റഫീഖ് മരക്കാർ
കളമശേരി: വിദേശപഠനവും ജോലിയും യുവതലമുറയുടെ സ്വപ്നമാണ്. ആ സ്വപ്നങ്ങൾക്കു ചുറ്റുമാണ് വ്യാജ റിക്രൂട്ട്മെന്‍റ് ഏജൻസികൾ കഴുകന്മാരെപ്പോലെ വട്ടമിട്ട് പറക്കുന്നത്. നാട്ടിലെങ്ങും കൂണു പോലെയാണ് റിക്രൂട്ട്മെന്‍റ്ഏജൻസികൾ മുളച്ചു പൊന്തുന്നത്. ഇതിൽ ഒട്ടുമിക്ക സ്ഥാപനങ്ങൾക്കും റിക്രൂട്ട്മെന്‍റ് ലൈസൻസ് പോലുമില്ലെന്നതാണ് യാഥാർഥ്യം. വിദേശത്ത് ജോലി സ്വപ്നം കണ്ട്, കടം വാങ്ങിയും പലിശക്ക് എടുത്തുമാണ് പലരും ഇത്തരം ഏജൻസികൾക്ക് ലക്ഷങ്ങൾ നൽകുന്നത്. എന്നാൽ പണം വാങ്ങിയ ശേഷം പല കാരണങ്ങൾ പറഞ്ഞു കാലതാമസം വരുത്തും. ഇതിനിടയിൽ കൂടുതൽ ആളുകളിൽ നിന്നും പണം കൈപ്പറ്റുകയും ചെയ്യും. സംശയം തോന്നി ഉദ്യോഗാർഥികൾ ചോദ്യം ചെയ്യാൻ തുടങ്ങുന്നതോടെ പല സ്ഥാപനങ്ങളും അടച്ചു പൂട്ടുകയോ, ഉടമ മുങ്ങുകയോ ആണ് പതിവ്. പിന്നീട് ആരെങ്കിലും ഒരാൾ പരാതിയുമായി പോലീസിനെ സമീപിക്കുമ്പോൾ മാത്രമാണ് ചതിയുടെ കഥ പുറത്തു വരുന്നതു പോലും.
ലൈസൻസ് ഉള്ള നല്ല രീതിയിൽ തൊഴിലവസരങ്ങൾ നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഉണ്ടെങ്കിലും ഇതു തിരിച്ചറിയാൻ പലർക്കും സാധിക്കാറില്ല. നോർക്ക പോലുള്ള സർക്കാർ സംവിധാനങ്ങൾ പലപ്പോഴും ആരും ഉപയോഗപ്പെടുത്താറുമില്ല. പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്‍റ്സ് (പിഒഇ) ലൈസൻസ് ഉള്ള സ്ഥാപനങ്ങൾക്ക് മാത്രമേ വിദേശത്തേക്ക് ആളുകളെ അയക്കാൻ സാധിക്കു. ഇത് പാസ്പോർട്ട് ഓഫീസിന്‍റെ ഭാഗമായി പ്രവർത്തിക്കുന്നതാണ്. ഇതേക്കുറിച്ച് ബോധവത്കരണം നടത്തിയാൽ വലിയ ചതികളിൽ നിന്ന് പലർക്കും അനായാസം രക്ഷപ്പെടാൻ സാധിക്കും.
പല ഏജൻസികളും പണം വാങ്ങിയ ശേഷം ദിവസങ്ങളും മാസങ്ങളും കഴിയുമ്പോൾ വർക്ക് പെർമിറ്റോ, വിസയോ ഒക്കെ അയച്ചു കൊടുക്കാറുമുണ്ട്. എന്നാൽ ഇതെല്ലാം വ്യാജമായി നിർമ്മിച്ചതാവും. ഇതിൽ ചിലത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗാർത്ഥികൾ ബഹളം വച്ച് പണം തിരിച്ചു വാങ്ങിയതും, നഷ്ടപരിഹാരം വാങ്ങിയതുമായ സംഭവങ്ങളുമുണ്ട്. എന്നാൽ ഇവരാരും പോലീസിൽ പരാതി നല്കാൻ തയ്യാറായിട്ടില്ല. പണ്ടെങ്ങോ നൽകിയ പെർമിറ്റ് എഡിറ്റ് ചെയ്ത് പേരും മേൽവിലാസവും മറ്റും പ്രിന്‍റ് ചെയ്ത് നൽകി പലരും ഈ തട്ടിപ്പിൽ ഇരകളായിട്ടുണ്ട്.
ഇത്തരം ഏജൻസികൾക്ക് എതിരെ ശക്തമായ പരിശോധന നടത്തിയും അംഗീകാരമില്ലാത്ത ഒരു സ്ഥാപനവും തുറന്നു പ്രവർത്തിക്കാൻ അവസരം നല്കാതിരുന്നാലും മാത്രമേ ഇത്തരം തട്ടിപ്പുകൾക്ക് ഒരു പരിധി വരെ എങ്കിലും അറുതി വരുത്താൻ സാധിക്കുകയുള്ളു. ജോലി വാഗ്ദാനം ചെയ്യുന്ന വിദേശത്തുള്ള കമ്പനി ഏതെന്നു അറിഞ്ഞാൽ അവരുടെ വിവരങ്ങൾ ഗൂഗിളിൽ പരിശോധിച്ചാൽ കിട്ടും. ഇതിൽ കമ്പനികളുടെ എച്ച് ആർ നെ ബന്ധപ്പെടാനുള്ള നമ്പറോ ഇ മെയിൽ ഐഡിയോ ഉണ്ടാവും. ഇവരുമായി ബന്ധപ്പെട്ടാൽ ആ സ്ഥാപനത്തിൽ ഇങ്ങിനെ ഒരു തൊഴിലവസരം ഉണ്ടോ എന്നറിയാൻ സാധിക്കും. ഇതൊന്നും പൊതു ജനത്തിന് അറിയില്ല. വേൾഡ് മലയാളീ ഫെഡറേഷൻ പോലുള്ള നിരവധി പ്രവാസി മലയാളി സംഘടനകൾ ഉണ്ട്, ഇവരുമായി ബന്ധപ്പെട്ടാലും അന്വേഷണം വേഗത്തിലാക്കാൻ സാധിക്കും.