കാട് 'കോമഡി ഷോ' അല്ല | അതീതം 
Special Story

കാട് 'കോമഡി ഷോ' അല്ല | അതീതം

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവ "ആത്മഹത്യ' ചെയ്തതാണത്രേ. പിലാക്കാവ് ഭാഗത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ ശരീരത്തിൽ‌ പരുക്കുകളുണ്ട്. മൃഗങ്ങളുടെ ആത്മഹത്യ എന്നൊന്നില്ലെന്നാണ് കേട്ടിട്ടുള്ളത്. മനുഷ്യർ മാത്രമേ ആത്മഹത്യ ചെയ്യാറുള്ളൂ എന്നാണല്ലോ. അതുകൊണ്ടു തന്നെ മൃഗങ്ങളുടെ സ്വയം മരണത്തെക്കുറിച്ച് ഇതുവരെ കണക്കുകളൊന്നും ലഭ്യമായിട്ടില്ല.

പിആർഡി റിട്ട. അഡീഷണൽ ഡയറക്റ്ററും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണൻ മുൻ പിആർഒയുമായ എൻ.ഇ. മേഘനാദ് "ആത്മഹത്യാ സിദ്ധാന്ത'ത്തോട് പൂർണമായും യോജിക്കുന്നു. അദ്ദേഹത്തിന്‍റെ വാക്കുകൾ:

"കടുവ കൊന്ന സ്ത്രീയുടെ ഡെഡ് ബോഡിയുമായി പതിവു പോലെ കോൺഗ്രസ് നേതൃത്വത്തിൽ ജനം റോഡ് ഉപരോധിച്ചു. കേളു മന്ത്രി ഓടി എത്തി. കറുത്ത കൊടി, തെറിവിളി... പതിവു കലാപരിപാടികൾ. ചെന്നാൽ പെടുമെന്നുറപ്പായ വനം മന്ത്രി രാത്രി കോഴിക്കോട് വന്ന് "ഹം തും എക് കമരേ മേം ബന്ദ് ഹോ... ഓർ ശേർ ആ ജായേ' എന്ന ഹിന്ദി ഗാനം ആലപിച്ച് കിടന്നുറങ്ങി... അതിരാവിലെ താമരശേരി ചുരം കയറി. ദാ... കെടക്കുണൂ... ഗോ ബാക്ക്, കരിങ്കൊടി, തെറിവിളി. ഒടുവിൽ മന്ത്രി, (മുഖ്യമന്ത്രി) ബിജ്യൻ നൽകിയ ഉറപ്പിൽ ഇല്ലാത്ത അധികാരം പ്രയോഗിച്ചു... വനപാലകരെ വിളിച്ച് മന്ത്രി അലറി... വെക്കെടാ വെടി. സൈന്യം വയനാടൻ കാട്ടിലെ ഓരോ ഇലയും പൊക്കി നോക്കി. തിരസ്കരണി മന്ത്രമറിയാവുന്ന കടുവ കാടു വിട്ട് കാടു മാറി. തണ്ടർബോൾട്ട് മാവോ വാദികളുടെ പിറകേയും വനപാലക സംഘം കടുവയുടെ പിറകേയും. ഒടുവിൽ കിടുവ പിടിക്കുമെന്ന ഘട്ടമായപ്പോൾ കടുവ ആത്മഹത്യ ചെയ്തതായാണ് അറിയുന്നത്.'

ഇത് ഒരു കാരണമാവാം. എന്നാൽ, അതിനേക്കാൾ കാരണങ്ങളുണ്ട്. വനം മന്ത്രി വയനാട്ടിലേക്ക് വരുന്നു എന്നറിഞ്ഞ് കടുവ ഇതിനെക്കാൾ വലിയ കെടുതി സഹിക്കാനാവില്ലെന്ന് കരുതിക്കാണുമെന്നാണ് നിഗമനം. മന്ത്രിയുടെ പാട്ട് കടുവ കേട്ടിട്ടുണ്ടെങ്കിൽ ആത്മഹത്യയ്ക്ക് സാധ്യതയുണ്ട്. അത് ഒരിക്കൽ കൂടി കേൾക്കേണ്ടി വരുമെന്ന് "ഭയപ്പെട്ട്' ആത്മഹത്യ ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല!

മറ്റൊന്നു കൂടിയുണ്ട്: "ഞാന്‍ വനം വകുപ്പ് മന്ത്രിയായിരിക്കെ ആന ശല്യമുണ്ടായിരുന്നു. വേലിയും, മതിലും, ട്രഞ്ചും ഉള്‍പ്പെടെ എല്ലാ വഴിയും നോക്കി. ആന എല്ലാം മറികടന്നു. ഒന്നും നടക്കില്ല എന്ന് മനസിലായപ്പോള്‍ ഞങ്ങള്‍ ആ പണി നിര്‍ത്തി. ഞങ്ങളില്‍ ആരംഭിച്ച ദുരന്തം തന്നെയാണ് ഇന്ന് കേരളം അഭിമുഖീകരിക്കുന്നത്'-ഇത് പറഞ്ഞതാരാണെന്നോ? കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍! എവിടെ വച്ചാണെന്നോ? പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ സർക്കാരിന്‍റെ അനാസ്ഥയ്ക്കെതിരേയുള്ള "മലയോര യാത്ര'യുടെ ഉദ്ഘാടനച്ചടങ്ങിൽ! ഈ 2 കാരണങ്ങൾ ഒരു കടുവയുടെ ആത്മഹത്യയ്ക്ക് കാരണമായിക്കൂടെന്നില്ലല്ലോ!

തീർച്ചയായും, ഇതുപോലൊരു വിഷയത്തെ ഇങ്ങനെയല്ല സമീപിക്കേണ്ടത്. പക്ഷെ, കേരളത്തിന്‍റെ വനം മന്ത്രിയും പ്രതിപക്ഷവും വളരെ ഗൗരവമുള്ള ഒരു വിഷയത്തെ എത്ര തമാശയോടെയാണ് സമീപിക്കുന്നതെന്ന് ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല.

പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനം വകുപ്പ് വാച്ചറായ അച്ചപ്പന്‍റെ ഭാര്യ രാധയാണ് (45) ഏറ്റവുമൊടുവിൽ അതിദാരുണമായി കടുവയാല്‍ കൊല്ലപ്പെട്ടത്. സ്വകാര്യ വ്യക്തിയുടെ കാപ്പി എസ്‌റ്റേറ്റിന് സമീപമുള്ള മെയിന്‍ റോഡിലൂടെ ജോലി സ്ഥലത്തേക്ക് നടന്നു പോയ രാധയെ കടുവ ആക്രമിക്കുകയായിരുന്നു. മരിച്ചവർക്ക് ഒരുപിടി പൂക്കൾ മതിയാവും എന്നെഴുതിയത് കവി കുഞ്ഞപ്പ പട്ടനൂരാണ്.

കേന്ദ്ര വനം മന്ത്രാലയം ലോകസഭയിൽ വച്ച കണക്കുപ്രകാരം കേരളത്തിൽ 190 കടുവകളുണ്ട്. സംസ്ഥാന സർക്കാർ നിയമസഭയിൽ വച്ച കണക്കിൽ കടുവകളുടെ എണ്ണം 213. വയനാട്ടിൽ മാത്രം 84 കടുവകളുണ്ട്. കർണാടകത്തിൽ 524 കടുവകളാണുള്ളത്. 2022ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 3,167 കടുവകളുണ്ട്. 2018ൽ അവസാന സെൻസസ് ഡേറ്റ പുറത്തുവിട്ടപ്പോൾ 2,967 കടുവകളാണുണ്ടായിരുന്നത്.

ഇര തേടാനാവാത്ത തരത്തിൽ പരിക്കേറ്റതും വാർധക്യവും അസുഖവും ബാധിച്ചതുമായ കടുവകളാണ് ഇരതേടി ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. കൃത്യസമയത്ത് മുന്നറിയിപ്പുകള്‍ നല്‍കാത്ത സംസ്ഥാന വനം വകുപ്പിനെയാണ് വയനാട്ടിലെ നാട്ടുകാരും കര്‍ഷകരും കുറ്റപ്പെടുത്തുന്നത്. കാട്ടിനുള്ളില്‍ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടാത്തത് കൊണ്ടാണ് വന്യജീവികള്‍ കാടിറങ്ങുന്നതെന്നും ഇവര്‍ പറയുന്നു.

വയനാട്ടിലെ മുളംകാടുകള്‍ നശിപ്പിച്ച് ഗ്വാളിയോര്‍ റയോണ്‍സ് ഫാക്‌റ്ററിക്ക് വേണ്ടി യൂക്കാലി മരങ്ങള്‍ നട്ടുപിടിപ്പിച്ചത് വലിയ പ്രശ്‌നമായെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ഓർമിപ്പിക്കുന്നു. 1957-58 കാലത്ത് വയനാടിന്‍റെ തൊട്ടടുത്ത ജില്ലയായ കോഴിക്കോട്ടെ മാവൂരിലെ കമ്പനിക്ക് പള്‍പ്പും ഫൈബറുമുണ്ടാക്കാനായിരുന്നു ഇത്. അതോടെ മൃഗങ്ങള്‍ പുല്ല് തേടി കൃഷിയിടങ്ങളിലേക്ക് എത്തി. അതിനു പുറമേ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ റിസോര്‍ട്ടുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതും പ്രദേശത്തെ പാരിസ്ഥിതിക പ്രതിസന്ധി രൂക്ഷമാക്കി. സംസ്ഥാനമൊട്ടാകെ സ്വാഭാവിക വനങ്ങൾ നശിപ്പിക്കുകയും കോടികൾ ചെലവഴിച്ച് തേക്ക്, യൂക്കാലി, അക്കേഷ്യ, മാഞ്ചിയം തുടങ്ങിയവ വച്ചുപിടിപ്പിച്ചതും വനം വകുപ്പാണെന്ന് മറക്കരുത്. 28,641 ഹെക്റ്റർ പ്രദേശത്തെ സ്വാഭാവിക വനം വെട്ടിത്തെളിച്ചാണ് ഇത്തരം മരങ്ങൾ വച്ചുപിടിപ്പിച്ചത്.

നിലവില്‍ വന്യജീവികളുടെ എണ്ണം വർധിച്ചിരിക്കുന്നുവെന്നും അതുകൊണ്ട് അവയെ കൊന്ന് അവയുടെ എണ്ണം നിയന്ത്രിക്കുന്നത് പോലുള്ള കടുത്ത നടപടികള്‍ കൈക്കൊള്ളണമെന്നും നാട്ടുകാര്‍ നിര്‍ദേശിക്കുന്നു. പരിസ്ഥിതി വിദഗ്ധനായ മാധവ് ഗാഡ്ഗിൽ ഇതിനോട് പൂർണമായും യോജിച്ചതിന് തെളിവ് അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ തയാറാക്കിയ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ടാണ്. "ഒരു മനുഷ്യജീവിയെ വന്യമൃഗം ആക്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഒരു കൊള്ളക്കാരൻ നിങ്ങളെ ആക്രമിക്കാൻ ശ്രമിച്ചാൽ നിങ്ങൾക്ക് പ്രതിരോധിക്കാം. നിങ്ങൾക്ക് അയാളെ കൊല്ലാം. എന്നാൽ ഒരു കാട്ടുപന്നി നിങ്ങളുടെ കൃഷിയിടത്തിൽ വന്ന് നിങ്ങളുടെ ഉപജീവന മാർഗം കവർന്നാലോ? ആക്രണത്തെ ചെറുക്കാൻ ശ്രമിക്കുന്ന നിങ്ങൾ കുറ്റവാളിയാകും'- ഗാഡ്ഗിൽ പറഞ്ഞു. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോർട്ടിന്‍റെ രണ്ടാം ഭാഗത്ത് കൃഷിയുമായി ബന്ധപ്പെട്ട പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കൃഷിയിടങ്ങളുടെ മുഖ്യ ശത്രുവായ കാട്ടുപന്നികളെ കർശനമായ മാർഗനിർദേശം പാലിച്ചുകൊണ്ട് കൊന്ന് ഒഴിവാക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു. കൂടാതെ ഇവയെ ഉപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന കാര്യം പരിഗണിക്കണമെന്നും പറയുന്നുണ്ട്.

"സ്വീഡനും നോർവെയുമൊക്കെ സ്വീകരിച്ച മാർഗമാണ് ഇവിടെ വേണ്ടത്. വന്യജീവികൾ പുനരുത്പാദന സാധ്യതയുള്ളവയാണെന്ന് അവർ മനസിലാക്കി. അവിടെ വേട്ട അനുവദനീയമാണ്, മാംസം വിൽക്കാറുമുണ്ട്. കലമാനിന്‍റെ ഇറച്ചി ആസ്വദിച്ചു കഴിക്കുന്ന സുഹൃക്കൾ എനിക്കവിടെയുണ്ട് '- ഗാഡ്ഗിൽ ഈയിടെ ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

വന്യജീവികളുടെ എണ്ണം പെരുകുമ്പോൾ നിയന്ത്രിത വേട്ട എന്ന ആശയം പുതിയതല്ല. ലോകത്ത് പല ഭാഗങ്ങളിലുമുള്ള ശാസ്ത്രീയ രീതിയാണിത്. ഓസ്ട്രേലിയയിൽ കംഗാരുവിന്‍റെ അമിത വംശവർധന നിയന്ത്രിച്ചത് അങ്ങനെയാണ്. ഹിമാചൽ പ്രദേശിൽ ആപ്പിൾ കൃഷിക്ക് ഏറ്റവും വലിയ ഭീഷണി വാനര ശല്യമായിരുന്നു. കുരങ്ങന്മാരെ നിയന്ത്രിക്കുന്നതിന് വന്ധ്യംകരണം പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു. ഇപ്പോൾ നിയന്ത്രിത വേട്ടയ്ക്കു നടപടിയായിട്ടുണ്ട്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറയുന്നത്: "കാട്ടില്‍ നിന്നും നാട്ടിലിറങ്ങി കൃഷിയും ആള്‍നാശവുമുണ്ടാക്കുന്നത് കാട്ടുപോത്തോ കാട്ടുപന്നിയോ ആകട്ടെ, അവറ്റയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊന്ന് മനുഷ്യഭക്ഷണമാക്കി മാറ്റണം. ആനയും പുലിയും കടുവയുമൊന്നും ഭക്ഷണമല്ല. കാട്ടിലിറങ്ങുന്ന അത്തരം മൃഗങ്ങളും മനുഷ്യന് ഭീഷണിയാണ്. അവയെ പിടികൂടി ജനവാസ കേന്ദ്രങ്ങളില്‍ നിന്നും മാറ്റി പുനരധിവസിപ്പിക്കണം. നിരന്തരം ശല്യമായാല്‍ സങ്കേതങ്ങളില്‍ പാര്‍പ്പിക്കണം.'

കടുത്ത വേനലിൽ വന്യജീവികൾ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് ഒറ്റമല ഫോറസ്റ്റ് റേഞ്ചിൽ കൂട്ടായ പ്രവർത്തനം ആരംഭിച്ചു. ഒറ്റമല വനസംരക്ഷണ സമിതിയും സ്‌നേക്ക് പാർക്ക് ഫൗണ്ടേഷനും ചേർന്ന സന്നദ്ധ സംഘടന വനത്തിനുള്ളിൽ 6 കുളങ്ങൾ നിർമിച്ചു. ചൂട് കൂടുന്നതിനനുസരിച്ച് വന്യമൃഗങ്ങൾ വെള്ളം തേടി സമീപ ഗ്രാമങ്ങളിലേക്ക് ഇറങ്ങുന്ന പ്രശ്നം പരിഹരിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ആരംഭിച്ച ഈ പദ്ധതി വിജയമാണെന്നാണ് മനസിലാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ വെല്ലുവിളികൾ മനുഷ്യർക്കു മാത്രമല്ല നേരിടേണ്ടി വരുന്നത്. എല്ലാ ജീവജാലങ്ങളും അതിന് ഇരയാകുന്നുവെന്ന് തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്. കാടും അവിടത്തെ ജീവിതവും കോമഡി ഷോയല്ലെന്ന് രാഷ്‌ട്രീയക്കാർ തിരിച്ചറിയുക തന്നെ വേണം.

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം

മെഡിക്കൽ കോളെജ് അപകടം: ഒന്നാം പ്രതി വീണാ ജോർജെന്ന് ശോഭാ സുരേന്ദ്രൻ

"സ്വയം ശ്വസിച്ച് തുടങ്ങി''; വിഎസിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി മുൻ സെക്രട്ടറിയുടെ കുറിപ്പ്

സര്‍വകലാശാലാ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ ഇല്ല