Special Story

ഭരണം ആരായാലും ഉപകാരമുണ്ടാകണം

വ്യക്തമായ ഭൂരിപക്ഷമില്ലാതെ ഒരു സർക്കാർ വേണ്ടെന്നാണ് കോൺഗ്രസിന്‍റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെയും ഇപ്പോഴത്തെ നിലപാട്

Renjith Krishna

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിയുടെ മൂന്നാം സർക്കാർ വീണ്ടും അധികാരത്തിൽ കടന്നു വന്നിരിക്കുകയാണ്. ബിജെപിക്ക് ഏകപക്ഷീയമായ ഭൂരിപക്ഷമില്ലെങ്കിലും മന്ത്രിസഭ രൂപീകരണം സൂചിപ്പിക്കുന്നത് നരേന്ദ്രമോദിയുടെ ഏകാധിപത്യസ്വഭാവം തന്നെയാണ്. കൂടെ ചേർന്ന ടിഡിപി, ജെഡിഎസ് എന്നിവർക്കൊന്നും പ്രധാനപ്പെട്ട വകുപ്പുകളില്ല. യുപിഎ സർക്കാരിന്‍റെ ഒന്നും രണ്ടും കാലഘട്ടത്തിൽ ശരദ് പവാറിനെ കൃഷി വകുപ്പ് നൽകിയാണ് അംഗീകരിച്ചത്. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ജെഡിഎസ് നേതാവ് നിതീഷ് കുമാറും കളിക്കളം മാറി ചവിട്ടുന്നതിൽ പ്രസിദ്ധി നേടിയവരാണ്. "ഇന്ത്യ' മുന്നണി, സർക്കാർ ഉണ്ടാക്കാൻ തങ്ങളുടെ ഊഴം കാത്തു നിൽക്കുകയാണ്. ആദ്യ സന്ദർഭത്തിൽ തന്നെ അവർ സർക്കാർ ഉണ്ടാക്കിയില്ല. വ്യക്തമായ ഭൂരിപക്ഷമില്ലാതെ ഒരു സർക്കാർ വേണ്ടെന്നാണ് കോൺഗ്രസിന്‍റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെയും ഇപ്പോഴത്തെ നിലപാട്.

ഈയൊരു സന്ദർഭത്തിൽ പോലും നരേന്ദ്രമോദി തന്‍റെ രാഷ്‌ട്രീയ ധാർഷ്ട്യം കൈ വിട്ടിട്ടില്ല. കേരളത്തിൽ നിന്നും ആദ്യമായി ബിജെപിക്ക് ലോക്സഭയിലേക്ക് ഒരംഗത്തെ കിട്ടി; സുരേഷ് ഗോപി. അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിക്കുകയും ചെയ്തു. അതോടൊപ്പം മന്ത്രിയായ ഒരാളാണ് ജോർജ് കുര്യൻ. ജോർജ് കുര്യൻ മന്ത്രിയായതിൽ ബിജെപിക്ക് മാത്രമല്ല, മറ്റുള്ള പാർട്ടികാർക്കും സന്തോഷമുണ്ട്. കാരണം, കറ തീർന്ന ഒരു പാർട്ടിക്കാരനാണ് അദ്ദേഹം. ബിജെപി എന്നെങ്കിലും രാജ്യത്ത് അധികാരത്തിൽ വരുമെന്ന് സ്വപ്നം പോലും കാണാത്ത കാലത്ത് ജോർജ് കുര്യൻ ബിജെപിയുടെ പ്രവർത്തകനായതാണ്.

എന്നാൽ, സുരേഷ് ഗോപി അൽപ്പം കൂടി പക്വത കാണിക്കണമെന്ന് പൊതു അഭിപ്രായം വന്നിട്ടുണ്ട്. മന്ത്രിസഭ രൂപീകരണസമയത്ത് ഡൽഹിയിൽ നിൽക്കാതെ തിരുവനന്തപുരത്ത് വീട്ടിൽ താമസിച്ചതും, പ്രധാനമന്ത്രിയുടെ ഫോൺ വിളിക്കു ശേഷം ബംഗളൂരു വഴി പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തി സത്യപ്രതിജ്ഞയ്ക്ക് ശേഷം ക്യാബിനറ്റ് പദവി കിട്ടാതിരുന്നതിൽ പരിഭവം കാണിച്ചതും ശരിയായില്ല. ഏറ്റെടുത്ത നാല് സിനിമകൾ പൂർത്തീകരിക്കേണ്ടതിനാൽ, മന്ത്രിസ്ഥാനത്തേക്ക് താനില്ലെന്നും കേന്ദ്ര മന്ത്രിസഭയിൽ തുടരുന്നത് വലിയ തലവേദനയുണ്ടാക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ക്യാബിനറ്റ് പദവി കിട്ടാതെ വന്നപ്പോൾ അദ്ദേഹം മാറി നിന്നത് ബിജെപിക്കും പ്രധാനമന്ത്രിക്കും ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. ഇതെല്ലാം അറിഞ്ഞുകൊണ്ടല്ലേ തൃശൂരിൽ മത്സരിച്ചതും കേന്ദ്രമന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും എന്നാണ് ജനം ചോദിക്കുന്നത്.

അദ്ദേഹത്തിന് കിട്ടിയിട്ടുള്ള വകുപ്പുകളിൽ ടൂറിസത്തിന് വലിയ പ്രാധാന്യമുണ്ട്, പ്രത്യേകിച്ച് കേരളത്തിന്. കേരളത്തിന്‍റെ വികസനത്തിനാവശ്യമായ എല്ലാ രംഗങ്ങളിലും സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്‍റെയും സഹായം ആവശ്യമാണ്. കേന്ദ്ര-സംസ്ഥാനങ്ങൾ ആര് ഭരിക്കുന്നു എന്നതിലല്ല, അവർ ജനങ്ങൾക്ക് ഉപകാരപ്രദമായി പ്രവർത്തിക്കുമോ എന്നതാണ് പ്രധാന ചോദ്യം. കേരളത്തിന് ലഭിക്കേണ്ട എയിംസ്, അതിവേഗ റെയ്‌ൽവേ, സാമ്പത്തിക സഹായം തുടങ്ങിയവ നേടിയെടുക്കുന്നതിൽ ഈ രണ്ടു മന്ത്രിമാർക്കും പ്രത്യേക ഉത്തരവാദിത്വം ഉണ്ട്. അവർ അത് നിറവേറ്റുമെന്നു ജോത്സ്യൻ വിശ്വസിക്കുന്നു.

പാക്കിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു: ട്രംപ്

ലോകകപ്പ് ജേത്രികൾക്ക് സമ്മാനം 51 കോടി രൂപ

കോയമ്പത്തൂരിൽ 19 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾക്കായി വ്യാപക തെരച്ചിൽ

ശബരിമല സ്വർണക്കൊള്ള; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

ട്രെയിനിന്‍റെ വാതിലിൽ നിന്ന് മാറാത്തതിന് പിന്നിൽ നിന്ന് ചവിട്ടി; വധശ്രമത്തിന് കേസ്