.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വഖഫ്: പരിഷ്കരണത്തിന്റെ ബിൽ
ഹർഷ് രഞ്ജൻ
രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ ആകെ വിസ്തൃതി 37.39 ലക്ഷം ഏക്കറിലേറെയുണ്ടെന്നാണ് അസറ്റ് മാനെജ്മെന്റ് സിസ്റ്റം ഒഫ് ഇന്ത്യ (വംശി-ഡബ്ല്യുഎഎംഎസ്ഐ) പോർട്ടൽ വെളിപ്പെടുത്തുന്നത്. 28 സംസ്ഥാനങ്ങളും ഏഴു കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടുന്ന ഇന്ത്യയിൽ, 32 വഖഫ് ബോർഡുകൾ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി പ്രവർത്തിക്കുന്നു. മൊത്തം 8,72,802 വഖഫ് സ്വത്തുക്കൾ. കൂടാതെ, 4,02,089 ‘ഉപയോക്താക്കളുടെ വഖഫ്’ ഉണ്ട്. പക്ഷേ അവയ്ക്കു കൃത്യമായ രേഖകളില്ല. മാത്രമല്ല, 1088 വഖഫ് ആധാരങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. കൂടാതെ 26,676 സ്വകാര്യ വഖഫ് (വഖഫ് അലാൽ ഔലാദ്) സ്വത്തുക്കളുമുണ്ട്.
ഇന്ത്യയിലെ വഖഫ് ചരിത്രവും നിലവിലെ പ്രതിസന്ധിയും
ഭരണം മെച്ചപ്പെടുത്തുന്നതും കെടുകാര്യസ്ഥത തടയുന്നതും ലക്ഷ്യമിട്ടുള്ള നിരവധി നിയമനിർമാണ പരിവർത്തനങ്ങളിലൂടെയാണ് ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ പരിപാലനം വികസിച്ചത്. 1894ലെ പ്രിവി കൗൺസിൽ വിധിമുതൽ, മുസ്സൽമാൻ വഖഫ് നിയമങ്ങൾ (1913, 1923, 1930), 1954ലെ വഖഫ് നിയമം, തുടർന്നുള്ള ഭേദഗതികൾ എന്നിവയുൾപ്പെടെ വിവിധ നിയമങ്ങൾ വഖഫ് പരിപാലനത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. 1995ലെ വഖഫ് നിയമം നിയന്ത്രണ സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും 2013ലെ പ്രധാന ഭേദഗതി അതിന്റെ വ്യാപ്തി വികസിപ്പിക്കുകയും ചെയ്തു.
മഹത്തായ ചരിത്രമുണ്ടെങ്കിലും, ഇന്ത്യയിലുടനീളമുള്ള വഖഫ് ബോർഡുകൾ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ആരോപണങ്ങളിൽ മുങ്ങിക്കിടക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾ മറികടന്നു വഖഫ് സ്വത്തുക്കൾ പലപ്പോഴും നിയമവിരുദ്ധമായി വിൽക്കുകയോ തുച്ഛമായ വിലയ്ക്കു പാട്ടത്തിനു നൽകുകയോ ചെയ്യുന്നുണ്ടെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൈയേറ്റങ്ങൾ, നിയമവിരുദ്ധ ഭൂമി ഇടപാടുകൾ, നിയമപരമായ വ്യവഹാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ വർധിക്കുന്നതിനാൽ വ്യാപകമായ ഈ അഴിമതി, മുസ്ലിം സമുദായത്തിൽ അസ്വസ്ഥതകൾ വർധിക്കുന്നതിനു കാരണമായി. ഈ വിഷയം വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, സാമൂഹിക എതിർപ്പും തിരിച്ചടിയും സമാന ജനതയിൽനിന്നുണ്ടാകുന്ന അമിതസമ്മർദവും ഭയന്നു മിക്ക സമുദായാംഗങ്ങളും തുറന്നു സംസാരിക്കുന്നതിൽ നിന്നു വിട്ടുനിൽക്കുന്നു.
വ്യാപക കൈയേറ്റങ്ങളും നിയമപോരാട്ടങ്ങളും
വഖഫ് സ്വത്തുക്കളുടെ ഗണ്യമായ ഭാഗം കൈയേറ്റത്തിനു വിധേയമാകുകയാണ്. ഇതു നിരവധി നിയമപോരാട്ടങ്ങൾക്കു വഴിതെളിക്കുന്നു. വംശി പോർട്ടൽ പ്രകാരം, നിലവിൽ വഖഫ് സ്വത്തുക്കളിൽ 58,890 കൈയേറ്റ കേസുകൾ നിലവിലുണ്ട്. വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ആകെ വ്യവഹാരങ്ങളുടെ എണ്ണം 31,999 ആണ്. അതിൽ 16,140 കേസുകൾ പ്രത്യേകിച്ചും കൈയേറ്റങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇതിൽ 3165 കേസുകളിലെ ഹർജിക്കാർ മുസ്ലിംകളാണ് .വഖഫ് ബോർഡുകൾക്കുള്ളിലെ സുതാര്യതയുടെയും ഉത്തരവാദിത്വത്തിന്റെയും അഭാവം, അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും നിക്ഷിപ്ത താത്പര്യക്കാരെയും ഈ സ്വത്തുക്കൾ ചൂഷണം ചെയ്യാൻ അനുവദിക്കുന്നുണ്ടെന്നും ഇതു സമുദായത്തിന് അവകാശപ്പെട്ട വിഭവങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്നും മുസ്ലിം സമുദായത്തിലെ പലരും വിശ്വസിക്കുന്നു.
പറയാനുള്ള ഭയം, ആഭ്യന്തര സംഘർഷങ്ങൾ
വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം പ്രധാനമായും മുസ്ലിംകളെ ദോഷകരമായി ബാധിക്കുമെന്നു ജനങ്ങൾ കൂടുതലായി മനസിലാക്കുന്നതിനാൽ ഈ വിഷയം സമുദായത്തിനുള്ളിൽ ആഭ്യന്തര കലഹം വളരാൻ കാരണമായി. എങ്കിലും സാമൂഹികസമ്മർദങ്ങളാൽ തുറന്ന വിമർശനം വിരളമാണ്. നിരവധി സാമൂഹിക പ്രവർത്തകർ, യുക്തിവാദികളായ പ്രമുഖ മുസ്ലിം വ്യക്തിത്വങ്ങൾ, വിദ്യാഭ്യാസ വിദഗ്ധർ, ചിന്തകർ എന്നിവർ വഖഫ് നിയമ പരിഷ്കാരങ്ങളുടെ അടിയന്തര ആവശ്യകതയെക്കുറിച്ചു വർധിച്ചുവരുന്നതും എന്നാൽ തുറന്നുപറയാത്തതുമായ അഭിപ്രായസമന്വയം ഉയർത്തിക്കാട്ടിയിട്ടുണ്ട്. മതപരവും രാഷ്ട്രീയവുമായ വിഭാഗങ്ങളിൽനിന്നുള്ള തിരിച്ചടി ഭയന്ന് പല സമുദായ നേതാക്കളും ഈ വിഷയം പരസ്യമായി അഭിസംബോധന ചെയ്യാൻ മടിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
വ്യവഹാരങ്ങളും പരാതികളും
ഇന്ത്യയിലുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ കൈയേറ്റങ്ങൾ സംബന്ധിച്ചു ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനു നിരവധി പരാതികളും നിവേദനങ്ങളും ലഭിച്ചിട്ടുണ്ട്. പലപ്പോഴും വഖഫ് ബോർഡുകളുടെ നേരിട്ടുള്ള ഇടപെടലോടെ, ഈ കൈയേറ്റങ്ങളുടെ വ്യാപ്തി ആശങ്കാജനകമായ തലത്തിലെത്തി. വിവിധ നഗരങ്ങളിലുടനീളമുള്ള നിരവധി കേസുകൾ പ്രതിസന്ധിയുടെ വ്യാപ്തി എടുത്തുകാട്ടുന്നു:
ഭോപ്പാലിൽ, സർക്കാർ ഭൂമിയിൽ അനധികൃതമായി വഖഫ് സമുച്ചയം നിർമിച്ചു. അതിൽ രജിസ്റ്റർ ചെയ്ത 125 ശ്മശാനങ്ങളിൽ 101 എണ്ണം ദുരൂഹമാംവിധം അപ്രത്യക്ഷമായി. ഹൈദരാബാദിൽ, 2021ൽ മാത്രം 765 കൈയേറ്റക്കാർക്കു നോട്ടീസുകൾ നൽകി. അതേസമയം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ, തെലങ്കാനയിലെ വഖഫ് ബോർഡിന് അഞ്ചുലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്. എന്നിട്ടും അതിന്റെ 75% ഭൂമിയും കൈയേറിയിരിക്കുന്നു. മുംബൈയിൽ, മഹാരാഷ്ട്രയിലെ വഖഫ് ഭൂമിയുടെ 60 ശതമാനത്തിലധികവും നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്നു. പരേലിലെ ലാൽ ഷാ ബാബ ദർഗ യഥാർഥത്തിൽ 72 ഏക്കറിലാണു വ്യാപിച്ചിട്ടുള്ളത്. ഇപ്പോഴതു വഖഫ് ഭൂമിയിൽ നിർമിച്ച റെസിഡൻഷ്യൽ ടവറുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ലഖ്നൗവിൽ, വഖഫ് ബോർഡ് അവകാശപ്പെടുന്ന ഭൂമിയുടെ 78% യഥാർഥത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്ന് ഉത്തർപ്രദേശ് സർക്കാർ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. കൂടാതെ, കൃഷിയോഗ്യമല്ലാത്ത ഭൂമി വഖഫ് സ്വത്തായി നിയമവിരുദ്ധമായി രജിസ്റ്റർചെയ്ത 1989ലെ ഗവണ്മെന്റ് ഉത്തരവു റദ്ദാക്കുകയും ചെയ്തു. പറ്റ്നയിൽ, ഹിന്ദു ഭൂരിപക്ഷ ഗ്രാമമായ ഫതുഹയിലെ ഗോവിന്ദ്പുരിൽ ഭൂമിയുടെ ഉടമസ്ഥാവകാശം അവകാശപ്പെട്ടു ബിഹാർ സുന്നി വഖഫ് ബോർഡ് നോട്ടീസ് നൽകി. ഇത് ഏഴു ഹിന്ദു കുടുംബങ്ങളെ ബാധിക്കുന്നു.
അനീതിയല്ല, നീതി
2024ലെ വഖഫ് ഭേദഗതി ബിൽ പരിഷ്കരണ പ്രക്രിയയുടെ ഭാഗമാണ്. മുസ്ലിംകളോട് അനീതി കാട്ടുന്നുവെന്ന അവകാശവാദങ്ങൾ തെറ്റിദ്ധാരണാജനകമാണ്. കാരണം സമുദായത്തിന്റെ പ്രയോജനത്തിനായി മികച്ച പരിപാലനം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ഏക ലക്ഷ്യം. സമുദായസ്വത്തുക്കൾ കൂടുതൽ ദുരുപയോഗം ചെയ്യുന്നതു തടയാൻ വഖഫ് ബോർഡുകൾ സമ്പൂർണ അഴിച്ചുപണിക്കു വിധേയമാകണമെന്നു മുസ്ലിം ബുദ്ധിജീവികളും നിയമവിദഗ്ധരും വാദിക്കുന്നു. വഖഫ് സ്വത്തുക്കൾ ഗവണ്മെന്റിന്റെ കർശന മേൽനോട്ടത്തിൽ കൊണ്ടുവരണമെന്നും തീരുമാനമെടുക്കുന്നതിൽ സാമുദായിക പങ്കാളിത്തം ഉറപ്പാക്കുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ചിലർ അഭിപ്രായപ്പെടുന്നു. വഖഫ് കാര്യങ്ങളിൽ വൈദഗ്ധ്യം നേടിയ നിയമവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്, സുതാര്യതയും ഉത്തരവാദിത്വവും വർധിപ്പിക്കുന്നതിനു വഖഫ് നിയമത്തിൽ ഭേദഗതികൾ ആവശ്യമാണെന്നാണ്. സമുദായ ക്ഷേമത്തിനായി ഉദ്ദേശിച്ചിട്ടുള്ള സ്വത്തുക്കൾ അഴിമതിക്കും വ്യക്തിപരമായ നേട്ടത്തിനും വേണ്ടിയുള്ള ഉപകരണങ്ങളായി മാറരുത് എന്നതിനാലാണിത്.
പ്രധാന സവിശേഷതകൾ
വഖഫ് സ്വത്തുക്കളെ ദീർഘകാലമായി ബാധിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമായാണു 2024ലെ വഖഫ് ഭേദഗതി ബിൽ പ്രശംസിക്കപ്പെടുന്നത്. വഖഫ് ബോർഡുകളിലെ കാര്യനിർവഹണപരമായ അപര്യാപ്തത പരിഹരിക്കുക എന്നതാണ് ഈ ബിൽ ലക്ഷ്യമിടുന്നത്. രേഖകൾ ഡിജിറ്റൽ രൂപത്തിലാക്കി വംശി പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നതിലെ പരാജയമാണു പ്രധാന പ്രശ്നങ്ങളിലൊന്ന്. എല്ലാ വഖഫ് സ്വത്തുക്കളും ആറുമാസത്തിനുള്ളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്നു ഭേദഗതി അനുശാസിക്കുന്നു. ഇതു കൂടുതൽ സുതാര്യതയും എളുപ്പത്തിലുള്ള പ്രവേശനവും ഉറപ്പാക്കുന്നു.
ഗൃഹപാഠവും കൂടിയാലോചനകളും
കഴിഞ്ഞ എട്ടു വർഷമായി ഗവൺമെന്റ് മുസ്ലിം സമുദായവുമായി വിപുലമായ കൂടിയാലോചനകൾ നടത്തുകയും വഖഫ് സംബന്ധമായ വിഷയങ്ങളെക്കുറിച്ചും സാധ്യമായ പരിഷ്കാരങ്ങളെക്കുറിച്ചും രാജ്യവ്യാപക ചർച്ചകൾ നടത്തുകയും ചെയ്തു. സുതാര്യത ഉറപ്പാക്കുന്നതിനായി, 2024ലെ വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച സംയുക്തസമിതിക്കു രൂപംനൽകി. പൊതുജനാഭിപ്രായം ശേഖരിക്കുന്നതിനായി ഇന്ത്യയിലുടനീളം 36 യോഗങ്ങൾ ചേർന്നു. കൂടാതെ, ബന്ധപ്പെട്ട പൗരന്മാരിൽനിന്നു സമിതിക്കു ലക്ഷക്കണക്കിനു നിർദേശങ്ങൾ ലഭിച്ചു. ഇതു ഭേദഗതികളുടെ ആവശ്യകതയ്ക്കു കൂടുതൽ കരുത്തുപകർന്നു. ഗവണ്മെന്റ് ബിൽ അടിച്ചേൽപ്പിക്കുകയാണെന്ന പ്രത്യേക വിഭാഗങ്ങളുടെ അവകാശവാദങ്ങൾക്കു വിരുദ്ധമായി, നിർദിഷ്ട ഭേദഗതികൾ വ്യാപകമായ കൂടിയാലോചനയുടെ ഫലമാണ് എന്നതാണു യാഥാർഥ്യം. വഖഫ് സ്വത്തുക്കളുടെ അനധികൃത വിൽപ്പനയും കൈയേറ്റവും തടയുമെന്നതിനാൽ, ബില്ലിനെ സാമ്പത്തിക ഭീഷണിയായി കാണുന്ന മുസ്ലിം സമുദായത്തിലെ സ്വാധീനമുള്ള വ്യക്തികളിൽ നിന്നാണു ബില്ലിനെതിരായ പ്രാഥമിക എതിർപ്പുയരുന്നത്.
അതേസമയം, സാധാരണ മുസ്ലിം ജനത, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകൾ, ഗവണ്മെന്റിന്റെ സംരംഭത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. പരിഷ്കാരങ്ങൾ സമുദായത്തിന്റെ ആസ്തികളെ കൂടുതൽ ചൂഷണത്തിൽ നിന്നു സംരക്ഷിക്കുമെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്.
വഖഫ് സ്വത്തു പ്രതിസന്ധി നിയമപരവും ഭരണപരവുമായ പരാജയം മാത്രമല്ല, മുസ്ലിം സമുദായത്തിന്റെ ധാർമിക പ്രതിസന്ധിയെക്കൂടിയാണു പ്രതിനിധാനം ചെയ്യുന്നത്. ഈ ഭൂമികളുടെ ന്യായമായ പരിപാലനം ഉറപ്പാക്കാൻ ധീരമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, നഷ്ടങ്ങൾ വർധിക്കും. വഖഫ് വിഭവങ്ങളെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നവരെ ഇതു ബാധിക്കുകയും ചെയ്യും. വഖഫ് ഭേദഗതി ബില്ലിൽ ഇനി അവശേഷിക്കുന്നത് ഒരു ചോദ്യം മാത്രമാണ്: സമൂഹം വലിയ നന്മയ്ക്കായി പരിഷ്കാരങ്ങളെ പിന്തുണയ്ക്കുമോ, അതോ ആഭ്യന്തര അധികാര പോരാട്ടങ്ങൾ പുരോഗതിയെ തുടർന്നും തടസപ്പെടുത്തുമോ.
(ലേഖകൻ മുതിർന്ന മാധ്യമപ്രവർത്തകനാണ്)