ടീമിന്‍റെ തോൽവിയിൽ നിരാശനായ ശ്രീലങ്കൻ ആരാധകൻ.
കൊളംബോ: ഇതിഹാസ താരങ്ങളായ സനത് ജയസൂര്യയും ലസിത് മലിംഗയും പരിശീലിപ്പിച്ചിട്ട് എന്തു കാര്യം. കളത്തിൽ താരങ്ങളല്ലേ മികവു കാട്ടേണ്ടത്. ലങ്കൻ ടീമിന് അതു സാധിച്ചില്ല. സ്വന്തം മണ്ണ് സംയുക്ത ആതിഥ്യം ഒരുക്കിയ ലോകകപ്പിൽ നിന്ന് ആരാധകരെ നിരാശപ്പെടുത്തി അവർ പുറത്തായി. ടി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ ന്യൂസിലൻഡിനോട് മുട്ടുകുത്തിയാണ് ലങ്കൻ സിംഹങ്ങൾ പുറത്തേക്ക് വഴിതേടിയത്. ഗ്രൂപ്പ് രണ്ടിൽ കിവികളോട് 61 റൺസിനാണ് ലങ്ക മുട്ടുകുത്തിയത്.
ന്യൂസിലൻഡ് ഉയർത്തിയ 169 റൺസ് ലക്ഷ്യം തേടിയ ലങ്കയ്ക്ക് എട്ടു വിക്കറ്റിന് 107 റൺസെടുക്കാനേ സാധിച്ചുള്ളൂ. ജയം ന്യൂസിലൻഡിന്‍റെ സെമി സാധ്യത വർധിപ്പിച്ചു. ലങ്കൻ തോൽവി പാക്കിസ്ഥാനെയും പുറത്താകലിന്‍റെ വക്കിലെത്തിക്കുകയും ചെയ്തു.
ബാറ്റിങ് അത്ര അനായാസമല്ലാത്ത പിച്ചിൽ ചേസിങ് തുടങ്ങിയ ലങ്ക തുടക്കത്തിൽ തന്നെ തകർച്ചയെ അഭിമുഖീകരിച്ചു. 29 റൺസിനിടെ അവർക്ക് നാലു വിക്കറ്റ് കൈമോശം വന്നു. ആ തകർച്ചയിൽ നിന്ന് കരകയറാൻ ലങ്കയ്ക്ക് സാധിച്ചില്ല. കാമിന്ദു മെൻഡിസാണ് (23 പന്തിൽ 31) അൽപ്പമെങ്കിലും പൊരുതിയത്. ദുനിത് വെല്ലലെഗ (29) ചെറുത്തുനിന്നെങ്കിലും ലങ്കയെ കരകയറ്റാൻ അതു മതിയായില്ല. നാലു വിക്കറ്റ് പിഴുത സ്പിന്നർ രചിൻ രവീന്ദ്രയാണ് ലങ്കയെ വരിഞ്ഞുമുറുക്കിയത്. പേസർ മാറ്റ് ഹെൻറിക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഏഴുവിക്കറ്റ് നഷ്ടത്തിൽ 168 റൺസാണെടുത്തത്. ഒരു ഘട്ടത്തിൽ ആറുവിക്കറ്റിന് 84 റൺസെന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു ന്യൂസിലൻഡ്. എന്നാൽ ഏഴാം വിക്കറ്റിൽ ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറും കോൾ മക്കോൻജിയും നടത്തിയ രക്ഷാപ്രവർത്തനം ബ്ലാക്ക്ക്യാപ്സിന് തുണയായി.
വിലപ്പെട്ട 84 റൺസാണ് ഇരുവരും ന്യൂസിലൻഡ് സ്കോറിൽ ചേർത്തത്. സാന്‍റ്നർ 26 പന്തിൽ 47 റൺസും മക്കോൻജി 23 പന്തിൽ 31 സ്കോർ ചെയ്തു. ലങ്കയ്ക്കായി മഹീഷ് തീക്ഷണയും ദുഷ്മന്ത ചമീരയും മൂന്ന് വീതം വിക്കറ്റ് വീതം പിഴുതു.