ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര തോറ്റു. ന്യൂസിലൻഡിനെതിരേ സ്വന്തം നാട്ടിൽ നടത്തിയ ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെട്ടു. ഇപ്പോഴിതാ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തോൽവിയുടെ വക്കിൽ നിൽക്കുന്നു.... ഒട്ടും ശുഭകരമായല്ല ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയും കോച്ച് ഗൗതം ഗംഭീറും 2024 അവസാനിപ്പിക്കുന്നത്. ഇതിനിടെ വി.വി.എസ്. ലക്ഷ്മൺ പരിശീലകനസ്ഥാനത്തുണ്ടായിരുന്ന ട്വന്‍റി20 പരമ്പരയിൽ ഇന്ത്യൻ യുവനിര ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുകയും ചെയ്തിരുന്നു.
രാഹുൽ ദ്രാവിഡിനു കീഴിൽ ട്വന്‍റി20 ലോകകപ്പ് നേടിയതിന്‍റെ സന്തോഷം പോലും വിസ്മരിക്കാൻ പ്രേരിപ്പിക്കുന്ന പ്രകടനമാണ് വർഷത്തിന്‍റെ അവസാന പാദത്തിൽ ഇന്ത്യൻ ടീമിൽനിന്നുണ്ടായിരിക്കുന്നത്. ഇതോടെ, ഡ്രസിങ് റൂമിലെ അന്തരീക്ഷവും വഷളാകുന്നു എന്നാണ് സൂചന.
ഓസ്ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റ് ജയിച്ചില്ലെങ്കിൽ ഇന്ത്യക്കു മുന്നിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സാധ്യത അടയും. അങ്ങനെ സംഭവിച്ചാൽ, ക്യാപ്റ്റനെന്ന നിലയിലും ബാറ്റർ എന്ന നിലയിലും രോഹിത് ശർമയുടെ അവസാന ടെസ്റ്റാകും സിഡ്നിയിലേത് എന്നുറപ്പിക്കാം.
സമനിലയിലേക്കു നീങ്ങിയ നാലാം ടെസ്റ്റ് നിരുത്തരവാദപരമായി കളിച്ച് തോൽവി ഏറ്റുവാങ്ങിയ ടീമിലെ ചില സൂപ്പർ താരങ്ങളോട് കോച്ച് ഗൗതം ഗംഭീർ രോഷാകുലനായെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഓരോരുത്തർക്കും സ്വാഭാവികമായ രീതിയിൽ കളിക്കാൻ ആറു മാസം സമയം നൽകി. അത് ഫലം ചെയ്യാത്ത സാഹചര്യത്തിൽ, ഇനി തന്‍റെ ഗെയിം പ്ലാനുകൾക്കനുസരിച്ച് മാത്രം ടീമംഗങ്ങൾ കളിച്ചാൽ മതിയെന്ന അന്ത്യശാസനമാണത്രെ ഗംഭീർ നൽകിയിരിക്കുന്നത്.
ബാറ്റിങ് ഓർഡറിൽ പ്രൊമോഷൻ കിട്ടിയിട്ടും വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, കളിയുടെ സാഹചര്യം മനസിലാക്കാൻ ശ്രമിക്കാതെ വിക്കറ്റ് വലിച്ചെറിയുന്ന രീതിയാണ് ഏറെ വിമർശിക്കപ്പെടുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ പരോക്ഷമായാണെങ്കിലും പരസ്യമായി തന്നെ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇനി താൻ പറയുന്നതു പോലെ കളിച്ചാൽ മതിയെന്നും, അതു ചെയ്യാത്തവരെ ടീമിനു പുറത്താക്കുമെന്നും ഗംഭീർ ശക്തമായ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞെന്നും റിപ്പോർട്ട്.
അതേസമയം, ടീമിന്‍റെ സമീപകാലത്തെ ദയനീയ പ്രകടനങ്ങൾ കണക്കിലെടുത്ത് ക്യാപ്റ്റനെയും കോച്ചിനെയും ബിസിസിഐ വിളിച്ചുവരുത്തി വിശദീകരണം തേടാനും ആലോചിക്കുന്നുണ്ട്. ആർ. അശ്വിന്‍റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവും ഡ്രസിങ് റൂം അന്തരീക്ഷത്തിന്‍റെ പ്രശ്നമാണെന്ന സംശയം ശക്തമായ സാഹചര്യത്തിൽ, രോഹിത് ശർമയിൽ നിന്നും ഗൗതം ഗംഭീറിൽനിന്നും ഇക്കാര്യത്തിലും വിശദീകരണം തേടിയേക്കും.