വയലാർ രാമവർമയുടെ ഓർമകൾക്ക് 50 വയസ്.

 
Special Story

'എനിക്കു മരണമില്ല...'

ഓരോ മലയാളിയുടെയും ഓർമകളിലേക്ക് ഒരു പിടി അനശ്വര ഗാനങ്ങളും അതുല്യ കവിതകളും സമ്മാനിച്ച് വയലാർ രാമവർമ മറഞ്ഞു പോയിട്ട് 50 വർഷം...

നീതു ചന്ദ്രൻ

നീതു ചന്ദ്രൻ

പഠനകാലത്ത് ക്ലാസ് മുറിയുടെ ഏതോ ഒരു കോണിലേക്ക് ഒതുങ്ങിപ്പോയിരുന്ന അന്തർമുഖനായൊരു ചെറുപ്പക്കാരൻ. കമ്യൂണിസത്തിന്‍റെ പാരമ്പര്യമില്ലാത്തൊരു കുടുംബത്തിൽ നിന്നായിട്ടു പോലും ഏതോ ഒരു കാലഘട്ടത്തിൽ അയാൾ വിപ്ലത്തിന്‍റെ അനുയായിയായി. കാറ്റിൽ കെടാതെ പതിയെ തെളിഞ്ഞു വരുന്നൊരു വിളക്കു പോലെ ആ വിരലുകളിൽ നിന്ന് വിപ്ലവഗീതങ്ങൾ പിറന്നു. വായിച്ചാൽ, കേട്ടിരുന്നാൽ ഏതൊരു മനുഷ്യന്‍റെയും ഉള്ളിൽ തീനാളങ്ങൾ ജ്വലിപ്പിക്കുന്ന അനേകം കവിതകൾ പിറന്നു. അക്ഷരങ്ങളാൽ കുതിച്ചു പായുന്നൊരു വിപ്ലവാശ്വം. ആ യാത്രയ്ക്കിടെയാണ് മൂർച്ചയേറിയ പടവാൾ ആർദ്രമായ മണിപ്പൊൻവീണയായി മാറിയത്. പിന്നെയൊരു പൂക്കാലമായിരുന്നു... ഒരിക്കലും വാടാത്ത, ഗന്ധമൊഴിയാത്ത, ആയിരമായിരം മധുര ഗാനങ്ങളുടെ പൂക്കാലം...!

വയലാർ രാമവർമ വാക്കുകൾ കൊണ്ട് സൃഷ്ടിച്ചെടുത്ത ആ വസന്തകാലത്തിന്‍റെ തണലിൽ തന്നെയാണ് മലയാളികൾ ഇന്നും. എഴുത്തിന് പൂർണവിരാമമിട്ട് അപ്രതീക്ഷിതമായി വയലാർ മടങ്ങിപ്പോയതൊരു ഒക്റ്റോബർ 27നായിരുന്നു. അതിനു ശേഷം 50 വർഷങ്ങൾ കടന്നു പോയിരിക്കുന്നു. വയലാർ ഇല്ലാത്ത അര നൂറ്റാണ്ട്...!

രാമവർമ തിരുമുൽപ്പാട്

വെള്ളാരപ്പള്ളി കേരളവർമയ്ക്കും വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടിക്കും വൈകി പിറന്ന മകൻ. 1928ൽ രാമവർമ ജനിക്കുമ്പോൾ വാക്കുകൾ കൊണ്ടുള്ള ഇന്ദ്രജാലത്തിന്‍റെ കാലമാണ് വരാനിരിക്കുന്നതെന്ന് ആരറിഞ്ഞു! അച്ഛൻ മരിക്കുമ്പോൾ മൂന്നര വയസായിരുന്നു വയലാറിന്. കാലങ്ങൾക്കു ശേഷം, 'ആത്മാവിൽ ഒരു ചിത' എന്ന കവിതയിൽ അദ്ദേഹം അച്ഛന്‍റെ മരണത്തിന്‍റെ ഓർമകൾ കുറിച്ചിട്ടു.

ആദ്യ കവിതാ സമാഹാരമായ പാദമുദ്രകളിലൂടെ രാമവർമ തിരുമുൽപ്പാട് വയലാർ രാമവർമയായി മാറി. മലയാള സാഹിത്യത്തിലെ ആധുനിക കവികളില്‍ പ്രമുഖനായിരുന്നു വയലാര്‍. 'അശ്വമേധം', 'താടക എന്ന ദ്രാവിഡ രാജകുമാരി', 'എനിക്കു മരണമില്ല', 'മുളങ്കാട്' അങ്ങനെയങ്ങനെ നിരവധി കവിതകൾ പിറന്നു....

തുടിപ്പു നിങ്ങളില്‍ നൂറ്റാണ്ടുകളുടെ

ചരിത്രമെഴുതിയ ഹൃദയങ്ങള്‍

കൊളുത്തി നിങ്ങള്‍ തലമുറ തോറും

കെടാത്ത കൈത്തിരി നാളങ്ങള്‍...

‌ഇന്നും വിപ്ലവവേദികളിൽ ജ്വാലയായി മാറുന്ന വരികൾ. ''ബലികുടീരങ്ങളേ...'' എന്നു തുടങ്ങുന്ന വിപ്ലവഗാനം എഴുതുമ്പോൾ 29 വയസായിരുന്നു വയലാറിന്.

മണിപ്പൊൻവീണ

വർഷങ്ങൾ കടന്നു പോയി.... ''വാളല്ലെൻ സമരായുധം'' എന്നു കവി തിരിച്ചറിഞ്ഞ കാലം. മലയാള സിനിമയുടെ വസന്ത കാലം. ഇരുപതാം നൂറ്റാണ്ടിലെ മലയാള സിനിമയുടെ ഭാവുകത്വത്തെ തന്നെ മാറ്റിമറിച്ചത് വയലാറും സംഗീത സംവിധായകന്‍ ജി. ദേവരാജനുമായുള്ള കൂട്ടുകെട്ടായിരുന്നു. അവരുടെ സൃഷ്ടികള്‍ വെറും പാട്ടുകളായിരുന്നില്ല, കവിത തുളുമ്പുന്ന ദാര്‍ശനിക ഗീതങ്ങളായിരുന്നു. പ്രണയത്തിനൊപ്പം ജീവിത ദര്‍ശനങ്ങളുടെയും തത്വചിന്തകളുടെയും അഗാധമായ സൗന്ദര്യം നിറഞ്ഞ വരികൾ കൊണ്ട് ചലച്ചിത്ര ഗാനങ്ങൾ സമൃദ്ധമായ കാലം.

ഈ നിലാവും ഈ കുളിർകാറ്റും

ഈ പളുങ്കു കൽപ്പടവുകളും

ഓടിയെത്തും ഓർമകളിൽ

ഓമലാളിൻ ഗദ്ഗദവും....

('ആയിരം പാദസരങ്ങള്‍ കിലുങ്ങി...' - നദി)

വയലാര്‍ എഴുതി, ദേവരാജന്‍ സംഗീതം നല്‍കി, യേശുദാസ് പാടി... ആ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍ ഇന്നും മലയാള സിനിമയുടെ തിളക്കം മങ്ങാത്ത കാലത്തിന്‍റെ പ്രതീകങ്ങളാണ്. ഓരോ പാട്ടും ഓരോ കവിതകളാണ്, ഓരോ കവിതയും ഓരോ ജീവിത വീക്ഷണങ്ങളാണ്.

വയലാറിന്‍റെ പ്രണയഗാനങ്ങൾക്കൊപ്പമാണ് ഒരു കാലത്ത് മലയാളികൾ പ്രണയിച്ചിരുന്നതു പോലും. ജീവിതം ഒരു പെന്‍ഡുലം പോലെ ആടുന്നു എന്നൊരു പാട്ടില്‍ എഴുതിവച്ച അതേ കവി മറ്റൊരിടത്ത്, ഈ മനോഹര തീരത്തേക്ക് ഇനിയുമൊരു ജന്മം യാചിക്കുന്ന ദാര്‍ശനികനായും മാറി. പ്രകൃതിയും പ്രണയവും ഒന്നായി തീരുന്ന വയലാറിന്‍റെ ഇന്ദ്രജാലം. കായാമ്പൂ മിഴികളിൽ വിരിയുന്ന മാസ്മരികത...!

നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ

എന്‍റെയീ കളിത്തോണി കെട്ടിയിട്ടു...

എന്നദ്ദേഹം എഴുതുമ്പോൾ അദൃ‌ശ്യമായ പ്രണയനൂലുകളാൽ ബന്ധിക്കപ്പെട്ടവരാണു നാം....

പ്രണയത്തിനൊപ്പം വിരഹത്തിന്‍റെ മഹാസാഗരവും വയലാർ അക്ഷരങ്ങളിലൂടെ മലയാളിയുടെ മനസിലേക്ക് ഇറക്കി വച്ചു.

ആരും തുറക്കാത്ത പൂമുഖവാതിലിൽ

അന്യനെപ്പോലെ ഞാൻ നിന്നു...

എന്നു പാടുമ്പോൾ, തിരശീലയിലെ നായകൻ മാത്രമല്ല കേട്ടു നിൽക്കുന്നവരുടെ ഓർമകൾ പോലും ആർദ്രമാകും; നിരസിക്കപ്പെട്ട പ്രണയത്തിന്‍റെ പരിഭവവും സങ്കടവും നിറഞ്ഞു തൂവിപ്പോകും....

''പുണ്യപാപച്ചുമടുകളാം ഇരുമുടിക്കെട്ടുമേന്തി ‌

പൊന്നമ്പല മല ചവിട്ടാൻ വരുന്നു ഞങ്ങൾ...''

എന്നെഴുതുമ്പോൾ അദ്ദേഹം ഭക്തനാണ്.

''മനുഷ്യൻ മതങ്ങളെ സൃ‌ഷ്ടിച്ചു,

മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു...''

എന്നെഴുതുമ്പോൾ നിരീശ്വരവാദിയാണ്.

''ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി''യെക്കുറിച്ച് എഴുതുമ്പോൾ അദ്ദേഹം കാമുകനാണ്.

''പിരിഞ്ഞുപോകും നിനക്കിനി-

യിക്കഥ മറക്കുവാനേ കഴിയൂ...''

എന്നെഴുതുമ്പോൾ ഹൃദയത്തിൽ മായാത്ത മുറിവുകൾ വീണ വിരഹിയുമാണ്.

കൊതി തീരും വരെ...

വയലാറിനെക്കുറിച്ച് അറിഞ്ഞതും അറിയാത്തതുമായ ഒത്തിരി കഥകളുണ്ട്. യാത്രയ്ക്കിടെ സിഗരറ്റ് പാക്കറ്റിൽ വരികൾ കുത്തിക്കുറിച്ചത്, മലയാറ്റൂർ രാമകൃഷ്ണന്‍റെ വെല്ലുവിളി സ്വീകരിച്ച് 'മൃ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ''മൃണാളിനീ...'' എന്ന ഗാനം രചിച്ചത്.... അങ്ങനെയങ്ങനെ, അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ പങ്കുവച്ച കഥകൾ തന്നെ ഏറെയാണ്.

പഠനം പാതിയിൽ നിർത്തിയ, മീശ മുളയ്ക്കാത്ത പ്രായത്തിൽ നൂറു കണക്കിനു കവിതകളെഴുതിയയും പിന്നെ പിന്നെ മലയാളത്തിന്‍റെ തണലായി വളർന്നു വന്നതും ഒരു നാടോടിക്കഥ പോലെ ഭംഗിയുള്ള ഓർമകളാണ്.

വയലാര്‍ ഇല്ലാത്ത അമ്പതു വർഷങ്ങൾ കടന്നു പോകുമ്പോഴും, അദ്ദേഹത്തിന്‍റെ ഓരോ വരികളും പുതുമയോടെ നമ്മുടെ ചുണ്ടുകളിലും മനസിലും തുളുമ്പുന്നുണ്ട്. എനിക്കു മരണമില്ലെന്ന് എഴുതി വച്ചത് അദ്ദേഹം തന്നെയായിരുന്നു. കാലം കടന്നു പോകുമ്പോൾ പഴയതിനെക്കാൾ കൂടുതൽ ആഴത്തിൽ മനസുകളിലേക്ക് പടരുന്ന വരികൾ ആ വാക്കുകളെ കൂടുതൽ പ്രസക്തമാക്കുന്നു. ഇനിയൊരു ജന്മത്തിനു വേണ്ടിയുള്ള പ്രാർഥന ഫലം കാണട്ടെയെന്ന് ആശിച്ചു പോകുന്നു....

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്