻ ഭാഷ,
മണ്ണിൽ മനുഷ്യൻ
പൊരുതി നേടിയ
ചോരച്ചുവപ്പുള്ള ഭാഷ!''.