"പാറ്റകൾ ഒരിക്കലും ചാവില്ല"; എങ്ങനെ കോക്രോച്ച് ജനതാ പാർട്ടിയിൽ അംഗമാകാം
എത്ര തല്ലിയിട്ടും കൊല്ലാനാകാത്ത പോലെ പെരുകുകയാണ് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). രാജ്യസുരക്ഷാ ഭീഷണിയെത്തുടർന്ന് സിജെപിയുടെ ട്വിറ്റർ ഹാൻഡിൽ നീക്കം ചെയ്തുവെങ്കിലും സമൂഹമാധ്യമങ്ങളിൽ പാറ്റകൾ തന്നെയാണ് താരങ്ങൾ. പാറ്റകൾ ഒരിക്കലും ചാവില്ല എന്ന കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ 18 മില്യൺ ഫോളോവേഴ്സ് കഴിഞ്ഞുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കേ. ട്വിറ്ററിൽ 82,000 പേരാണ് ഫോളോ ചെയ്യുന്നത്. യുവാക്കൾക്കു വേണ്ടി അഴിമതിക്കെതിരേ, യുവാക്കളാൽ എന്നാണ് പാർട്ടിയുടെ ടാഗ് ലൈൻ. മടിയന്മാരായ ആർക്കു വേണമെങ്കിലും അംഗമാകാം. cockroachjantaparty.org എന്ന സൈറ്റിൽ കയറിയാൽ രസകരമായ സന്ദേശങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
മടിയന്മാരുടെയും തൊഴിൽ രഹിതരുടെയും ശബ്ദം എന്നാണ് സൈറ്റിൽ കുറിച്ചിരിക്കുന്നത്. എവിടെയാണോ വൈഫൈ ഉള്ളത് അവിടെയാണ് പാർട്ടിയുടെ ആസ്ഥാനം എന്നും സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
പാർട്ടി അംഗമാകാൻ മതം, ജാതി, ലിംഗം എന്നിവയൊന്നും നോക്കുകയില്ല. പകരം നാല് ചോദ്യങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്
1.ജോലിയില്ലാത്തവർ (സമ്മർദം മൂലമോ, നിങ്ങൾ സ്വയം തെരഞ്ഞെടുത്തതാണോ, അതോ നിങ്ങളുടെ തത്വമാണോ, എന്തായാലും ഞങ്ങളത് ചോദിക്കില്ല)
2. മടി (ശാരീരികമായി മാത്രം, തലച്ചോർ തുടർച്ചയായി പ്രവർത്തിച്ചു കൊണ്ടിരിക്കും)
3. തുടർച്ചയായി ഓൺലൈൻ
(കുറഞ്ഞത് ഒരു ദിവസം 11 മണിക്കൂർ, ബാത് റൂമിൽ പോകുന്ന സമയം ഉൾപ്പെടെ)
4. പ്രൊഫഷൽ ആയുള്ള വിമർശനം
(ഉള്ളടക്കം മൂർച്ചയുള്ളതും സത്യസന്ധവും യഥാർത്ഥത്തിൽ പ്രാധാന്യമുള്ള ഒന്നിലേക്ക് വിരൽ ചൂണ്ടുന്നതും ആണെങ്കിൽ)
ഈ ചോദ്യങ്ങളിൽ ഏതെങ്കിലും തെരഞ്ഞെടുത്താൽ പാർട്ടി അംഗമാകാം. അംഗത്വം സൗജന്യം, ഫീസില്ല, നേതാക്കളുമായി സെൽഫീയില്ല, രജിസ്റ്റർ ചെയ്യാൻ മിസ്ഡ് കോൾ ഇല്ല.. എന്നും സൈറ്റിൽ ഉണ്ട്.
പാർട്ടിക്ക് സ്വന്തമായി പ്രകടന പത്രികയുമുണ്ട്.
സിജെപി അധികാരത്തിലേറിയാൽ വിശ്രമ ജീവിതത്തിലേക്ക് കടക്കുന്ന ഒരു ചീഫ് ജസ്റ്റിസുമാർക്കും രാജ്യസഭാ സീറ്റ് നൽകില്ലെന്നതാണ് ഒന്നാമത്തെ വാഗ്ദാനം.
സിജെപിയിലോ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനത്തിലോ ഏതെങ്കിലും നിയമാനുസൃത വോട്ട് ഇല്ലാതാക്കിയാൽ, സിഇസിയെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യും, കാരണം പൗരന്മാരുടെ വോട്ടവകാശം എടുത്തുകളയുന്നത് ഭീകരവാദം തന്നെയാണ്.
സ്ത്രീകൾക്ക് 33 ശതമാനമല്ല, 50 ശതമാനം സംവരണം, പാർലമെന്‍റിന്‍റെ അംഗസംഖ്യ കൂട്ടാതെ തന്നെ. അതു മാത്രമല്ല മന്ത്രിസഭയിൽ 50
ശതമാനവും സ്ത്രീകൾക്കു വേണ്ടി മാറ്റിവയ്ക്കും.
അംബാനിയുടെയും അദാനിയുടെയും ഉടമസ്ഥതയിലുള്ള എല്ലാ മാധ്യമ സ്ഥാപനങ്ങളുടെയും ലൈസൻസുകൾ റദ്ദാക്കും, ഇത് യഥാർത്ഥ സ്വതന്ത്ര മാധ്യമങ്ങൾക്ക് വഴിയൊരുക്കും. ഗോഡി മീഡിയ അവതാരകരുടെ ബാങ്ക് അക്കൗണ്ടുകൾ അന്വേഷിക്കും.
ഒരു പാർട്ടിയിൽ നിന്ന് മറ്റൊന്നിലേക്ക് കൂറുമാറിയ ഏതൊരു എംഎൽഎയെയോ എംപിയെയോ 20 വർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും - ഏതെങ്കിലും പൊതു പദവി വഹിക്കുന്നതിൽ നിന്നും വിലക്കും.
സിജെപി എങ്ങനെ ഉണ്ടായി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നടത്തിയ ഒരു പരാമർശമാണ് സിജെപിയുടെ ജനനത്തിന് ഇടയാക്കിയത്. തൊഴിൽരഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അത്തരക്കാരാണ് പിന്നീട് മാധ്യമ, സമൂഹമാധ്യമ, ആർടിഐ ആക്റ്റിവിസ്റ്റുകളായി മാറി സിസ്റ്റത്തെ ആക്രമിക്കാൻ തുടങ്ങുന്നതെന്നും പറഞ്ഞിരുന്നു. മുതിർന്ന അഭിഭാഷകപദവി ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ചിന്‍റെ പരാമർശം.