ramayana special
വര: സുഭാഷ് കല്ലൂർ
"ദേവാലയങ്ങളിലും യാഗശാലകളിലും നീ ആരെക്കരുതി പൂജകൾ അനുഷ്ഠിക്കുന്നുവോ അവരെല്ലാം നിന്നെ സംരക്ഷിക്കട്ടെ. വിശ്രുതനായ വിശ്വാമിത്ര മഹർഷി നൽകിയ അസ്ത്രങ്ങൾ നിന്നെ തുണയ്ക്കട്ടെ. വിശ്വദേവന്മാരും മരുത്തുക്കളും മഹർഷീശ്വരന്മാരും നിന്നെ രക്ഷിക്കട്ടെ. പൂഷാവും ഭഗനും ആര്യമാവും നിന്നെ രക്ഷിക്കട്ടെ. രാവും പകലും നിന്നെ രക്ഷിക്കട്ടെ. നിന്റെ യാത്ര മംഗളകരമാവട്ടെ''.
കാട്ടിലേക്കു പോകാൻ അനുവാദം ചോദിച്ച മകനോടുള്ള ഒരമ്മയുടെ വാക്കുകളാണ് മേലുദ്ധരിച്ചത്.
ഈ അമ്മയും മകനും വിശ്വചക്രവാളത്തിൽ കാലാതീതരായി നിറഞ്ഞുനിൽക്കുന്നത് ഇത്തരം വചനങ്ങളുടെ ആദിമധ്യാന്തങ്ങളില്ലാത്ത ഗരിമകൊണ്ടാണെന്ന് നാം ഓർമിക്കേണ്ടതാണ്.
കൗസല്യാ ദേവി ഇപ്രകാരം രാമന് ആശിർവാദം നൽകുന്നതിനു മുമ്പുള്ള രംഗം ആരുടെയും കണ്ണു നനയിക്കുന്നതാണ്.
എന്റെ മകൻ നടക്കുമ്പോഴും ഇരിക്കുമ്പോഴും ഉറങ്ങുമ്പോഴും എന്നല്ല, എല്ലാനേരത്തും നിങ്ങൾ രക്ഷിക്കണമെന്ന് പ്രാർഥിക്കുമ്പോൾ മനുഷ്യജന്മത്തിന്റെ നിസഹായതയും അതീതത്തിന്റെ വിശ്വദൃഷ്ടിയിലുള്ള വിശ്വാസവുമാണ് പ്രകടമാകുന്നത്. ഇത് എപ്പോഴാണ് തിരിച്ചറിയുന്നത് അപ്പോഴേ മനുഷ്യൻ രക്ഷപ്പെടൂ എന്ന സൂചനയും ഇവിടെ അന്തർലീനമാണ്.
അമ്മയും മകനും തമ്മിലുള്ള സംഭാഷണാനന്തരം ലക്ഷ്മണൻ അവിടേക്ക് കടന്നുവന്ന് താനും കാട്ടിലേക്ക് വരികയാണെന്ന് രാമനെ അറിയിക്കുന്നു. പ്രേമപൂർവം ശ്രീരാമചന്ദ്രൻ അതിന് അനുമതി നൽകിയശേഷം മാതൃ സവിധത്തിൽ നിന്നും, പത്നിയായ സീതാദേവിയോട് യാത്ര പറയാൻ പോകുന്നു. അഭിഷേക വിഘ്നത്തിന്റെ കഥയറിയാത്ത സീത ദേവപൂജ ചെയ്തുകൊണ്ട് രാമനെ പ്രതീക്ഷിച്ചിരിക്കയായിരുന്നു. പ്രാണവല്ലഭന്റെ വാടിയ മുഖം കണ്ട് ദേവി പരിഭ്രമിച്ചു. മാത്രമല്ല രാജ ചിഹ്നങ്ങളായ വെൺകൊറ്റക്കുടയും വെഞ്ചാമരങ്ങളും മംഗളം ആലപിക്കുന്ന പരിജനങ്ങളും ആളകമ്പടിയുമൊന്നുമില്ലാതെ ലക്ഷ്മണനെ മാത്രം കൂട്ടി എഴുന്നള്ളുന്നതെന്ത് എന്ന് സീത സന്ദേഹിച്ചു.
സീതയുടെ പരിഭ്രമം കണ്ട് രാമൻ വരദാന കഥയും തുടർന്നു വരുന്ന വനയാത്രയെക്കുറിച്ചും വിശദമായി പറയുന്നു. വൃത്താന്തമറിഞ്ഞ്, തന്റെ കൂടെ വരാനൊരുങ്ങുന്ന സീതയെ തടഞ്ഞുകൊണ്ട്, ഭീതിജനകമാംവണ്ണം നിർജനവും സിംഹാദി ഘോരമൃഗങ്ങൾ സ്വൈരസഞ്ചാരം നടത്തുന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാണ് കാനനത്തിൽ എന്നും, കരിയില കൊണ്ടുള്ള മെത്തയിലാണ് ശയനമെന്നും, കാട്ടിലെ ഫലമൂലാദികളാണ് ആഹാരമെന്നും, തണുപ്പേറിയ നദീജലത്തിലാണ് സ്നാനമെന്നും, ഇടക്കിടെ കാടിളക്കുന്ന കൊടുങ്കാറ്റും, വഴിമുടക്കുന്ന പെരുമ്പാമ്പുകളും രാക്ഷസന്മാരും നിറഞ്ഞ വനവാസം അത്യന്തം ദുഷ്കരമായിരിക്കുമെന്നും ചൂണ്ടിക്കാട്ടി രാമൻ പത്നിയെ വിലക്കുന്നു. എന്നാൽ, ഇത്തരം വിവരണങ്ങളൊന്നും സീതയെ പിന്തിരിപ്പിച്ചില്ല. ഒടുവിൽ സീതാദേവിയുടെ ആഗ്രഹമനുസരിച്ച്, ഭർത്താവിന്റെ കാലടികളെ പിന്തുടരാനുറച്ച സീതയ്ക്കും രാമൻ അനുവാദം നൽകുന്നു.
രാമൻ, യഥാവിധം ബ്രാഹ്മണർക്കും പൗരജനങ്ങൾക്കും ദാനം നൽകി. രാജകൊട്ടാരത്തിൽ നടന്ന ഉപജാപങ്ങളറിഞ്ഞ ജനങ്ങൾ അത്യന്തം ദുഃഖിതരായിരുന്നു. അവർ രാമനോടൊപ്പം കാട്ടിലേക്കു പുറപ്പെടാൻ തയാറായി നിന്നു.
രാമദേവൻ യാത്രാനുമതിക്കായി ദശരഥ മഹാരാജാവിനെ സന്ദർശിക്കുന്ന വേളയിൽ കുമാരനെ കണ്ടമാത്രയിൽ തന്നെ വൃദ്ധനായ ആ പിതാവ് ഓടിച്ചെല്ലാനൊരുങ്ങിയെങ്കിലും രാമസമീപമെത്തുന്നതിനു മുമ്പേ കുഴഞ്ഞുവീണു. രാമലക്ഷ്മണന്മാർ പിതാവിനെ താങ്ങിയെടുത്ത് തല്പത്തിൽ കിടത്തി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. "ഞാനും ലക്ഷ്മണനും സീതയും വനത്തിലേക്കു യാത്രയാവുകയാണ്, അങ്ങ് ഞങ്ങൾക്ക് അനുമതി നൽകിയാലും'.
ഇവിടെ ദശരഥന്റെ കുറ്റബോധവും പുത്രസ്നേഹവും പ്രകടമാകുന്നുണ്ട്. താൻ കൈകേയിയാൽ വഞ്ചിതനായിപ്പോയെന്നും തന്നെ ബന്ധിച്ച് രാജ്യം ഭരിക്കാനും രാമനോട് ആവശ്യപ്പെടുന്നുണ്ട് ദശരഥൻ. മന്ത്രിമുഖ്യനായ സുമന്ത്രർ പോലും കൈകേയിയെ ഭർത്സിച്ച് സംസാരിക്കുന്നു. രാജ്യത്തെ സമ്പത്തും സൈന്യവും രാമന്റെ കൂടെ വനത്തിലേക്കു പോകട്ടെ എന്ന ദശരഥ മഹാരാജാവിന്റെ ആജ്ഞ കേട്ട് കൈകേയി സംഭീതയാകുന്നു. "തന്റെ മകൻ ഭരതന് ഭരിക്കാൻ കിട്ടുന്ന അയോധ്യ ജനശൂന്യവും ധനശൂന്യവുമായ ഒരു വന്ധ്യഭൂമിയായിരിക്കുമല്ലേ' എന്ന് രാജാവിനോട് കൈകേയി കോപാകുലയായി ചോദിച്ചു. ആ സമയം രാമകുമാരൻ തന്റെ നയം വ്യക്തമാക്കി രംഗം തണുപ്പിക്കുന്നു. "എല്ലാം വെടിഞ്ഞ് കാട്ടിൽ പോകുന്ന എനിക്ക് സൈന്യമെന്തിന്? പരിവാരമെന്തിന്? സന്യാസജീവിതം നയിക്കാനാണ് ഞങ്ങൾ കാനനത്തിലേക്ക് പോകുന്നത് '.
ഇതുകേട്ട് ആശ്വാസ ചിത്തയായ കൈകേയി താൻ നേരത്തെ കരുതിവച്ചിരുന്ന മരവുരിത്തുണ്ടുകൾ ഒരു പശ്ചാത്താപവുമില്ലാതെ രാമന്റെ നേർക്ക് നീട്ടി. രാമനാവട്ടെ താൻ ധരിച്ചിരുന്ന വെൺപട്ടുകൾ മാറ്റി മരവുരി വാങ്ങി ധരിച്ചു. ലക്ഷ്മണനും ജ്യേഷ്ഠനെ അനുകരിച്ചു. സീതാദേവി തനിക്കു നേരെ നീട്ടിയ മരവുരി ആദരവോടെ വാങ്ങിക്കൊണ്ട് അതെങ്ങനെ ധരിക്കുമെന്നറിയാതെ വിഷണ്ണയായി കാന്തനെ നോക്കി. രാമൻ വേഗം സീതാസമീപമെത്തി ദേവിയുടെ ഉടയാടയ്ക്കു മേൽ മരവുരി ചുറ്റിക്കൊടുത്തു. സങ്കടകരമായ ആ കാഴ്ച രാജഗുരുവായ വസിഷ്ഠനെപ്പോലും കോപാകുലനാക്കി. അദ്ദേഹം കൈകേയിയെ ഭർത്സനങ്ങൾ കൊണ്ട് മൂടുന്നു. ദശരഥന്റെ ആജ്ഞയനുസരിച്ച് പതിനാലു വർഷത്തേയ്ക്ക് സീതയ്ക്ക് ധരിക്കാനുള്ള ശ്രേഷ്ഠ വസനങ്ങളും വരഭൂഷണങ്ങളും നൽകപ്പെടുന്നു. കൗസല്യാ ദേവി പുത്ര ഭാര്യയെ കെട്ടിപ്പുണർന്ന് മൂർദ്ധാവിൽ മുകർന്ന് ധർമോപദേശങ്ങൾ നൽകുന്ന നേരത്ത് രാമൻ അമ്മയോടായി പറയുന്നു - "അമ്മേ ദുഃഖിക്കരുതേ, വൃദ്ധനായ അച്ഛനെ നോക്കിക്കൊള്ളണേ, ഒരുറക്കം കഴിഞ്ഞുണരുന്നപോലെ പതിനാല് സംവത്സരം വേഗം കഴിഞ്ഞുപോകും. അപ്പോൾ നമുക്കെല്ലാവർക്കും പുനഃസമാഗമം ഉണ്ടാകും'.
തദനന്തരം, രാമൻ ഓരോരുത്തരോടായി യാത്ര പറയുന്നു. ലക്ഷ്മണനും എല്ലാവരെയും വന്ദിച്ചതിനുശേഷം മാതാവിനടുത്തെത്തി കാൽതൊട്ടു വണങ്ങി. സകലർക്കും ഹിതകാരിണിയും സൗമ്യദർശനയുമായ സുമിത്ര അപ്പോൾ മകന്റെ നെറുകയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു. "ജ്യേഷ്ഠനെ അനുസരിക്കുകയെന്നത് രാജധർമമാണ്. നീ ജ്യേഷ്ഠനെ പിതാവെന്നും സീതയെ മാതാവെന്നും വനത്തെ അയോധ്യയെന്നും കരുതി ജീവിക്കണം. നിനക്ക് മംഗളം ഭവിക്കട്ടെ'.
ഇത്തരം അമ്മമാരല്ലേ സാക്ഷാൽ ശക്തിസ്വരൂപിണികൾ! തന്റെ ദുഃഖത്തേക്കാളുപരി ധർമനിഷ്ഠയ്ക്ക് പ്രാധാന്യം നൽകി ജീവിച്ച എത്രയോ മാതാക്കളുടെ വീരചരിത്രം ഭാരതത്തിനുണ്ട്. ആത്മാഭിമാനം പണയപ്പെടുന്നുവെന്ന ഘട്ടത്തിൽ അവർ ജീവത്യാഗം വരെ ചെയ്യാൻ തയ്യാറായി. സ്വർഗത്തെക്കാൾ മികച്ചതാണ് ജനിച്ച നാടും സ്വധർമവും എന്ന് വിശ്വസിച്ചവരാണവർ.
വനയാത്രയ്ക്ക് സമയം വൈകുന്നതിനാൽ സുമന്ത്രർ തേരുമായെത്തി. അന്തഃപ്പുര സ്ത്രീകളും പൗരജനങ്ങളും, അയോധ്യ മുഴുവനും തന്നെ ക്രൗഞ്ചപ്പിടകളെപ്പോലെ കേണുകൊണ്ടിരിക്കെ, രാമലക്ഷ്മണന്മാരും സീതാദേവിയും കയറിയ തേര് മെല്ലെ ഉരുണ്ടുനീങ്ങി...