മഹാരാഷ്‌ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും മറ്റു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും ചൂടേറിക്കൊണ്ടിരിക്കുകയാണ്. ഈ രാഷ്‌ട്രീയച്ചൂടിന്‍റെ ഭാഗമാണു കേരളവും. വയനാട് ലോക്സഭാ സീറ്റിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ സീറ്റുകളിലേക്കും നവംബർ 13നു തെരഞ്ഞെടുപ്പു നടക്കുന്നു. അതിൽ തന്നെ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ മത്സരമാണ്. ലോക്സഭയിലെ പ്രതിപക്ഷ നേതാവു കൂടിയായ രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം നിലനിർത്തി വയനാട് ഒഴിഞ്ഞതോടെയാണ് ഇവിടെ വീണ്ടും വോട്ടെടുപ്പ് അനിവാര്യമായത്. സഹോദരന്‍റെ മണ്ഡലത്തിൽ സഹോദരി സ്ഥാനാർഥിയാവുന്നു എന്ന പ്രത്യേകതയ്ക്കു പ്രാധാന്യം വർധിപ്പിക്കുന്നത് ഇവർ നെഹ്റു കുടുംബത്തിൽ നിന്നുള്ളവരാണ് എന്നതു കൂടിയാണ്.
പ്രിയങ്കയുടെ കന്നി മത്സരമാണിത്. ദേശീയ രാഷ്‌ട്രീയത്തിൽ വയനാടിന്‍റെ സ്ഥാനം ഇനി ഇങ്ങനെ കൂടി അറിയപ്പെടും. റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക ലോക്സഭയിലെത്തണമെന്ന് കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നതു സ്വാഭാവികമാണ്. 2009ൽ കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസ് ഒന്നര ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിനു ജയിച്ച ലോക്സഭാ മണ്ഡലമാണു വയനാട്. 2014ലെ തെരഞ്ഞെടുപ്പിൽ ഷാനവാസിന്‍റെ ഭൂരിപക്ഷം 20,870 ആയി കുറച്ചത് അന്നു സിപിഐയുടെ സ്ഥാനാർഥിയായിരുന്ന സത്യൻ മൊകേരിയാണ്.
ഇപ്പോൾ പ്രിയങ്കയെ നേരിടാൻ സത്യൻ മൊകേരിയെ തന്നെ എൽഡിഎഫ് രംഗത്തിറക്കുന്നു എന്ന പ്രത്യേകതയുണ്ട്. വയനാടിന്‍റെ ചരിത്രത്തിൽ ഏറ്റവും കുറച്ചു വോട്ടിനു തോറ്റ ഇടതു സ്ഥാനാർഥി എന്നതാണ് സിപിഐ കൺട്രോൾ കമ്മിഷൻ സെക്രട്ടറിയും അഖിലേന്ത്യാ കിസാൻ സഭാ സെക്രട്ടറിയുമായ മുൻ എംഎൽഎ സത്യൻ മൊകേരിയുടെ സവിശേഷത. പ്രിയങ്കയുടെ ഭൂരിപക്ഷം താഴ്ത്തിക്കൊണ്ടുവന്നാൽ തന്നെ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അതു വലിയ സംഭവമാവും.
2019ൽ രാഹുൽ ഗാന്ധിക്ക് വയനാട് നൽകിയ ഭൂരിപക്ഷം 4.31 ലക്ഷത്തിലേറെ വോട്ടിന്‍റേതാണ്. പോൾ ചെയ്തതിന്‍റെ 65 ശതമാനത്തോളം വോട്ടും രാഹുലിനു തന്നെ കിട്ടി. സിപിഐയുടെ പി.പി. സുനീറിന് 25 ശതമാനം വോട്ടായിരുന്നു. ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ ആനി രാജ സിപിഐയുടെ സ്ഥാനാർഥിയായി വന്നപ്പോൾ രാഹുലിന്‍റെ ഭൂരിപക്ഷം 3.64 ലക്ഷമായി കുറഞ്ഞു. ഏതാണ്ട് 60 ശതമാനമായി രാഹുലിനു കിട്ടിയ വോട്ട്. ആനി രാജയ്ക്ക് 26 ശതമാനം വോട്ട് ലഭിച്ചു. 1.41 ലക്ഷം വോട്ട് (13 ശതമാനം) ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പിടിച്ചു. മണ്ഡലത്തിൽ ബിജെപി ഒരു ലക്ഷം വോട്ട് കടക്കുന്നത് ആദ്യമാണ്.
ഇത്തവണ സ്ഥാനാർഥിയായിട്ടുള്ള മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ബിജെപി വിശ്വസിക്കുന്നുണ്ട്. 2024ൽ രാഹുലിന്‍റെ ഭൂരിപക്ഷത്തിലുണ്ടായ ചെറിയ കുറവ് ഒരു തരത്തിലും കോൺഗ്രസിന്‍റെ ആശങ്കപ്പെടുത്തേണ്ടതല്ല. വോട്ട് വിഹിതത്തിൽ എത്ര വലിയ വ്യത്യാസമാണു കോൺഗ്രസും എതിരാളികളും തമ്മിൽ ഇപ്പോഴുമുള്ളത്. അതു മുഴുവൻ മറികടക്കുക എതിരാളികൾക്കു വലിയ വെല്ലുവിളി തന്നെയാണ്; പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തിനു കിട്ടുന്ന പ്രശസ്തി കൂടിയാവുമ്പോൾ പ്രത്യേകിച്ചും.
ഒരു കാര്യം ഉറപ്പാണ്. പ്രിയങ്ക ഗാന്ധി പാർലമെന്‍റിലും എത്തുന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ആവേശമുയർത്തുന്നതാണ്. പ്രിയങ്കയിൽ ഇന്ദിര ഗാന്ധിയെ കാണുന്ന ആരാധകർക്കും സന്തോഷമാവും. സോണിയ ഗാന്ധിയും (ഇപ്പോൾ രാജ്യസഭയിൽ) രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും (നെഹ്റു കുടുംബത്തിലെ മൂന്നു പേരും) ഒരേസമയം പാർലമെന്‍റ് അംഗങ്ങളായുണ്ടാവുന്നു എന്നതും അപൂർവതയാണ്. രണ്ടര പതിറ്റാണ്ടു കാലം സോണിയ ഗാന്ധി ലോക്സഭയിലുണ്ടായിരുന്നു. 1999 മുതൽ 2024 വരെ. അടുത്ത കാലത്താണ് രാജ്യസഭയിലേക്കു മാറിയത്.
രണ്ടു പതിറ്റാണ്ടായി രാഹുൽ ഗാന്ധിയും ലോക്സഭാംഗമാണ്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് റോഡ് ഷോകളും റാലികളുമായി പ്രചാരണത്തിൽ സജീവമായിരുന്നു പ്രിയങ്ക. വയനാട്ടിൽ പത്രിക സമർപ്പിക്കും മുൻപ് വലിയൊരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രിയങ്ക തന്നെ ചൂണ്ടിക്കാണിച്ചത് 35 വർഷത്തെ തന്‍റെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളെക്കുറിച്ചാണ്.
1989ൽ പിതാവ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കു വേണ്ടി വോട്ടു ചോദിച്ചുകൊണ്ട് പതിനേഴാം വയസിൽ തുടങ്ങിയതാണു പ്രിയങ്കയുടെ രാഷ്‌ട്രീയ പ്രചാരണം. പിന്നീട് അമ്മയ്ക്കും സഹോദരനും വേണ്ടിയും നിരവധിയായ കോൺഗ്രസ് നേതാക്കൾക്കു വേണ്ടിയും പ്രിയങ്ക തെരഞ്ഞെടുപ്പുകളിൽ വോട്ട് ചോദിച്ചു. എപ്പോൾ വേണമെങ്കിലും സീറ്റ് ഉറപ്പായ ഒരു നേതാവ് ഇത്രകാലവും മത്സരിക്കാതെ മാറിനിന്നതും അപൂർവത തന്നെ.
നെഹ്റു കുടുംബത്തിൽ നിന്ന് തുടർച്ചയായി രണ്ടു പേർ ഒരു മണ്ഡലത്തിൽ സ്ഥാനാർഥിയാവുന്നത് ഉത്തർപ്രദേശിനു പുറത്ത് കേരളത്തിലല്ലാതെ മറ്റെവിടെയും ഉണ്ടായിട്ടില്ല. വിഭജനത്തിനു മുൻപുള്ള ആന്ധ്ര പ്രദേശിലെ മേഡക്കിലും കർണാടകയിലെ ചിക്കമംഗളൂരിലും ഓരോ തവണ ഇന്ദിര ഗാന്ധി മത്സരിച്ചിട്ടുണ്ട്. 1977ൽ അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ദിരയുടെ തിരിച്ചുവരവ് ചിക്കമംഗളൂരിലൂടെയായിരുന്നു.
1980ലെ തെരഞ്ഞെടുപ്പിൽ റായ്ബറേലിക്കൊപ്പം മേഡക്കിലും (ഇപ്പോൾ തെലങ്കാനയിൽ) ഇന്ദിര മത്സരിച്ചു ജയിച്ചു. അന്ന് റായ്ബറേലി ഒഴിഞ്ഞ് മേഡക്ക് നിലനിർത്തി. സോണിയ ഗാന്ധി ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച 1999ൽ അമേഠിയിലും ഉത്തര കർണാടകയിലെ ബെല്ലാരിയിലും അവർ സ്ഥാനാർഥിയായി. രണ്ടിടത്തും ജയിച്ചപ്പോൾ ബെല്ലാരി ഒഴിഞ്ഞു. ഈ മണ്ഡലങ്ങളിലൊന്നും വീണ്ടും നെഹ്റു കുടുംബത്തിൽ നിന്ന് ആരും സ്ഥാനാർഥിയായിട്ടില്ല. ഏതു നിലയ്ക്കും പ്രിയങ്കയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം കേരളത്തിലെ കോൺഗ്രസിന് പ്രത്യേക ആവേശം തന്നെയാണു പകരുന്നത്.
എന്നാൽ, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ വയനാട്ടിൽ നിന്നു തികച്ചും വ്യത്യസ്തമായ സാഹചര്യമാണുള്ളത്. രണ്ടിടത്തും കടുത്ത മത്സരം തന്നെയാണു നടക്കുന്നത്. ഷാഫി പറമ്പിൽ ലോക്സഭാംഗമായതോടെ ഒഴിവായ പാലക്കാട്ട് കോൺഗ്രസ് നേതാവ് ഡോ. പി. സരിൻ ചുവടുമാറി ഇടതുപാളയത്തിലെത്തിയാണ് എൽഡിഎഫ് സ്ഥാനാർഥിയായിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ രാഹുൽ മാങ്കൂട്ടത്തിലിന് സരിനും ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറും ഒരുപോലെ വെല്ലുവിളി ഉയർത്തുന്നുണ്ട്. 2016, 2021 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഈ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തു വന്നത് ബിജെപിയാണ്. 2016ൽ ഷാഫി പറമ്പിലിന് 42 ശതമാനത്തോളം വോട്ടു കിട്ടി. ബിജെപിയുടെ ശോഭ സുരേന്ദ്രൻ 29 ശതമാനവും സിപിഎമ്മിന്‍റെ എന്‍.എൻ. കൃഷ്ണദാസ് 28 ശതമാനവും വോട്ടാണു നേടിയത്. 2021ൽ മെട്രൊമാൻ ഇ. ശ്രീധരൻ ബിജെപി സ്ഥാനാർഥിയായപ്പോൾ ചിത്രം കുറെക്കൂടി മാറി. ഷാഫിക്ക് 38 ശതമാനവും ശ്രീധരന് 35 ശതമാനവും സിപിഎമ്മിന്‍റെ സി.പി. പ്രമോദിന് 26 ശതമാനത്തോളവും വോട്ടാണു കിട്ടിയത്.
2011ൽ 42 ശതമാനം വോട്ട് ഷാഫി പറമ്പിലും 36 ശതമാനത്തോളം വോട്ട് സിപിഎമ്മിന്‍റെ കെ.കെ. ദിവാകരനും നേടിയ ഈ മണ്ഡലത്തിൽ ബിജെപിയുടെ ഉദയ്ഭാസ്കർ നേടിയിരുന്നത് 20 ശതമാനത്തോളം വോട്ടാണ്. ക്രമമായി കയറിവരുന്ന ബിജെപിക്ക് ഒരട്ടിമറി സൃഷ്ടിക്കാൻ നേരിയ അകലം മാത്രമാണു ബാക്കിയായിട്ടുള്ളത്. യുഡിഎഫ്, എൽഡിഎഫ് വോട്ടുകൾ കുറയുകയും ബിജെപി കയറിവരുകയും ചെയ്യുന്ന ട്രെൻഡ് പാലക്കാടിന്‍റെ രാഷ്‌ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്. ഈ കളത്തിൽ നിന്നുകൊണ്ടാണ് സരിനിലൂടെ കോൺഗ്രസ് വോട്ടുകൾ ഇടതു ക്യാംപിലേക്കെത്തിച്ച് വിജയം നേടാനുള്ള സിപിഎം പരിശ്രമം.
എൽഡിഎഫിനു വീഴേണ്ടിയിരുന്ന "മതേതര' വോട്ടുകൾ കൂടി നേടിയാണ് ഷാഫി കഴിഞ്ഞ തവണ ശ്രീധരനെ തോൽപ്പിച്ചതെന്നും പിന്നീട് ആ വോട്ടർമാരോട് അദ്ദേഹം നീതി കാണിച്ചില്ലെന്നും സരിൻ കുറ്റപ്പെടുത്തുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി കോൺഗ്രസ് ധാരണയുണ്ടാക്കിയെന്നാണു സരിന്‍റെ ആരോപണം. അതിന്‍റെ ഭാഗമായാണ് ഷാഫി വടകരയിൽ പോയി മത്സരിച്ചതെന്നും സരിൻ ആരോപിക്കുന്നു.
സരിന്‍റെ ഈ "ഡീൽ' ആരോപണം മുതലാക്കാനാവുമോയെന്നാണു സിപിഎം നോക്കുന്നത്. അതേസമയം, സിപിഎം- ബിജെപി "ഡീലി'നെക്കുറിച്ചാണ് കോൺഗ്രസ് ആരോപണം. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയം ഈ ഡീലിന്‍റെ ഭാഗമാണെന്ന് അവർ ആരോപിക്കുന്നുണ്ട്. ബിജെപിയെ തോൽപ്പിക്കാൻ സിപിഎം കോൺഗ്രസിനെ സഹായിച്ചുവെന്നും അവർ തമ്മിലാണ് "ഡീൽ' എന്നും ബിജെപിയും തിരിച്ചടിക്കുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഒറ്റപ്പാലത്തു മത്സരിച്ച് സിപിഎമ്മിലെ കെ. പ്രേംകുമാറിനോടു പരാജയപ്പെട്ടതാണു സരിൻ. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായിരുന്നു. പെട്ടെന്നുള്ള സരിന്‍റെ ചുവടുമാറ്റം തങ്ങളെ ബാധിക്കുന്നില്ലെന്നാണ് കോൺഗ്രസിനു തെളിയിക്കാനുള്ളത്.
എംഎൽഎയും സംസ്ഥാനത്തു മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണന്‍ ആലത്തൂരിൽ നിന്ന് ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതുമൂലം ഒഴിവുവന്ന നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപിനെ നേരിടുന്നത് ഇത്തവണ ആലത്തൂരിൽ പരാജപ്പെട്ട മുൻ എംപി രമ്യ ഹരിദാസാണ് എന്നതാണു ചേലക്കരയിലെ പ്രത്യേകത. രണ്ടര പതിറ്റാണ്ടിലേറെയായി എൽഡിഎഫിന്‍റെ സിറ്റിങ് സീറ്റായ ഇവിടെ രമ്യയുടെ പ്രകടനം മികച്ചതാവുമെന്നാണു കോൺഗ്രസ് പ്രതീക്ഷകൾ.
എന്നാൽ, ഒരട്ടിമറിക്കും സാധ്യതയില്ലെന്ന് ഉറപ്പിക്കാൻ സിപിഎമ്മും ശ്രമിക്കുന്നു. മുൻ എംഎൽഎ കൂടിയാണ് യു.ആർ. പ്രദീപ്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് വോട്ടു പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്. കഴിഞ്ഞ തവണ മണ്ഡലത്തിൽ 15 ശതമാനത്തിലേറെ വോട്ട് പിടിച്ച ബിജെപിക്കു വേണ്ടി ഇത്തവണ ഇറങ്ങുന്നത് കെ. ബാലകൃഷ്ണനാണ്. തിരുവില്വാമല പഞ്ചായത്ത് അംഗമായ ബാലകൃഷ്ണൻ പാർട്ടിയുടെ പ്രകടനം മെച്ചപ്പെടുത്തുമെന്നു ബിജെപി പ്രതീക്ഷിക്കുന്നു.