ഒന്നിച്ചെതിർക്കണം, ട്രംപിനെ

 
Special Story

ഒന്നിച്ചെതിർക്കണം, ട്രംപിനെ

ശ്രീബുദ്ധന്‍റെ മഹത്വങ്ങളും ജീവിതശൈലിയും മാനുഷിക മൂല്യങ്ങളുമാണ് ഇന്ത്യയ്ക്കുള്ളത്

അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒരു കടൽക്കൊള്ളക്കാരനെ പോലെയാണ് പെരുമാറുന്നത്. "സമുദ്രം ഞാൻ ഭരിക്കും, ഞാൻ നിയന്ത്രിക്കും' എന്നാണ് കടൽകൊള്ളക്കാരുടെ നയം. അതുപോലെ തന്നെയാണു "ലോകം ഞാൻ ഭരിക്കും, ഞാൻ നിയന്ത്രിക്കും' എന്ന ട്രംപിന്‍റെ നിലപാട്. ഈ കാഴ്ചപ്പാടോടു കൂടിയാണ് ട്രംപ് ഇന്ത്യയോടും പെരുമാറുന്നത്. എന്നാൽ ട്രംപിന് തെറ്റി എന്ന് മാത്രമേ ഇപ്പോൾ പറയാനാവൂ.

അമെരിക്കയുടെ മുഷ്കിനു മുന്നിൽ തലകുനിക്കുന്ന രാജ്യമല്ല ഇന്ത്യ. ഇന്ത്യയ്ക്ക് വലിയൊരു ചരിത്രവും സംസ്കാരവും പാരമ്പര്യവുമുണ്ട്. ചരിത്രം പരിശോധിച്ചാൽ പല വിദേശ ശക്തികളും ഇന്ത്യയിലേക്ക് കടന്നാക്രമണം നടത്തുകയും അധികാരം സ്ഥാപിക്കുകയും ചെയ്തിട്ടുള്ളതായി മനസിലാകും. ഇന്ത്യയിലേക്ക് കടന്നുവന്ന ബാബർ ചക്രവർത്തി മുതൽ സൂര്യനസ്തമിക്കാത്ത നാടിലെ വിക്റ്റോറിയ രാജ്ഞി വരെ ഇന്ത്യയിൽ തങ്ങളുടെ അധികാരത്തിന്‍റെ മുദ്ര പതിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ശാശ്വതമായിരുന്നില്ല എന്ന കാര്യം ട്രംപ് ഓർക്കുന്നത് നല്ലതാണ്. ശ്രീബുദ്ധന്‍റെ മഹത്വങ്ങളും ജീവിതശൈലിയും മാനുഷിക മൂല്യങ്ങളുമാണ് ഇന്ത്യയ്ക്കുള്ളത്.

അമെരിക്ക കുടിയേറ്റക്കാരുടെ രാജ്യമാണ്. സ്വന്തമായൊരു സംസ്കാരമോ, ഭാഷയോ, കാഴ്ചപ്പാടോ അവിടെയില്ല. ക്യാപ്റ്റൻ കൊളംബസ് അമെരിക്ക കണ്ടുപിടിച്ചത് മുതൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങളാണ് അമെരിക്കയുടെ ഭരണാധികാരം ഏറ്റെടുക്കുന്നത്. കൊളംബസിനു ശേഷം അമെരിക്കയിൽ കുടിയേറിയവരുടെ സംസ്കാരവും കാഴ്ചപ്പാടുമാണ് ആ രാജ്യത്തിനുള്ളത്.

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തിയതിന് പുറകിൽ കച്ചവട മനഃസ്ഥിതിയുള്ള ട്രംപിന്‍റെ സ്വകാര്യ സാമ്പത്തിക ലാഭം കൂടിയുണ്ട്. അമെരിക്കയിൽ ഉത്പാദിപ്പിക്കുന്ന പാലും മുട്ടയും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുക മാത്രമല്ല ട്രംപിന്‍റെ ലക്ഷ്യം, മറിച്ച് അമെരിക്കയുടെ ആധുനിക യുദ്ധവിമാനങ്ങൾ ഉൾപ്പെടെ യുദ്ധോപകരണങ്ങൾ ഇന്ത്യയുടെ തലയിൽ കെട്ടിവയ്ക്കാനും ശ്രമമുണ്ട്. ഇന്ത്യയിലെ ക്ഷീരവിപണികൾ ഒരു കാരണവശാലും തുറന്നു കൊടുക്കാൻ നമുക്കാവില്ല.

റഷ്യ എക്കാലവും ഇന്ത്യയുടെ വിശ്വസിക്കാവുന്ന സുഹൃത്താണ്. ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങിക്കണം എന്ന് തീരുമാനിക്കുന്നത് ഇന്ത്യ തന്നെയാണ്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 38 ശതമാനവും റഷ്യയിൽ നിന്നാണ്. 2025ന്‍റെ പകുതി വരെ ദിവസവും 2.7 ലക്ഷം ബാരൽ എണ്ണ അമെരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങിയപ്പോൾ റഷ്യയിൽ നിന്ന് 16.7 ലക്ഷം ബാരൽ എണ്ണയാണ് വാങ്ങിയത്. ഇറാനിൽ നിന്ന് 4.8 ലക്ഷം ബാരൽ എണ്ണയും. ഇതെല്ലാം രൂപയിലാണ് വിനിമയം നടത്തിയിരുന്നത്. ട്രംപിന്‍റെ സമ്മർദം കൂടിയപ്പോൾ രൂപ വിനിമയത്തിലൂടെ നാം ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന എണ്ണ നിർത്തലാക്കേണ്ടിവന്നു. ഇപ്പോൾ റഷ്യൻ ഇറക്കുമതികളും നിർത്തണം എന്നാണ് അമെരിക്കയുടെ നിലപാട്. ഇന്ത്യയുടെ എണ്ണ ഉപയോഗം ഓരോ വർഷവും കൂടി വരികയുമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയെ സ്നേഹിക്കുന്ന റഷ്യയെ ഉപേക്ഷിക്കാനും എപ്പോഴും ശത്രുപാളയത്തോടൊപ്പം ശയിക്കുന്ന അമെരിക്കയോടൊപ്പം കിടക്കാനും നമുക്ക് കഴിയില്ല.

അമെരിക്കയിലേക്കുള്ള ഇലക്‌ട്രോണിക്സ് കയറ്റുമതിക്ക് 100% തീരുവ ചുമത്തുമെന്നാണ് ട്രംപിന്‍റെ മറ്റൊരു ഭീഷണി. ചിപ്പുകളുടെ തീരുവ 100 ശതമാനമാക്കിയ ട്രംപിന്‍റെ തീരുമാനം അമെരിക്കയിൽ ചിപ്പു നിർമ്മിക്കുന്നതിനുള്ള ഒരു പ്രേരക ശക്തിയായി മാറുകയാണ്. അതുപോലെ തന്നെ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ തീരുവയും അമെരിക്ക കൂട്ടുകയാണ്. ഡോളർ ഉപയോഗിച്ചുകൊണ്ട് എല്ലാ രാജ്യങ്ങളെയും ഭീഷണിപ്പെടുത്താൻ കഴിയും എന്നാണ് ട്രംപിന്‍റെ കണക്കു കൂട്ടൽ.

ഈ സന്ദർഭത്തിൽ റഷ്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സഹകരണം തേടി മുന്നോട്ടുപോകാനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കങ്ങളെ നാം പൂർണമായി പിന്തുണയ്ക്കണം. ചൈനയുമായി ഇന്ത്യയ്ക്ക് അതിർത്തി പ്രശ്നങ്ങൾ ഉണ്ടെങ്കിലും രണ്ട് രാജ്യങ്ങൾക്കും അമെരിക്കയും ട്രംപും ഇപ്പോൾ ഒരു പൊതു ശത്രുവാണ്. ഈ പൊതുശത്രുവിനെതിരായി ഒന്നിച്ച് മുന്നോട്ടുപോകുന്ന ഒരു സമീപനമാണ് ഇപ്പോൾ ഇന്ത്യയും ചൈനയും റഷ്യയും എടുക്കേണ്ടത്.

ഗോവയെ ഇന്ത്യയിൽ ലയിപ്പിച്ചപ്പോഴും ബംഗ്ലാദേശിലെ ദേശസ്നേഹികൾക്ക് സ്വതന്ത്രമായ രാജ്യം രൂപകരിക്കുന്നതിന് കൂടെ നിന്നപ്പോഴും അന്നത്തെ അമെരിക്കൻ ഭരണകൂടങ്ങൾ ഏഴാം കപ്പൽപടയെ അയച്ച് ഇന്ത്യയെ നേരിടും എന്ന് ഭീഷണിപ്പെടുത്തിയതാണ്. ആ ഭീഷണിയെ സധൈര്യം നേരിട്ട ഇന്ദിരഗാന്ധിയുടെ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്.

ട്രംപിന്‍റെ ഹുങ്കിനു മുന്നിൽ തലകുനിച്ചാൽ ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാജ്യങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. ഇതു മനസിലാക്കാൻ പ്രതിപക്ഷ കക്ഷികൾക്കും കഴിയണം. രാഷ്‌ട്രീയ അഭിപ്രായങ്ങൾ മാറ്റിവച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഇന്ത്യയിലെ എല്ലാ രാഷ്‌ട്രീയ പാർട്ടികളും അണി ചേരണം എന്നാണ് ജോത്സ്യന് പറയാനുള്ളത്.

വരുന്നു, നവകേരള സദസ് 2.0

വാൽപ്പാറയിൽ 8 വ‍യസുകാരനെ പുലി കടിച്ചുകൊന്നു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; വള്ളം മറിഞ്ഞ് 2 പേർ മരിച്ചു

ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം സജി നന്ത്യാട്ട് രാജിവച്ചു

മോർച്ചറിയിലെ മൃതദേഹം അനുമതിയില്ലാതെ തുറന്നു കാട്ടിയ സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു