ന്യൂഡല്‍ഹി: 19 ന് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ആരംഭിക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് അഞ്ച് വനിതാ അത്ലറ്റുകള് ഉള്‍പ്പെടെ 28 അംഗ ടീമിനെ അയയ്ക്കും. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്ര, മലയാളികളുടെ പ്രിയതാരം എം. ശ്രീശങ്കര്‍, ഷൈലി സിങ് തുടങ്ങിയ പ്രമുഖര്‍ ടീമിലുണ്ട്. ലോക ചാംപ്യൻഷിപ്പിനു മുന്നോടിയായി എലൈറ്റ് ഇന്ത്യന്‍ അത്ലറ്റുകള് യൂറോപ്പില്‍ ക്യാമ്പ് ചെയ്ത് പരിശീലനത്തിലാണ്.
നീരജ് സ്വിറ്റ്സര്‍ലന്‍ഡിലും അവിനാഷ് സാബിലെ അടക്കമുള്ള മധ്യ, ദീര്‍ഘദൂര ഓട്ടക്കാര്‍ സെന്റ് മോറിറ്റ്സിലുമാണ് പരിശീലനത്തിലുള്ളത്. ഭൂരിഭാഗം കായികതാരങ്ങളും പ്രാദേശിക കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ ഹംഗറിയില്‍ എത്തിക്കഴിഞ്ഞതായി ചീഫ് അത്ലറ്റിക്സ് കോച്ച് രാധാകൃഷ്ണന് നായര്‍ പറഞ്ഞു. ലോംഗ് ജംപര്‍ ഷൈലി സിംഗ് ഈ വാരാന്ത്യത്തില്‍ ബുഡാപെസ്റ്റിലേക്ക് പോകും, ജാവലിന്‍ ത്രോക്കാരായ ഡിപി മനുവും കിഷോര്‍ കുമാര്‍ ജെനയും അടുത്ത ആഴ്ച ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ ടീം വനിതകള്‍
പാറുള്‍ ചൗധരി (3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്), ഷൈലി സിങ്് (ലോംഗ് ജംപ്), അന്നു റാണി (ജാവലിന്‍), ജ്യോതി യാരാജി (100 മീറ്റര്‍), ഭാവന ജാട്ട് (20 കിലോമീറ്റര്‍ റേസ് നടത്തം).
പുരുഷന്മാര്: കൃഷന് കുമാര്‍ (800 മീറ്റര്‍), അജയ് കുമാര്‍ സരോജ് (1500 മീറ്റര്‍), സന്തോഷ് കുമാര്‍ (400 മീറ്റര്‍), അവിനാഷ് സാബിലെ (3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്), സര്‍വേഷ് അനില്‍ കുഷാരെ (ഹൈജംപ്), ജെസ്വിന് ആല്ഡ്രിന്, മുരളി ശ്രീശങ്കര്‍ (ലോങ് ജംപ്), പ്രവീണ്‍ ചിത്രവേല്‍, അബ്ദുള്ള അബൂബക്കര്‍, എല്ഡ്ഹൗസ് പോള്‍ (ട്രിപ്പിള്‍ ജംപ്), നീരജ് ചോപ്ര, ഡി.പി. മനു, കിഷോര്‍ കുമാര്‍ ജെന (ജാവലിന്‍), ആകാശ്ദീപ് സിംഗ്, വികാസ് സിംഗ്, പരംജീത് സിംഗ് (20 കിലോമീറ്റര്‍ നടത്തം), രാം ബാബു (35 കിലോമീറ്റര്‍ നടത്തം).
പുരുഷന്മാരുടെ 4-400 മീറ്റര്‍ റിലേ (അമോജ്, ജേക്കബ്, മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ്, അരുള്‍ രാജലിംഗം, മിജോ ചാക്കോ കുര്യന്).