കർമചാരിയിൽനിന്നു കർമയോഗിയിലേക്ക്

 
Special Story

കർമചാരിയിൽനിന്നു കർമയോഗിയിലേക്ക്

സിവിൽ സർവീസുകാരുടെ ശേഷിവികസനത്തിനുള്ള ദേശീയ പരിപാടിയായ ‘മിഷൻ കർമയോഗി’ ആ മാറ്റത്തിന്‍റെ പ്രചോദനമാണ്

ഡോ. ആർ. ബാലസുബ്രഹ്മണ്യം

പൊതുഭരണത്തിൽ അഭൂതപൂർവമായ നീക്കങ്ങൾ നടത്തുകയാണ് ഇന്ത്യ. ഉദ്യോഗസ്ഥർക്കു പരിശീലനം നൽകുന്ന രീതി മാത്രമല്ല, അവരെന്തിനാണു സേവനം നൽകുന്നത് എന്നതിനെയും പരിവർത്തനം ചെയ്യുന്നു. സിവിൽ സർവീസുകാരുടെ ശേഷിവികസനത്തിനുള്ള ദേശീയ പരിപാടിയായ ‘മിഷൻ കർമയോഗി’ ആ മാറ്റത്തിന്‍റെ പ്രചോദനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തിന്‍റെ മുദ്ര വഹിക്കുന്ന ഒന്നുകൂടിയാണത്. 25 വർഷത്തിലേറെയായി ഗവണ്മെന്‍റിന്‍റെ തലപ്പത്തും അഞ്ച് പതിറ്റാണ്ടിലേറെ പൊതുജീവിതത്തിലും പ്രവർത്തിച്ച അനുഭവമുള്ള മോദി, ഒരു സംവിധാനം പ്രവർത്തിപ്പിക്കുന്ന പ്രവർത്തകന്‍റെ അവബോധവും പഴക്കംചെന്ന പതിവുകൾ മാറ്റിയെടുക്കാനുള്ള ഒരു പരിഷ്കർത്താവിന്‍റെ അക്ഷമയും ഉൾച്ചേർത്ത്, പൗരന്മാർക്കു പ്രഥമസ്ഥാനവും വികസിത ഇന്ത്യ എന്ന ലക്ഷ്യവും മുന്നിൽക്കൊണ്ടുവന്നു.

മിഷൻ കർമയോഗിയെ വ്യത്യസ്തമാക്കുന്നത് അത് വെറും ഭൗതികമായ എച്ച്ആർ അപ്‌ഡേറ്റല്ല എന്നതാണ്. പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ഇന്ത്യയുടെ സിവിൽ സർവീസിന്‍റെ മൂല്യാധിഷ്ഠിത പരിവർത്തന പുനർരൂപകൽപ്പനയാണിത്. ഈ പരിപാടി മൂന്ന് നിർണായക പരിവർത്തനങ്ങളെ ക്രോഡീകരിക്കുന്നു- ആദ്യ പരിവർത്തനം ഗവണ്മെന്‍റ് ഉദ്യോഗസ്ഥർ തങ്ങളെ കർമചാരികളായി കാണുന്നതിൽ നിന്നു കർമയോഗികളായി കണക്കാക്കുന്നതിലേക്കുള്ള മനോഭാവത്തിലെ മാറ്റമാണ്. ജോലിസ്ഥലത്തെ മാറ്റമാണു രണ്ടാമത്തെ പരിവർത്തനം. പ്രകടനത്തിനുള്ള വ്യക്തിഗത ഉത്തരവാദിത്വം ഏൽപ്പിക്കുന്നതിൽനിന്ന്, വ്യവസ്ഥാപിത പ്രകടന പരിമിതികൾ കണ്ടെത്തി നീക്കം ചെയ്യുന്നതിലേക്കുള്ള മാറ്റം. മൂന്നാമത്തെ പരിവർത്തനം, പബ്ലിക് എച്ച്ആർ മാനെജ്മെന്‍റ് സിസ്റ്റത്തെയും അനുബന്ധ ശേഷിവികസനസങ്കേതത്തെയും നിയമാധിഷ്ഠിതം എന്നതിൽനിന്ന് ചുമതലാധിഷ്ഠിതമാക്കി മാറ്റുന്നതാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭരണം ആവശ്യപ്പെടുന്നതിനെക്കുറിച്ചുള്ള മോദിയുടെ ദീർഘവീക്ഷണാത്മകമായ ചട്ടക്കൂടിൽ നിന്നാണ് ആ വാസ്തുവിദ്യ വ്യക്തമായി ഉയർന്നുവന്നത്.

ഇത് സജീവമായ നേതൃത്വത്തിന്‍റെ ഫലമാണ്. മുഖ്യമന്ത്രിയായും പിന്നീട് പ്രധാനമന്ത്രി എന്ന നിലയിലും, മോദി ഗവൺമെന്‍റിന്‍റെ സർവതോമുഖ സംസ്കാരം മുന്നോട്ടുവച്ചു. പ്രതിബന്ധങ്ങൾ തകർക്കുക, വിവിധ മേഖലകളിൽ മന്ത്രിമാരുടെ ചർച്ചകൾ നടത്താൻ നിർബന്ധിക്കുക, ഫയൽ മുന്നോട്ടു നീക്കുന്നതിനേക്കാൾ സംവിധാനപരമായ പരിഹാരങ്ങൾ ഉയർത്തുക എന്നിവയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. മഹാമാരിക്കാലത്ത്, ഗവൺമെന്‍റ്, വ്യവസായം, പൊതുസമൂഹം, ജനകീയ സന്നദ്ധപ്രവർത്തകർ എന്നീ തലങ്ങളിൽ "ടീം ഇന്ത്യ" എന്ന കൂട്ടായ്മയിൽ മുന്നേറിയപ്പോൾ, ആ മനോഭാവം പ്രകടമായി. ജിഇഎം , ഗതിശക്തി പോലുള്ള പരിഷ്കാരങ്ങൾ ഇപ്പോൾ സ്ഥാപനവത്കരിക്കുന്നത് അതേ സഹകരണശക്തിയെയാണ്.

നേതൃത്വ ശീലങ്ങളെ ഘടനകളാക്കി മാറ്റാനും അദ്ദേഹം ശ്രമിച്ചു. ‘ചിന്തൻ ശിവിർ’സംവിധാനത്തിനു ഗുജറാത്തിൽ അദ്ദേഹം തുടക്കംകുറിച്ചു. ഒരിടത്തു താമസിച്ച്, ഉദ്യോഗസ്ഥചർച്ചാസെഷനുകൾ നടത്തി പരിവർത്തന നടപടികൾ ആലോചിക്കുന്ന ആ പ്രക്രിയയെ ഇപ്പോൾ കേന്ദ്ര ഗവണ്മെന്‍റിന്‍റെയും ഭാഗമാക്കി. തുടർച്ചയായ പഠനത്തോടുള്ള അദ്ദേഹത്തിന്‍റെ നിർബന്ധം വ്യക്തിപരമാണ്. സ്വന്തം അറിവും കഴിവുകളും നിരന്തരം വികസിപ്പിക്കുന്നതിനു പുറമേ, പി‌എം‌ഒ ഉദ്യോഗസ്ഥർ ഐഗോട്ട് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും അദ്ദേഹം ശ്രദ്ധിക്കുന്നു. സ്ഥാപനപരമായ ഓർമകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽ അദ്ദേഹം വളരെ സമഗ്രമായി പ്രവർത്തിക്കുന്നു. അധികാരമേറ്റയുടനെ, പതിറ്റാണ്ടുകളായി സിസ്റ്റത്തിന്‍റെ ഭാഗമായി നിന്ന സഹായികളിൽ നിന്നും സെക്ഷൻ ഓഫീസർമാരിൽ നിന്നും പഠിക്കാൻ അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു. പ്രായോഗികമായി സാംസ്കാരിക മാറ്റം അങ്ങനെയാണുണ്ടാകുന്നത്.

താഴേത്തട്ടിൽ പരിഷ്കരണത്തിന്‍റെ അടിസ്ഥാനം എന്നത് ഉദ്ദേശ്യപൂർവം ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ്. എല്ലാവർക്കും പ്രാപ്യമാക്കാനാകുന്നതും പഠനത്തെ ജനാധിപത്യവൽക്കരിക്കുന്നതുമായ 3000ലധികം കോഴ്‌സുകളുള്ള, സമഗ്രമായ, എപ്പോൾ വേണമെങ്കിലും-എവിടെയും പഠനം നടത്താവുന്ന ആവാസവ്യവസ്ഥയാണ് ഐഗോട്ട്-കർമയോഗി പ്ലാറ്റ്‌ഫോം. ഇത് പഠനത്തെ കഴിവുരേഖപ്പെടുത്തൽ, കരിയർ ആസൂത്രണം, മാർഗനിർദേശം തുടങ്ങിയ എച്ച്ആർ പ്രവർത്തനങ്ങളുമായി കൂട്ടിയിണക്കുന്നു. ഇതു രാഷ്‌ട്രത്തെ, പ്രകടനനിരീക്ഷണത്തിൽ നിന്ന് കഴിവ് പ്രോത്സാഹിപ്പിക്കുന്ന രീതിയിലേക്ക് മാറ്റുന്നു. ഇത് ഇതിനകം വലിയ തോതിൽ പ്രവർത്തനക്ഷമമാണ്. പുതിയ നിയമ ചട്ടക്കൂടുകളിൽ ലക്ഷക്കണക്കിന് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് പൊലീസുകാർ, ഡോക്റ്റർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പൗരന്മാരുടെ ഇടപെടൽ ശക്തിപ്പെടുത്തുകയും ‘സേവാഭാവ്’ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നു. നിർമിത ബുദ്ധി, ഐഒടി പോലുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ വലിയ കൂട്ടായ്‌മകൾക്ക് അംഗീകാരം ലഭിക്കുന്നു. പ്രധാനമന്ത്രിയുടെ "സാങ്കേതിക സൗഹൃദ" മുൻഗണന, സ്ഥാപനപരമായ ശക്തികളിലേക്ക് പരിണമിക്കുന്നു എന്നതിന്‍റെ തെളിവാണിത്.

തത്വശാസ്ത്രത്തിന്‍റെ കാതലും അതുപോലെ പ്രധാനമാണ്. മിഷൻ കർമയോഗി പുരാതന നാഗരിക ജ്ഞാനത്തെ ആധുനിക രാഷ്‌ട്രതന്ത്രവുമായി ബന്ധിപ്പിക്കുന്നു. വികസനം, അഭിമാനം, കർത്തവ്യം, ഐക്യം തുടങ്ങിയ പ്രതിജ്ഞകൾ അതുൾക്കൊള്ളുന്നു. സ്വയം പരിശോധന, സഹകരണം, രാഷ്‌ട്രതന്ത്രം, പൗരന്മാരിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കൽ തുടങ്ങിയ വ്യക്തിഗത ഗുണങ്ങളും ഇതിന്‍റെ ഭാഗമാകുന്നു. ഇത് ഗൃഹാതുരത്വതമല്ല. ഹൈടെക് യുഗത്തിനായുള്ള പ്രായോഗിക ധർമചിന്തയാണിത്. കഴിവ് സ്വഭാവത്തിന്‍റെ ഭാഗമാകുന്നുവെന്ന് ഇതുറപ്പാക്കുന്നു.

പൗരകേന്ദ്രീകരണം ഇതിന്‍റെ മറ്റൊരു സ്തംഭമാണ്. എല്ലാ പൊതു തീരുമാനങ്ങളുടെയും കേന്ദ്രബിന്ദു പൗരന്മാരായിരിക്കണമെന്ന് പ്രധാനമന്ത്രി മോദി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അതാണ് ഭരണത്തിനായുള്ള അദ്ദേഹത്തിന്‍റെ തത്വം. പ്രായോഗികമായി, പൗര ഇടപെടൽ രണ്ടുദിശയുള്ള കരാറായി മാറുന്നു. അവിടെ ജനങ്ങൾക്കു നയത്തിലും വിതരണത്തിലും പങ്കാളിത്തമുണ്ട്. അവസാനകോണിലുള്ള അവസാന പൗരനെയും സേവിക്കാനുള്ള ഉദ്യോഗസ്ഥരുടെ പുനർരൂപകൽപ്പനയാണിവിടെ കാണാനാകുന്നത്. ഈ കരാറിനായുള്ള മാനസികാവസ്ഥയും രീതികളും കെട്ടിപ്പടുക്കുന്നതിനുള്ള രാഷ്‌ട്രത്തിന്‍റെ സങ്കേതമാണ് മിഷൻ കർമയോഗി.

സ്വയംപര്യാപ്തത ഇതിനെ പൂരകമാക്കുന്നു. ഇത് ഒറ്റപ്പെട്ട നിലപാടലല്ല; തുറന്ന മനസ്സാലും ആഗോള മത്സരക്ഷമതയാലും പ്രവർത്തിക്കുന്ന കഴിവും ആത്മവിശ്വാസവുമാണ്. ശേഷി വർധിപ്പിക്കുന്നതിനുള്ള പ്രേരണയിലൂടെയും ‘മൈഗവ്’ പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ വ്യാപനത്തിലൂടെയും ആ കാഴ്ചപ്പാട് കടന്നുപോകുന്നു. അത് പൗരനെ നിഷ്‌ക്രിയ സ്വീകർത്താവാക്കി മാറ്റി നിർത്തുന്നില്ല. പകരം, സഹ-സ്രഷ്ടാവാക്കി മാറ്റുന്നു. ഇന്ത്യയുടെ നാഗരിക ധർമചിന്തയിൽ ആഴത്തിൽ വേരൂന്നിയതാണ് ഈ ആഖ്യാനം. അതേസമയം എഐ യുഗത്തിൽ അഭിവൃദ്ധി പ്രാപിക്കാൻ സ്ഥാപനങ്ങളെ സജ്ജമാക്കുകയും ചെയ്യുന്നു.

ഈ പരിപാടിയുടെ സ്ഥാപനപരമായ ഘടന പ്രധാനമന്ത്രി മോദിയുടെ പ്രായോഗികതയെ പ്രതിഫലിപ്പിക്കുന്നതാണ്. പ്രധാനമന്ത്രി നയിക്കുന്ന മാനവ വിഭവശേഷി കൗൺസിൽ; ഏകോപനത്തിനുള്ള ക്യാബിനറ്റ് സെക്രട്ടറിയറ്റ് യൂണിറ്റ്; മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ശേഷി വികസന കമ്മിഷൻ സിബിസി; ഡിജിറ്റൽ അടിത്തറയും വിപണിയും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രത്യേക ദൗത്യസംവിധാനം- കർമയോഗി ഭാരത് എന്നിവയാണ് ഇതിന്‍റെ ഭാഗങ്ങൾ. രൂപകൽപ്പന പ്രകാരം, ഇത് സഹകരണപരവും ഓഡിറ്റ് ചെയ്യാവുന്നതും ഫലാധിഷ്ഠിതവുമാണ് – “എവിടെ നിന്നും പ്രവർത്തിക്കാൻ കഴിയുന്ന” ഒരു രാഷ്‌ട്രത്തിന് അനുയോജ്യമായ ഭരണ സംവിധാനം.

പഠിക്കുന്നതിനെ ഇന്ത്യ പൂഴ്ത്തിവയ്ക്കുന്നില്ല എന്നതാണു പ്രധാനം. ‘വസുധൈവ കുടുംബകം’ എന്ന മനോഭാവത്താൽ, പൊതുഭരണത്തിൽ മാതൃകയായി നിൽക്കുന്നതിനായി, രാഷ്‌ട്രം തയാറാക്കുന്ന അറിവ്, അനുഭവം, സങ്കേതങ്ങൾ എന്നിവ പങ്കിടാൻ രാജ്യം പദ്ധതിയിടുകയാണ്. സാങ്കേതിക തടസ്സങ്ങൾ നേരിടുന്ന, സമാനമായ ശേഷി പരിമിതികളുള്ള രാഷ്‌ട്രങ്ങൾ ഉൾക്കൊള്ളുന്ന ഗ്ലോബൽ സൗത്തിന്‍റെ കാര്യത്തിൽ ഇതു പ്രധാനമാണ്. ഈ ദിശയിൽ മൗറീഷ്യസിന് ഇന്ത്യ ഇതിനകം പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. വികസ്വര ജനാധിപത്യ രാജ്യങ്ങളിൽ മിഷൻ കർമയോഗിക്ക് പ്രായോഗിക സമൂഹത്തിനു വിത്തുപാകാൻ കഴിയുമെന്നതിന്‍റെ ആദ്യ സൂചനയാണിത്.

ലളിതമായി പറഞ്ഞാൽ, മിഷൻ കർമയോഗി ദീർഘവീക്ഷണമുള്ള ആശയത്തെ സംവിധാനമാക്കി മാറ്റുന്നു. പ്രധാനമന്ത്രി മോദിയുടെ ഭരണനിർവഹണശൈലി ഉപയോഗിക്കുന്നതാണിത്. തടസങ്ങൾ തകർക്കാനുള്ള അദ്ദേഹത്തിന്‍റെ സഹജാവബോധം, സാങ്കേതികവിദ്യയോടുള്ള അനുകൂലനിലപാട്, സ്ഥാപനപരമായ അറിവിനോടുള്ള ആദരം, ശക്തമായ മൂല്യങ്ങൾ എന്നിവയിലൂടെ അതിനെ ആവർത്തിക്കാവുന്ന പ്രവർത്തന മാതൃകയാക്കി മാറ്റുന്നു. ചുമതലാധിഷ്ഠിത എച്ച്ആർ; തുടർച്ചയായ ഡിജിറ്റൽ പഠനം; പൗര പങ്കാളിത്തം; നാഗരികത അടിസ്ഥാനമാക്കിയുള്ള ധർമചിന്ത എന്നിവ ഇതിന്‍റെ ഘടകങ്ങളാണ്. അങ്ങനെയാണ് ഒരു രാഷ്‌ട്രത്തെ ഭാവിക്കായി സജ്ജമാക്കുക.

ഇന്ത്യ ഈ പാതയിൽ തുടരുകയാണെങ്കിൽ, നേട്ടങ്ങൾ വേഗമേറിയ ഫയലുകളിലും വൃത്തിയുള്ള സംഘടനാ ചാർട്ടുകളിലും മാത്രമല്ല, വിശ്വാസത്തിലും അനുഭവപ്പെടും. കേൾക്കുകയും പഠിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന ഗവണ്മെന്‍റിനെ അനുഭവവേദ്യമാക്കുന്ന പൗരന്മാർ; അതാണ് പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിന്‍റെ കാതൽ. അതുകൊണ്ടാണ് മിഷൻ കർമയോഗി, സമീപ ദശകങ്ങളിലെ ഏതൊരു ഭരണ പരിഷ്കാരത്തേക്കാളും, ജനങ്ങളെ സേവിക്കുന്ന വ്യക്തികളിൽ തലമുറകൾക്കായുള്ള നിക്ഷേപമാകുന്നത്. അതിനായി, തന്‍റെ ജീവിതം അങ്ങേയറ്റം സമർപ്പിച്ച ഒരാളാണ് അതു സൃഷ്ടിച്ച നേതാവും.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ