ഗിരിരാജ് സിങ്,
ടെക്സ്റ്റൈൽസ് മന്ത്രി
ഏകദേശം 176 ശതകോടി യുഎസ് ഡോളർ വലിപ്പമുള്ള ഇന്ത്യയുടെ വസ്ത്ര- തുണിത്തര വ്യവസായം, രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ ഏകദേശം 2 ശതമാനത്തോളം സംഭാവന ചെയ്യുന്നു; ഒപ്പം, നിർമാണമേഖലയിലെ ഉത്പാദനത്തിന്‍റെ ഏകദേശം 11 ശതമാനവും വഹിക്കുന്നു. 45 ദശലക്ഷത്തിലധികം പേർക്കു നേരിട്ടു തൊഴിൽ നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ സ്രോതസുകളിൽ ഒന്നാണു ടെക്സ്റ്റൈൽ വ്യവസായം. തുണിത്തര- വസ്ത്ര കയറ്റുമതിയിൽ ഏറ്റവും വലിയ ആറാമത്തെ രാജ്യമാണ് ഇന്ത്യ. ഈ വിഭാഗത്തിലെ ആഗോള വ്യാപാരത്തിന്‍റെ ഏകദേശം 4 ശതമാനവും ഇന്ത്യക്കാണ്. ഇന്ത്യയുടെ മൊത്തം വ്യാപാര കയറ്റുമതിയിൽ കരകൗശല വസ്തുക്കൾ ഉൾപ്പെടെയുള്ള തുണിത്തര- വസ്ത്ര (T&A) വിഹിതം നിലവിൽ ഏകദേശം 8 ശതമാനമാണ്. ഗവണ്മെന്‍റിന്‍റെ "മെയ്ക്ക് ഇൻ ഇന്ത്യ', "സ്കിൽ ഇന്ത്യ', സ്ത്രീശാക്തീകരണം, ഗ്രാമീണ യുവജന തൊഴിൽ തുടങ്ങിയ പ്രധാന സംരംഭങ്ങളുമായി ഈ മേഖല പൂർണ തോതിൽ ചേര്‍ന്നുപോകുന്നു.
ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് 2025-26ൽ 5,272 കോടി രൂപയാണു ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. 2024-25ലെ ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ (4,417.03 കോടി) ഏകദേശം 19% വർധന. മാത്രമല്ല, സമീപവർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കുകൂടിയാണിത്. ടെക്സ്റ്റൈൽസിനായുള്ള ഉത്പാദനബന്ധിത നിക്ഷേപ പദ്ധതിയുടെ ബജറ്റ് 2024-25ലെ 45 കോടി രൂപയിൽ നിന്ന് ഈ വർഷം 1,148 കോടി രൂപയായി വർധിപ്പിച്ചു. ഇന്ത്യയുടെ ഉത്പാദനശേഷി വർധിപ്പിക്കാനും 5 വർഷക്കാലയളവിൽ 10,683 കോടി രൂപയുടെ അംഗീകൃത സാമ്പത്തിക വിഹിതത്തോടെ കയറ്റുമതി വർധിപ്പിക്കാനുമായി തുണിത്തരങ്ങൾക്കായുള്ള ഉത്പാദനബന്ധിത ആനുകൂല്യ (പിഎൽഐ) പദ്ധതി നടപ്പാക്കുന്നു. മനുഷ്യനിർമിത ഫൈബർ, മനുഷ്യനിർമിത വസ്ത്രങ്ങൾ, ടെക്നിക്കൽ ടെക്സ്റ്റൈൽസ് തുടങ്ങിയ വളർന്നുവരുന്ന മേഖലകളെ ഇത് ഉൾക്കൊള്ളുന്നു. ആഴവും പരപ്പും കൈവരിക്കുന്നതിനു പുറമേ, ഈ മേഖലകൾക്ക് ആഗോളതലത്തിൽ മത്സരക്ഷമമാകാനും ഇതിലൂടെ കഴിയുന്നു.
2025-26ലെ കേന്ദ്ര ബജറ്റ് "പരുത്തി ഉത്പാദനക്ഷമതയ്ക്കുള്ള ദൗത്യം' പ്രഖ്യാപിച്ചിട്ടുണ്ട്. പരുത്തി കൃഷിയുടെ ഉത്പാദനക്ഷമതയിലും സുസ്ഥിരതയിലും ഗണ്യമായ പുരോഗതി കൈവരിക്കാനും അധികകാലം ഉപയോഗിക്കാവുന്ന പ്രധാന പരുത്തി ഇനങ്ങൾ പ്രോത്സാഹിപ്പിക്കാനും5 വർഷത്തെ ഈ ദൗത്യം സഹായിക്കും. കേന്ദ്ര കൃഷി- കർഷകക്ഷേമ മന്ത്രാലയവും ടെക്സ്റ്റൈൽസ് മന്ത്രാലയവും സംയുക്തമായാണ് ഈ ദൗത്യം നടപ്പാക്കുക.
ഗവേഷണവും നവീകരണവും വികസനവും, പ്രോത്സാഹനവും വിപണി വികസനവും, വിദ്യാഭ്യാസവും വൈദഗ്ധ്യവും, ടെക്നിക്കൽ ടെക്സ്റ്റൈൽസിലെ കയറ്റുമതി പ്രോത്സാഹനം എന്നീ നാലു കാര്യങ്ങളിൽ ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്‍റെ ദേശീയ ടെക്നിക്കൽ ടെക്സ്റ്റൈൽസ് ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തീരുവകളിൽ നിന്നു പൂർണ ഇളവുകൾ നൽകിയിട്ടുള്ള വസ്ത്രനിർമാണ യന്ത്രങ്ങളുടെ പട്ടികയിൽ രണ്ടുതരം ഷട്ടിൽലെസ് തറികൾ കൂടി ഇത്തവണ ബജറ്റ് കൂട്ടിച്ചേർത്തു. തുണി വ്യവസായത്തിൽ ഉപയോഗിക്കുന്നതിനുള്ള ഷട്ടിൽലെസ് റാപ്പിയർ തറികൾ (മിനിറ്റിൽ 650 മീറ്ററിൽ താഴെ), ഷട്ടിൽലെസ് ലൂം എയർ ജെറ്റ് തറികൾ (മിനിറ്റിൽ 1,000 മീറ്ററിൽ താഴെ) എന്നിവയ്ക്കു നിലവിലുണ്ടായിരുന്ന 7.5% തീരുവ പൂർണമായും ഇല്ലാതാക്കി.
9 താരിഫ് ലൈനുകളിൽ ഉൾപ്പെടുന്ന നെയ്ത തുണിത്തരങ്ങളുടെ അടിസ്ഥാന കസ്റ്റം തീരുവ ""10% അല്ലെങ്കിൽ 20%''എന്നതിൽ നിന്ന് ""കിലോയ്ക്ക് 20% അല്ലെങ്കിൽ 115 രൂപ, ഇതിൽ ഏതാണ് ഉയർന്നത്'' എന്ന നിലയിൽ വർധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനം, കുറഞ്ഞ വിലയ്ക്ക് നെയ്ത തുണിത്തരങ്ങളുടെ ഇറക്കുമതി തടയുന്നതിലൂടെ ആഭ്യന്തര തുണിവ്യവസായത്തിനു കരുത്തേകും. ഈ നടപടി തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന തുണിത്തരങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ശേഷീ വിനിയോഗം വർധിപ്പിക്കുകയും പ്രാദേശിക ഉത്പാദനത്തിൽ നിക്ഷേപം ഉത്തേജിപ്പിക്കുകയും ചെയ്യും.
സമ്പദ്‌വ്യവസ്ഥയിൽ പരിവർത്തനാത്മക പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനുള്ള സങ്കേതങ്ങളിലൊന്നായി എംഎസ്‌എംഇകളെ ബജറ്റ് വിലയിരുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ടെക്സ്റ്റൈൽ- വസ്ത്ര ഉൽപ്പാദന ശേഷിയുടെ ഭൂരിഭാഗവും പ്രതിനിധാനം ചെയ്യുന്നത് എംഎസ്‌എംഇകളാണ് എന്നതിനാൽ ഇതു ടെക്സ്റ്റൈൽ മേഖലയെ സംബന്ധിച്ചു പ്രാധാന്യമർഹിക്കുന്നു. കാരണം മേഖലയുടെ 80%ത്തിലധികവും ഉൾക്കൊള്ളുന്നതാണിവ. ഈടു പരിരക്ഷയോടുകൂടിയ വായ്പാ ലഭ്യതയിലെ ഗണ്യമായ വർധനയോടെ എംഎസ്‌എംഇകൾക്കുള്ള വർഗീകരണ മാനദണ്ഡങ്ങളിലെ പരിഷ്കരണം പോലുള്ള വ്യവസ്ഥകൾ ഉയർന്ന കാര്യക്ഷമത, സാങ്കേതിക നവീകരണം, മൂലധനത്തിലേക്കുള്ള മികച്ച പ്രവേശനം എന്നിവ കൈവരിക്കാൻ അവയെ സഹായിക്കും. പുതുക്കിയ വർഗീകരണത്തോടെ, ഇപ്പോൾ കൂടുതൽ യൂണിറ്റുകൾ എംഎസ്‌എംഇക്കു കീഴിൽ വരും.
മേൽപ്പറഞ്ഞ കാര്യപരിപാടി മുന്നോട്ടുകൊണ്ടുപോകുന്നതിനും ഇന്ത്യൻ ടെക്സ്റ്റൈൽ വ്യവസായത്തിന് ഉത്തേജനം പകരുന്നതിനുമായി, 11 പ്രമുഖ ടെക്സ്റ്റൈൽ വ്യവസായ സ്ഥാപനങ്ങൾ ചേർന്ന് "ഭാരത് ടെക്സ് 2025'എന്ന ബൃഹദ് പരിപാടി സംഘടിപ്പിക്കുകയാണ്. അസംസ്കൃത വസ്തുക്കൾ മുതൽ പൂർത്തിയായ ഉത്പന്നങ്ങൾ വരെയും, അനുബന്ധ ഉപകരണങ്ങൾ ഉൾപ്പെടെ ടെക്സ്റ്റൈൽ വ്യവസായ മൂല്യശൃംഖലയെ ആകെയും, ഒരൊറ്റ മേൽക്കൂരയ്ക്കു കീഴിൽ കൊണ്ടുവരുന്നതിനാൽ, വ്യാപ്തിയിലും സാധ്യതയിലും ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പരിപാടികളിൽ ഒന്നായിരിക്കും "ഭാരത് ടെക്സ് 2025'. സുസ്ഥിരത, നവീകരണം, ആഗോള സഹകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ പരിപാടി പുനരുജ്ജീവനശേഷിയുള്ള ആഗോള മൂല്യശൃംഖലകൾ, തുണിത്തരങ്ങളുടെ സുസ്ഥിരത എന്നീ രണ്ടു പ്രമേയങ്ങളെ അധികരിച്ചാണു സജ്ജമാക്കിയിട്ടുള്ളത്.
പ്രധാന പരിപാടി ഈ മാസം 14 മുതൽ 17 വരെ ഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കും. അസംസ്കൃത വസ്തുക്കൾ മുതൽ പൂർത്തിയായ ഉത്പന്നങ്ങൾ വരെയുള്ള തുണിത്തരങ്ങളുടെ മുഴുവൻ മൂല്യശൃംഖലയും ഇതിൽ ഉൾപ്പെടും. അതേസമയം അനുബന്ധ ഉപകരണങ്ങൾ, വസ്ത്രയന്ത്രങ്ങൾ, ചായങ്ങൾ, രാസവസ്തുക്കൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ പ്രദർശനങ്ങൾ 12 മുതൽ 15 വരെ ഇന്ത്യ എക്സ്പോ സെന്‍ററിലും മാർട്ട് ഗ്രേറ്റർ നോയിഡയിലും നടക്കും. നയപരമായ പിന്തുണ നിലവിൽ വരുന്നതോടെ, അസംസ്കൃത വസ്തുക്കളുടെ മൂല്യശൃംഖലയിലാകെ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനും, കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും, ആഭ്യന്തര വിപണി വലിപ്പവും കയറ്റുമതിയും വർധിപ്പിക്കാനും, വലിയ തോതിലുള്ള ഉപജീവന അവസരങ്ങൾ ഉറപ്പാക്കാനുള്ള സാധ്യതകൾ വിപുലീകരിക്കാനുമുള്ള ശ്രമങ്ങൾ കൂടുതൽ ഊർജസ്വലമാക്കേണ്ടതുണ്ട്.