.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഷൈനി ടീച്ചറും കുടുംബവും
File photo
റീന വർഗീസ് കണ്ണിമല
പഠിച്ച സ്കൂളിൽ നിന്ന് അധ്യാപികയായി റിട്ടയർ ചെയ്യാനാകുക. ആ ഭാഗ്യം ലഭിച്ച അധ്യാപികയാണ് കണ്ണിമല സെന്‍റ് ജെയിംസ് യുപി സ്കൂളിൽ നിന്ന് ഈ വർഷം റിട്ടയർ ചെയ്ത ഷൈനി ടീച്ചർ. ജീവിതത്തിലെ അണമുറിയാത്ത പ്രതിസന്ധികൾക്കു മുന്നിൽ പതറാത്ത ആത്മവീര്യത്തിന്‍റെ ആൾരൂപം. മാരക രോഗങ്ങളാൽ വലഞ്ഞപ്പോഴും കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഉൾനാടൻ ഗ്രാമങ്ങളിലെ യുപി സ്കൂളുകളിൽ പരാതി തെല്ലുമില്ലാതെ പഠിപ്പിക്കാൻ പോയ ടീച്ചർ. മൂന്നും നാലും കിലോമീറ്റർ നടന്നു പോകേണ്ടി വന്ന അധ്യാപന കാലഘട്ടങ്ങൾ. ക്യാൻസറിന്‍റെ കടന്നാക്രമണങ്ങൾ. ഇതിനിടെ നാലു മക്കളെയും മിടുക്കരാക്കി വളർത്താൻ, താങ്ങും തണലുമായി കൂട്ടായത് സ്നേഹനിധിയായ ഭർത്താവ് ജോസുകുട്ടി.
കുട്ടികളുടെ കുഞ്ഞു മനസുകളിലേയ്ക്ക് ഇറങ്ങിച്ചെന്ന് അവരിലൊരാളാാൻ ടീച്ചറിനുള്ള കഴിവ് അപാരം തന്നെ. അതു കൊണ്ടാണ് ടീച്ചറുടെ കുട്ടികൾ പ്രവൃത്തി പരിചയ മേളകളിൽ വിജയശ്രീലാളിതരായത്. ഈ വർഷം മുതൽ അവർക്ക് ടീച്ചറിന്‍റെ താങ്ങില്ല. അതിൽ വളരെ ദുഃഖിതരാണ് ആ കുഞ്ഞുങ്ങൾ.
ചെറുപ്രായത്തിൽ നല്ലൊരു നർത്തകിയായിരുന്നു ഷൈനി അബ്രഹാം. കണ്ണിമലയുടെ അഭിമാനമായ കലാകാരി. അതീവ സുന്ദരി. വാലുമണ്ണേൽ അബ്രാഹം ലൂസി ദമ്പതികളുടെ ഏക പുത്രി. വരാനിരിക്കുന്ന സഹനയാത്രയിൽ താങ്ങാവാൻ, ബൈബിളിലെ കൊച്ചു തോബിയാസിനു റാഫേൽ മാലാഖയെ അയച്ച ദൈവം ഷൈനിക്കായി കാത്തു വച്ച കാവൽ മാലാഖയായിട്ടാണ് പറയരുപറമ്പിൽ ജോസുകുട്ടി എന്ന യുവാവ് ആ ജീവിതത്തിലേക്കു കടന്നു വന്നത്.
നാട്ടുകാർക്ക് പ്രിയങ്കരിയായിരുന്നു ലൂസിയമ്മാമ്മ. ഷൈനിയും അതുകണ്ട് അമ്മയെ അമ്മാമ്മച്ചി എന്നു വിളിച്ചു വളർന്നു. ചങ്ങനാശേരി അസംപ്ഷൻ കോളെജിൽ നിന്നു ബിഎസ്‌സി പാസായ ഷൈനി, വിവാഹ ശേഷം മക്കളുടെ കാര്യങ്ങളിൽ ശ്രദ്ധാലുവായി. 32ാം വയസിലാണ് ടിടിസിക്കു ചേർന്നു പഠനം തുടരുന്നത്. ഈ കാലയളവിൽ തുടങ്ങുന്നു ആ കുരിശിന്‍റെ വഴി.
മനോഹരമായ ആ കഴുത്തിൽ വലതു ചെവിയുടെ താഴെ, താടിയെല്ലിനു താഴെയായി ഒരു മുഴ. അത് വളർന്നു തുടങ്ങി. ഒടുവിൽ കോട്ടയം മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയ. ഡോക്റ്റർ ടിബിയാണെന്നു സംശയം പറഞ്ഞതിനെ തുടർന്ന് ശസ്ത്ര ക്രിയയ്ക്കു ശേഷം നിരവധി ടെസ്റ്റുകൾ. രോഗം എന്തെന്ന് തിരിച്ചറിഞ്ഞത് ജോസുകുട്ടി മാത്രം. താൻ താലി ചാർത്തിയ പ്രിയപ്പെട്ടവളുടെ മനോഹരമായ കഴുത്തിനെ ക്യാൻസർ കാർന്നു തിന്നുന്നു. എല്ലാവരോടും ശാന്തതയോടെ മാത്രം പെരുമാറുന്ന ജോസുകുട്ടി എത്രത്തോളം ഉള്ളിൽ കരഞ്ഞിരിക്കാം... പക്ഷേ, ഷൈനിയോ മറ്റാരെങ്കിലുമോ അതറിഞ്ഞില്ല, നീണ്ട പത്തുവർഷക്കാലത്തോളം.
ടിടിസി പഠനകാലത്തെ രോഗപീഡകൾ ഷൈനിയെ വല്ലാതെ വലച്ചു. എല്ലാം ഈശോയ്ക്കറിയാമല്ലോ എന്നതായിരുന്നു ആകെ ആശ്വാസം എന്നതാണ് ഷൈനിയുടെ പക്ഷം. ''ഈശോ അറിയാതെ എനിക്കൊന്നും വരുകേലെന്നേ...'' എന്ന് എപ്പോഴും ചിന്തിക്കുന്ന, പറയുന്ന ഷൈനി.
ടിടിസി പരീക്ഷ എഴുതാനെത്തിയത് ക്യാൻസർ മുഴ നീക്കിയ ഓപ്പറേഷനു തൊട്ടു പിന്നാലെ. പ്രിൻസിപ്പലിന്‍റെ കരുതലും കമ്മീഷനായി വന്ന അധ്യാപകന്‍റെ നീതിബോധവും തനിക്ക് ഈശോ അയച്ച സംരക്ഷണമായി കരുതുന്നു ഷൈനി ടീച്ചർ. തന്നെയല്ല, പഠിച്ചിറങ്ങിയ ആ വർഷം തന്നെ കാഞ്ഞിരപ്പള്ളി രൂപതാ കോർപറേറ്റ് മാനെജ്മെന്‍റിന്‍റെ പരീക്ഷയുണ്ടായിരുന്നു. ആ പരീക്ഷ ടിടിസി പരീക്ഷ കഴിഞ്ഞയുടൻ എഴുതാനായതാണ് ഏറ്റവും വലിയ ദൈവാനുഗ്രഹമെന്നു പറയുന്നു ഷൈനി ടീച്ചർ. അല്ലായിരുന്നെങ്കിൽ പ്രായപരിധി കവിഞ്ഞു പോകുകയും അധ്യാപികയായി കയറാനാവാതെ പോകുകയും ചെയ്യുമായിരുന്നു.
കാഞ്ഞിരപ്പള്ളി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അധ്യാപകരെ എടുക്കുന്നതിന് മൂന്നു വർഷത്തിൽ ഒരിക്കൽ നടത്തുന്ന യോഗ്യതാ നിർണയ പരീക്ഷ മാത്രമാണ് മാനദണ്ഡം. പണമോ സംഭാവനകളോ ഈ രൂപത സ്വീകരിക്കുന്നില്ല. ഇടുക്കി- കോട്ടയം-പത്തനം തിട്ട ജില്ലകളിലായി പരന്നു കിടക്കുന്ന രൂപതയാണിത്.
ആശിച്ചു പഠിപ്പിക്കാൻ കയറി, കൂടെ ക്യാൻസറും ആ കഴുത്തിനെ കാർന്നു കൊണ്ടിരുന്നു. ഒന്നുമറിയാതെ ഷൈനി ടീച്ചർ ഉത്സാഹത്തോടെ ഓടി നടന്ന് കുഞ്ഞുങ്ങൾക്ക് അറിവിന്‍റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊണ്ടിരുന്നു. 2011 ലാണ് പിന്നെ ആ വില്ലൻ കഴുത്തിൽ തന്‍റെ സാന്നിധ്യം അറിയിച്ചത്. കരാർ നിയമനത്തിൽ നിന്നു മാറി സ്ഥിരനിയമനം കിട്ടിയിട്ട് കേവലം ഒരു വർഷം മാത്രമേ ആയിരുന്നുള്ളൂ അപ്പോൾ.
ഇത്തവണ കാരിത്താസിലേക്ക്. ഒന്നല്ല, രണ്ടു മുഴകളാണ് കഴുത്തിൽ വളരുന്നത്. രണ്ടു മുഴകളുണ്ടെന്നു പറഞ്ഞിട്ട് ഡോക്റ്റർ ഓപ്പറേഷനിൽ നീക്കം ചെയ്തത് വലിയ മുഴ മാത്രം. ചെറിയ മുഴ നീക്കം ചെയ്യാഞ്ഞത് വിനയായി. ഓപ്പറേഷനു ശേഷം കീമോ തെറാപ്പി ചെയ്യേണ്ടി വരും എന്ന ഡോക്റ്ററുടെ വെളിപ്പെടുത്തൽ കേട്ട് തലകറങ്ങിപ്പോയ ഷൈനി ടീച്ചർ അപ്പോൾ മാത്രമാണ് തനിക്ക് ക്യാൻസറാണ് എന്നറിഞ്ഞത്. ആ പത്തു വർഷക്കാലവും ഈ തീ ഒരു കനലായി ഉള്ളു പൊള്ളിക്കുമ്പോഴും പുഞ്ചിരിയാകുന്ന ചാരം പൂശി അതു മറച്ചു വച്ചിരുന്നു ജോസുകുട്ടി, പക്ഷേ...കാലം ഷൈനി ടീച്ചറോട് ആ കറുത്ത സത്യം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
ഒരു മഹാമാരിക്കും തകർക്കാനാവാത്ത സ്ഥൈര്യം. അതാണ് പിന്നെ ടീച്ചറെ മുന്നോട്ടു നയിച്ചത്. ക്യാൻസറും ജീവിതത്തിന്‍റെ ഭാഗമായി. ചികിത്സയും കീമോയും ഓപ്പറേഷനും ഒരു വശത്ത് , ദാമ്പത്യ ജീവിതവും നാലു മക്കളുടെ വിദ്യാഭ്യാസവും മറ്റൊരു വശത്ത്. ആറ്റു നോറ്റു കിട്ടിയ അധ്യാപനവും രാമക്കൽ മേട്ടിലും കൽത്തൊട്ടിയിലും മ്ലാമലയിലും പുഞ്ചവയലിലും അവസാനം കണ്ണിമലയിലുമൊക്കെയായി അധ്യാപന ജീവിതം വേറൊരു വശത്ത്. ജീവിതം സുനാമിത്തിരകളുമായി എതിരിടാൻ വന്നിട്ടും തളർന്നില്ല ടീച്ചർ. ഈ മാരക രോഗവും വച്ച് എന്നും രണ്ടു ബസ് മാറിക്കയറി അമ്പതും അറുപതും കിലോമീറ്റർ അകലെയുള്ള സ്കൂളുകളിൽ പോയി വന്നു പഠിപ്പിച്ചു ടീച്ചർ. തന്‍റെ രോഗം സഹപ്രവർത്തകർക്കോ തന്‍റെ വിദ്യാർഥികൾക്കോ ഒരു കുറവിനും കാരണമാകരുതെന്ന വാശിയോടൊപ്പം തന്നെ ദാമ്പത്യ ജീവിതത്തോടുള്ള ആത്മസമർപ്പണവും ഉണ്ടായിരുന്നു ആ അലച്ചിലുകൾ നിറഞ്ഞ അധ്യാപക യാത്രകളിൽ.
കൽത്തൊട്ടിയിൽ പഠിപ്പിക്കുമ്പോൾ ലബ്ബക്കട ഇറങ്ങി മൂന്നു കിലോമീറ്ററോളം നടന്നാണ് ടീച്ചർ സ്കൂളിൽ പോയിരുന്നത്. കൂട്ടിനുണ്ടായിരുന്നത് കഴുത്തിൽ അള്ളിപ്പിടിച്ചിരുന്ന ആ വേതാളം-ഫോളിക്യുലാർ ഡെൻട്രിറ്റിക് സർക്കോമ(Follicular dendritic sarcoma) , ഒരു മുഴയുടെ രൂപത്തിൽ അവനങ്ങനെ അള്ളിപ്പിടിച്ചിരുന്നു ആ കഴുത്തിൽ. കൽത്തൊട്ടിയിൽ പഠിപ്പിച്ച രണ്ടര വർഷക്കാലത്തിനിടെ ശമ്പളവും ലഭിച്ചില്ല. സർക്കാരും കോർപ്പറേറ്റ് മാനെജ്മെന്‍റുകളും തമ്മിലുള്ള നിയമക്കുരുക്കിൽ ശമ്പളം തടയപ്പെടുന്ന അധ്യാപകരുടെ ദുരിതം ഇക്കഴിഞ്ഞയിടെ അലീന ബെന്നി എന്ന യുവ അധ്യാപികയുടെ ആത്മഹത്യയിലൂടെയാണ് ലോകം അറിഞ്ഞത്. അധ്യാപന ജീവിതത്തിലെ ആദ്യത്തെ രണ്ടര വർഷവും അവസാനത്തെ രണ്ടര വർഷവും ഷൈനി ടീച്ചറും ശമ്പളമില്ലാത്ത ദുരിതക്കയത്തിലൂടെ നീന്തേണ്ടി വന്നു. അക്കാലയളവിൽ പത്തു രൂപയ്ക്കു കിട്ടുന്ന റേഷനരിയായിരുന്നു വിശപ്പടക്കിയതെന്നും ടീച്ചർ ഓർക്കുന്നു.
അപ്പോഴും പഠിക്കാൻ മിടുക്കരായ, സ്നേഹസമ്പന്നരായ മക്കളുടെ പഠനം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോയി. മൂത്ത മകൻ അരുൺ ഭാര്യ അനുവുമൊത്ത് മസ്കറ്റിലാണിപ്പോൾ. രണ്ടാമത്തവൻ അജിത് അമെരിക്കയിൽ എൻജിനീയറാണ്. മൂന്നാമത്തവൾ മെറീന ഗുജറാത്തിൽ സീനിയർ റിസർച്ച് ഫെലോ. നാലാമത്തവൻ ജോ ബിടെക് രണ്ടാം വർഷവിദ്യാർഥിയാണ്.
ആകെ ഏഴ് ഓപ്പറേഷനുകൾ. മൂന്ന് ഓപ്പറേഷൻ ആർസിസിയിൽ. കീമോയും റേഡിയേഷനും വേറെ. ഇതിനിടയിൽ പിതാവിന്‍റെ മരണം. അൽഹൈമേഴ്സ് ബാധിതയായ അമ്മ. നിസാര കാര്യങ്ങൾക്ക് ആത്മഹത്യ ചെയ്യുന്ന കുടുംബങ്ങൾ പെരുമഴ പോലെ പെയ്തു തീരുന്ന കേരളത്തിലാണ് ഷൈനി ടീച്ചറും ജോസുകുട്ടിയും ഈ ദുരിതപ്പെയ്ത്തിനെ നീന്തിക്കടന്നത്. ശമ്പളം കിട്ടാത്ത ആ കാലഘട്ടങ്ങളിൽ വിദ്യാർഥികളായിരുന്ന മക്കൾ. ഇതിനിടയിൽ ഒരു ഓപ്പറേഷന് ആർസിസിയിൽ പോയ സമയത്ത് ജീവന്‍റെ ജീവനായ അമ്മാമ്മച്ചിയെ മുണ്ടക്കയം പൈങ്ങനായിലുള്ള സിസ്റ്റേഴ്സ് നടത്തുന്ന വൃദ്ധ സദനത്തിൽ ആക്കേണ്ടി വന്ന നൊമ്പരക്കടൽ വേറെ.
ക്യാൻസർ മുഴ ഓപ്പറേഷൻ കഴിഞ്ഞ് ഏഴാം ദിവസം ഷൈനി ടീച്ചർ തന്‍റെ അമ്മാമ്മച്ചിയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നു.
''എന്‍റെ അമ്മാമ്മച്ചിയല്ലേ...അമ്മാമ്മച്ചിയില്ലാത്ത വീട് എനിക്കു ചിന്തിക്കാനേ ആകുകേലായിരുന്നു''- ടീച്ചർ പറയുന്നു.
ക്യാൻസർ മുഴകൾ ഓപ്പറേഷൻ ചെയ്തു കിടക്കുന്ന രോഗികൾക്ക് എങ്ങനെയാണ് വയസായ അമ്മയെ നോക്കാനാകുക? ഇതു ചോദിക്കുന്നവരോട് ടീച്ചറിന് ഒരു മറുപടിയേ ഉള്ളു- എല്ലാം ഈശോ നടത്തി...
സ്വന്തം സുഖത്തിനു വേണ്ടി മാതാപിതാക്കളെ വൃദ്ധ സദനങ്ങളിലാക്കി പറന്നുയരുന്ന മക്കൾക്ക് തികച്ചും ഒരു അപവാദമാണ് ഈ കുടുംബം. ടീച്ചറുടെ യാത്രയയപ്പു സമ്മേളനത്തിൽ വികാരനിർഭരരായാണ് പല സഹ അധ്യാപികമാരും ടീച്ചറുടെ "കുരിശിന്‍റെ വഴി' യെ കുറിച്ച് പ്രസംഗിച്ചത്.കൂനിന്മേൽ കുരു പോലെ മാരകമായ രോഗവും കൂടെയുണ്ടായിട്ടും തളരാതെ പോരാടി. ഒടുവിൽ ശമ്പളത്തുക ലഭിച്ചു, ഇപ്പോഴിതാ താൻ കളിച്ചു വളർന്ന കണ്ണിമല സ്കൂളിൽ നിന്നു തന്നെ വിരമിക്കാനും അപൂർവ ഭാഗ്യം ലഭിച്ചു. സ്നേഹം, ദൈവവിശ്വാസം, മനോധൈര്യം....ക്യാൻസറിനെ പുകച്ചു പുറത്തു ചാടിച്ച ടീച്ചറുടെ ജീവിതപടയാളികളാണ് അവർ.