അർഷ്ദീപ് സിങ്
അബുദാബി: ടി20 ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി അർഷ്ദീപ് സിങ്. ഏഷ‍്യ കപ്പിൽ ഒമാനെതിരായ മത്സരത്തിൽ ഒരു വിക്കറ്റ് വീഴ്ത്തിയതോടെ ടി20യിൽ 100 വിക്കറ്റുകൾ നേടുന്ന ആദ‍്യ ഇന്ത‍്യൻ ബൗളറെന്ന നേട്ടമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 64 ടി20 മത്സരങ്ങളിൽ നിന്നുമാണ് അർഷ്ദീപിന്‍റെ 100 വിക്കറ്റ് നേട്ടം.
ടെസ്റ്റ് ക്രിക്കറ്റിൽ വിനു മങ്കാദും ഏകദിനത്തിൽ കപിൽ ദേവുമാണ് ഇന്ത‍്യക്ക് വേണ്ടി ആദ‍്യം ഈ നേട്ടം കൈവരിച്ച താരങ്ങൾ. വിനു മങ്കാദ് 23 മത്സരങ്ങളിൽ നിന്നും കപിൽ ദേവ് 77 മത്സരങ്ങളിൽ നിന്നുമാണ് 100 വിക്കറ്റുകൾ വീഴ്ത്തിയത്.
80 ടി20 മത്സരങ്ങളിൽ നിന്നും 96 വിക്കറ്റുകളുമായി യുസ്‌വേന്ദ്ര ചാഹലാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. നിലവിൽ മികച്ച ബൗളർ എന്ന് വിശേഷണമുള്ള സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പട്ടികയിൽ നാലാം സ്ഥാനത്താണ്.
72 മത്സരങ്ങളിൽ നിന്നും 92 വിക്കറ്റുകൾ ബുംറ നേടിയിട്ടുണ്ട്. 117 മത്സരങ്ങളിൽ നിന്നും 96 വിക്കറ്റുകളുമായി ഹർദിക് പാണ്ഡ‍്യയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്