ബാബർ അസം
ബാബർ അസം പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്‍റെ ക‍്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിട്ട് ഒരു വർഷം പൂർത്തിയായി. ക‍്യാപ്റ്റനെന്ന നിലയിൽ നിരന്തരമായ തോൽവികളും ബാറ്റുകൊണ്ട് ഫോം കണ്ടെത്താനാവാത്തതു മൂലമുള്ള വിമർശനങ്ങളുമായിരുന്നു ബാബർ ക‍്യാപ്റ്റൻ സ്ഥാനം ഒഴിയാൻ കാരണമായത്.
2024ലെ ടി20 ലോകകപ്പിൽ നേരിട്ട ദയനീയ തകർച്ചയ്ക്കു പിന്നാലെയായിരുന്നു ബാബർ ക‍്യാപ്റ്റൻസി ഒഴിയാനുള്ള തീരുമാനത്തിലെത്തിയത്. എന്നാൽ, ബാബറിന്‍റെ അഭാവത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റിന് പ്രത‍്യേകിച്ച് നേട്ടമൊന്നും സ്വന്തമാക്കാൻ സാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ബാബർ ക‍്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനു ശേഷം നിരവധി പേർ ടീമിനെ നയിച്ചെങ്കിലും, പാക്കിസ്ഥാന് ഒരു ട്രോഫി നേടിക്കൊടുക്കാൻ അവർക്കാർക്കും സാധിച്ചില്ല. 148 മത്സരങ്ങളിൽ പാക്കിസ്ഥാനെ നയിച്ച ബാബർ 84 മത്സരങ്ങളിൽ ടീമിനെ ജയിപ്പിച്ചിട്ടുണ്ട്. 56.7 ശതമാനമാണ് ബാബറിന്‍റെ കീഴിലുള്ള പാക്കിസ്ഥാൻ ടീമിന്‍റെ വിജയ ശരാശരി.
നിലവിലുള്ള പാക് ക‍്യാപ്റ്റൻ സൽമാൻ അലി ആഘ 30 മത്സരങ്ങളിൽ പാക്കിസ്ഥാനെ നയിച്ചു. അതിൽ 17 ജയവും 13 തോൽവികളും. പാക്കിസ്ഥാനെ മുഹമ്മദ് റിസ്‌വാൻ 24 മത്സരങ്ങൾ നയിച്ചിട്ടുണ്ടെങ്കിലും 15 തവണയും ടീം തോറ്റു.
ക‍്യാപ്റ്റനെന്ന നിലയിൽ ബാറ്റിങ് ശരാശരി നോക്കുകയാണെങ്കിലും, പരിചയസമ്പത്തിന്‍റെ അടിസ്ഥാനത്തിലും ബാബർ തന്നെയാണ് മുന്നിൽ. 49.76 ആണ് അദ്ദേഹത്തിന്‍റെ ബാറ്റിങ് ശരാശരി. റിസ്‌വാന് 33.26 ഉം സൽമാൻ അലി ആഘയ്ക്ക് 25.32 ഉം ആണ് ബാറ്റിങ് ശരാശരി.
ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് ബാബർ ക‍്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതെങ്കിലും, അതിനു ശേഷം അദ്ദേഹത്തിനു മതിയായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. നിലവിൽ 49.76 ബാറ്റിങ് ശരാശരിയുള്ള ഒരു താരത്തെ പുറത്തിരുത്തുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ തീരുമാനം രാജ്യത്തിനുള്ളിൽ വിമർശനവിധേയമാകുന്നുണ്ട്, പ്രത്യേകിച്ച് ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയോടു തോറ്റ ശേഷം.