ധർമാനന്ദ് സാരംഗി
ഡയറക്റ്റർ ജനറൽ (റോഡ് വികസനം)
കേന്ദ്ര ഉപരിതല ഗതാഗത,
ദേശീയ പാതാ മന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി
പങ്കജ് അഗർവാൾ
ചീഫ് എൻജിനീയർ (റോഡ് സുരക്ഷ)
കേന്ദ്ര ഉപരിതല ഗതാഗത,
ദേശീയ പാതാ മന്ത്രാലയം
നമ്മുടെ രാജ്യത്ത് യാത്രയ്ക്കും ചരക്ക് നീക്കത്തിനും അവലംബിക്കുന്ന പ്രധാന ഗതാഗത മാർഗമായ റോഡ് ഗതാഗതം ക്രമാനുഗതമായി വളർച്ച പ്രാപിക്കുകയാണ്. റോഡ് ശൃംഖലയുടെയും വാഹന വ്യൂഹത്തിന്‍റെയും ദ്രുതഗതിയിലുള്ള വളർച്ചയും വേഗതയിലെ വർധനയും കാരണം ഏകദേശം 4.5 ലക്ഷം അപകടങ്ങളും 1.5 ലക്ഷം മരണങ്ങളും ഓരോ വർഷവും സംഭവിക്കുന്നു. ഇത് മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) 3% സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നു. അപകട സാധ്യത കൂടിയ വിഭാഗത്തിൽ പെടുന്ന ഇരുചക്ര വാഹനങ്ങൾ, കാൽനട യാത്രക്കാർ, സൈക്കിൾ യാത്രക്കാർ തുടങ്ങിയ റോഡ് യാത്രികർക്കാണ് 68% മരണങ്ങളും സംഭവിക്കുന്നത് എന്നാണ് ഇത് സംബന്ധമായ ഡാറ്റകൾ സൂചിപ്പിക്കുന്നത്.
അമിതവേഗം, ഡ്രൈവർമാരുടെ അശ്രദ്ധ, മൊബൈൽ ഉപയോഗം, ചുവപ്പ് സിഗ്‌നൽ മറികടക്കുക എന്നിവയാണ് പ്രധാന അപകട കാരണങ്ങൾ. മരണങ്ങളിൽ പകുതിയിലേറെയും 35 വയസിന് താഴെ പ്രായമുള്ള യുവജനങ്ങൾക്കാണ് സംഭവിക്കുന്നതെന്നതിനാൽ, അതുമൂലം സൃഷ്ടിക്കപ്പെടുന്ന പ്രതികൂല സാമൂഹിക പ്രത്യാഘാതങ്ങൾ തടയുന്നതിനും സുസ്ഥിര സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനും റോഡ് ഗതാഗതത്തിലെ സുരക്ഷിതത്വം മെച്ചപ്പെടുത്തുകയെന്നത് അത്യന്താപേക്ഷിതമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉപരിതല ഗതാഗത, ദേശീയ പാതാ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെയും കഴിവുറ്റ നേതൃത്വത്തിലും മാർഗനിർദേശത്തിലും റോഡ് സുരക്ഷയ്ക്ക് ഉയർന്ന മുൻഗണനയാണ് നൽകിവരുന്നത്. ഈ ദശാബ്ദത്തിന്‍റെ അവസാനത്തോടെ ഗുണപ്രദമായ ഫലങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സുസ്ഥിര രീതികൾ അഥവാ 4Eകൾ (എൻജിനീയറിങ്, എൻഫോഴ്‌സ്‌മെന്‍റ്, എഡ്യൂക്കേഷൻ, എമർജൻസി കെയർ) ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സമഗ്ര പദ്ധതി മന്ത്രാലയം വിഭാവനം ചെയ്യുന്നു.
മൊത്തം 6.3 ദശലക്ഷം കിലോമീറ്റർ വരുന്ന റോഡ് ശൃംഖലയുടെ 2.3% ദേശീയ പാതയാണ്. റോഡ് ഗതാഗതത്തിന്‍റെ 40% ഈ പാതയിലൂടെയാണ് നടക്കുന്നത്. ദേശീയ പാതകളിൽ ശരാശരി വേഗതയും ചരക്ക് വാഹനങ്ങളുടെ ശരാശരി എണ്ണവും കൂടുതലാണ്. മൂന്നിലൊന്ന് മരണങ്ങളും അപകടങ്ങളും ദേശീയ പാതകളിൽ സംഭവിക്കാൻ അതും കാരണമാണ്. പുതിയ പദ്ധതികളിൽ എൻജിനീയറിങ് തകരാറുകൾ ഇല്ലെന്ന് ഉറപ്പാക്കുന്നതിനുള്ള സംവിധാനം പദ്ധതി നടത്തിപ്പിന്‍റെ എല്ലാ ഘട്ടങ്ങളിലും റോഡ് സുരക്ഷാ ഓഡിറ്റ് മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്.
ദേശീയ പാതകളിലെ എല്ലാ ബ്ലാക്ക് സ്പോട്ടുകളും (അപകടസാധ്യതാ മേഖലകൾ) ഇല്ലാതാക്കാൻ മന്ത്രാലയം ഒരു ദേശീയ കർമ പരിപാടി ആരംഭിച്ചു. കണ്ടെത്തിയ ആകെ 13,795 ബ്ലാക്ക്‌സ്‌പോട്ടുകളിൽ 9,525 എണ്ണത്തിലും വേഗത കുറയ്ക്കൽ നടപടികൾ, നടപ്പാത അടയാളങ്ങൾ, റോഡ് അടയാളങ്ങൾ, സോളാർ സ്റ്റഡുകൾ, കാൽനട ക്രോസിങ്ങുകൾ, റംബിൾ സ്ട്രിപ്പുകൾ തുടങ്ങിയ ഹ്രസ്വകാല നടപടികൾ പൂർത്തിയാക്കി. ബാക്കിയുള്ളവ 2025 മാർച്ചോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു. 85% ബ്ലാക്‌സ്‌പോട്ടുകളിലും ഹ്രസ്വകാല നടപടികൾ ഫലപ്രദമാണെന്നും മരണങ്ങളും ഗുരുതരമായ പരിക്കുകളും ഉണ്ടാകുന്ന അപകടങ്ങൾ കുറയാൻ കാരണമായെന്നും തുടർ വിശകലനം വ്യക്തമാക്കുന്നു. 4593 ബ്ലാക്ക് സ്‌പോട്ടുകളിൽ റെയ്‌ലിങ്ങുകൾ, ജംക്‌ഷനുകൾ മെച്ചപ്പെടുത്തൽ, മേൽപ്പാതകൾ, റോഡ് വീതി കൂട്ടൽ, ഘടന മെച്ചപ്പെടുത്തൽ, കാൽനടപ്പാലങ്ങൾ തുടങ്ങിയ ദീർഘകാല നടപടികൾ പൂർത്തിയാക്കി. ബാക്കിയുള്ളവ 2026-27 ഓടെ പൂർത്തിയാകും.
വിപുലമായ സാംപിൾ അടിസ്ഥാനമാക്കിയുള്ള പഠനത്തിൽ, കഴിഞ്ഞ 2 വർഷത്തിനിടെ, ഒരു യൂണിറ്റായി കണക്കാക്കുന്ന 5 കിലോമീറ്ററോ അതിൽ കൂടുതലോ നീളമുള്ള ദേശീയപാതാ ഭാഗങ്ങളിൽ, അപകടമരണങ്ങൽ സംഭവിക്കാത്ത ഭാഗങ്ങൾ 14.5% വരും. പ്രസ്തുത ദേശീയപാത വിഭാഗങ്ങളെ വൈറ്റ് കോറിഡോറുകളായി നിർദേശിക്കുകയും ഈ ഇടനാഴികൾ സംരക്ഷിക്കാനും നല്ല നിലയിൽ നിലനിർത്താനും പ്രാദേശിക അധികാരികളെ ബോധവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്. കൺസ്ട്രക്‌ഷൻ സോൺ സുരക്ഷാ നടപടികൾ അതീവ ഗൗരവത്തോടെയാണ് നടപ്പാക്കുന്നത്.
അപകടവിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള കേന്ദ്ര ഡേറ്റാ ബേസ് ശേഖരമായ e-DAR (Electronic Detailed Accident Report) മന്ത്രാലയം അവതരിപ്പിക്കുകയുണ്ടായി. എൻജിനീയറിങ് തകരാറുകൾ വിലയിരുത്തുന്നതിനായി ബന്ധപ്പെട്ട ഫീൽഡ് ഓഫിസർമാർ അപകട സ്ഥലങ്ങൾ സന്ദർശിക്കുകയും അവ തിരിച്ചറിയുകയും ചെയ്യുന്നു. പ്രദേശത്തിന്‍റെ ആവശ്യകതകൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ പരിഹാര നടപടികൾ സ്വീകരിക്കുന്നു. 2024 ജൂൺ വരെ എൻജിനീയറിങ് ഇടപെടൽ ആവശ്യമായ 6,014 അപകട സ്ഥലങ്ങളിൽ 5,446 ഇടത്ത് അനുയോജ്യമായ എൻജിനീയറിങ് പരിഹാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്.
പുതിയ കാറുകളുടെയും എസ്‌യുവികളുടെയും സുരക്ഷാ വിലയിരുത്തലിനായി ആഗോള നിലവാരത്തിലുള്ള സ്റ്റാർ റേറ്റിങ് സംവിധാനമായ ഭാരത് ന്യൂ കാർ അസസ്‌മെന്‍റ് പ്രോഗ്രാം (BNCAP) ആരംഭിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് 13ന് പ്രധാനമന്ത്രി അനുയോജ്യമല്ലാത്തതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ നിർത്തലാക്കുന്നതിനുള്ള പൊളിക്കൽ നയം (സ്‌ക്രാപ്പിങ് നയം) പ്രഖ്യാപിച്ചു. പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് രാജ്യത്തുടനീളം ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളുടെയും (ATS) രജിസ്റ്റേർഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റികളുടെയും (RVSF) ആവാസവ്യവസ്ഥ സജ്ജമായി വരുന്നു.
ഏത് വിഭാഗത്തിൽ പെടുന്ന റോഡുകളായാലും, ക്രമസമാധാനപാലനവും നിയന്ത്രണവും സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിലാണ് വരുന്നത്. ഇലക്‌ട്രോണിക് നിരീക്ഷണത്തിനും നിർവഹണത്തിനുമുള്ള ചട്ടങ്ങൾ തയാറാക്കുന്നതിൽ മന്ത്രാലയം ഒരു പ്രധാന പങ്ക് വഹിക്കുന്നു.ഒപ്പം സ്പീഡ് ക്യാമറകൾ, സിസിടിവി, സ്പീഡ് ഗൺ, ഡാഷ് ക്യാമറകൾ, ബോഡി വെയറബിൾ ക്യാമറകൾ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങൾ നൽകുകയും ചെയ്യുന്നു. കുട്ടികൾക്ക് സുരക്ഷാ ഷീൽഡ്/ ക്രാഷ് ഹെൽമെറ്റ് നിർബന്ധമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. മോട്ടോർ വാഹന (ഭേദഗതി) നിയമത്തിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതിനുള്ള പിഴയും വർധിപ്പിച്ചിട്ടുണ്ട്.
വാഹനം ഓടിക്കുമ്പോഴോ റോഡ് ഉപയോഗിക്കുമ്പോഴോ ഉണ്ടാകുന്ന മാനുഷിക പിഴവുകൾ കുറയ്ക്കുന്നതിന് പൊതു ജനങ്ങൾക്ക് റോഡ് സുരക്ഷാ പരിശീലനവും വിദ്യാഭ്യാസവും ആവശ്യമാണ്. റോഡ് സുരക്ഷയിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നതിന് കുട്ടികൾക്കായി മന്ത്രാലയം ഒട്ടേറെ ഇടപെടലുകൾ നടത്തുകയും സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള (NCF) 2023 ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിൽ ഇത് ഉൾപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രാലയത്തോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അത്യാധുനിക റീജ്യണൽ ഡ്രൈവിങ് സെന്‍ററുകൾ (RDTC), ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും മന്ത്രാലയം നടപ്പിലാക്കിയിട്ടുണ്ട്.
അപകടത്തിൽപ്പെടുന്നവരെ ഗോൾഡൻ അവറിൽ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മരണങ്ങൾ ഗണ്യമായി കുറയ്ക്കാനാകും എന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. ദേശീയ ആരോഗ്യ അതോറിറ്റിയും ധനകാര്യ സേവന വകുപ്പുമായി സഹകരിച്ച് റോഡ് അപകടത്തിൽപ്പെട്ടവർക്ക് പരമാവധി 7 ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിനായി "മോട്ടോർ വാഹനങ്ങൾ മൂലമുണ്ടാകുന്ന റോഡപകടങ്ങളിൽ ഇരയായവർക്ക് പണരഹിത ചികിത്സയ്ക്കുള്ള പദ്ധതി' തയാറാക്കുകയും അംഗീകരിക്കുകയും ചെയ്തു. ദേശീയ തലത്തിൽ പദ്ധതി ഉടൻ ആരംഭിക്കും. റോഡപകടങ്ങളിൽപ്പെടുന്നവർക്ക് സമയബന്ധിത ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഈ പദ്ധതി ആശുപത്രികളെ നിയമപരമായി നിർബന്ധിതമാക്കുന്നു.
തെരഞ്ഞെടുത്ത പാതയും സ്വീകരിച്ച നടപടികളും പരിപാടികളും ശരിയായ ദിശയിലാണെണെന്ന് മാത്രമല്ല ഭാവാത്മകവും പ്രോത്സാഹജനകവുമാണെന്ന് വിവിധ വിശകലനങ്ങൾ സംശയാതീതമായി തെളിയിക്കുന്നു. എന്നിരുന്നാലും, മരണനിരക്ക് 50% കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ഇനിയും ഏറെ ദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. ഇക്കാര്യത്തിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ് എന്നതിലുപരി സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. റോഡപകടങ്ങളും അവയുടെ പ്രത്യാഘാതങ്ങളും തടയാനും ഭാവി സുരക്ഷിതത്വം ഉറപ്പാക്കാനും ബന്ധപ്പെട്ട എല്ലാ സർക്കാർ വകുപ്പുകളും സന്നദ്ധ സംഘടനകളും റോഡ് ഉപയോക്താക്കളും കൂട്ടായി പരിശ്രമിക്കേണ്ടത് അനിവാര്യമാണ്.