നരേന്ദ്ര മോദി
ഡോ. മൻസൂഖ് മാണ്ഡവ‍്യ
ദീർഘകാലം സേവനമനുഷ്ഠിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ ചുരുക്കം ചിലർ മാത്രമേ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചിട്ടുള്ളൂ. പ്രായോഗിക ഫെഡറലിസത്തിൽ പരിചയക്കുറവുള്ള 'ദേശീയ' നേതാക്കളായിരുന്നു മിക്കവരും. ഇതിൽ നിന്നു വേറിട്ട് നിൽക്കുന്ന ചുരുക്കം ചിലരിൽ ഉൾപ്പെടുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
2014ൽ പ്രധാനമന്ത്രിപദം ഏറ്റെടുത്തപ്പോൾ, ഒരു ദശാബ്ദത്തിലേറെ ഗുജറാത്ത് ഭരണത്തിനു നേതൃത്വം നൽകിയതിലൂടെ മൂർച്ച കൂട്ടിയ കർമ ദർശനം അദ്ദേഹം കൂടെക്കൊണ്ടു പോന്നു. പദ്ധതികൾ അന്തിമമായി പരാജയപ്പെടുകയോ വിജയിക്കുകയോ ചെയ്യുന്നതിന്‍റെ അടിസ്ഥാനകാരണമെന്തെന്ന് സംസ്ഥാന ഭരണത്തിന് ചുക്കാൻ പിടിച്ച കാലഘട്ടത്തിൽ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. കേവലം നയരൂപീകരണമല്ല, നിർവഹണമാണ് ഭരണപരമായ വിജയത്തിന്‍റെ കാതലായി നിലകൊള്ളുന്നതെന്ന പ്രബുദ്ധ സമീപനം സ്വീകരിച്ച ആദ്യ പ്രധാനമന്ത്രിയായി അദ്ദേഹം മാറി. വൈദ്യുതി വിതരണം മുതൽ ബാങ്കിങ് വരെ, ക്ഷേമം മുതൽ അടിസ്ഥാന സൗകര്യങ്ങൾ വരെയുള്ള കാര്യങ്ങളിൽ രാഷ്‌ട്രം പൗരന്മാരെ എങ്ങനെ സേവിക്കുന്നു എന്നതിനെ ഈ തത്ത്വചിന്ത കാലാന്തരത്തിൽ പുനർനിർവചിച്ചു.
അനുഭവജ്ഞാനത്തിലൂടെ രൂപപ്പെടുത്തിയ നിർവഹണ സമീപനം
നിർവഹണമായിരിക്കണം നയരൂപീകരണത്തിനുള്ള കേന്ദ്രീകൃത മാർഗദർശനമെന്ന മോദിയുടെ ബോധ്യം വൈദ്യുതി മേഖലയോടുള്ള അദ്ദേഹത്തിന്‍റെ സമീപനത്തിൽ ദൃശ്യമാണ്. ഗുജറാത്തിലെ ഗ്രാമങ്ങളിലെമ്പാടും വൈദ്യുത വിതരണ പോസ്റ്റുകളും വൈദ്യുത ലൈനുകളും കാണാമായിരുന്നെങ്കിലും വൈദ്യുതി ലഭ്യമല്ലെന്ന സത്യം അദ്ദേഹം നിരീക്ഷിച്ചു. അതിനുള്ള പരിഹാരമായിരുന്നു ജ്യോതിഗ്രാം യോജന. ഈ പദ്ധതിയിലൂടെ എല്ലാ വീടുകളിലും 24 മണിക്കൂറും വൈദ്യുതി വിതരണം ഉറപ്പാക്കുകയും കൃഷിയിടങ്ങൾക്ക് അർഹമായ പങ്ക് ലഭ്യമാക്കുകയും ചെയ്തു. പ്രധാനമന്ത്രിയായപ്പോൾ, ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന എന്ന പേരിൽ ഈ ആശയത്തെ വിപുലീകരിക്കുകയും 18,374 ഗ്രാമങ്ങൾക്ക് ശാശ്വതമായി വൈദ്യുതി ഉറപ്പാക്കുകയും ചെയ്തു. 2023 ആയപ്പോഴേയ്ക്കും, വൈദ്യുതി ലഭ്യത രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) നട്ടെല്ലായി മാറി. ഇതിലൂടെ 11 കോടിയിലധികം പേർക്ക് തൊഴിൽ ലഭിക്കുക മാത്രമല്ല ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിലേക്ക് (ജിഡിപി) ഏകദേശം 29% സംഭാവന നൽകുകയും ചെയ്തു പോരുന്നു.
ബാങ്കിങ്ങിലും ഇതേ തത്വങ്ങൾ വിജയകരമായി നടപ്പാക്കി. കടലാസിൽ, ഗ്രാമീണ കുടുംബങ്ങൾക്കെല്ലാം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നു. പക്ഷേ പ്രായോഗികമായി അവ നിഷ്ക്രിയമായിരുന്നു. ജൻ ധൻ ഈ പതിവ് മാറ്റി മറിച്ചു. ആധാറും മൊബൈൽ നമ്പറും വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുമായി സംയോജിപ്പിക്കുന്നതിലൂടെ, പ്രായേണ ദുർബലമായിരുന്ന ഒരു സംവിധാനത്തെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന്‍റെ ഉറച്ച അടിത്തറയാക്കി മാറ്റി. ഇതിലൂടെ ആനുകൂല്യങ്ങൾ ഇടനിലക്കാരില്ലാതെ പൗരന്മാരിലേക്ക് എത്തിച്ചേരുകയും ചോർച്ച തടയുകയും വൻ തുക ലാഭിക്കുകയും ചെയ്തു.
ഭവനനിർമാണ രംഗമായിരുന്നു മറ്റൊരു ശ്രദ്ധേയമായ മേഖല. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിലുള്ള ധനസഹായം വിവിധ നിർമാണ ഘട്ടങ്ങളുമായി ബന്ധിപ്പിച്ചു. അവ നിരീക്ഷിക്കാൻ ജിയോ-ടാഗിങ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും മികച്ച രൂപകൽപ്പന നിർബന്ധിതമാക്കുകയും ചെയ്തു. പണി തീരാത്ത കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുകയെന്ന മുൻ സർക്കാരുകളുടെ പ്രവണത തിരുത്തിക്കൊണ്ട്, ഇദംപ്രഥമമായി, ഗുണഭോക്താക്കൾക്ക് പണി പൂർത്തിയായതും താമസയോഗ്യവുമായ വീടുകൾ ലഭിക്കാനിടയായി.
ഫെഡറലിസം ബഹുഗുണീകൃത ഫലങ്ങൾ ഉളവാക്കുന്ന ഘടകം
സമഗ്ര പുരോഗതി കേന്ദ്ര-സംസ്ഥാന സഹകരണത്തെ എത്രത്തോളം ആശ്രയിച്ചിരിക്കുന്നുവെന്ന് ഗുജറാത്തിലെ ഭരണ കാലഘട്ടംമോദിയെ ബോധ്യപ്പെടുത്തി. ദേശീയ തലത്തിൽ സാരഥ്യമേറ്റെടുത്തപ്പോൾ, സഹകരണത്തിന്‍റെയും മത്സരാധിഷ്ഠിത ഫെഡറലിസത്തിന്‍റെയും തത്വശാസ്ത്രമായി ഈ ബോധ്യം പരിണമിച്ചു.
പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ചരക്ക് സേവന നികുതി പരിഷ്‌ക്കാരം, സംസ്ഥാനങ്ങളുമായുള്ള സമവായത്തിലൂടെ പാസാക്കി. ജിഎസ്ടി കൗൺസിൽ സാമ്പത്തിക കൂടിയാലോചനകളെ സ്ഥാപനവത്കരിക്കുകയും ഒരു ഏകീകൃത ദേശീയ വിപണി സൃഷ്ടിക്കുകയും ചെയ്തു.
ഇതിനുപുറമെ, സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതം അദ്ദേഹം വർധിപ്പിച്ചു. ഇത് സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യവും മുൻഗണനകൾ രൂപപ്പെടുത്തുന്നതിൽ സ്വയം നിർണയാധികാരവും നൽകി. ഒപ്പം, ബിസിനസ് സുഗമമാക്കുന്നതിലും പ്രതിഫലദായകമായ പരിഷ്‌കാരങ്ങളിലും സംസ്ഥാനങ്ങളെ റാങ്ക് ചെയ്തുകൊണ്ട് അദ്ദേഹം മത്സരാധിഷ്ഠിത ഫെഡറലിസത്തെ പ്രോത്സാഹിപ്പിച്ചു. ഈ പരിവർത്തനത്തിലൂടെ സംസ്ഥാനങ്ങളെ കേവലം ധനസഹായ സ്വീകർത്താക്കൾ എന്ന നിലയിൽ നിന്ന്, ഭാരതത്തിന്‍റെ വളർച്ചാ ഗാഥയിലെ പങ്കാളികളായി ഉയരാൻ പ്രേരിപ്പിച്ചു.
അടിസ്ഥാന സൗകര്യ മേഖലയിൽ, ഗുജറാത്തിൽ നടപ്പാക്കിയ ബിസാഗ് മാപ്പിങ് പരീക്ഷണത്തെ ദേശീയതലത്തിൽ പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയായി പരിവർത്തനം ചെയ്തു. 16 മന്ത്രാലയങ്ങളും എല്ലാ സംസ്ഥാനങ്ങളും ഇപ്പോൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ 1,400 പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. ഇതോടെ പദ്ധതികൾക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള സമയം കുറയുകയും നിർവഹണം ഏകീകരിക്കപ്പെടുകയും ചെയ്തു.
ഉത്പാദനക്ഷമമായ ക്ഷേമം
മോദിയെ സംബന്ധിച്ചിടത്തോളം, ക്ഷേമ പദ്ധതികൾ എല്ലായ്‌പ്പോഴും അവയുടെ സ്വീകർത്താക്കളെ ശാക്തീകരിക്കുന്നതിനുള്ള ഉത്പാദനക്ഷമതയുള്ള നിക്ഷേപങ്ങളായിരുന്നു. ഗുജറാത്തിൽ നടപ്പാക്കിയ പെൺകുട്ടികളുടെ സ്കൂൾ പ്രവേശനത്തിനുള്ള തീവ്ര യജ്ഞമായ കന്യ കേളവണി, 2001ൽ 57.8% ആയിരുന്ന സ്ത്രീ സാക്ഷരത 2011 ആയപ്പോൾ 70.7% ആയി ഉയർത്താൻ സഹായകമായി. ദേശീയതലത്തിൽ, ഇത് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയായി വിവർത്തനം ചെയ്യപ്പെട്ടു. കുട്ടികളുടെ ലിംഗാനുപാതത്തിലെ പുരോഗതിയുമായി ഈ പദ്ധതി ബന്ധപ്പെട്ടിരിക്കുന്നു. ലിംഗാനുപാതം 2014-ലെ 918ൽ നിന്ന് 2023 ആകുമ്പോഴേക്കും 934 ആയി മെച്ചപ്പെട്ടു. പെൺകുട്ടികളെ സ്കൂൾ പഠനത്തിൽ നിലനിർത്തുന്നത് വിവാഹം വൈകിപ്പിക്കുകയും അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദീർഘകാല ഉത്പാദനക്ഷമത വർധിപ്പിക്കുകയും ചെയ്തു. ഇത് ശമ്പളം പറ്റുന്ന തൊഴിൽ ശക്തിയിലേക്ക് പ്രവേശിക്കാനും രാഷ്‌ട്രനിർമണത്തിൽ പൂർവാധികം ഫലപ്രദമായി പങ്കെടുക്കാനും പെൺകുട്ടികളെ പ്രാപ്തരാക്കുന്നു.
മാതൃ ആരോഗ്യത്തിനും ഗുജറാത്തിൽ സമാന പരിഗണന നൽകിയിരുന്നു. ചിരഞ്ജീവി യോജനയിലൂടെ ആരോഗ്യ സ്ഥാപനങ്ങളിലെ പ്രസവങ്ങൾക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കി. അതുവഴി മരണനിരക്ക് കുറഞ്ഞു. ഇതിന്‍റെ ചുവട് പിടിച്ച് കേന്ദ്രത്തിൽ, പ്രധാനമന്ത്രി മാതൃ വന്ദന യോജന നടപ്പാക്കിയപ്പോൾ പ്രസവാനുകൂല്യങ്ങളും പോഷകാഹാര ആനുകൂലങ്ങളും കൂട്ടിച്ചേർത്തു. പദ്ധതി ഇതിനോടകം മൂന്ന് കോടിയിലധികം വനിതകളെ പിന്തുണച്ചു.
നിക്ഷേപകരിലും പൗരന്മാരിലും ആത്മവിശ്വാസം
ഒരുപക്ഷേ, ഗുജറാത്ത് മാതൃകയുടെ ഏറ്റവും സൂക്ഷ്മമായ സ്വാധീനം മാനസികാവസ്ഥയിലുണ്ടായ പരിവർത്തനമാണ്. സുസ്ഥിരമായ ഇടപെടലുകൾ എങ്ങനെ ധാരണകളെ മാറ്റിമറിക്കുമെന്നും, നിക്ഷേപകരുടെ ദൃഷ്ടിയിൽ ഒരു സംസ്ഥാനത്തെ വിശ്വസനീയ കേന്ദ്രമാക്കി മാറ്റുമെന്നും, ഉദ്യോഗസ്ഥ വൃന്ദത്തെ ബിസിനസ് സൗഹൃദമാക്കുമെന്നും വൈബ്രന്‍റ് ഗുജറാത്ത് ഉച്ചകോടികൾ കാണിച്ചുതന്നു. ഈ അനുഭവമാണ് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെ രൂപപ്പെടുത്തിയത്. ഇത് സമയബന്ധിതമായ അംഗീകാരങ്ങൾ, പാരിസ്ഥിതിക ഇടനാഴികൾ, അടിസ്ഥാന സൗകര്യ സന്നദ്ധത എന്നിവയിലൂടെ പ്രവചനാത്മകതയ്ക്ക് മുൻഗണന നൽകി. 2014നും 2024നും മധ്യേ, ₹83 ലക്ഷം കോടിയുടെ വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) രാജ്യത്തേക്ക് ആകർഷിക്കപ്പെട്ടു. ഇത് നിർവഹണ ശേഷിയിലെയും ദീർഘകാല വിശ്വാസ്യതയിലെയും ആത്മവിശ്വാസം സൂചിപ്പിക്കുന്നു.
പൗരന്മാരുടെ പ്രതീക്ഷകളിലും മാറ്റങ്ങൾ സംഭവിച്ചു. മുമ്പ്, പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പദ്ധതികളെ വിലയിരുത്തിയിരുന്നത്. ഇന്ന്, സർവസാധാരണക്കാരായ ഇന്ത്യക്കാർ പോലും അവശ്യവസ്തുക്കൾ, വൈദ്യുതി, ശൗചാലയങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ, സബ്‌സിഡിയുള്ള പാചക വാതകം എന്നിവ തുടങ്ങിയ സർക്കാർ അനുകൂല്യങ്ങൾ തങ്ങൾക്ക് ലഭിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. സേവന വിതരണത്തിലെ നിശബ്ദമായ സാമാന്യവത്കരണം, വാഗ്ദാനങ്ങളെ അവയുടെ പ്രഖ്യാപനത്തിലൂടെയല്ല, മറിച്ച് നിർവഹണത്തിലൂടെ വിലയിരുത്തുന്ന രാഷ്‌ട്രീയ സംസ്‌ക്കാരം സൃഷ്ടിച്ചു. ഒരു തരത്തിൽ പറഞ്ഞാൽ, ഉന്നതമായ ഈ പ്രതീക്ഷയാണ് ഗുജറാത്ത് മാതൃകയുടെ ആഴമേറിയ പൈതൃകം.
വികസിത ഭാരതം 2047ലേക്ക്
എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എല്ലാവരുടെയും വിശ്വാസം എല്ലാവരുടെയും പ്രയത്നം (സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്) എന്നത് കേവലം വാചാടോപമല്ല. ദൈനംദിന യാഥാർഥ്യങ്ങളിൽ അതിന്‍റെ മുദ്ര ദൃശ്യമാണ്: വൈദ്യുതി ഇന്നൊരു ആഡംബരമല്ല, ക്ഷേമത്തിനുള്ള ഉപാധിയാണ്. ഡിജിറ്റൽ സഹായത്തോടെ ആസൂത്രണം ചെയ്ത അടിസ്ഥാന സൗകര്യങ്ങളും, ഉപരിപ്ലവമായ പ്രഖ്യാപനങ്ങൾക്കുപരി മൂർത്തമായ ഫലങ്ങൾ ഉളവാക്കിയ ആരോഗ്യവും വിദ്യാഭ്യാസവും യാഥാർത്ഥ്യമായിരിക്കുന്നു. രാജ്യത്തിന്‍റെ സമസ്ത കോണുകളിലെയും ജീവിതങ്ങളെ സ്പർശിച്ചുകൊണ്ട് ഭരണനിർവഹണത്തെ അവസാന വ്യക്തിയിലേക്ക് വരെ എത്തിച്ച ഇന്ത്യൻ മാതൃകയാണിത്.
2047 ഓടെ വികസിത ഭാരതമാകുക എന്ന ലക്ഷ‍്യം ഇന്ത്യ കൈവരിക്കുമ്പോൾ, അത് ഒരു പ്രധാനമന്ത്രി ഭരണനിർവഹണത്തെ പുനർനിർവചിച്ചതിന്‍റെ പരിണിതഫലമായി വിലയിരുത്തപ്പെടും. ഭരണനിർവഹണത്തെ കാര്യക്ഷത കൈവരിക്കാനുള്ള പരീക്ഷണങ്ങളാക്കി മാറ്റുന്നതിലൂടെ, അദ്ദേഹം ഇന്ത്യയുടെ വിപുലമായ ഭരണ സംവിധാനങ്ങളെ കേവല വാഗ്ദാനങ്ങളിൽ നിന്ന് പ്രയോഗികതയിലേക്ക് ഉയർത്തി. ആദ്യം ഗുജറാത്തിൽ പരീക്ഷിച്ചതും പിന്നീട് ദേശീയതലത്തിലേക്ക് വ്യാപിപ്പിച്ചതുമായ ആ സവിശേഷ മുദ്ര നരേന്ദ്ര മോദിയുടെ മാത്രം പൈതൃകമാണ്.