90 സീരീസ്
ചെറിയ കാലത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും ജനപ്രിയമായ കലാരൂപത്തിന്‍റെ ദിനമാണ് മേയ് 5- ലോക കാര്‍ട്ടൂണ്‍ ദിനം. കാര്‍ട്ടൂണ്‍ കലയെ പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ട്ടൂണ്‍ മേഖലയെ വളര്‍ത്തുന്നതിനും വേണ്ടി 1990 മുതലാണ് ഇങ്ങനെ ഒരു ദിനം ആചരിക്കുവാന്‍ തീരുമാനിച്ചത്. 1895 മെയ് 5നാണ് ന്യൂയോര്‍ക്ക് വേള്‍ഡ് എന്ന പ്രസിദ്ധീകരണത്തില്‍ ദി യെല്ലോ കിഡ് എന്ന പ്രശസ്ത കഥാപാത്രത്തെ ആദ്യമായി കാര്‍ട്ടൂണിസ്റ്റ് റിച്ചാര്‍ഡ് എഫ് ഔട്ട്കോള്‍ട്ട് അവതരിപ്പിക്കുന്നത്. അതിന്‍റെ ഓർമയ്ക്കാണ് മെയ് 5ന് ലോക കാര്‍ട്ടൂണ്‍ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്.
കാര്‍ട്ടൂണ്‍ ദിനത്തിന്‍റെ പിറ്റേന്ന് കേരള കാർട്ടൂണിസ്റ്റുകളിലെ ഏറ്റവും മുതിർന്ന ഗുരുനാഥൻ കാര്‍ട്ടൂണിസ്റ്റ് സീരി നവതിയിലേയ്ക്ക് പ്രവേശിക്കുകയാണ്. ഇത് ഇരട്ടിമധുരമാണ് മലയാള കാര്‍ട്ടൂണ്‍ ലോകത്തിന് നല്‍കുന്നത്. ഉയരമുള്ള ശരീരം. മുണ്ടുടുത്ത്, നിറമുള്ള ഷര്‍ട്ടണിഞ്ഞ് കാലന്‍ കുടയുമായി ചെറായിയുടെ ഇടവഴികളിലൂടെ നടന്നു പോകുന്ന ഒരു മനുഷ്യൻ. രാവിലെയും വൈകുന്നേരവും പതിവായി ചെറായിക്കാര്‍ കാണുന്ന കാഴ്ച. അത് അവരുടെ കാർട്ടൂണിസ്റ്റ് സീരി മാഷാണ്. ചെറായിയിലെ പ്രശസ്തമായ രാമവർമ സ്കൂളിലെ ചിത്രകലാ അധ്യാപകനായിരുന്നു.
സ്കൂള്‍ വിദ്യാഭ്യാസം ചെയ്ത ചെറായി രാമവർമ സ്കൂളില്‍ തന്നെയാണ് ചിത്രകലാ അധ്യാപകനായി സീരിക്ക് നിയമനം ലഭിച്ചത്. ചിത്രരചനയോടൊപ്പം കാര്‍ട്ടൂണിലും ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചു അദ്ദേഹം. ചെറുപ്രായത്തില്‍ തന്നെ കാര്‍ട്ടൂണുകള്‍ വരച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു. അന്ന് ചിത്രകല എല്ലാ വിദ്യാര്‍ഥികളും കര്‍ശനമായി പഠിക്കേണ്ടതുകൊണ്ട് രാമവർമ സ്കൂളില്‍ പഠിച്ചിറങ്ങിയ എല്ലാ കുട്ടികളും ചിത്രകലാ അധ്യാപകനായ സീരി മാഷിന്‍റെ ശിഷ്യരായിരുന്നു. ചിത്രകലാ അധ്യാപകനായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഡിസ്നി സ്കൂള്‍ ഓഫ് കാര്‍ട്ടൂണിങ് എന്ന പേരില്‍ ചിത്രകല അഭ്യസിപ്പിക്കുന്ന ഒരു സ്വകാര്യ സ്ഥാപനവും ചെറായിയില്‍ തന്നെ തുടങ്ങിയ വ്യക്തിയാണ് കാര്‍ട്ടൂണിസ്റ്റ് സീരി. കേരളത്തില്‍ ആദ്യമായി, ഒരുപക്ഷേ ഇന്ത്യയില്‍ ആദ്യമായി കാര്‍ട്ടൂണ്‍ പഠിപ്പിക്കുന്ന ഒരു സ്വകാര്യ ചിത്രകലാ വിദ്യാലയം തുടങ്ങിയത് ചെറായിലാണ്. അതിന്‍റെ സാരഥിയായിരുന്നു സീരി മാഷ്.
ചിത്രകലയില്‍ താല്പര്യമുള്ള ചെറായി, വൈപ്പിന്‍, പറവൂര്‍ മേഖലയിലുള്ള ആയിരക്കണക്കിനു പേരും ഡിസ്നി സ്കൂള്‍ ഓഫ് കാര്‍ട്ടൂണിങ്ങിലെ സീരിയുടെ ശിഷ്യന്മാരായിരുന്നു. അങ്ങിനെ പതിനായിരക്കണക്കിന് ചിത്രകാരന്‍മാരുടെ ഗുരുവാണ് സീരി. പണ്ടു ചിത്രകല പഠിപ്പിക്കുന്ന വിദ്യാലയങ്ങൾ കുറവായതുകൊണ്ട് തന്നെ വലിയ ശിഷ്യ സമ്പത്ത് സീരി മാഷിന് ലഭിച്ചു. അങ്ങനെ പതിനായിരക്കണക്കിന് ശിഷ്യന്മാരാണ് ഉള്ളത്. ചിത്രകല അഭ്യസിച്ച ശിഷ്യരില്‍ പ്രശസ്തരായ പലരുമുണ്ട്.
90ാം വയസിലെത്തുകയാണ് വരകളുടെ മാഷ്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയും, സമന്വയ സാംസ്കാരിക വേദിയും, പള്ളിപ്പുറം സഹകരണ ബാങ്കും ചേര്‍ന്ന് മെയ് 31ന് ചെറായിയില്‍ സീരി മാഷിനെ ആദരിക്കും. മാഷിന്‍റെ ശിഷ്യരുടെ സംഗമ വേദിയായി അത് മാറും.
സീരിയുടെ അച്ഛന്‍ നവോഥാന പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. പ്രശസ്തമായ മിശ്രഭോജനത്തിൽ സഹോദരന്‍ അയ്യപ്പന് ഒപ്പമുണ്ടായിരുന്ന പെരുമന എ. കോരു വൈദ്യരുടെയും എം.സി. ദേവകിയുടെയും മകനാണ് സീരി. 1936 മെയ് 6ന് ചെറായിലായിരുന്നു ജനനം. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ എം.കെ. പ്രസാദ് സഹോദരനാണ്.
ചെറായിയില്‍ 1917 മേയ് 29ന് ഏതാനും ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്താന്‍ സഹോദരന്‍ അയ്യപ്പനും സുഹൃത്തുക്കളും തീരുമാനിച്ചു. സ്നേഹിതനായ കോരു വൈദ്യര്‍, രാം പിള്ള, അയ്യര്‍ എന്ന് പേരുള്ള പുലയനും കെ.കെ. അച്യുതന്‍ മാസ്റ്റര്‍ക്കു പരിചയമുള്ള വള്ളോന്‍, ചാത്തന്‍ എന്നീ അധഃകൃത വിദ്യാര്‍ഥികളെയും മിശ്രഭോജനത്തില്‍ പങ്കെടുപ്പിച്ചു.
കടുത്ത ജാതിചിന്തകളുടെ കാലത്തായിരുന്നു പന്തിഭോജനം നടന്നത്. പന്തിഭോജനത്തില്‍ പങ്കെടുത്തതിന് കുടുംബത്തെ തന്നെ സമുദായത്തില്‍നിന്ന് ഭ്രഷ്ട് കല്‍പ്പിച്ചതായി സീരി ഓര്‍ക്കുന്നു. ശ്രീനാരായണ ഗുരു ചെറായിയില്‍ എത്തിയപ്പോള്‍ ഈ വിവരം അറിയുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെയാണ് 12 വര്‍ഷം നീണ്ട ഭ്രഷ്ട് മാറിയതെന്ന് സീരി പറഞ്ഞു.
കുട്ടിക്കാലം മുതല്‍ ചിത്രകലയോട് ഏറെ താല്പര്യമുണ്ടായിരുന്ന സീരി തന്‍റെ ആദ്യ കാര്‍ട്ടൂണ്‍ രചനയെ കുറിച്ച് ഓര്‍ക്കുന്നത് ഇങ്ങനെയാണ്. പ്രൈമറി ക്ലാസില്‍വെച്ച് ഒരു കൂട്ടുകാരനുമായി മത്സരിച്ച് സ്ലേറ്റില്‍ പടം വരയ്ക്കുക ഒരു പതിവായിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടമായിരുന്നതു കൊണ്ട് ഗാന്ധിജിയുടെ ചിത്രങ്ങളായിരുന്നു വരച്ചിരുന്നതില്‍ മിക്കതും. മിക്കതും യഥാര്‍ഥരൂപങ്ങളുടെ വികൃതമോ ഹാസ്യാനുകരണമോ ആയിരുന്നു. അവയൊക്കെ "കാര്‍ട്ടൂണ്‍ ശൈലി'യിലുള്ളവയായിരുന്നു എന്ന് പിന്നീടാണ് മനസിലാക്കുന്നത്.
"നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സാറില്ലാത്ത സമയത്ത് ബോര്‍ഡില്‍ ഞാന്‍ വരച്ച ഗാന്ധി ചിത്രം ഹെഡ്മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെട്ടു. ബോര്‍ഡില്‍ വരച്ചതിന് കടുത്ത ശിക്ഷ പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. എന്നാല്‍ അതേ സ്കൂളില്‍ ചിത്രകലാ അധ്യാപകനായിരുന്ന എന്‍റെ അമ്മാവനേയും കൂട്ടിവന്ന് ഹെഡ്മാസ്റ്റര്‍ ഗാന്ധി ചിത്രം കാണിച്ചുകൊടുത്തു. എന്നെ തോളില്‍ത്തട്ടി അഭിനന്ദിച്ചു. അന്ന് ബോര്‍ഡില്‍ ചോക്കു കൊണ്ട് വരച്ച ഗാന്ധി ചിത്രമായിരുന്നു എന്‍റെ ആദ്യത്തെ കാര്‍ട്ടൂണ്‍'.
അഭിനന്ദനം കൂടുതല്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ പ്രേരണ നല്‍കിയതായി സീരി ഓര്‍ക്കുന്നു. ഹൈസ്കൂള്‍ ക്ലാസുകളിലെത്തിയപ്പോഴാണ് കാര്‍ട്ടൂണുകളെക്കുറിച്ചുള്ള കാര്യങ്ങൾ മനസിലായത്. ക്ലാസിലിരുന്ന് ചരിത്രാധ്യാപകന്‍റെ കാര്‍ട്ടൂണ്‍ ചിത്രം വരച്ചപ്പോള്‍ അദ്ദേഹം തന്ന "ശിക്ഷ' കാര്‍ട്ടൂണിനെക്കുറിച്ചുള്ള വിവരണങ്ങളായിരുന്നു. അവ ആര്‍.കെ. ലക്ഷ്മണന്‍റേയും, കെ.എസ്. പിള്ളയുടേയും കാര്‍ട്ടൂണുകളുമായി പരിചയപ്പെടാന്‍ വഴി തെളിച്ചു. അക്കാലത്ത് അവരുടെ കാര്‍ട്ടൂണുകള്‍ പലതും പകര്‍ത്തി നോക്കിയിട്ടുണ്ട്. സുഹൃത്തുക്കളുടെ പ്രേരണ നിമിത്തം കുറെ കാര്‍ട്ടൂണുകള്‍ പത്ര മാസികകള്‍ക്കയച്ചു. ഒന്നും വെളിച്ചം കണ്ടില്ല.
"പിന്നീട് 1961ലെ മനോരമ വാര്‍ഷിക പതിപ്പില്‍ "തിരുപ്പ'നെകുറിച്ച് വരച്ച ഒരു ബിറ്റ് കാര്‍ട്ടൂണ്‍ അച്ചടിച്ചുവന്നു! അതാണ് എന്‍റെ അച്ചടിച്ചു വന്ന ആദ്യ കാര്‍ട്ടൂണ്‍. സീരി ഓര്‍ത്തെടുത്തു. 1962ല്‍ സീരിയുടെ ആദ്യത്തെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് മലയാളം മനോരമ വാര്‍ഷികപ്പതിപ്പിലാണ്. തുടര്‍ന്ന് ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
മറ്റു കാര്‍ട്ടൂണിസ്റ്റുകളില്‍ നിന്ന് സീരി മാഷിനെ വേറിട്ട് നിര്‍ത്തുന്നത് അദ്ദേഹത്തിന്‍റെ രചനാ ശൈലിയാണ്. കാര്‍ട്ടൂണിസ്റ്റുകള്‍ പലരും പേനകള്‍ ഉപയോഗിച്ചാണ് കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നതെങ്കില്‍ ശങ്കറും വാസുവും ലക്ഷ്മണനും തുടങ്ങി തോമസും മന്ത്രിയും പോലുള്ള അപൂര്‍വം കാര്‍ട്ടൂണിസ്റ്റുകള്‍ മാത്രമാണ് ബ്രഷ് ഉപയോഗിച്ച് കാര്‍ട്ടൂണുകള്‍ വരയ്ക്കാറ്. ഈ ഗണത്തിലാണ് സീരി മാഷും. ബ്രഷ് ഉപയോഗിച്ച് വരയ്ക്കുന്നതിന്‍റെ രസത്തെക്കുറിച്ച് അദ്ദേഹം തന്നെ പല വേദികളിലും പറയുന്നത് കേള്‍ക്കുവാന്‍ സാധിച്ചിട്ടൂണ്ട്.
"ബ്രഷാണ് രസം. ആര്‍.കെ. ലക്ഷ്മണിന്‍റെയും മറ്റും സ്ട്രോക്സ് എന്താ ഭംഗി!'- ചെറായിയിലെ വീട്ടിലിരുന്ന് സീരി പറയുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപകാംഗമായ അദ്ദേഹം അക്കാദമി ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗമാണ് കാര്‍ട്ടൂണിസ്റ്റ് സീരി ഇപ്പോള്‍. പുതു തലമുറയിലെ കാര്‍ട്ടൂണ്‍ തത്പരര്‍ക്ക് ഇപ്പോഴും കാര്‍ട്ടൂണ്‍ വരയുടെ രസതന്ത്രം പറഞ്ഞ് കൊടുക്കുന്നുണ്ട് അദ്ദേഹം. 2005ല്‍ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ ഏര്‍പ്പെടുത്തിയ ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള പ്രഥമ കെ.എസ്. പിള്ള സ്മാരക അവാര്‍ഡ് ലഭിച്ചത് സീരിക്കാണ്.
റപ്പായി ചേട്ടന്‍ എന്ന കാര്‍ട്ടൂണ്‍ പരമ്പര സീരിയുടെ പ്രശസ്തമായ ഒന്നാണ്. 3 പതിറ്റാണ്ടോളം തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മേരി വിജയം മാസികയില്‍ ഇത് വന്നിരുന്നു. സാമൂഹ്യ കാര്‍ട്ടൂണുകളെക്കാള്‍ രാഷ്‌ട്രീയ കാര്‍ട്ടൂണുകളാണ് സീരി കൂടുതല്‍ വരച്ചിട്ടുള്ളത്. സായാഹ്ന കൈരളി, വീക്ഷണം, കേരള ടൈംസ് തുടങ്ങിയ പത്രങ്ങളില്‍ സീരി മാഷിന്‍റെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ ഒട്ടേറെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സീരി ഒരു സിനിമാ ഭ്രാന്തനായിരുന്നു. റീലീസാകുന്ന എല്ലാ സിനിമകളുും അദ്ദേഹം കാണുമായിരുന്നു. പ്രായമായപ്പോള്‍ അതൊക്കെ വിട്ടു. ഇങ്ങനെ പറയുവാന്‍ ലേഖകന് വ്യക്തിപരമായി സാധിക്കും. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ എത്രയോ പരിപാടികൾക്ക് തിരുവനന്തപുരത്തേയ്ക്ക് സീരി മാഷിനൊപ്പം കോളെജ് പഠന കാലത്ത് ഒപ്പം സഞ്ചരിക്കുവാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പരിപാടിക്ക് എറണാകുളത്ത് നിന്ന് പുറപ്പെടുന്നത് സെക്കൻഡ് ഷോ കഴിഞ്ഞായിരിക്കും. തിരുവനന്തപുരത്ത് എത്തിയാല്‍ കാര്‍ട്ടൂണ്‍ അക്കാദമിയുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം വൈകുന്നേരം വീണ്ടും ഒരു സെക്കന്‍ഡ് ഷോയ്ക്ക് കയറും. അതിനു ശേഷം രാത്രി ബസില്‍ കയറി പുലര്‍ച്ചെ എറണാകുളത്ത് എത്തും. ബസില്‍ സുഖമായി ഉറങ്ങുന്ന സീരി മാഷിനെ എത്ര തവണയാണ് സഹയാത്രികനായ ലേഖകന്‍ കണ്ടിട്ടുള്ളത്.
കോളെജ് വിദ്യാര്‍ഥിയായിരുന്ന എന്നോടൊപ്പം സിനിമ കാണുവാന്‍ പോകുന്ന സീരീ മാഷ് തട്ടുകടയില്‍ നിന്ന് ദോശയും ചമ്മന്തിയും എത്രയേ വാങ്ങി തന്നിരിക്കുന്നു. ഒപ്പം ഇരുന്ന് സിനിമ കാണുകയും തട്ടുകടയില്‍ നിന്ന് പാതിരാത്രി ഭക്ഷണം കഴിക്കുകയും ചെയ്ത അദ്ദേഹം പ്രായത്തില്‍ കവിഞ്ഞ ബന്ധം എല്ലാവരുമായി ഉണ്ടായിരുന്നു. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് മുതലുള്ള സൗഹൃദം ഇന്നും ഒരു മുടക്കവും കൂടാതെ, ഒരു കുറവും ഇല്ലാതെ തുടരുകയാണ്.
വലിയച്ഛന്‍ കൃഷ്ണ സീരിയുടെ ഓർമയ്ക്കാണ് സീരി (ബലരാമന്‍ എന്നര്‍ഥം. സീരം എന്നാല്‍ കലപ്പ) എന്നു പേരിട്ടത്. അച്ഛന്‍റെയും വലിയച്ഛന്‍റെയും ഓയില്‍ പെയിന്‍റിങ് പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ് സീരി മാഷ് ഇപ്പോള്‍. അധ്യാപികയായിരുന്ന വിലാസി നിയാണ് സീരിയുടെ ഭാര്യ. മക്കളായ റസലും റോബിനും ഗ്രാഫിക് ഡിസൈനര്‍മാരാണ്.