ഇന്ത്യൻ സിനിമയിലെ ഇമ്മേഴ്‌സിവ് വിപ്ലവം

 
Special Story

ഇന്ത്യൻ സിനിമയിലെ ഇമ്മേഴ്‌സിവ് വിപ്ലവം

സാങ്കേതികവിദ്യയും പാരമ്പര്യവും നേർക്കുനേർ

Aswin AM

അതനു ഘോഷ്

ചലിക്കുന്ന ട്രോളിയിൽ തബല, സിത്താർ, അക്കോഡിയൻ തുടങ്ങിയ വിവിധ വാദ്യോപകരണങ്ങൾ വായിക്കുന്ന സംഗീതജ്ഞരുടെ അകമ്പടിയോടെ, ലൈവ് ആയി പാട്ടുപാടിക്കൊണ്ടായിരുന്നു ഇന്ത്യൻ ചലച്ചിത്ര അഭിനേതാക്കൾ 1930കൾക്ക് മുമ്പ് അഭിനയിച്ചിരുന്നത്. നൂതന ശബ്ദ- റെക്കോർഡിങ് സാങ്കേതികവിദ്യയുടെ ആഗമനത്തോടെ ഈ ബുദ്ധിമുട്ടുള്ള പ്രക്രിയ അടിമുടി മാറി. കൊൽക്കത്തയിലെ ന്യൂ തിയെറ്റേഴ്‌സിലെ സാങ്കേതിക വിദഗ്ധൻ മുകുൾ ബോസ് 1935ൽ പ്ലേബാക്ക് സംവിധാനത്തിന് തുടക്കമിട്ടു. "ഭാഗ്യ ചക്ര' എന്ന സിനിമയിൽ പാട്ടുകൾ വെവ്വേറെ റെക്കോർഡു ചെയ്ത ബോസ്, അഭിനേതാക്കളെ ശബ്ദത്തിനൊത്ത് ചുണ്ടനക്കുന്ന രീതിയിലേക്ക് (lip-sync) മാറാൻ നിർബന്ധിതരാക്കി. മൂന്നു വർഷത്തിന് ശേഷം, 1938ൽ "സ്ട്രീറ്റ് സിംഗർ' എന്ന ചിത്രത്തിലെ "ബാബു മോറ' എന്ന ജനപ്രിയ ഗാനത്തിന് പ്ലേബാക്ക് സാങ്കേതികവിദ്യ ഉപയോഗിക്കാൻ കെ.എൽ. സൈഗാൾ നിയോഗിക്കപ്പെട്ടു. എന്നാൽ പുതിയ സാങ്കേതികവിദ്യയോടുള്ള അപ്രിയം കാരണം, കെ.എൽ. സൈഗാൾ തത്സമയം പാടാൻ നിർബന്ധം പിടിക്കുകയും ചിത്രീകരണ സമയത്ത് സംവിധായകൻ ഫാനി മജുംദാറിനെ പ്ലേബാക്ക് സംവിധാനം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രമാണ്. "സ്ട്രീറ്റ് സിംഗർ' എന്ന സിനിമയിൽ സൈഗൽ "ബാബുൽ മോറ' എന്ന ഗാനത്തിന്‍റെ തത്സമയ ആലാപനം ജനപ്രീതിയിൽ തരംഗങ്ങൾ സൃഷ്ടിച്ചു.

ഈ കഥ ഒരു ആത്യന്തിക സത്യം വെളിവാക്കുന്നു: ചരിത്രത്തിലുടനീളം, കലാകാരന്മാർ പുതിയ സാങ്കേതികവിദ്യകളുടെ വരവിനെ സംശയത്തോടെയോ, ഭയത്തോടെയോ, പ്രതിരോധ ബുദ്ധിയോടെയോ വീക്ഷിച്ചിട്ടുണ്ട്. കാലഹരണപ്പെടുമെന്ന ഭയം മാത്രമല്ല, പ്രതിഭയും സ്വത്വബോധവും തമ്മിൽ ആഴത്തിലുള്ള ബന്ധവും പിരിമുറുക്കം ഉണ്ടാകുന്നതിന് കാരണമാകുന്നു.

130 വർഷത്തെ ചരിത്രം പരിശോധിക്കുമ്പോൾ, നിർമിത ബുദ്ധി, വെർച്വൽ റിയാലിറ്റി, ഓഗ്മെന്‍റഡ് റിയാലിറ്റി, എക്സ്റ്റെൻഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകളിലെ ദ്രുത പുരോഗതി, ചലച്ചിത്രങ്ങളെ നൂതനമായ സാങ്കേതിക വിപ്ലവത്തിന് സജമാക്കിയിരിക്കുന്നു. ഈ സാങ്കേതികവിദ്യയുടെ ഉപയോഗം കഥാകഥന രീതികളെ മാറ്റിമറിക്കുകയും ചലച്ചിത്ര നിർമാണ പ്രക്രിയയെ പൊളിച്ചെഴുതുകയും ചെയ്യും. കൗതുകകരമെന്നു പറയട്ടെ, പ്രമുഖ ചലച്ചിത്ര നിർമാണ സ്ഥാപനങ്ങൾക്കും സ്വതന്ത്ര ചലച്ചിത്ര നിർമാതാക്കൾക്കും ഇതിന്‍റെ ഗുണഫലങ്ങളായ സമയ ക്ലിപ്തത, കുറഞ്ഞ ചെലവ്, മെച്ചപ്പെട്ട പരിണാമങ്ങൾ എന്നിവയിൽ നിന്ന് നേട്ടമുണ്ടാക്കാൻ കഴിയും. അക്കാദമിക വിദഗ്ധരുടെയും ചലച്ചിത്ര മേഖലയിലെ പ്രൊഫഷണലുകളുടെയും സജീവ പങ്കാളിത്തത്തോടെ, ലബ്ധപ്രതിഷ്ഠരായ സാങ്കേതിക വിദഗ്ധരെയും വരാനിരിക്കുന്ന പ്രതിഭകളെയും മുന്നോട്ടു നയിക്കാനും പിന്തുണയ്ക്കാനും വേവ്സ് (വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്‍റർടൈൻമെന്‍റ് സമ്മിറ്റ്) ശ്രമിക്കുന്നതിന്‍റെ പ്രസക്തി കുടികൊള്ളുന്നത് ഇവിടെയാണ്. സർഗാത്മകതയും സാങ്കേതികവിദ്യയും തമ്മിലുള്ള അന്തരം നികത്താനും നൂതനാശയങ്ങളിലെ സഹകരണവും വളർത്താനും വേവ്സ് ലക്ഷ്യമിടുന്നു. വിജ്ഞാന കൈമാറ്റത്തിനും നൈപുണ്യ വികസനത്തിനും വേദി ഒരുക്കാൻ വേവ്സ് ശ്രമിക്കുന്നു. വിനോദ വ്യവസായ മേഖലയുടെ വർധിച്ചു വരുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടാൻ ഉച്ചകോടി ബന്ധപ്പെട്ട പങ്കാളികളെ പ്രാപ്തരാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട് പതിറ്റാണ്ടുകളായി, കംപ്യൂട്ടർ നിർമിത ഇമേജറികളും വിഷ്വൽ ഇഫക്റ്റുകളുമാണ് സാങ്കേതികവിദ്യയിലൂടെ ഇന്ത്യൻ സിനിമയിൽ വിപ്ലവം സൃഷ്ടിച്ച സുപ്രധാനപ്പെട്ട മേഖലകൾ. പരമ്പരാഗത വിഷ്വൽ ഇഫക്റ്റുകൾ സമയമെടുക്കുന്ന ഒരു പ്രക്രിയയായിരുന്നു. ഇതിനായി കലാകാരന്മാരുടെ സംഘങ്ങൾ ദിവസങ്ങളോളം ഒരുമിച്ച് പ്രവർത്തിക്കേണ്ടിയിരുന്നു. ചലനങ്ങൾ പിന്തുടരുന്നതിനും, യഥാതഥമായ ഇഴയടുപ്പം സൃഷ്ടിക്കുന്നതിനും, അസാധാരണമായ കൃത്യതയോടെ വെളിച്ചം ക്രമീകരിക്കുന്നതിനും മെഷീൻ ലേണിങ്, പ്രോഗ്രാമിങ് അൽഗോരിതങ്ങൾ എന്നിവയെ ഈ പ്രക്രിയയുടെ ഭാഗമാക്കി മാറ്റി ഓട്ടോമേറ്റ് ചെയ്യാൻ കഴിയും. രണ്ട് നിർദ്ദിഷ്ട ഉപയോഗങ്ങൾ നോക്കാം. ഒരു വലിയ മൈതാനം സങ്കൽപ്പിക്കുക. യഥാർഥ കാണികളെ കൊണ്ട് മൈതാനം നിറയ്ക്കാൻ നമുക്ക് വലിയ തുകയും നിർമാണ വിഭവങ്ങളും ആവശ്യമാണ്. ഗ്രാഫിക്സ് ഉപയോഗിച്ച് ജനക്കൂട്ടത്തെ കൃത്രിമമായി എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയും. അതുപോലെ, ഒരു നടന്‍റെ പ്രായം കൂട്ടാനോ കുറയ്ക്കാനോ ചമയങ്ങൾക്കുള്ള പരിമിതിയെ അതീവ സൂക്ഷ്മതയോടെ പരിഹരിക്കാൻ കഴിയും. തത്സമയ ചലച്ചിത്രങ്ങളിൽ, ഗ്രാഫിക്സ് സുഗമമായി ലയിപ്പിക്കുമ്പോഴുള്ള ഫലങ്ങൾ അദ്‌ഭുതാവഹമാണ്. ഇതിഹാസ കാലഘട്ടങ്ങൾ, അത്ഭുത ജീവികൾ, യഥാർഥ ജീവിതത്തിൽ സംഭവിക്കുന്നതിനേക്കാൾ വലിയ പ്രമേയങ്ങൾ സൃഷ്ടിക്കുന്നതിൽ എല്ലാം അപരിമേയമായ സാധ്യതകളാണ് സാങ്കേതിക വിദ്യയ്ക്കുള്ളതെന്ന് വ്യക്തമാണ്.

ഇനി, ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സമീപഭാവിയിലെ സാധ്യതകളെക്കുറിച്ച് നാം ചർച്ച ചെയ്യുകയാണെങ്കിൽ, വെർച്വൽ പ്രൊഡക്ഷൻ എന്ന അത്ഭുതത്തിനായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് സാഹചര്യങ്ങളെ അനുകരിക്കുന്നതിന് റിയൽ- ടൈം റെൻഡറിങ് എൻജിനുകൾ നിർമിതബുദ്ധിയുമായി (എഐ) സമന്വയിപ്പിക്കുന്ന ഒരു സാങ്കേതിക വിദ്യയാണിത്. ഈ സമീപനം സ്വീകരിക്കുന്നതിലൂടെ പ്രീ- പ്രൊഡക്ഷൻ ജോലികളിൽ പണവും സമയവും ലാഭിക്കുന്നതിന് ചലച്ചിത്ര നിർമാതാക്കൾക്ക് വളരെയധികം പ്രയോജനം ചെയ്യും. കൂടാതെ, എഐ അധിഷ്ഠിത വിഷ്വലൈസേഷൻ ഉപകരണങ്ങൾ ചലച്ചിത്ര നിർമാതാക്കളെയും ഛായാഗ്രാഹകരെയും ആവശ്യമില്ലാത്ത രംഗങ്ങൾ ഒഴിവാക്കാനും, ക്യാമറ ചലനങ്ങൾ ആസൂത്രണം ചെയ്യാനും, ഫ്രെയിം ചിത്രീകരിക്കും മുമ്പ് സങ്കീർണമായ സീക്വൻസുകൾ ദൃശ്യവത്ക്കരിക്കാനും സഹായിക്കും. ഗ്രാഫിക്സും തത്സമയ പ്രകടനവും തമ്മിലുള്ള സുഗമമായ സമന്വയം അത്യാവശ്യമായ വലിയ ക്യാൻവാസിലെ സിനിമകൾക്ക് ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും.

ചലച്ചിത്ര നിർമാണത്തിലെ ഏറ്റവും ശ്രമകരമായ ഘട്ടങ്ങളിലൊന്നാണ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ. കളർ ഗ്രേഡിങ് വേഗത്തിലാക്കാനും, സീനുകൾക്കിടയിലെ ടോണുകൾ അനുപൂരകമാക്കാനും, ചിത്രത്തിൽ നിന്ന് അനാവശ്യ ഘടകങ്ങൾ നീക്കം ചെയ്യാനും കാര്യക്ഷമമായ സംവിധാനങ്ങൾ നിർമിത ബുദ്ധി എഐ വാഗ്ദാനം ചെയ്യുന്നു - മുമ്പ് ദീർഘനേരം മാനുഷിക അദ്ധ്വാനം ആവശ്യമായിരുന്ന ജോലികളാണിവ. ശബ്ദത്തിന്‍റെ കാര്യത്തിൽ വോയ്‌സ് ക്ലോണിങ്, ലിപ്-സിങ്ക്, ഒന്നിലധികം ഭാഷകളിലുള്ള ഡബ്ബിങ് എന്നിവയാണ് എഐക്ക് ഗണ്യമായ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള മേഖലകൾ. വരും വർഷങ്ങളിൽ, ഇതിൽ എത്രമാത്രം ഫലപ്രാപ്തി കൈവരിക്കാനാകുമെന്നത് ഏറെ രസാവഹമായിരിക്കും.

ഉള്ളടക്ക സൃഷ്ടിയിൽ, എഐ പര്യവേക്ഷണം പ്രാരംഭ ഘട്ടത്തിലാണ്. പക്ഷേ, തിരക്കഥാകൃത്തുക്കളിൽ അത് കൗതുകമുണർത്തുന്നതായി കേട്ടിട്ടുണ്ട്. കഥാസന്ദർഭങ്ങൾ, പാത്ര സൃഷ്ടി, സംഭാഷണ വ്യതിയാനങ്ങൾ എന്നിവ നിർദ്ദേശിക്കുന്നതിന് ആയിരക്കണക്കിന് സ്ക്രിപ്റ്റുകൾ, ആഖ്യാനങ്ങൾ, പ്രേക്ഷക മുൻഗണനകൾ എന്നിവ വിശകലനം ചെയ്യാൻ എഐ ടൂളുകൾക്ക് കഴിയും. ഇത് സർഗാത്മക മനസിനെ പൂർണമായും ഒഴിവാക്കുകയല്ല. മറിച്ച് അത് മെച്ചപ്പെടുത്തുകയും, ആഖ്യാനങ്ങളെ കൂടുതൽ ആകർഷകവും സാംസ്കാരിക പ്രസക്തവും ആക്കുന്ന ഉൾക്കാഴ്ചകൾ നൽകുകയും ചെയ്യുന്നു. ഉദാഹരണത്തിന്, സങ്കീർണമായ ഒരു ചരിത്ര ഇതിഹാസം വികസിപ്പിക്കുന്ന ഒരു ചലച്ചിത്രകാരന് നിമിഷനേരത്തിൽ കാലഘട്ട വിശദാംശങ്ങളും ഭാഷാഭേദങ്ങളും ഗവേഷണം ചെയ്യാൻ എഐ ഉപയോഗിക്കാം.

എഐ-യുടെയും ഇമ്മേഴ്‌സീവ് സാങ്കേതികവിദ്യയുടെയും ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് ജനാധിപത്യവത്കരണമാണ്. ഇപ്പോൾ, സ്വതന്ത്ര ചലച്ചിത്ര നിർമാതാക്കൾക്ക് എഐ ഉപകരണങ്ങൾ ഉപയോഗിച്ച് ഉന്നത നിലവാരമുള്ള ഉള്ളടക്കം സൃഷ്ടിക്കാൻ കഴിയും. ക്ലൗഡ് അധിഷ്ഠിത എഡിറ്റിങ് സ്യൂട്ടുകളും ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറും ഉപയോക്താക്കളെ വിഎഫ്എക്സ്, ആനിമേഷൻ, സൗണ്ട് ഡിസൈൻ എന്നിവയിൽ ധാരാളം പണം ചെലവഴിക്കാതെ തന്നെ പരീക്ഷണങ്ങൾ നടത്താൻ അനുവദിക്കുന്നു. ഓരോ രംഗത്തിനും ആവശ്യമുള്ള ഏറ്റവും യുക്തവും കാര്യക്ഷമവുമായ ക്യാമറ ആംഗിളുകളും ലൈറ്റിങ് സാഹചര്യങ്ങളും പ്രവചിക്കാൻ ഛായാഗ്രാഹകരെ എഐ സഹായിക്കും. ഇത് ഉപയോഗിച്ച്, എഡിറ്റർമാർക്ക് മണിക്കൂറുകൾ ദൈർഘ്യമുള്ള ദൃശ്യങ്ങൾ വിശകലനം ചെയ്യാൻ കഴിയും. തുടർന്ന് ഫൈനൽ കട്ടിൽ ഉൾപ്പെടുത്തുന്നതിന് മികച്ച ഷോട്ടുകൾ തിരഞ്ഞെടുക്കാനും എഡിറ്റർക്ക് സാധിക്കും. ഇത് സമയം ലാഭിക്കുകയും കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു. പഴയ ഇന്ത്യൻ സിനിമകളിൽ ധാരാളം പരിഷ്ക്കരണങ്ങൾ നടക്കുന്നുണ്ട്. അതിൽ എഐ സുപ്രധാന പങ്ക് വഹിക്കുന്നു. യഥാർഥ ഡീ-ഗ്രേഡ് ഫിലിം റീലുകളുടെ ഡിജിറ്റൽ പുനഃസ്ഥാപനം, ഈ ഡീഗ്രേഡ് ഫോട്ടൊകെമിക്കൽ ഫിലിമുകളുടെ ഡ്യൂപ്ലിക്കേഷൻ, മാലിന്യം, പോറലുകൾ, ഫ്ലിക്കറുകൾ എന്നിവ കുറയ്ക്കൽ, ചിത്രത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവ സാധ്യമാണ്. ഇന്ത്യയിൽ ധാരാളം ഭാഷകൾ സംസാരിക്കുന്നുണ്ട്. മിക്ക ഭാഷകളിലും ചലച്ചിത്രങ്ങൾ നിർമിക്കപ്പെടുന്നു. ഭാഷാപരമായ കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ചലച്ചിത്ര സംഭാഷണങ്ങൾക്ക് അടിക്കുറിപ്പ് നൽകൽ, ഡബ്ബിങ്, വിശാലമായ പ്രേക്ഷകരിലേക്ക് വിവർത്തനം എത്തിക്കുക എന്നീ കാര്യങ്ങളിൽ നിർമിതബുദ്ധിക്ക് സഹായിക്കാനാകും.

നേട്ടങ്ങൾ വളരെ വലുതാണെങ്കിലും, സിനിമയിൽ എഐ ഉപയോഗിക്കുന്നത് ഒട്ടേറെ ധാർമിക ചോദ്യങ്ങളും ഉയർത്തുന്നു. ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ഡീപ്ഫേക്ക് പോലുള്ള സാങ്കേതികവിദ്യകൾ തെറ്റായ വിവരങ്ങളിലേക്കോ അനുവർത്തന ലംഘനങ്ങളിലേക്കോ നയിച്ചേക്കാം. കലാപരമായ ആധികാരികതയെക്കുറിച്ചുള്ള ചോദ്യങ്ങളും പ്രസക്തമാണ്: മനുഷ്യന്‍റെ സർഗാത്മകതയ്ക്കും യന്ത്ര സഹായത്തിനും മധ്യേ എവിടെയാണ് അതിർവരമ്പുകൾ നിർണയിക്കേണ്ടത്? കൂടാതെ, ചലച്ചിത്ര നിർമാണത്തിലെ എഐ ഉപയോഗം ചെലവേറിയതായിരിക്കും. എല്ലാ ചലച്ചിത്ര നിർമാതാക്കൾക്കും അത്തരം നിക്ഷേപങ്ങൾ താങ്ങാൻ കഴിയണമെന്നില്ല. മാത്രമല്ല, ഏതൊരു സാങ്കേതികവിദ്യയും ആശ്രിതത്വത്തിന്‍റെ അപകടസാധ്യതയുമായാണ് വരുന്നത്. നിർമാണത്തിൽ നിർമിത ബുദ്ധി ഉപയോഗിക്കുന്നതിലൂടെ, ചലച്ചിത്ര നിർമാതാക്കൾ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുമെന്ന അപകടസാധ്യതയുണ്ട്.

എഐക്ക് ആവശ്യമായ ഡാറ്റ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഡാറ്റ ശേഖരിച്ച് സജമാക്കേണ്ടതുണ്ട്. മറ്റ് വ്യവസായങ്ങളിൽ ഡാറ്റ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ ഇതിനോടകം ഒരു പ്രധാന പ്രശ്നമായി ഉയർന്നു വന്നിട്ടുണ്ട്. മുഖം തിരിച്ചറിയലിന്‍റെയും ബയോമെട്രിക്സിന്‍റെയും ഉപയോഗം ഈ ആശങ്ക കൂടുതൽ ശക്തിപ്പെടുത്തുന്നു. വിവിധ മേഖലകളിൽ എഐ സംവിധാനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ, അവ ഹാക്കർമാരുടെയും സൈബർ കുറ്റവാളികളുടെയും ആകർഷക ലക്ഷ്യങ്ങളായി മാറുകയാണ്. എഐ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന അൽഗോരിതങ്ങൾ പക്ഷപാതത്തിന് വിധേയമാകാം. ഇത് സ്റ്റീരിയോടൈപ്പുകളിലേക്കോ പരിമിതമായാ പ്രാതിനിധ്യങ്ങളിലേക്കോ നയിച്ചേക്കാനും സാധ്യതയുണ്ട്. മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾക്കുള്ളിൽ നിന്നു കൊണ്ട് പുതിയ ആശയങ്ങൾ സൃഷ്ടിക്കുന്നതിന് ഈ സംവിധാനങ്ങൾ മികച്ചതാണ്. എന്നിരുന്നാലും, മനുഷ്യന്‍റെ സർഗാത്മകതയുടെ ആർദ്രതയും സ്വാഭാവികതയും അവയിലില്ല. നിലവിലെ എഐ സംവിധാനങ്ങൾ പാറ്റേൺ തിരിച്ചറിയുന്നതിൽ മികവ് പുലർത്തി,വലിയ അളവിലുള്ള ഡാറ്റ വേഗത്തിൽ പ്രോസസ് ചെയ്യുന്നു. എന്നിരുന്നാലും, അവയ്ക്ക് വിവേകം, അവബോധം, സഹാനുഭൂതി എന്നീ മനുഷ്യ ഗുണങ്ങളില്ല.

സാങ്കേതിക അത്ഭുതങ്ങളുടെ ആകർഷണത്തിലേക്ക് വീഴണോ വേണ്ടയോ എന്നത് എപ്പോഴും ഒരു പ്രതിസന്ധിയാണ്. എഐ-അധിഷ്ഠിത ഇമ്മേഴ്‌സീവ് ഉപകരണങ്ങൾ മുന്നോട്ടുവയ്ക്കുന്ന സാങ്കേതിക പരിവർത്തനത്തിന്‍റെ വക്കിൽ നിൽക്കുന്ന ഇന്ത്യൻ ചലച്ചിത്ര നിർമാതാക്കളും സാങ്കേതിക വിദഗ്ധരും, അതിരുകളില്ലാത്ത സർഗാത്മകതയുടെയും കാര്യക്ഷമതയുടെയും സാധ്യതകൾ തിരിച്ചറിയുന്നു. ഇത് പ്രേക്ഷകരുടെ ഇടപെടൽ വർധിക്കുന്നതിലേക്ക് നയിക്കുന്നു. മറുവശത്ത്, ജോലി നഷ്ടപ്പെടുമെന്നോ കലാപരമായ നിയന്ത്രണം നഷ്ടപ്പെടുമെന്നോ ഉള്ള ഭയം, വൈദഗ്ധ്യം ആർജിക്കുന്നതിലെ പ്രശ്നങ്ങൾ, ധാർമിക വിഷയങ്ങൾ എന്നിവയും അവഗണിക്കാനാവില്ല. എന്നിരുന്നാലും, നിശബ്ദ റീലുകൾ മുതൽ കമ്പ്യൂട്ടർ ഗ്രാഫിക്സ്- അധിഷ്ഠിത ഇതിഹാസങ്ങൾ വരെയുള്ള ചരിത്രം പരിഗണിക്കുമ്പോൾ സ്വയം പുനർനിർമിക്കുന്നത്തിൽ നിന്നും ഇന്ത്യൻ ചലച്ചിത്ര മേഖല ഒരിക്കലും പിന്നോട്ടുപോയിട്ടില്ലെന്ന് ചരിത്രം വ്യക്തമാക്കുന്നു. അൽഗോരിതങ്ങളെയും അവതാരങ്ങളെയും മുൻനിർത്തി ചലച്ചിത്ര മേഖല പരീക്ഷണങ്ങൾ തുടരുമ്പോൾ, സാങ്കേതികവിദ്യ സർഗാത്മകതയെ മാറ്റിസ്ഥാപിക്കുമ്പോഴല്ല, അതിനെ സേവിക്കുമ്പോഴാണ് കഥാകഥനം മികച്ചതാകുന്നതെന്ന് അന്തിമമായി കണ്ടെത്തിയേക്കാം.

"പി.എം.എ. സലാം സംസ്കാരം പുറത്തെടുത്തു"; മുഖ‍്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ വിദ‍്യാഭ‍്യാസ മന്ത്രി

ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി 15 ലക്ഷത്തിന് വിറ്റു; പ്രത‍്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി ഗോവർധൻ

''റസൂൽ പൂക്കുട്ടി ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചില്ല, വിഷമമുണ്ട്''; പ്രേംകുമാർ

35-ാം വയസിൽ ടി20 ക്രിക്കറ്റ് മതിയാക്കി വില‍്യംസൺ

വ്യക്തിപരമായ അധിക്ഷേപങ്ങൾ വേണ്ട; മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ പി.എം.എ. സലാമിനെ തള്ളി മുസ്ലിം ലീഗ്