സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത് സൗജന്യ ബസ് സർവീസ്.

 

file photo

Special Story

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര സ്വകാര്യ മേഖലയ്ക്ക് ഭീഷണിയോ?

ഈ പദ്ധതി തിരുവനന്തപുരം മേഖലയില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍.

MV Desk

അഡ്വ. സി.എൽ. എബനേസർ

ഈ കേരള നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര പദ്ധതി സംസ്ഥാന രാഷ്‌ട്രീയത്തിലും ഗതാഗത മേഖലയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. കര്‍ണാടക കെഎസ്ആർടിസിയിലെ "ശക്തി' പദ്ധതിയുടെ മാതൃകയില്‍ കേരള കെഎസ്ആര്‍ടിസി ബസുകളിലൂടെയാണ് ഇത് നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്.

പദ്ധതി സാമൂഹികമായി ഗുണകരമാകുമെന്നു വിലയിരുത്തുന്നുണ്ട്. എന്നാല്‍ അതോടൊപ്പം സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഒരുവശത്ത് ഉയര്‍ന്നു. കേരളത്തില്‍ ഏകദേശം 7,000ത്തിലധികം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന സാഹചര്യത്തില്‍, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭ്യമായാൽ വലിയൊരു വിഭാഗം യാത്രക്കാരെ കെഎസ്ആര്‍ടിസിയിലേക്കു മാറ്റാന്‍ ഇടയാക്കും. അതോടെ സ്വകാര്യ ബസ് മേഖലയിലെ വരുമാനത്തില്‍ ഇടിവ് ഉണ്ടാകുകയും ചില റൂട്ടുകളില്‍ സര്‍വീസുകള്‍ നിര്‍ത്തേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുമെന്ന ആശങ്ക ശക്തമാണ്.

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ കൂടുതലായി സര്‍വീസ് നടത്തുന്ന ജില്ലയാണ് തിരുവനന്തപുരം. ഈ ബസുകളെയാണ് സാധാരണ ജനവിഭാഗം കൂടുതല്‍ ആശ്രയിക്കുന്നത്. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്തതിലൂടെ തലസ്ഥാന നഗരത്തിലെ സ്ത്രീ യാത്രക്കാരുടെ വലിയ പങ്കാളിത്തം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന "നിര്‍ണായക വോട്ടു ബാങ്ക് ' ആകാനുള്ള സാധ്യതയുണ്ടെന്നാണല്ലോ യുഡിഎഫിന്‍റെ ചിന്ത. ഈ പദ്ധതി തിരുവനന്തപുരം മേഖലയില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍.

അതേസമയം, പദ്ധതി കെഎസ്ആര്‍ടിസിയിലേക്ക് മാത്രം പരിമിതപ്പെടുത്തിയത് ചില മേഖലകളെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ ബോട്ടുകളിലും കൊച്ചിയിലെ വാട്ടര്‍ മെട്രൊ ബോട്ടുകളിലും സൗജന്യ യാത്ര ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് ആലപ്പുഴ, എറണാകുളം ജില്ലകളിലെ വോട്ടര്‍മാരില്‍ അസന്തുഷ്ടി ഉളവാക്കാന്‍ സാധ്യതയുണ്ട്. ആ പ്രദേശങ്ങളില്‍ ജലഗതാഗതത്തെ നിരവധി പേര്‍ ആശ്രയിക്കുന്നതിനാല്‍ ബസില്‍ വാഗ്ദാനം ചെയ്ത സൗജന്യം ബോട്ടിലും അനുവദിച്ചില്ലെങ്കില്‍ അത് അസമത്വമായി കണക്കാക്കപ്പെടാം.

സാമ്പത്തികഭാരം

പദ്ധതി നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന സാമ്പത്തികഭാരം വലിയൊരു ചര്‍ച്ചാവിഷയമാണ്. കെഎസ്ആര്‍ടിസി ബസുകളില്‍ മാത്രം സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് വര്‍ഷത്തില്‍ ഏകദേശം 1,200 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പദ്ധതിക്കായി ചെലവാകുന്ന പണം കണ്ടെത്താന്‍ പൊതുഗതാഗതത്തിനായി പ്രത്യേക സെസ് ഇന്ധനവിലയ്ക്കൊപ്പം ഏര്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്. ഇത്തരത്തില്‍ ചെറിയ തോതില്‍ നികുതി വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന് ആവശ്യമായ വരുമാനം സമാഹരിക്കാന്‍ എളുപ്പമാക്കും. എന്നാല്‍ ഇത് പൊതുജനങ്ങള്‍ക്ക് മേല്‍ വിലക്കയറ്റത്തിന്‍റെ ഭാരം വര്‍ധിപ്പിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

സൗജന്യ പൊതുഗതാഗതം ആദ്യം അവതരിപ്പിച്ച രാജ്യം

ബസുകള്‍, ട്രാമുകള്‍, ട്രെയ്നുകള്‍ (രണ്ടാം ക്ലാസ്) എന്നിവ ഉള്‍പ്പെടുന്ന പൊതുഗതാഗതം രാജ്യവ്യാപകമായി വാഗ്ദാനം ചെയ്യുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ലക്സംബര്‍ഗ്. 2020ല്‍ നടപ്പിലാക്കിയ ഈ നയം, ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും ഹരിത യാത്ര പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. മാള്‍ട്ട എന്ന രാജ്യവും സൗജന്യ പൊതുഗതാഗതം വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ ഇത് അവിടത്തെ താമസക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

സൗജന്യ പൊതുഗതാഗതം ലഭിക്കുന്ന പ്രധാന സ്ഥലങ്ങള്‍

എസ്റ്റോണിയയിലെ ടാലിനില്‍ രജിസ്റ്റര്‍ ചെയ്ത താമസക്കാര്‍ക്ക് സൗജന്യ പൊതുഗതാഗതം അനുവദിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ ഡണ്‍കിര്‍ക്കിലും വിപുലമായ സൗജന്യ ബസ് ശൃംഖലയുണ്ട്. ജര്‍മനി, ഓസ്ട്രിയ, യുഎസ്എ എന്നിവിടങ്ങളിലെ നിരവധി നഗരങ്ങള്‍ പ്രത്യേക സൗജന്യ റൂട്ടുകളോ നഗരവ്യാപക സേവനങ്ങളോ വാഗ്ദാനം ചെയ്യുന്നുണ്ട്.

പിന്തുണ ആവശ്യം

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൗജന്യ പൊതുഗതാഗതം നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ വിജയകരമാകാന്‍ ശക്തമായ സാമ്പത്തിക പിന്തുണയും കാര്യക്ഷമമായ നടത്തിപ്പും അനിവാര്യമാണ്.

മൊത്തത്തില്‍, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതി സാമൂഹിക നീതിയും സ്ത്രീശാക്തീകരണവും ലക്ഷ്യമിടുന്ന ഒരു വലിയ നീക്കമാണെങ്കിലും, ഇത് സ്വകാര്യ ബസ് മേഖലയെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തില്‍ സ്വകാര്യ ബസ് ബസുകളുടെ എണ്ണം ഏകദേശം 7,000 ആണ്.

സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ നല്‍കിയ ഡാറ്റ പ്രകാരം, 10 വര്‍ഷം മുമ്പ് ഏകദേശം 35,000 ബസുകള്‍ ഉണ്ടായിരുന്നു. കൊവിഡും നയപരമായ നിസംഗതയും കാരണം നിരവധി ഓപ്പറേറ്റര്‍മാര്‍ അവരുടെ സര്‍വീസുകള്‍ നിര്‍ത്തി. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുകയും വേണം. ഓരോ 1,000 ജനങ്ങള്‍ക്കും 1.3 ബസുകള്‍ എന്ന ദേശീയ ശരാശരിയിലെത്താന്‍ നിക്ഷേപ സൗഹൃദ സംരംഭങ്ങളും ആവശ്യമാണ്.

റിലയൻസ് - റോൾസ് റോയ്സും ചേർന്ന് ഇന്ത്യക്കു വേണ്ടി ഫൈറ്റർ വിമാനം നിർമിക്കും

ജയിൽ മെനുവിൽ നിന്ന് മട്ടൻ കട്ടാകും

മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു

മെസി വിവാദം: അബ്ദുറഹ്മാന്‍റേത് സത്യപ്രതിജ്ഞാലംഘനം