പുതിയ തലമുറയെ പഴകാല മറപ്പുരകളിൽ തളയ്ക്കരുത്
പ്രൊഫ. കെ.വി. തോമസ്
വലിയ നേട്ടമെന്ന നിലയിൽ പുതിയ വി.ഡി. സതീശൻ സർക്കാർ അവതരിപ്പിച്ച നയപ്രഖ്യാപനത്തിൽ ശ്രദ്ധേയമായ ഒരു കാര്യം പറയുന്നു, വിദ്യാർഥിനികൾക്ക് മൂന്നുദിവസം ആർത്തവ അവധി നൽകുമെന്ന്.
ഈ സർക്കാർ പുതിയ തലമുറയെ എവിടേയ്ക്കാണ് നയിക്കുന്നതെന്ന് ഈ നയപ്രഖ്യാപനത്തിൽ ഒളിഞ്ഞുകിടപ്പുണ്ട്. ആർത്തവം അശുദ്ധിയാണെന്നും അശുദ്ധരായവരെ തീണ്ടാപ്പാടകലെ നിർത്തണമെന്നുമുള്ള അപകർഷക അവബോധം തന്നെയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 21ാം നൂറ്റാണ്ടിലെ ഒരു ജനാധിപത്യ സർക്കാരും വിഭാവന ചെയ്യാൻ ധൈര്യപ്പെടാത്ത ഈ നയം നമ്മുടെ പെൺകുഞ്ഞുങ്ങളെ വീണ്ടും മറപ്പുരകളിൽ തളയ്ക്കാനേ ഉപകരിക്കൂ എന്നു പറയാതെ വയ്യ.
ശാസ്ത്ര വികാസവും സാംസ്‌കാരിക നവീകരണവും കൊണ്ട് സാമൂഹിക ജീവിതത്തിൽ നേടിയെടുത്ത പുരോഗതിയെ, അപരിഷ്കൃത അന്ധകാരങ്ങളുടെ പഴയ നാളുകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഏതൊരു പ്രവൃത്തിയും അപലപിക്കപ്പെടണം. ജനം വലിയ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത ഒരു ജനാധിപത്യ സർക്കാർ തന്നെ ഇത്തരം അപരിഷ്കൃത യുഗത്തിലേക്ക് പുതിയൊരു തലമുറയെ വഴിതിരിച്ചു വിടുന്നത് നാം ഇന്നോളം നേടിയെടുത്ത എല്ലാത്തരം വികാസത്തെയും റദ്ദ് ചെയ്യുന്ന അറുപിന്തിരിപ്പൻ ആശയമാണ്.
ഒരേ സമയം പെൺകുട്ടികളുടെ കർമശേഷിയെ പരിമിതപ്പെടുത്തുകയും, അതോടൊപ്പം അവർ എന്തൊക്കെയോ പോരായ്മകൾ ഉള്ളവരാണെന്ന പൊതുബോധം സൃഷ്ടിച്ച് അവരെ അപരവത്കരിക്കുകയും ചെയ്യുന്ന ഒരു ആശയം വി.ഡി. സതീശൻ സർക്കാർ ഒരു നയമായി സ്വീകരിച്ചത് നവ കാലത്തെ പിന്നോട്ടടിപ്പിക്കുന്ന മഹാപാതകമാണ്.
ആർത്തവ കാലത്ത് സ്ത്രീകൾ ദൈനംദിന കാര്യങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അവരെ പ്രത്യേക മുറികളിലും വീടിനു പുറത്തെ ചായ്പ്പുകളിലും താമസിപ്പിക്കുകയും, പ്രത്യേക ഭക്ഷണം നൽകുകയും, അടുക്കളകളിലും ആരാധനാലയങ്ങളിലും സാമൂഹിക ഒത്തുചേരലുകളിലും നിന്നു പോലും മാറ്റിനിർത്തുകയും ചെയ്തിരുന്ന ഇരുണ്ട കാലം.
ആചാരപരമായ വിശ്വാസങ്ങൾ, അന്ധ വിശ്വാസങ്ങൾ, ശാസ്ത്രീയ അവബോധമില്ലായ്മ, ശുചിത്വത്തെയും സൗകര്യങ്ങളെയും കുറിച്ചുള്ള ആശങ്കകൾ എന്നിവയെല്ലാം ചേർന്നാണ് ഇത്തരം ആചാരങ്ങളിൽ പലതും പണ്ട് ഉണ്ടായത്. ഇന്ന് ശാസ്ത്രം, വൈദ്യശാസ്ത്രം, ശുചിത്വ സംവിധാനങ്ങൾ, സാങ്കേതികവിദ്യ എന്നിവയിലൂടെ സ്ത്രീകൾ ആർത്തവത്തെ കൈകാര്യം ചെയ്യുന്ന രീതിയെ പൂർണമായി മാറ്റിമറിച്ചു. ആധുനിക ആർത്തവ ശുചിത്വ ഉത്പന്നങ്ങളും, മികച്ച ആരോഗ്യ പരിപാലനവും, വർധിച്ചുവന്ന അവബോധവും മാസത്തിലുടനീളം സജീവവും ഉത്പാദനക്ഷമവുമായ ജീവിതം നയിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നു.
ഇന്ന് സ്ത്രീകൾ യുദ്ധ വിമാനങ്ങൾ പറത്തുന്നു, കപ്പലുകൾ നിയന്ത്രിക്കുന്നു, സൈന്യത്തിലും പൊലീസിലും സേവനമനുഷ്ഠിക്കുന്നു, സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തുന്നു, അന്താരാഷ്‌ട്ര കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നു, കോർപ്പറേറ്റുകൾ നടത്തുന്നു, സർക്കാരുകളെ നയിക്കുന്നു, വനിതാ സൈനികർ നമ്മുടെ അതിർത്തികൾ കാക്കുന്നു, വനിതാ ശാസ്ത്രജ്ഞർ ഗവേഷണങ്ങൾ നടത്തുന്നു, വനിതാ പൈലറ്റുമാർ ദിവസവും ആയിരക്കണക്കിന് യാത്രക്കാരെ സുരക്ഷിതമായി എത്തിക്കുന്നു.
ആർത്തവചക്രത്തിനിടയിലും സ്ത്രീകൾക്ക് ഇത്തരം കഠിനമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ കഴിയുമെങ്കിൽ, ആർത്തവം ഒരു പരിമിതിയാണെന്ന് നമ്മുടെ പെൺകുട്ടികളെ പഠിപ്പിക്കുന്നത് എന്തിനാണ്? പകരം, ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ അവരെ സജ്ജരാക്കുകയല്ലേ വേണ്ടത്.
സ്കൂളുകൾ ആർത്തവ വിദ്യാഭ്യാസം, ആരോഗ്യ അവബോധം, ആത്മവിശ്വാസം വളർത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ശാരീരിക അസ്വസ്ഥതകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും, ശുചിത്വം എങ്ങനെ പാലിക്കണമെന്നും, സ്വന്തം ശരീരത്തെക്കുറിച്ച് മനസിലാക്കണമെന്നും, ശാരീരികമായി സാധ്യമാകുമ്പോഴെല്ലാം തങ്ങളുടെ പഠനവും മറ്റ് പ്രവർത്തനങ്ങളും എങ്ങനെ തുടരണമെന്നും പെൺകുട്ടികളെ പഠിപ്പിക്കുകയല്ലേ വേണ്ടത്?
ആർത്തവം എന്നത് ഒരു പരിമിതിയാണോ? അത് സ്വാഭാവിക ജൈവിക പ്രക്രിയയാണെന്നും വിജയങ്ങൾക്ക് തടസമാവുന്നില്ലെന്നും അവർ അറിയണം. തീർച്ചയായും, ചില പെൺകുട്ടികൾക്ക് കഠിനമായ വേദനയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ സങ്കീർണതകളോ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. അങ്ങനെയുള്ള വിദ്യാർഥിനികൾക്ക് പൂർണമായ പിന്തുണയും വൈദ്യസഹായവും ഇളവുകളും നൽകണം. കാരുണ്യവും സഹാനുഭൂതിയും എപ്പോഴും ഏത് നയങ്ങളുടെയും ഭാഗമായിരിക്കണം.
അതേസമയം തന്നെ, ആർത്തവകാലത്ത് പെൺകുട്ടികൾക്ക് സാധാരണ കാര്യങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന തെറ്റായ സന്ദേശം അറിയാതെ പോലും നൽകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. ശാക്തീകരണവും അവബോധവും ആത്മവിശ്വാസവുമാണ് നമ്മുടെ വലിയ ലക്ഷ്യമാകേണ്ടത്.
ഭാവി എന്നത് സ്വന്തം ശരീരത്തെ മനസിലാക്കുകയും, ആരോഗ്യത്തെ സംരക്ഷിക്കുകയും, ഭയമോ അപകർഷതാബോധമോ ഇല്ലാതെ തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുകയും ചെയ്യുന്ന യുവതകളുടേതാണ്. ഭൂതകാലത്തിലെ അന്ധവിശ്വാസങ്ങളെ നീക്കം ചെയ്ത് പകരം അറിവും അന്തസും ആത്മവിശ്വാസവുമാണ് നാം നൽകേണ്ടത്. ആർത്തവം മനസിലാക്കപ്പെടുകയും പിന്തുണയ്ക്കപ്പെടുകയും വേണം, എന്നാൽ അത് ഒരിക്കലും ഒരു പെൺകുട്ടിയുടെ കഴിവിനെ നിർണയിക്കുന്ന ഒന്നാകരുത്.
സ്കൂളുകളിൽ ആർത്തവ കാലത്ത് പെൺകുട്ടികൾക്ക് പ്രതിമാസം 3 ദിവസത്തെ അവധി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്നാണ് ഒരു അധ്യാപകൻ കൂടിയായിരുന്ന എനിക്കു പറയാനുള്ളത്.