ടി20 ലോകകപ്പ് ഫൈനലിനു ശേഷം രോഹിത് ശർമ. 
Sports

രോഹിത് ശർമയും ടി20 മതിയാക്കി

കോലി പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം ഏറ്റുവാങ്ങുമ്പോഴാണ് വിരമിക്കൽ പ്രഖ്യാപിച്ചതെങ്കിൽ, രോഹിതിന്‍റെ പ്രഖ്യാപനം മത്സര ശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു

ബാർബഡോസ്: വിരാട് കോലിക്കു പിന്നാലെ രോഹിത് ശർമയും അന്താരാഷ്‌ട്ര ട്വന്‍റി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കോലി പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം ഏറ്റുവാങ്ങുമ്പോഴാണ് വിരമിക്കൽ പ്രഖ്യാപിച്ചതെങ്കിൽ, രോഹിതിന്‍റെ പ്രഖ്യാപനം മത്സര ശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു.

''ഇത് എന്‍റെയും അവസാന മത്സരമാണ്. ഈ ഫോർമാറ്റിനോട് വിടപറയാൻ ഇതിലും നല്ല സമയമില്ല. ഈ ഫോർമാറ്റ് കളിച്ചാണ് ഞാൻ അന്താരാഷ്‌ട്ര കരിയർ തുടങ്ങിയത്. ഇതാണ് ഞാൻ ആഗ്രഹിച്ചത്. ഈ ലോകകപ്പ് നേടാനാണ് ഞാൻ മോഹിച്ചത്'', 2007ൽ പ്രഥമ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്ന രോഹിത് വ്യക്തമാക്കി.

ഇപ്പോൾ കടന്നുപോകുന്ന വികാരങ്ങൾ പറഞ്ഞറിയിക്കാനാവില്ല. കഴിഞ്ഞ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല, ഈ വിജയം ഞാൻ അത്രയേറെ ആഗ്രഹിച്ചിരുന്നതാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതെങ്കിലും ടീമിനെ അമ്പത് അന്താരാഷ്‌ട്ര ടി20 മത്സരങ്ങളിൽ നയിക്കുന്ന ആദ്യത്തെ ക്യാപ്റ്റനാണ് രോഹിത് ശർമ. ലോകകപ്പ് ഫൈനലായിരുന്നു അമ്പതാമത്തെ മത്സരം. രണ്ടു വർഷം മുൻപാണ് ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ആദ്യമായി ടി20 ലോകകപ്പ് കളിക്കുന്നത്. അന്ന് ടീമിനെ സെമി ഫൈനൽ വരെയേ എത്തിക്കാനായിരുന്നുള്ളൂ.

ഇപ്പോൾ രോഹിത് നയിച്ച ഇന്ത്യൻ ടീം, ഒരു മത്സരം പോലും തോൽക്കാതെ ടി20 ലോകകപ്പ് ജയിച്ച ആദ്യത്തെ ടീമായും മാറി. പതിനൊന്ന് വർഷത്തെ ഐസിസി ട്രോഫി ക്ഷാമത്തിനു കൂടിയാണ് ഇന്ത്യ ഇതോടെ പരിഹാരം കണ്ടത്.

ഇരുപതാം വയസിൽ തുടങ്ങിയ രോഹിതിന്‍റെ അന്താരാഷ്‌ട്ര ടി20 കരിയർ മുപ്പത്തേഴാം വയസിലാണ് അവസാനിക്കുന്നത്. ഇതിനകം 159 മത്സരങ്ങളിൽ 32 റൺ ശരാശരിയോടെ 4231 റൺസെടുത്തു. അഞ്ച് സെഞ്ചുറിയും 31 അർധ സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി മുൻ ആരോഗ്യ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു