പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്
ഗാബ: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ‍്യാപിച്ചു. പാറ്റ് കമ്മിൻസിനെയും ജോഷ് ഹേസൽവുഡിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പരുക്ക് ഭേദമാകാൻ കൂടുതൽ വിശ്രമം അനിവാര‍്യമാണെന്ന് കരുതിയാണ് കമ്മിൻസിനെ ടീമിലുൾപ്പെടുത്താത്തതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രണ്ടാഴ്ചയോളം താരത്തിന് വിശ്രമം വേണ്ടി വരുമെന്നാണ് സൂചന. ഇതോടെ സ്റ്റീവ് സ്മിത്ത് തന്നെ രണ്ടാം ടെസ്റ്റിലും ഓസീസിനെ നയിക്കും.
പിങ്ക് ബോൾ ടെസ്റ്റ് മത്സരമാണ് ഇംഗ്ലണ്ടിനെതിരേ ഇനി ആരംഭിക്കാനിരിക്കുന്നത്. ഡിസംബർ നാലിന് ഗാബയിൽ വച്ച് രണ്ടാം ടെസ്റ്റിന് തുടക്കമാവും. ആദ‍്യ ടെസ്റ്റിൽ പരുക്കേറ്റിരുന്ന ഓപ്പണിങ് ബാറ്റർ ഉസ്മാൻ ഖവാജയെയും രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പെർത്തിൽ വച്ചു നടന്ന ആദ‍്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ വിജയലക്ഷ‍്യം 8 വിക്കറ്റ് ശേഷിക്കെയായിരുന്നു ഓസീസ് മറികടന്നത്. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്‍റെ സെഞ്ചുറിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. നിലവിൽ 1-0ന് ഓസ്ട്രേലിയയാണ് പരമ്പരയിൽ മുന്നിൽ.
രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ഓസീസ് ടീം: സ്റ്റീവ് സ്മിത്ത് (ക‍്യാപ്റ്റൻ), സ്കോട് ബോലൻഡ്, അലക്സ് കാരി, ബ്രണ്ടൻ ഡോഗെറ്റ്, കാമറോൺ ഗ്രീൻ, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്നെ, നേഥൻ ലയോൺ, മൈക്കൽ നെസർ, മിച്ചൽ സ്റ്റാർക്ക്, ജേക്ക് വെതറാൾഡ്, ബ‍്യൂ വെബ്സ്റ്റർ