സാങ്കേതികവിദ്യ ഓരോ നിമിഷവും അതിവേഗതയില്‍ വികസിച്ച് മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രജ്ഞര്‍ എക്കാലത്തേക്കാളുമേറെ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്നു.
freepik.com
മനുഷ്യ ചിന്തയെ അനുകരിക്കാന്‍ യന്ത്രങ്ങളെ അനുവദിക്കുന്ന സാങ്കേതികവിദ്യയാണല്ലോ 'എഐ'. സംസാരം തിരിച്ചറിയുക, വാചകങ്ങള്‍ വിശകലനം ചെയ്യുക, ഡാറ്റയിലെ പാറ്റേണുകള്‍ കണ്ടെത്തുക, ഉപയോക്തൃ പെരുമാറ്റം പോലും പ്രവചിക്കുക. ഇതൊന്നും അതിശയകരമല്ല. ഇവ ഇന്ന് ബിസിനസുകള്‍ക്കു സമയം ലാഭിക്കാനും ചെലവു കുറയ്ക്കാനും കൃത്യമായ തീരുമാനങ്ങളെടുക്കാനും വിവരശേഖരണം നടത്താനും സഹായിക്കുന്ന പ്രായോഗിക ഉപകരണങ്ങളാണ്.
വിജയ് ചൗക്ക് | സുധീര്‍ നാഥ്
നിര്‍മിത ബുദ്ധി, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, അഥവാ 'എഐ'യുടെ സ്വാധീനം ഇന്നു ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നു. ഏതാണ്ടെല്ലാ മേഖലകളിലും നിര്‍മിത ബുദ്ധിയുടെ സ്വാധീനം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. 21ാം നൂറ്റാണ്ട് വളരെ ചലനാത്മകവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമായ ഒരു കാലമായി മാറിയിരിക്കുന്നു. സാങ്കേതികവിദ്യ ഓരോ നിമിഷവും അതിവേഗതയില്‍ വികസിച്ച് മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രജ്ഞര്‍ എക്കാലത്തേക്കാളുമേറെ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. രസകരമായ കാര്യങ്ങള്‍ എപ്പോഴും പ്രത്യക്ഷപ്പെടുന്നു. മനുഷ്യ ചിന്തയെ അനുകരിക്കാന്‍ യന്ത്രങ്ങളെ അനുവദിക്കുന്ന സാങ്കേതികവിദ്യയാണല്ലോ 'എഐ'. സംസാരം തിരിച്ചറിയുക, വാചകങ്ങള്‍ വിശകലനം ചെയ്യുക, ഡാറ്റയിലെ പാറ്റേണുകള്‍ കണ്ടെത്തുക, ഉപയോക്തൃ പെരുമാറ്റം പോലും പ്രവചിക്കുക. ഇതൊന്നും അതിശയകരമല്ല. ഇവ ഇന്ന് ബിസിനസുകള്‍ക്കു സമയം ലാഭിക്കാനും ചെലവു കുറയ്ക്കാനും കൃത്യമായ തീരുമാനങ്ങളെടുക്കാനും വിവരശേഖരണം നടത്താനും സഹായിക്കുന്ന പ്രായോഗിക ഉപകരണങ്ങളാണ്.
ഡോക്റ്റര്‍ ഒരു രോഗിയെ പരിശോധിക്കുമ്പോള്‍ രോഗനിര്‍ണയത്തിന് പ്രധാന ഘടകമാണ് അദ്ദേഹത്തിന്‍റെ പഠനത്തിലൂടെ ലഭിച്ച അറിവ്. എന്നാല്‍ ഇപ്പോള്‍ രോഗനിര്‍ണയത്തിന് സാങ്കേതികവിദ്യ കൃത്യമായ പരിഹാരം കണ്ടെത്തുന്നു എന്നാണു സാഹചര്യം. എഐ സാങ്കേതിക വിദ്യ അദ്ഭുതങ്ങളാണ് ആരോഗ്യ രംഗത്തു സൃഷ്ടിക്കുന്നത്. ഇതിനെ വിപ്ലവകരമായ ഒരു മാറ്റമായി സൂചിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ആശങ്കയോടെ തന്നെയാണ് ഇത്തരമൊരു മാറ്റത്തെ കാണുന്നത്.
രോഗനിര്‍ണയത്തിന് സാധാരണയായി ഉപയോഗിക്കുന്ന എക്സ്റേയിലും മറ്റ് ആധുനിക സാങ്കേതിക വിദ്യകളുള്ള എംആര്‍ഐയിലും സിടി സ്കാനിലുമൊക്കെയുള്ള എഐയുടെ കടന്നുകയറ്റം വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. രക്ത, മൂത്ര, കഫം പരിശോധനകളില്‍ പോലും നിര്‍ണായക തീരുമാനങ്ങളിലെത്താൻ എഐ സഹായിക്കുന്നുണ്ട്. മനുഷ്യന്‍ ഒരു തീരുമാനത്തിലെത്തുന്നതിനേക്കാള്‍ കൃത്യതയോടെയും വേഗത്തിലും അനായാസവും എഐ പിന്തുണ ഉപയോഗിച്ച് രോഗനിര്‍ണയം നടത്താം. കൃത്യത എന്നതാണ് ഇതിൽ ഏറ്റവും സ്വീകാര്യമായ കാര്യം.
എഐയുടെ വരവോടെ ആരോഗ്യ രംഗത്തു മാത്രമല്ല ഏതു രംഗത്തും ഒട്ടേറെപ്പേരുടെ തൊഴില്‍ നഷ്ടപ്പെടും എന്നത് തെറ്റായ ആശങ്കയാണ്. കുറെപ്പേര്‍ക്കു ജോലി പോകും എന്നതു വാസ്തവമാണെങ്കിലും, അതത് രംഗത്തു കഴിവുള്ളവര്‍ക്ക് അവരുടെ ജോലി വേഗതയിലാക്കാനും കൃത്യതയാക്കാനും എഐ സഹായിക്കും.
ട്യൂമറുകള്‍ കൂടുതല്‍ കൃത്യതയോടെ കണ്ടത്താന്‍ എഐ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പുതിയ ഇമേജിങ് രീതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സസിലെ (ഐഐസി) ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു എന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ബംഗളൂരിലെ ബയോ എന്‍ജിനീയറിങ് വിഭാഗം വികസിപ്പിച്ച ജിപിസി തന്മാത്ര താരതമ്യേന സുരക്ഷിതമായ ഇമേജിങ് സാങ്കേതിക വിദ്യയായ ഫോട്ടോഅക്കോസ്റ്റിക് ടോമോഗ്രഫിയില്‍ ഉപയോഗിക്കാം. സ്കാന്‍ ചെയ്യാനുള്ള ചെലവു കുറയുമെന്നതിനു പുറമേ റേഡിയേഷന്‍റെ അപകടസാധ്യതയുമില്ല. ആരോഗ്യ മേഖലയിൽ ഇത്തരം വലിയ മാറ്റങ്ങളാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ആരോഗ്യ രംഗത്തെ സ്വാധീനത്തെക്കുറിച്ച് ഇത്രയും പറഞ്ഞതിന്‍റെ മുഖ്യകാരണം, അവിടെയാണ് എഐ ഉപയോഗം വലിയ അളവില്‍ കടന്നു കയറിയിരിക്കുന്നത് എന്നതിനാലാണ്. മാധ്യമ ലോകത്ത് വലിയ രീതിയിലാണ് എഐയുടെ കടന്നുകയറ്റം സംഭവിച്ചിരിക്കുന്നത്. ഇന്ന് മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്ന പലരും എഐ സഹായം തേടിയാണ് പല രചനകളും സമ്പന്നമാക്കുന്നത്. ഏതു വിഷയത്തിലാണോ ലേഖനമോ കുറിപ്പോ എഴുതുന്നത്, ആ വിഷയത്തിലും മേഖലയിലും അല്പമെങ്കിലും അറിവുള്ളവരായിരിക്കണം എന്നു മാത്രം. എഐ സഹായത്താല്‍ ലഭിക്കുന്നത് നമ്മള്‍ ഉദ്ദേശിച്ചതു തന്നെയാണോ എന്ന തിരിച്ചറിവും അതിനെ മിനുസപ്പെടുത്താനുള്ള കഴിവും ആവശ്യമാണ്.
ഗൂഗിള്‍ സെര്‍ച്ചില്‍ ഒരു വിഷയം തിരയുമ്പോള്‍ ആ വിഷയവുമായി ബന്ധപ്പെട്ടിട്ടുള്ള ഒട്ടേറെ ലേഖനങ്ങളാണു നമുക്കു മുന്നില്‍ ലഭിക്കുക. എഐ വന്നതോടെ ഈ ഒട്ടേറെ ലേഖനങ്ങളില്‍ നിന്നും നമ്മള്‍ പറഞ്ഞിരിക്കുന്ന വിഷയത്തില്‍ കേന്ദ്രീകൃതമായ കാര്യങ്ങള്‍ ക്രോഡീകരിച്ച് ഒരുമിച്ചു തരുന്നു എന്നതാണു വ്യത്യാസം. അതുകൊണ്ടുതന്നെ അതൊരു പൂര്‍ണമായ ലേഖനമോ കുറിപ്പോ ആണെന്നു പരിഗണിക്കാനും സാധിക്കില്ല. പിന്നീടു മാനുഷിക ഇടപെടലുകളുടെ ആവശ്യം ഇവിടെയുണ്ട്.
വിവര്‍ത്തന രംഗത്തു വന്ന വിപ്ലവകരമായ കാര്യവും സൂചിപ്പിക്കേണ്ടതുണ്ട്. എഐയിൽ ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും വിവര്‍ത്തനം സാധ്യമായി. അതിന് ഇന്ത്യയിലെ പ്രോഗാമില്‍ ഇടപെടുന്ന മിടുക്കരായ യുവതലമുറയെ അഭിനന്ദിക്കണം. എങ്കിലും അതു ശൈശവ ദിശയിലാണെന്നു പ്രത്യേകം പറയേണ്ടതില്ല. ഓരോ ദിവസവും അതിന് വളര്‍ച്ച സംഭവിക്കുന്നുണ്ട് എന്നതാണു ശ്രദ്ധേയം. ഭാഷയെക്കുറിച്ചു വ്യക്തമായ ധാരണയില്ലെങ്കില്‍ എഐ ഉപയോഗം വലിയ മണ്ടത്തരങ്ങള്‍ക്കു കാരണമാകുമെന്ന് ഓർക്കുക. സാമാന്യ ഭാഷാ പരിജ്ഞാനം ഈ മേഖലയില്‍ ഉണ്ടായിരിക്കണം എന്നർഥം. വിവര്‍ത്തനം ചെയ്യപ്പെടുന്ന വാക്ക് ഉപയോഗിച്ചിരിക്കുന്ന സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന തിരിച്ചറിവ് അവശ്യം വേണ്ടതാണ്.
കോടതികളാണ് എഐയുടെ സഹായം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മറ്റൊരു മേഖല. പല അഭിഭാഷകരും എഐയുടെ സഹായത്താലാണ് ഇപ്പോൾ സത്യവാങ്മൂലങ്ങൾ അടക്കം തയാറാക്കുന്നത്. എഐ ടൂളുകളുടെ സഹായം ഉപയോഗിക്കുമ്പോള്‍ നിയമപരമായ ജ്ഞാനം തീര്‍ച്ചയായുംഉണ്ടെങ്കിലേ മികച്ച രീതിയില്‍ അഫഡവിറ്റ് തയാറാക്കാൻ സാധിക്കൂ. ഓരോ ദിവസം ചെല്ലും തോറും എഐയുടെ പെര്‍ഫോമന്‍സ് മികച്ച രീതിയിലേക്കു നീങ്ങുകയാണ്. ഇന്നു ലഭിക്കുന്ന ഒരു ഫലമായിരിക്കില്ല ആറു മാസത്തിനു ശേഷം ലഭിക്കുക എന്നു തീർച്ച.
കലാരംഗത്തും എഐയുടെ സ്വാധീനം എത്തിയിരിക്കുന്നു. ഒരു കവിത ലഭിച്ചാൽ എഐയുടെ സഹായത്താല്‍ അതിനു സംഗീതം നല്‍കാന്‍ കഴിയും. ആ കവിതയ്ക്ക് സംഗീതം നല്‍കുന്നത് ഒരു സംഗീതജ്ഞനാണെങ്കില്‍ അദ്ദേഹം നല്‍കുന്ന സംഗീതം കുറച്ചു കൂടി മികച്ചതാക്കാന്‍ എഐയ്ക്ക് സാധിക്കും. ആ വരികള്‍ ഒരാള്‍ പാടിയശേഷം പിന്നീട് എഐ സഹായത്താല്‍ വീണ്ടും മെച്ചപ്പെടുത്താൻ എഐ സാങ്കേതികവിദ്യ സഹായിക്കും. എന്തിനേറെ, ഒരാള്‍ പാടിയ പാട്ട് ഗാനഗന്ധര്‍വന്‍ യേശുദാസ് പാടുന്നതായി മാറ്റാൻ പോലും സാധിക്കും. അവിടെയാണ് ഇതിന്‍റെ അപകടം ഒളിഞ്ഞിരിക്കുന്നത്. പല അവസരങ്ങളിലും ഈ അപകടം ആശങ്കയ്ക്കു കാരണമാകുന്നുമുണ്ട്.
ചിത്രരചനാ രംഗത്തും എഐ സ്വാധീനം അതിഭീകരമായി സംഭവിച്ചിരിക്കുന്നു എന്നത് ചിത്രകാരന്മാര്‍ക്കിടയില്‍ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ചിത്രകാരനോ കാര്‍ട്ടൂണിസ്റ്റോ അല്ലാത്ത വ്യക്തികള്‍ക്കും ചിത്രങ്ങളും കാര്‍ട്ടൂണുകളും ഉണ്ടാക്കാം എന്നായിരിക്കുന്നു. എഐയ്ക്ക് നന്നായി നിര്‍ദേശം കൊടുക്കാന്‍ സാധിക്കുക എന്നതാണ് ഇതിനു വേണ്ട കഴിവ്. ഇത് ആശങ്കകള്‍ക്ക് വക നല്‍കുന്നു എന്നതിൽ സംശയമില്ല.
എന്നാല്‍, ഇക്കഴിഞ്ഞ ദിവസം കേരള കാര്‍ട്ടൂണ്‍ അക്കാദമി തെരഞ്ഞെടുത്ത കാര്‍ട്ടൂണിസ്റ്റുകള്‍ക്കായി മൂന്നുദിവസം നീണ്ടു നിന്ന നൈപുണ്യ വികസന ഓറിയന്‍റേഷന്‍ ക്യാംപ് നടത്തിയിരുന്നു. എഐ, ഡിജിറ്റല്‍ ഡ്രോയിങ് എന്നീ ആധുനിക സാങ്കേതിക വിദ്യകള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂണ്‍സ് ക്രാഫ്റ്റ് @കോവളം എന്ന ക്യാംപ് സംഘടിപ്പിച്ചത്. അവിടെ എത്തിയ എഐ വിദഗ്ധര്‍ പറഞ്ഞത് ആശങ്കകള്‍ക്ക് ഒരു കാരണവുമില്ലെന്നായിരുന്നു. മികച്ച രീതിയില്‍ കാരിക്കേച്ചറുകളും കാര്‍ട്ടൂണുകളോ വരയ്ക്കാന്‍ അറിയുന്ന ഒരാള്‍ക്ക് തന്‍റെ രചനകളെ എഐ സഹായത്താല്‍ അതിമനോഹരമാക്കി മാറ്റാന്‍ സാധിക്കും, അതും വേഗതയില്‍. സാങ്കേതികവിദ്യയുടെ പരിജ്ഞാനം അതിന് ഉപകരിക്കുമെന്ന തിരിച്ചറിവ് അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കാന്‍ സാധിക്കണം. എന്തൊക്കെയായാലും ആശയങ്ങള്‍, നര്‍മങ്ങള്‍, ചിന്തകൾ, പ്രതിഭാ പ്രയോഗം തുടങ്ങിയവ യന്ത്രങ്ങളെക്കൊണ്ട് ചെയ്യിക്കാന്‍ പറ്റില്ലല്ലോ...!