ഇന്ത‍്യൻ ക്രിക്കറ്റ് ടീം
ന‍്യൂഡൽഹി: ജപ്പാനിൽ വച്ച് ആരംഭിക്കാനിരിക്കുന്ന 2026 ഏഷ‍്യൻ ഗെയിംസിന് ഒരുക്കിയ സൗകര‍്യങ്ങളിൽ ബിസിസിഐയ്ക്ക് അതൃപ്തിയുള്ളതായി റിപ്പോർട്ട്. വനിതാ ക്രിക്കറ്റ് ടൂർണമെന്‍റ് സെപ്റ്റംബർ 19നും പുരുഷ ടീമിന്‍റെ മത്സരങ്ങൾ സെപ്റ്റംബർ 24നുമാണ് തുടങ്ങുന്നത്.
ജപ്പാനിലൊരുക്കിയിട്ടുള്ള ക്രമീകരണങ്ങൾ നിരീക്ഷിക്കാൻ സംഘത്തെ അയക്കുമെന്ന് ബിസിസിഐ സ്രോതസ് പറഞ്ഞു. ഡ്രസിങ് റൂമും ഹോട്ടലുകളും പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ലെന്നുമാണ് വിവരം.
ഈ സാഹചര‍്യത്തിൽ ശ്രേയസ് അയ്യരും അഭിഷേക് ശർമയും ജസ്പ്രീത് ബുംറ അടക്കമുള്ള മുൻനിര താരങ്ങളടങ്ങുന്ന ടീമിനെ ഏഷ‍്യൻ ഗെയിംസിലേക്ക് അയക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിസിസിഐ.
നിരീക്ഷ സംഘത്തെ ജപ്പാനിലേക്ക് അയക്കുമെന്നും അവർ സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി സ്വീകരിക്കുന്നതെന്നും ചിലപ്പോൾ ബി ടീമിനെയായിരിക്കും അയക്കുകയെന്നും ബിസിസിഐ സ്രോതസ് അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഡ്രസിങ് റൂമുകൾ ഒരുക്കിയിട്ടുള്ളത് ടെന്‍റുകളായിട്ടാണെന്നും അവിടെ നിന്നും 500 മീറ്റർ അകലെയാണ് വാഷ്റൂമുകൾ ഉള്ളതെന്നും ഇത് താരങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാകുമെന്ന കാര‍്യം എസിസി യോഗത്തിനിടെ ജപ്പാൻ ഒളിംപിക്സ് അധികൃതരെ അറിയിച്ചിരുന്നുവെന്നും ബിസിസിഐ സ്രോതസ് പറഞ്ഞു. കഴിഞ്ഞ തവണ ഏഷ‍്യൻ ഗെയിംസിൽ ഇന്ത‍്യ സ്വർണ മെഡൽ കരസ്ഥമാക്കിയിരുന്നു. ഇത്തവണയും ശക്തമായ ടീമിനെ തന്നെയാണ് ഇന്ത‍്യ പ്രഖ‍്യാപിച്ചിട്ടുള്ളത്.
ഏഷ‍്യൻ ഗെയിംസിനുള്ള പുരുഷ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്‌റ്റന്‍), സഞ്‌ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ (വൈസ് ക്യാപ്‌റ്റന്‍), അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ഹര്‍ഷിത് റാണ, അര്‍ഷദീപ് സിങ്, വൈഭവ് സൂര്യവംശി, ജസ്‌പ്രീത് ബുംറ
ഏഷ‍്യൻ ഗെയിംസിനുള്ള വനിതാ ടീം: ഹർമൻപ്രീത് കൗർ (ക‍്യാപ്റ്റൻ), സ്മൃതി മന്ഥന (വൈസ് ക‍്യാപ്റ്റൻ), ഷഫാലി വർമ, ജമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ജി. കമാലിനി (വിക്കറ്റ് കീപ്പർ), ഭാരതി ഫൂൽമാലി, ശ്രീചരണി, രേണുക സിങ് ഠാക്കൂർ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രേയാങ്ക പാട്ടീൽ, രാധ യാദവ്, നന്ദനി ശർമ.