ഇടി മിന്നൽ കനക്കും, മഴ കുറയും, വരൾച്ചയും കൃഷിനാശവും ഫലം.

 

Freepik.com

Special Story

സൂപ്പർ എൽ നിനോ: ആശങ്കയുടെ പെരുമഴക്കാലം

രണ്ട് വർഷം വരെ നീളാവുന്ന സൂപ്പർ എൽ നിനോ ഭീഷണിയിൽ മഴ കുറയാനും കടുത്ത ചൂട് തുടരാനും വരളർച്ചയ്ക്കും കൃഷി നാശത്തിനും സാധ്യത; ജലസംരക്ഷണവും വനസംരക്ഷണവും അത്യാവശ്യം

MV Desk

എൽ നിനോയുടെ കരിനിഴലിലാണ് ഇക്കുറി കാലവർഷം എത്തിയിരിക്കുന്നത്. മഴയുടെ അളവ് കുറയാനും ഉഷ്ണതരംഗം തുടരാനും ഇടയുള്ളതിനാൽ ഈ ഭീഷണി രണ്ടു വർഷത്തോളം നീണ്ടുനിൽക്കാം. ഇങ്ങനെയൊരു കാലാവസ്ഥയിൽ ഓരോ തുള്ളി വെള്ളവും ഓരോ ഏക്കർ വനവും അത്രമേൽ വിലപ്പെട്ടതാണ്. സംരക്ഷണം ഇനിയൊരു തെരഞ്ഞെടുപ്പല്ല, അതിജീവനത്തിന്‍റെ അനിവാര്യതയാണ്. മരങ്ങളും ജലാശയങ്ങളും ഇല്ലാതാക്കിക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ മാറ്റിവയ്ക്കാം.

അജയൻ

തെക്കുപടിഞ്ഞാറൻ കാലവർഷം പ്രതീക്ഷിച്ചതിലും മൂന്ന് ദിവസം വൈകി വ്യാഴാഴ്ച കേരളത്തിൽ എത്തിയതോടെ, പഴയകാല ആശങ്കകൾ വീണ്ടും മേഘച്ചിറകിലേറി തിരിച്ചെത്തുകയാണ്. ഒരുകാലത്ത് മഴക്കാലവുമായി ബന്ധപ്പെടുത്തിയിരുന്ന പ്രണയാതുരതകളെയെല്ലാം 2018-ലെ വിനാശകരമായ പ്രളയം കഴുകിക്കളഞ്ഞുവെങ്കിൽ, ഇത്തവണത്തെ കാലവർഷം എത്തിച്ചേരുന്നത് എൽ നിനോയുടെയും ഉഷ്ണതരംഗത്തിന്‍റെയും നിഴലുകളിലേക്കാണ്.

എൽ നിനോ പ്രതിഭാസത്തിനുള്ള സാധ്യത 80 ശതമാനമാണെന്ന് ഐക്യരാഷ്ട്ര സംഘടന ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ മാസത്തിൽ പല പ്രദേശങ്ങളിലും താപനില സാധാരണയെക്കാൾ ഉയരാനും കാലവർഷത്തിൽ ലഭിക്കുന്ന മഴയുടെ അളവ് കുറയാനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പും (IMD) പ്രവചിച്ചിരിക്കുന്നു.

രേഖപ്പെടുത്തപ്പെട്ടവയിൽ വച്ച് ഏറ്റവും ശക്തമായ ഒരു 'സൂപ്പർ എൽ നിനോ' ആയിരിക്കാം ഇതെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില സാധാരണയെക്കാൾ 2.5 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നതിനാൽ, കാലാവസ്ഥാ സംവിധാനങ്ങൾ പൂർണമായി താറുമാറായേക്കും. ഇതുമൂലമുണ്ടാകുന്ന കടുത്ത ചൂട് കാലവർഷത്തെ ദുർബലപ്പെടുത്തുകയും കുടിവെള്ള സ്രോതസുകൾ വറ്റാൻ കാരണമാകുകയും, അതു വഴി കൃഷി നശിക്കാൻ ഇടയാക്കുകയും ചെയ്യും.

എന്താണ് എൽ നിനോ

മധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം അസാധാരണമായി ചൂടാകുന്ന പ്രകൃതിദത്തമായ ഒരു കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. ഈ ചൂടാകൽ വിശാലമായ ഒരു ന്യൂനമർദ മേഖല രൂപപ്പെടുത്തുകയും കാറ്റിന്‍റെ ഗതി മാറുകയും ഈർപ്പം നിറഞ്ഞ കാറ്റിന്‍റെ സാധാരണ ചലനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. സാധാരണ സാഹചര്യങ്ങളിൽ പസഫിക്കിലെ തണുത്ത കാറ്റ് ഏഷ്യയിലെയും ഓസ്‌ട്രേലിയയിലെയും ചൂടുള്ള കരപ്രദേശങ്ങളിലേക്ക് നീരാവി എത്തിക്കുകയും അത് കാലവർഷത്തെ സമൃദ്ധമാക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഒരു എൽ നിനോ വർഷത്തിൽ, ഈ അന്തരീക്ഷ താളം പൂർണമായും തെറ്റുന്നു.

കേരളത്തിലും മറ്റ് കിഴക്കൻ പ്രദേശങ്ങളിലും തുലാവർഷം പെയ്തൊഴിഞ്ഞ ശേഷം, ശീതകാലത്തോടെ ഈ പ്രതിഭാസം കൂടുതൽ ശക്തമാകുമെന്നും ആഗോള കാലാവസ്ഥാ വ്യതിയാനങ്ങളെ സ്വാധീനിച്ചുകൊണ്ട് രണ്ട് വർഷം വരെ നീണ്ടുനിന്നേക്കുമെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞർ ഭയപ്പെടുന്നു.

വിനാശത്തിന്‍റെ മുന്നറിയിപ്പ്

ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ചില വരൾച്ചകൾക്കും ക്ഷാമങ്ങൾക്കും പിന്നിൽ എൽ നിനോയുടെ സ്വാധീനമുണ്ടായിരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. 1876-78, 1899-1900 കാലഘട്ടങ്ങളിലെ കടുത്ത ഇന്ത്യൻ ക്ഷാമങ്ങൾ ഇതിന് ഉദാഹരണമാണ്. ഇതിന്‍റെ ആഘാതം ഇന്ത്യയ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുകയും ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ കാലാവസ്ഥാ സമ്പ്രദായങ്ങളെ തകിടം മറിക്കുകയും വിളനാശം, ജലദൗർലഭ്യം, ജനങ്ങളുടെ കടുത്ത ദുരിതങ്ങൾ എന്നിവയ്ക്കു കാരണമാവുകയും ചെയ്തു.

കാലവർഷത്തിൽ സാധാരണ ലഭിക്കേണ്ടതിനെ അപേക്ഷിച്ച് 7 മുതൽ 8 ശതമാനം വരെ കുറവ് മഴ മാത്രമേ ഇക്കുറി ലഭിക്കൂ എന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചുകഴിഞ്ഞു. ആദ്യത്തെ മഴക്കാല മേഘങ്ങൾ പെയ്തുതുടങ്ങുമ്പോൾ പോലും കടുത്ത ചൂട് വിട്ടുമാറാതെ നിൽക്കുകയാണ്. വേനൽക്കാലത്തിന്‍റെ അവസാനത്തെ ഓർമിപ്പിക്കുന്ന ഇടിമിന്നലുകളും ശക്തമായ കാറ്റും മഴക്കാലത്തിന്‍റെ ആദ്യ നാളുകളിലും തുടരുന്നുണ്ട്. താളംതെറ്റിയ ഒരു കാലാവസ്ഥയിലേക്കാണ് ഇത്തവണ കാലവർഷം പെയ്തിറങ്ങുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

മേഘങ്ങളുടെ ഭാവ മാറ്റം

ഒരു സാധാരണ കാലവർഷത്തിൽ ആകാശത്ത് പഞ്ഞി പോലെയുള്ള ചെറിയ ക്യുമുലസ് മേഘങ്ങളാണ് കാണപ്പെടാറുള്ളത്; ഇവ ഇടിയോ മിന്നലോ ഉണ്ടാക്കത്തക്ക വണ്ണം ഉയരത്തിൽ വളരാറില്ല. എന്നാൽ, താപനില ഉയരുമ്പോൾ ഈ മേഘങ്ങൾ കൂടുതൽ ശക്തിയോടും വേഗത്തിലും മുകളിലേക്ക് കുതിച്ചുയരുന്നു. ഈ അധിക ചൂട് ശക്തമായ സംവഹന പ്രവാഹങ്ങൾക്ക് (convection currents) കാരണമാകുകയും ഈർപ്പം നിറഞ്ഞ മേഘങ്ങളെ വലിയ ഉയരങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അവിടെ വെച്ച് വൈദ്യുത ചാർജ്ജുകൾ രൂപപ്പെടുകയും അവ പ്രതിപ്രവർത്തിച്ച് ശക്തമായ മിന്നലും ഇടിയും ഉണ്ടാക്കുകയും ചെയ്യുന്നു. ഒരുകാലത്ത് ശാന്തമായി പെയ്തിരുന്ന ഇടവപ്പാതിയിലെ മഴമേഘങ്ങൾ ഇതോടെ ഇടിവാളുകൾ തീർക്കുന്ന ഭീമന്മാരായി മാറുന്നു.

പെട്ടെന്നുണ്ടാകുന്ന അതിശക്തമായ മഴയും കടുത്ത പ്രളയഭീഷണിയും ആശങ്ക ഇരട്ടിയാക്കുന്നു. താപനിലയിൽ ഉണ്ടാകുന്ന ഓരോ ഡിഗ്രി വർധനയ്ക്കും അന്തരീക്ഷത്തിന് ഏതാണ്ട് 7 ശതമാനം കൂടുതൽ ഈർപ്പം സംഭരിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ഈ അധിക നീരാവി ഒടുവിൽ പെയ്തിറങ്ങുമ്പോൾ പലപ്പോഴും അത് അതിശക്തമായ പ്രളയമായും ഉരുൾപൊട്ടലായും മാറി സാധാരണ മഴയെപ്പോലും പ്രകൃതിദുരന്തങ്ങളാക്കി മാറ്റുന്നു.

രണ്ടു വർഷത്തെ ജാഗ്രത

സമീപ വർഷങ്ങളിൽ വർധിച്ചു വരുന്ന ഈ ഭീഷണി, താഴെത്തട്ടിൽ നിന്നു തന്നെ ജലസംരക്ഷണം ഉറപ്പാക്കേണ്ടതിന്‍റെ ചൂണ്ടിക്കാട്ടുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ വനങ്ങൾ എത്രത്തോളം അത്യാവശ്യമാണോ, അത്രത്തോളം തന്നെ നദികളും കുളങ്ങളും തോടുകളും ജലാശയങ്ങളും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വ്യാപകമായ രീതിയിൽ മരങ്ങൾ വച്ചുപിടിപ്പിക്കണമെന്നും, രണ്ട് വർഷത്തോളം നീണ്ടുനിൽക്കുമെന്നു കരുതുന്ന സൂപ്പർ എൽ നിനോ ചക്രം അവസാനിക്കുന്നതു വരെയെങ്കിലും മരങ്ങളും വനങ്ങളും നശിപ്പിച്ചുകൊണ്ടുള്ള വികസന പദ്ധതികൾ നിർത്തിവയ്ക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

അതിതീവ്ര മഴ; ശ‌നിയാഴ്ച മൂന്ന് ജില്ലകളിൽ സ്കൂൾ അവധി

"വെളിച്ചത്തിനു വേണ്ടിയുള്ള ഉപാധിയായി നിലവിളക്ക് കൊളുത്താം"; ഫാത്തിമ തഹ്‌ലിയ വിവാദത്തിൽ സമസ്ത

''ധവളപത്രം തയാറാക്കിയത് എഐ ഉപയോഗിച്ച്, ധനവകുപ്പിലെ രഹസ‍്യരേഖകൾ എഐയ്ക്ക് നൽകി''; ആരോപണവുമായി തോമസ് ഐസക്ക്

മണിപ്പൂരിൽ വീണ്ടും സംഘർഷം; 3 പേർ കൊല്ലപ്പെട്ടു

'അതിജീവിതയുടെ മൊഴിൽ വിശ്വാസം'; തെളിവുകൾ അനുകൂലമല്ലാതിരുന്നിട്ടും ബലാത്സംഗ കേസ് ശരിവച്ച് കോടതി