ആയുഷ് ബദോനി.
File photo
ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ബാക്കി രണ്ട് മത്സരങ്ങളിൽ നിന്ന് ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ പുറത്തായി. വഡോദരയിൽ നടന്ന ആദ്യ മത്സരത്തിനിടെ വാരിയെല്ലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.
സുന്ദറിന് പകരം യുവതാരം ആയുഷ് ബദോനിയെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ടീമിൽ ഉൾപ്പെടുത്തി. ആദ്യ ഏകദിനത്തിൽ പന്തെറിയുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച സുന്ദർ ഗ്രൗണ്ട് വിട്ടിരുന്നു. പിന്നീട് ഫീൽഡിങ്ങിന് ഇറങ്ങിയില്ല. ഇന്ത്യയുടെ ബാറ്റിങ്ങിൽ ഹർഷിത് റാണയ്ക്കും ശേഷം എട്ടാം നമ്പറിലാണ് കളിക്കാനിറങ്ങിയത്.
വാഷിങ്ടൺ സുന്ദർ
അതേസമയം, പകരക്കാരനായി ആയുഷ് ബദോനി വന്നത് അപ്രതീക്ഷിത തീരുമാനമായി. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്‍റ്സിനായി ഗൗതം ഗംഭീറിന്‍റെ കീഴിൽ കളിച്ചത് ബദോനിയെ ദേശീയ ടീമിലെത്തിക്കുന്നതിൽ നിർണായകമായെന്നാണ് വിലയിരുത്തൽ.
നിലവിൽ വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിയുടെ വൈസ് ക്യാപ്റ്റനാണ് ബദോനി. സ്പെഷ്യലിസ്റ്റ് ബാറ്ററായി കണക്കാക്കപ്പെടുന്ന ബദോനി പാർട്ട് ടൈം ഓഫ് സ്പിന്നർ കൂടിയാണ്. ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ വിദർഭയ്ക്കെതിരായ നിർണായക ക്വാർട്ടർ ഫൈനൽ മത്സരം അദ്ദേഹത്തിന് നഷ്ടമാകും.
പരിക്കിനെത്തുടർന്ന് പുറത്തായ ഋഷഭ് പന്ത്, തിലക് വർമ എന്നിവർക്ക് പിന്നാലെ സുന്ദർ കൂടി പുറത്തായത് ടീം ഇന്ത്യയുടെ പദ്ധതികളെ ബാധിച്ചേക്കും.